ആത്മാവിന്റെ പരിഭാഷകള്‍
(സിനിമ, കവിത, സംഗീതം )
Part-2
ഭാഗം 28
ഡോ. രോഷ്നി സ്വപ്ന
“I dream of painting
and I paint
my dream”
എന്നെങ്കിലും ഒരിക്കൽ മഞ്ഞപ്പൂവിതളുമായി അയാൾ എന്നെ കാണാൻ വരും എന്ന് വിശ്വസിച്ച കാലങ്ങളിൽ ഞാൻ വാൻഗോഗിനെ അറിയാൻ ഒരുപാട് ശ്രമിച്ചിരുന്നു. കാമുകിക്ക് ചെവി മുറിച്ചു കൊടുത്ത അയാളെ എനിക്കിഷ്ടമായിരുന്നു. (ചെവിയല്ല ജീവൻ തന്നെ മുറിച്ചു തന്ന കാമുകനാണ് എനിക്കുള്ളത് എന്ന് ഞാൻ അയാളോട് പറയുമിപ്പോൾ.)
പിന്നീട് അയാളെ ഞാൻ ഉപേക്ഷിച്ചു. എങ്കിലും അയാളുടെ നിറക്കലർപ്പുകൾ എന്റെ സ്വപ്നങ്ങളെ ആവേശിച്ചു കൊണ്ടേയിരുന്നു.
ഒരു പാട് സിനിമകൾക്കും എഴുത്തിനും പ്രചോദനമായിട്ടുണ്ട് വാൻ ഗോഗ്.
ഇർവിങ് സ്റ്റോൺ-ന്റെ ‘Lust for Life’ വാൻഗോഗിന്റെ ജീവിതം അടിസ്ഥാനമാക്കി എഴുതിയ നോവലാണ്. വിൻസെന്റ് മിന്നെലി (Vincente Minnelli) ഇതേ പേരിൽ ഒരു ചലച്ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.
“Art is amoral;
so is life.
For me there are
no obscene pictures or books; there are only
poorly conceived
and poorly executed ones.”
എന്ന് ഇർവിങ് സ്റ്റോൺ നോവലിൽ എഴുതുന്നു.
ഈ നോവലിനോട് അക്ഷരം പ്രതി ചേർന്നു നിൽക്കുന്ന ഒന്നല്ല ഈ സിനിമ. അതങ്ങനെ ആകണമെന്നുമില്ലല്ലോ. അത് മറ്റൊരു നിറക്കൂട്ടാണ്. എന്നോ ഒരിക്കൽ അതേക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്.
Vincent and Theo (1990), vincent, the life and death of Van ghog, Loving Vincent (2017)
എന്നിവയാണ് വാൻഗോഗിനെ അടിസ്ഥാനമാക്കി വന്നിട്ടുള്ള മറ്റു സിനിമകൾ. ഇവയൊക്കെത്തന്നെ വാൻഗോഗിന്റെ ചിത്രങ്ങളിലേക്ക് യാത്ര ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.
നിറങ്ങളുടെയും ആകൃതികളുടെയും വിന്യാസം ഒരു ചിത്രത്തിൽ സന്നിവേശിക്കുന്നത് അതിന്റെ സംഗീതാത്മകഘടകങ്ങളുടെ സാന്നിധ്യം കൊണ്ടാണ്. work of art ന്റെ ഭാവപരമായ ഒന്ന് എന്ന അർത്ഥത്തിലല്ല
സംഗീതാത്മകത എന്ന് പറയുന്നത്. അത് ഒരു ലയമാണ്. സംഗീതത്തിൽ താളം പോലെ!
ചിത്രകലയിലാവട്ടെ വരകളുടെയും വെളിച്ചങ്ങളുടെയും നിഴലുകളുടെയും അനക്കവും ശ്വാസഗതിയും നിശ്ചലതയും ചേരുന്ന ലയം രൂപവും ഭാവവും കലർന്ന ഒന്നാകുന്നു. വാൻഗോഗ്, പിക്കാസോ, പോൾ ക്ലീ, മെലെവിച്ച്, മോണ്ട്രിയാൻ, കാന്ടിൻസ്കി, ബ്രാക്ക് എന്നിവരെക്കുറിച്ചുള്ള ദൃശ്യാഖ്യാനങ്ങളിലും ഈ ലയവും താളവും ഏറെ പ്രകടമാണ്. എങ്കിലും ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഒരു ഇടമാണ് എനിക്ക് വാൻഗോഗ്. അയാൾ നിറങ്ങളോട് കാണിക്കുന്ന ധൂർത്ത്… അയാളുടെ ചിത്രങ്ങളിലെ കാറ്റ്… അതിന്റെ ആഴങ്ങൾ തരുന്ന പ്രണയം…. അന്നെപ്പോഴോ എഴുതിയ കവിതയാണിത്.
“പ്രിയപ്പെട്ട വാൻ ഗോഗ്”
നീലയിൽ
കുതിർന്ന
നിന്റെ സ്വപ്നങ്ങളിൽ നിന്ന്
ഒരു
ചുവന്ന കടൽ ഉരുകിയൊലