ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം)
Part-2
ഭാഗം 37
ഡോ. രോഷ്നി സ്വപ്ന
“No, don’t!”
I do not want to feel pain,
I do not want to be scarred,
I do not want to die.”
Persona (Ingmar Beran)
ഇംഗ്മർ ബെർഗ്മാന്റെ “പേഴ്സണ”യിലെ ഒരു കഥാപാത്രമായ എലിസബത്ത് താൻ അനുഭവിക്കുന്ന അസന്നിഗ്ദ്ധതയിൽ നിന്ന് അവൾ തെരെഞ്ഞെടുക്കുന്നത് നിശബ്ദതയാണ്. വാക്കുകൾക്കിടയിലേക്ക് മൗനം കടന്നു വരുമ്പോഴുള്ള വല്ലാത്തൊരു സൗന്ദര്യമാണ് അവളുടെ നിശബ്ദതതക്ക്. ഭാഷയുടെ, ശബ്ദത്തിന്റെ മുറിവുകൾ പേറാൻ അവൾ ആഗ്രഹിക്കുന്നില്ല.
ആ മൗനത്തിൽ നിലനിൽക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് അവൾ തന്റെ പരിചാരികയായ അൽമയോട് പറയുന്നുണ്ട്. അനുഭവങ്ങളുടെ തെരഞ്ഞെടുപ്പിൽ അവൾ ഒട്ടും അമാന്തിക്കുന്നില്ല
“എനിക്ക് വേദന അനുഭവിക്കാൻ
ആഗ്രഹമില്ല,
വേദനയുടെ പാടുകൾ എന്നിൽ കറ തീർക്കാൻ ഞാൻ
ആഗ്രഹിക്കുന്നില്ല.
ഞാൻ മരണം ആഗ്രഹിക്കുന്നില്ല”
“1966 ലാണ് ബർഗമാന്റെ” പേഴ്സണ പുറത്തു വരുന്നത്. ദൃശ്യങ്ങളുടെ തെരഞ്ഞെടുപ്പിൽ അതിസൂക്ഷ്മമായ കയ്യൊതുക്കം പ്രകടമായ സിനിമയാണ് പേർസൊണ. അതി നിഗൂഢതമായ നിറപ്പകർച്ചകളും അവയുടെ ആന്തരികാർത്ഥങ്ങളും അതിസൂക്ഷ്മമായ അനക്കങ്ങളും കലർന്ന ദൃശ്യങ്ങൾ പേർസൊണയുടെ പ്രത്യേകതയാണ്. ഓരോ നിമിഷവും സംഭവിക്കുന്ന വസ്തുതകൾ ഒട്ടും നിഗൂഢമല്ലാത്ത ഭാഷയിലാണ് അവതരിപ്പിക്കുന്നത്. സ്വപ്നങ്ങളുടെ ചെറിയ സീക്വൻസുകൾ പോലും വ്യക്തമാണ്. ഗൂഢമായ സത്യങ്ങളെ സൂചിപ്പിക്കുന്നത് പോലെയാണവ സിനിമയുടെ ആഖ്യാനത്തിൽ ഇടപെടുന്നത്.
ഒപ്പം സ്വെൻ നിക്വിസ്റ്റിന്റെ ഛായാഗ്രഹണം സിനിമയുടെ ആഖ്യാനത്തിന്നടരുകളിൽ നിന്ന് നമ്മെ വേട്ടയാടുന്ന ചില ചിത്രങ്ങൾ കാണിക്കുന്നുണ്ട്.
അവയിലൊന്നാമത്തേത് രണ്ട് സ്ത്രീകളുടെ രണ്ട് മുഖങ്ങൾ, ഒന്ന് മുൻഭാഗം, ഒന്ന് പ്രൊഫൈലിൽ. പേർസൊണയുടെ ഏറ്റവും പ്രശസ്തമായ അടയാളങ്ങളിലൊന്നായി മാറുകയറിയിരുന്നു ഈ ചിത്രം.
ലിവ് ഉൾമൻ അവതരിപ്പിക്കുന്ന എലിസബത്തും ബിബി ആൻഡേഴ്സൺ അവതരിപ്പിക്കുന്ന നഴ്‌സ് അൽമയും ഒറ്റപ്പെട്ട ഒരു വീട്ടിൽ വേനൽക്കാലം ചെലവഴിച്ചാൽ നന്നാവുമെന്ന് ഒരു മനഃശാസ്ത്രജ്ഞൻ നിർദ്ദേശിക്കുന്നു. സ്ഥലത്തിന്റെയും സമയത്തിന്റെയും ഒരേ രേഖയിൽ പിടിച്ച്, രണ്ട് സ്ത്രീകളും എങ്ങനെയോ ഒരേ ബിന്ദുവിൽ എത്തുന്നു. എലിസബത്ത് ഒന്നും പറയുന്നില്ല, അൽമ വീണ്ടും വീണ്ടും സംസാരിക്കുകയും ചെയ്യുന്നു. ജീവിതത്തെക്കിറിച്ചുള്ള അവളുടെ ആലോചനകളും തയ്യാറെടുപ്പുകളും ഒപ്പം ഭയവും ഏറ്റുപറഞ്ഞുകൊണ്ട് ഒടുവിൽ, ഗംഭീരവും ധീരവുമായ ഒരു മോണോലോഗിലൂടെ, അവൾ അവളെത്തന്നെ ഒരു ഏറ്റുപറച്ചിലിന് വിധേയമാക്കുന്നുണ്ട്. ആ സമയത്ത് അവൾ പൂർണ്ണമായും സന്തോഷവതിയാണ് എന്ന് കാണാൻ കഴിയുന്നു.
രണ്ട് നടിമാരും ഒരേ കാഴ്ചയുടെ പാതിയിലാണ് കാണപ്പെടുന്നത്. ഒരു മുഖത്തിന്റെ പകുതി മറ്റേ മുഖവുമായി കൂട്ടിയിണക്കുന്ന സങ്കീർണ്ണമായ ഒരു ഷോട്ടിൽ ബർഗ്മാൻ ഈ സമാനത ഊന്നിപ്പറയുന്നുണ്ട്. പിന്നീട് അവൻ ഒരു മോർഫ് പോലെ രണ്ട് മുഖങ്ങളും സൂപ്പർഇമ്പോസ് ചെയ്യുന്നു.
Persona is bound to trouble, perplex and frustrate most filmgoers. Or so one would suppose.”
എന്നാണ് പേർസോണയേക്കുറിച്ച് Susan Sontag പറഞ്ഞത്. ഈ പ്രസ്താവന അന്വത്ഥമാക്കും വിധമാണ് പേർസൊണയുടെ വിന്യാസങ്ങൾ.
അപ്രതീക്ഷിതമായി ഒരുവൾ ചെന്നെത്തുന്ന ഏകാന്തമായ ഇടങ്ങളുടെ സാന്നിധ്യങ്ങൾ ഒരു പക്ഷെ കാഴ്ച്ചയിൽ നമ്മെ ആസ്വസ്ഥരാക്കിയേക്കാം.
വാക്കുകളുടെയും ശബ്ദത്തിന്റെയും അതിർത്തികൾ മനുഷ്യ മനസുകളിൽ അടക്കം ചെയ്യപ്പെട്ടിരിക്കുന്നു. റിൽക്കെയുടെ കവിതകളിലേത് പോലെ.
“ഒരാൾ ചിലപ്പോൾ ഏകാന്തതയെ ജീവിതമായി വിവർത്തനം ചെയ്തേക്കാം”
സാമാന്യതയുടെ അളവുകോലുകൾക്കും, മാപിനികൾക്കും അപ്പുറം മനുഷ്യന്റെ മനസ് അതിനിഗൂഢമായ കാമനകൾക്കും തീവ്രമായ പ്രണയാനുഭവങ്ങൾക്കും ആനന്ദത്തിന്റെയും ഉന്മാദത്തിന്റെയും മുറിവുകൾക്കും വേണ്ടി നിരന്തരം അലയും. ആ അലച്ചിലിൽ ഒരാൾ പെട്ടെന്ന് മിണ്ടാതായേക്കാം.
ബെർഗ്മാന്റെ പേഴ്സൊണയിൽ അത്തരമൊരു. നിശബ്ദതയെ അഴിച്ചെടുക്കാനുള്ള ശ്രമമുണ്ട്.
1963ൽ ആണ് ബർഗ്മാൻ റോയൽ ഡ്രമാറ്റിക് തീയേറ്റർ ന്റെ തലവനായി നിയമിക്കപ്പെട്ടത്. കമ്പനിക്ക് ബെർഗ്മാന്റെ പെരുമ ആവശ്യമായിരുന്നു. ജോലിഭാരവും സംഘർഷങ്ങളും അദ്ദേഹത്തെ ആശുപത്രി വാസത്തിലേക്ക് നയിച്ചു 1965ൽ ആശുപത്രിയിൽ വച്ചാണ് അദ്ദേഹം പേർസണയുടെ രചന ആരംഭിച്ചത്.
മറ്റൊരർത്ഥത്തിൽ കലയുടെ നൈതികതയെക്കുറിച്ചും നിലനിൽപ്പിനെക്കുറിച്ചും ബർഗ്മാൻ ആ സമയത്ത് നിശിതമായി ആലോചിച്ചു തുടങ്ങിയിരുന്നു
ആ ആലോചനയിൽ നിന്നാണ് പേർസോണയുടെ ആദ്യ കുറിപ്പുകൾ അദ്ദേഹം 1965 ഏപ്രിൽ 12 ന് എഴുതാൻ ആരംഭിച്ചത്. അത് ഏതാണ്ട് ഇങ്ങനെയായിരുന്നു.
“നിരാശയും സങ്കടവും കണ്ണീരും പതുക്കെ സന്തോഷത്തിന്റെ ശക്തമായ പൊട്ടിത്തെറിയിലേക്ക് മാറുന്നു. കൈവെള്ളയിൽ സംവേദനക്ഷമത…. വിശാലമായ നെറ്റി, കാഠിന്യം, കണ്ണുകൾ ബാലിശമായ എന്തിനെയോ തിരയുന്നു. പരിശോധിക്കുന്നു.
ഇതിൽ നിന്ന് എനിക്ക് എന്താണ് വേണ്ടത്?
എല്ലാം ഒന്നുകൂടി ആരംഭിക്കാൻ….!
ഒരു പക്ഷെ ഒരു അഭിനേത്രി!?
അവൾ നിശബ്ദയായിരിക്കാം. അതിൽ അസ്വാഭാവികമായി ഒന്നുമില്ലല്ലോ!”.
ശ്ലഥ ബിംബങ്ങളിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ചിലന്തിയുടെയും, രോമം അറുത്തെടുക്കപ്പെടുന്ന ആടിന്റെ കണ്ണുകളുടെ സമീപ ദൃശ്യത്തിലൂടെയും ആരംഭിക്കുന്ന പേർസൊണ ഉള്ളം കയ്യിൽ ആഞ്ഞടിക്കുന്ന ഒരു ആണിയുടെ ഷോട്ടിൽ അൽപ നേരം തടഞ്ഞു നിൽക്കുന്നു.. സമീപ ദൃശ്യങ്ങൾ ആവർത്തിക്കുന്നുണ്ട് വീണ്ടും. മരക്കൂട്ടങ്ങൾ…. ഇരുമ്പ് ഗേറ്റ് ന്റെ കൂർത്ത കമ്പികൾ…. ഒരു വൃദ്ധയുടേതെന്ന് തോന്നുന്ന താടിയെല്ലിന്റെ കാഴ്ച… മുഖം… വെളുത്ത പ്രതലത്തിൽ മലർന്നു കിടക്കുന്ന ഒരു കുട്ടിയെയാണ് നാം പിന്നീട് കാണുക. കൈകാലുകൾ ഏറ്റവും അടുത്ത് കാണുന്നു. അത് ഒരാൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് ഉറപ്പിക്കാനാവുന്നില്ല.ആ കുട്ടി ഒരു ഫോൺ ബെല്ലടി കേൾക്കുന്നുണ്ട്. അലസമായി വീണ്ടും മൂടിപ്പുതച്ചുറങ്ങാൻ ശ്രമിക്കുകയാണ് കുട്ടി . ഒരു പുസ്തകം നിവർത്തി വായിക്കാൻ ശ്രമിക്കുകയും സാധിക്കാതെ പോകുകയും ചെയ്യുന്നു. മുന്നിലെ കണ്ണാടി പോലെ തെളിഞ്ഞ സുതാര്യതയിൽ വലത് കൈ ഉയർത്തി പതിയെ തലോടുന്നു. പതുക്കെ അവിടെ ഒരു മുഖം തെളിയുന്നു.
ടൈറ്റിൽ അതോടൊപ്പം കാണാം.
‘പേർസൊണ.’
എലെക്ട്ര എന്ന നാടകാവതരണത്തിന്റെ ഇടയിൽ മൗനത്തിലേക്ക് മുടങ്ങിപ്പോയവളാണ് എലിസബത്ത്. പിന്നീട് അവൾ മറവിയിലേയ്ക്ക് പോകുന്നതായി. നമുക്ക് തോന്നാം ലോകത്തോട് അവൾക്ക് ഒന്നും മാത്രമേ പറയാനുള്ളു.
‘ഞാൻ ഒന്നും മനസ്സിലാക്കുന്നില്ല എന്നാണോ നിങ്ങൾ കരുതുന്നത്? നിലനിൽപ്പിനെക്കുറിച്ച ഏറ്റവും നിരാശാഭരിതമായ സ്വപ്നം. അത് നേരിൽ കണ്ടനുഭവിക്കാൻ കഴിയില്ല എങ്കിലും!
എലിസബത്ത് അൽമയേക്കാൾ ശക്തയാണ്, ഒടുവിൽ നഴ്‌സിന് തന്റെ സ്വത്വം മറ്റൊരു സ്ത്രീയുടെ ശക്തിയാൽ കീഴടക്കപ്പെട്ടുവെന്ന് മനസിലാക്കുന്നു .
അവളുടെ നീരസം ഒരവസരത്തിൽ ആളിക്കത്തുകയും അവൾ തിരിച്ചടിക്കുകയും ചെയ്യുന്ന ഒരു നിമിഷമുണ്ട്. കോട്ടേജിന്റെ മുറ്റത്ത്, അവൾ തകർന്ന ഗ്ലാസിന്റെ കഷണങ്ങൾ എടുക്കുന്നു, തുടർന്ന് എലിസബത്ത് നടക്കാൻ സാധ്യതയുള്ള വഴിയിൽ ഒരു കഷണം മനഃപൂർവം ഉപേക്ഷിക്കുന്നു. എലിസബത്തിന്റെ കാൽ മുറിയുന്നു,
അവരുടെ മുഖങ്ങളുടെ ദൃശ്യങ്ങൾ തമ്മിലുള്ള ലയനം ആഴത്തിലുള്ള മാനസികാകർഷണത്തെ സൂചിപ്പിക്കുന്നുണ്ട്.. എലിസബത്ത് അൽമയെ നോക്കുന്നു. ചില്ലു കഷണം വഴിയിൽ കിടന്നത് ആകസ്മികമല്ലെന്ന് അറിയാമെന്ന് തോന്നുന്ന വിധമാണ് അവളുടെ നോട്ടം. ആ നിമിഷം ബെർഗ്മാൻ തന്റെ സിനിമയെ ഏറ്റം സ്വാതന്ത്രമാക്കാൻ ആഗ്രഹിക്കുന്നു. സ്‌ക്രീൻ ശൂന്യമായിപ്പോകുന്നു. അപ്പോൾ സിനിമ സ്വയം പുനർനിർമ്മിക്കുന്നു. ഈ സീക്വൻസ് സിനിമയുടെ തുറന്ന രീതിയെ പ്രതിഫലിപ്പിക്കുന്നുണ്ട്.
രണ്ട് സാഹചര്യങ്ങളിലും കേന്ദ്രീകരിക്കുന്ന ഒരിറ്റ് വെളിച്ചം ആ ദൃശ്യത്തിന്റെ വൈകാരികതയെ ജീവസുറ്റതാക്കുന്നു, സിനിമയുടെ ആദ്യ ഭാഗത്തു നേരത്തെ സൂചിപ്പിച്ചതു പോലെ ഒരു മോൻഡാഷ് ഉണ്ട്: നിശബ്ദമായ അസ്ഥികൂടങ്ങൾ, ശവപ്പെട്ടികളുടെ ചിത്രങ്ങൾ, അതിൽ ഒരു ആണി തറച്ചിരിക്കുന്ന ഒരു കൈ. മധ്യഭാഗത്തെ “ബ്രേക്ക്” അവസാനിക്കുന്നത് ക്യാമറ ഒരു കണ്ണിന് നേരെയും, ഐബോളിലെ സിരകളിലേക്കും മനസ്സിലേക്കും ഒരു പോലെ തുളച്ചുകയറുന്നതുപോലെയുമാണ്
സിനിമയുടെ തുടക്കത്തിൽ, എലിസബത്തിന്റെ ടിവി കാഴ്ചകളാണ് നാം കാണുന്നത്.
വാർത്തകളിൽ വിയറ്റ്നാമിൽ നിന്നുള്ള ചിത്രങ്ങൾ അവൾ കാണുന്നുണ്ട് , ഒരു ബുദ്ധ സന്യാസി സ്വയം കത്തിക്കുന്നത് ഉൾപ്പെടെ. പിന്നീട്, വാർസോ ഗെട്ടോയിൽ നിന്നുള്ള ഫോട്ടോഗ്രാഫുകൾ ഉണ്ട്, ജൂതന്മാരെ വളഞ്ഞിട്ട് പിടിക്കുന്നു; ഒരു കൊച്ചുകുട്ടിയുടെ മുഖത്ത് അൽപനേരം തടഞ്ഞു നിൽക്കുന്ന കാഴ്ച്ചയിൽ നിന്ന് ലോകത്തിന്റെ ഭീകരതയാണോ എലിസബത്തിന്റെ നിശബ്ദതതക്ക് കാരണം എന്നൊരു ചോദ്യം. ഉയർന്നേക്കാം.
വ്യക്തമായൊരുത്തരം സിനിമ പറയുന്നില്ല. അൽമയെ സംബന്ധിച്ചിടത്തോളം,എന്തും ഏതും അവളുടെ അകക്കാമ്പിൽ തെളിയുന്നുണ്ട്. അവൾ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന പുരുഷനുമായുള്ള ബന്ധത്തിന്റെ സാധുതയെ അവൾ സംശയിക്കുന്നുണ്ട് ഒരു സമയത്ത്.
ഒരു നഴ്‌സ് എന്ന നിലയിലുള്ള സ്വന്തം കഴിവുകളെ അവൾ ചില സമയങ്ങളിൽ വിമർശനത്തോടെ സമീപിക്കുന്നു. എലിസബത്തിനെ നേരിടാൻ അവൾക്ക് ശക്തിയുണ്ടോ എന്ന് അവൾ സംശയിക്കുന്നു.
എന്നാൽ എലിസബത്തിന്റെ ആന്തരികലോകത്തിനു സ്വകാര്യമായ ചില പീഡാവസ്ഥകൾ ഉണ്ട്. ബർഗ്മാൻ അവയെ വളരെ സാധാരണമെന്ന മട്ടിൽ പരിചരിക്കുന്നു. വളരെ ലളിതവും എന്നാൽ ധീരവുമായ ഒരു ക്രമത്തിലാണദ്ദേഹം അത് ക്രമീകരിക്കുന്നത്. അതിന്റെ ദൃശ്യപരിചരണങ്ങൾ അനായാസകരമാം വിധം ധീരമാണ്.
ആദ്യം ഒരു സ്വപ്ന ശ്രേണിയുണ്ട്. അതിൽ എലിസബത്ത് അർദ്ധരാത്രിയിൽ അൽമയുടെ മുറിയിലേക്ക് പ്രവേശിക്കുന്നു. ഒരു സ്വീഡിഷ് വേനൽക്കാലത്താണ് ഈ സമയം എന്ന് വ്യക്തമാകുന്നുണ്ട്.
“രാത്രി എന്നത് ഒരു ദിവസത്തിനും അടുത്ത ദിവസത്തിനും ഇടയിൽ വരച്ച വിരലാണ് എന്ന്” കേൾക്കാം.
ഇളം വെളിച്ചം മുറിയിൽ നിറഞ്ഞുനിൽക്കുന്നു. രണ്ടു സ്ത്രീകളും കണ്ണാടിയിലെ ചിത്രങ്ങൾ പോലെ പരസ്പരം നോക്കുന്നു. അവർ തിരിഞ്ഞ് അവരവരെത്തന്നെ അഭിമുഖീകരിക്കുന്നു. ഒരാൾ മറ്റേയാളുടെ മുടി പിന്നിലേക്ക് മാടുന്നു.
ഒരു മനുഷ്യന്റെ ശബ്ദം കേൾക്കാം. “എലിസബത്ത്” എന്നാണത്. അവളുടെ ഭർത്താവ്, മിസ്റ്റർ വോഗ്ലറുടേതാണത്. ദൃശ്യങ്ങൾ കലർന്നു പോകുന്നു. ഇപ്പോൾ അവർ പുറത്താണ്. അവൻ അൽമയുടെ മുഖത്ത് തഴുകി അവളെ “എലിസബത്ത്” എന്ന് വിളിക്കുന്നു. ഇല്ല, അവൾ പറയുന്നു, എലിസബത്ത് അല്ല. എലിസബത്ത് അൽമയുടെ കൈപിടിച്ച് ഭർത്താവിന്റെ മുഖത്ത് തഴുകി.
പിന്നീട്, എലിസബത്തിന്റെ കുട്ടിയെ കുറിച്ച് അൽമ ഒരു നീണ്ട മോണോലോഗ് അവതരിപ്പിക്കുന്നുണ്ട് . കുട്ടി വിരൂപയായി ജനിക്കുന്നു. അക്ഷരാർത്ഥത്തിൽ രണ്ട് സ്ത്രീകളും ഒരേ കഥയാണ് പറയുന്നത്-എലിസബത്തിന്റെ ഊഴമാകുമ്പോൾ അൽമയിലൂടെയാണ് എലിസബത്ത് പിന്നീട് സംസാരിക്കുന്നത്. അവരുടെ ജീവനുകൾ ഒരേ രേഖയിലാണെന്ന് ഇത് ധ്വനി പ്പിക്കുന്നു.
സിനിമയിലെ മറ്റൊരു മോണോലോഗ് കൂടുതൽ പ്രശസ്തമാണ്. താനും കാമുകിയും രണ്ട് ആൺകുട്ടികളും ഒരുമിച്ചുണ്ടായിരുന്ന ബീച്ചിലെ ഒരവസരത്തിലെ ലൈംഗികാനുഭവത്തെക്കുറിച്ച് അവൾ ഓർക്കുന്നു. ആ കഥയാണ് അൽമ പറയുന്നത്. ഈ മോണോലോഗിന്റെ ഇമേജറി വളരെ ശക്തമാണ്,
മൂന്ന് മോണോലോഗുകളിലും, ആശയങ്ങൾ എങ്ങനെയാണ് ചിത്രങ്ങളെയും യാഥാർത്ഥ്യത്തെയും സൃഷ്ടിക്കുന്നുവെന്ന് ബെർഗ്മാൻ വ്യക്തമായി കാണിക്കുന്നുണ്ട്.
സിനിമയിലെ ഏറ്റവും തീവ്രവും വസ്തുനിഷ്ഠമായതുമായ അനുഭവങ്ങൾ ഓർക്കാം. വെട്ടിയ പാദവും ചുട്ടുതിളക്കുന്ന വെള്ളത്തിന്റെ ഭീഷണിയുമാണ് ഒരു അവസരത്തിൽ കാണുക മറ്റെല്ലാം ചിന്തയിൽ നിന്ന് കല എങ്ങനെയാണ് സവിശേഷമായിരിക്കുന്നത് എന്ന് സിനിമ കാണിക്കുന്നു. അൽമയ്ക്ക് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും യഥാർത്ഥ അനുഭവം കടൽത്തീരത്ത് വച്ചു സംഭവിച്ച ലൈംഗികാനുഭവമാണ്. എലിസബത്തിന്റെ വേദനയും അൽമയുടെ ആഹ്ലാദവും കലർന്നു വരുന്നു.
“നമ്മൾ” എന്ന് നമ്മൾ കരുതുന്ന ഭൂരിഭാഗവും ലോകത്തിന്റെ നേരിട്ടുള്ള അനുഭവമല്ല, മറിച്ച് ആശയങ്ങൾ, ഓർമ്മകൾ, മീഡിയ ഇൻപുട്ട്, മറ്റ് ആളുകൾ, ജോലികൾ, റോളുകൾ, കടമകൾ, മോഹങ്ങൾ, പ്രതീക്ഷകൾ, ഭയങ്ങൾ എന്നിവയുടെ മാനസിക പ്രക്ഷേപണം മാത്രമാണ്.
‘താൻ ആരാണെന്നത്’ തിരയുകയാണ് എലിസബത്ത്.
ആരാകരുതെന്ന് തിരഞ്ഞെടുക്കാൻ അൽമയ്ക്ക് ശക്തിയില്ല. തലക്കെട്ടാണ് പ്രധാനം. “വ്യക്തി.” ഏകവചനം മാത്രം.
രണ്ട് സ്ത്രീകൾക്കിടയിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ബോധപൂർവമായ നിഷ്പക്ഷ വീക്ഷണമാണ് ബെർഗ്മാൻ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അൽമയുടെ തിരിച്ചറിയൽ, എലിസബത്ത് അവളുടെ മുറിയിലേക്ക് വരുന്നതിനെക്കുറിച്ചുള്ള അവളുടെ ഫാന്റസികൾ!
എലിസബത്തിന്റെ ഭർത്താവിന്റെ സന്ദർശനം. എലിസബത്ത് എന്ന നടിയുടെ മുഖംമൂടിയും എലിസബത്ത് ലോകത്തെ കാണിക്കുന്ന മുഖവും തമ്മിലുള്ള നിഷ്പക്ഷ വീക്ഷണം വഞ്ചനാപരമാണ് എന്നതാണ് അദ്ദേഹം ഉന്നയിക്കുന്ന കാര്യം. കലാകാരന്റെ തന്നെ പ്രത്യക്ഷത വെളിപ്പെടുന്നു ഇവിടെ .
ഒടുവിൽ എലിസബത്തിനെ തകർത്തതായി അൽമ സങ്കൽപ്പിക്കുന്ന രംഗം രണ്ട് സ്ത്രീകളുടെയും വീക്ഷണകോണിൽ നിന്ന് ആവർത്തിച്ചുകൊണ്ട് ബെർഗ്മാൻ ഈ സൂചന നൽകുന്നു. സംസാരിക്കുന്ന വാക്കുകൾ ഒന്നുതന്നെയാണ്, പക്ഷേ അതിന്റെ ഫലം വളരെ വ്യത്യസ്തമാണ്. ബർഗ്മാൻ നിർദ്ദേശിക്കുന്നത്, ഭാഷയും ആശയവിനിമയവും കലയും ആത്യന്തികമായി അപര്യാപ്തവും വഞ്ചനാപരവുമാണ് എന്നാണ്.
മുഖം മറയ്ക്കാൻ എപ്പോഴും ഒരു മുഖംമൂടിയുണ്ട്. എന്നാൽ പേഴ്സണ ഒരു അശുഭാപ്തി ചിത്രമല്ല. എലിസബത്തും അൽമയും, മുഖംമൂടിയും മുഖവും ഒന്നായി ലയിക്കുന്ന ഒരു ഘട്ടമുണ്ട്.അത് സംവിധായകന്റെ പ്രതിഭയുടെ ഏറ്റവും തിളക്കമുള്ള ഇടമാണ്.
ഈ തീവ്രത ബെർഗ്മാന്റെ ചലച്ചിത്ര ഭാവുകത്വത്തിന്റെ ഏറ്റവും ആഴമുള്ള അടയാളമായി വെളിപ്പെടുന്നു. കൂടാതെ പുതിയ ആഖ്യാന രൂപങ്ങൾക്കുള്ള പ്രചോദനം കൂടി അദ്ദേഹം തരുന്നു.
പേർസൊണയിൽ വൈകാരികമായി ഇരുണ്ടതെന്ന് തോന്നിപ്പിക്കുന്ന പ്രത്യേകിച്ച് അപരത്വം, ദ്വന്ദം എന്ന പ്രധാന പ്രമേയത്തിന്റെ ഒരു ഉപവിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഈ പ്രമേയം അതീവ ഗൂഢമാണ്. മറയ്ക്കുന്നതും മറച്ചുവെക്കുന്നതു കാണിക്കുന്നതും തമ്മിലുള്ള വൈരുദ്ധ്യം ആഖ്യാനത്തിൽ വ്യക്തമാണ്. വ്യക്തി(person )എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം ഒരു നടൻ ധരിക്കുന്ന മുഖംമൂടി എന്നാണ്. അപ്പോൾ, ഒരു വ്യക്തിയാകുക എന്നത് ഒരു മുഖംമൂടി കൈവശം വയ്ക്കുക എന്ന് കൂടിയാണ്.
ഈ മുഖം മൂടിയെക്കുറിച്ച് ഒക്ടോവിയ പാസ് ലാബിറിന്ത് ഓഫ് സോളിറ്റ്യുഡിൽ പറയുന്നുണ്ട്.
Solitude is the profoundest fact of the human condition. Man is the only being who knows he is alone. ഏകാന്തത എന്നാൽ ഒരു മനുഷ്യൻ താൻ ഏകാകിയാണ് എന്ന് തിരിച്ചറിയുന്ന ഒരവസ്ഥയാകുകയാണ് എലിസബത്തിൽ. കൂടാതെ വ്യക്തിത്വത്തെ രണ്ട് സ്ത്രീകളും മുഖംമൂടിയാൽ മറക്കുകയും ചെയ്യുന്നു. എലിസബത്തിന്റെ മുഖംമൂടി അവളുടെ നിശബ്ദതയാണ്. അൽമയുടെ മുഖംമൂടി അവളുടെ ആരോഗ്യവും ശുഭാപ്തിവിശ്വാസവുമാണ്. എന്നാൽ സിനിമയുടെ ഗതിയിൽ രണ്ട് മുഖംമൂടികളും തകർന്നു വീഴുന്നു.
ഒരാൾ തന്നോട് ചെയ്ത അക്രമം അൽമയിലേക്ക് പകർത്തുന്നു എന്നതാണ് ഇതിൽ നിന്ന് രക്ഷ നേടാനുള്ള ഒരു മാർഗം. എന്നാൽ അത് വളരെ ലളിതമാണ്. അക്രമവും ഭയാനകതയും ബലഹീനതയും, കൂടുതൽ യഥാർത്ഥത്തിൽ, ഒരു പരീക്ഷണത്തിന് വിധേയമായ ബോധത്തിന്റെ ശേഷിക്കുന്ന അനുഭവങ്ങളാണ്. സിനിമ നിർദ്ദേശിച്ചതുപോലെ, മനുഷ്യാവസ്ഥയെക്കുറിച്ച് ബർഗ്മാൻ അശുഭാപ്തിവിശ്വാസമുള്ളവനല്ല-അത് ചില അഭിപ്രായങ്ങളുടെ സംഘാതമെന്നപോലെ,
ഒരു ചോദ്യമെന്നപോലെ നിലനിൽക്കുന്നു. അവിടെ സംവേദനക്ഷമതയുടെ ഗുണനിലവാരത്തിന് യഥാർത്ഥത്തിൽ ഒരു വിഷയം മാത്രമേയുള്ളൂ: ബോധം മുങ്ങിമരിക്കുന്ന ആഴങ്ങൾ!
ബർഗ്മാന്റെ സിനിമ അഗാധമായി നമ്മെ അസ്വസ്ഥമാക്കുന്നു. ചില നിമിഷങ്ങളിൽ ഭയപ്പെടുത്തുന്നു. വ്യക്തിത്വത്തിന്റെ ശിഥിലീകരണത്തിന്റെ ഭീകരതയെക്കുറിച്ച് ഇത് വിശദമായി പറയുന്നു.
“ഞാൻ നിങ്ങളല്ല!” എന്ന് ഒരു ഘട്ടത്തിൽ അൽമ എലിസബത്തിനോട് നിലവിളി പോലെ പറയുന്നു. പരസ്പരം പഴിചാരുന്നതിൽ ഒളിഞ്ഞിരിക്കുന്ന ഹിംസയുടെ കാറ്റുകളെ കാണാതെ വയ്യ. ഒരു ഘട്ടത്തിൽ, അൽമ എലിസബത്തിന്റെ രക്തം കുടിക്കുന്നു. എന്നാൽ ഈ ഭാഗം ഭീകരതയുടെ അടയാളമായല്ല ബെർഗ്മാൻ വിഭാവനം ചെയ്യുന്നത്. സാഹിത്യത്തിൽ ഭാഷയുടെ ശുദ്ധീകരണമെന്നത് ആധുനിക കവിതയുടെയും സ്റ്റെയിൻ, ബെക്കറ്റ്, റോബ്-ഗ്രില്ലെറ്റ് തുടങ്ങിയ ഗദ്യ എഴുത്തുകാരുടെയും സവിശേഷമായ ദൗത്യമായി വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്, ചലച്ചിത്രാഖ്യാനങ്ങളിൽനിന്ന് ഇത്തരം ഭാഷാപരീക്ഷണങ്ങൾ നടത്തിയവരിൽ എന്നെ ആകർഷിച്ചവരിൽ ബർഗ്മാനുണ്ട്. ഓരോ സിനിമയിലും ഏറെ വ്യത്യസ്തമായ ഭാഷാ സമീപനങ്ങൾ അദ്ദേഹം സ്വീകരിച്ചു. ഒരു വാക്കിന് നിറങ്ങളുടെ ഓർമ്മകൾ പേറാനാകുമെന്ന് തോന്നിപ്പിച്ചത് ബെർഗ്മാൻ ആണ്. “സിനിമ സ്വപ്നവും സംഗീതവുമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ.
പെർസോണയെ വിശദീകരിക്കാൻ ബർഗ്മാൻ പലപ്പോഴും സംഗീതത്തിന്റെ നേർത്ത രൂപകങ്ങൾ ഉപയോഗിക്കുന്നു.
“My art cannot melt,
transform,
or forget:”
എന്നാണ് ബർഗമാൻ എഴുതിയത്. കഥാപാത്രങ്ങളുടെ ആന്തരിക യാത്രകളിലേക്ക് ഉർഫ്യൂ നോക്കുകയാണ് ബർഗമാൻ. ദൃശ്യത്തിന്റെ ഏതെങ്കിലുമൊരു ചരിവിൽ വച്ച് അവരുടെ ആത്മാഗതങ്ങൾ താൻ കേൾക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.
“But I shall never rid
myself of those images. Images that turn my art
into a bag of tricks,
into something indifferent,
meaningless ”
ആ വ്യത്യസ്തതക്ക് വേണ്ടിയാണല്ലോ ബെർഗ്മാൻ സിനിമകളിലേക്ക് പടർന്നത്.
എപ്പോഴോ പേർസൊണ എന്നെക്കൊണ്ട് ഈ കവിത എഴുതിച്ചു.
നിശബ്ദത അതിന്റെ പിറവി യെക്കറിച്ചു സംസാരിക്കുന്നു
ഓർമ്മകളിലെവിടെയുമെമ്പാടും
കണ്ണിൽ ജലമെന്ന പോൽ….
നിറയുന്ന മറവി
വല്ലാത്ത തെളിച്ചം
സ്വപ്നത്തിൽ നീ വരും പോലെ
തിളങ്ങുന്ന വെളുപ്പ്
കടൽ നീല
ഏറെ വെള്ളി വരകൾ
എന്നാൽ,
ഉറക്കം തീരെത്തീരെ
കടൽ ചുരുങ്ങുകയാണു.
ഒരേ സ്വപ്നത്തിൽ
പല പല നീ.
മേഘം തൊടാനാഞ്ഞ കാറ്റ്
വിണ്ടു കീറിക്കീറി…
നീറ്റലകലാതെ….
തിരയടങ്ങാതെ….
വീണ്ടും വീണ്ടും മറവി…
മഴക്കാലം,വേനൽ,വസന്തം
ഇല പൊഴിച്ചിൽ
മറവിയിൽ തളിർത്തു
വീണ്ടും പൊടിയിലകൾ
സ്വപ്നത്തിൽ നീയുമായെത്തി
യക്ഷന്റെ മേഘം.
എന്നെയൊന്നു
നോക്കുക പോലും ചെയ്യാതെ പെരുമഴയാകാൻ
കുതിച്ചു
നിന്നോടൊപ്പം തന്നെ
തിരിച്ചു പോയി
ഉണർച്ചയിൽ തെളിഞ്ഞേക്കാം
സ്വപ്നം
നീ,നിദ്രയിൽ
പർവ്വതങ്ങളിൽ നിന്ന്
എന്റെ പേരു ചൊല്ലി
വിളിച്ചേക്കം….
ബോധത്തിലേക്കുള്ള തിരിച്ചു യാത്രയിൽ
കവിതയല്ലാതെ ഒന്നും
കൂടെയെടുത്തില്ല.
രാത്രി
അബോധത്തിന്റെ ഇരുൾ പടർന്ന്
കവിതയിലില്ലാത്ത നിറത്തിൽ
വീണ്ടും ഉറക്കം
മയക്കം
ഉന്മാദം
തിരിച്ച് ബോധത്തിലെത്തുമ്പോൾ…
കരുതുന്നു.
അബോധത്തിൽ എത്തിയത്
നീയോ…
നിന്റെ സ്വപ്നമോ
എല്ലാം പറഞ്ഞു
തീരുമ്പോൾ
തണുപ്പായ്
മൂടണമെനിക്ക്.
അതിനാൽ
ഞാനെന്റെ പേരു
നിശബ്ദതയെന്നു
മാറ്റിയെഴുതുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല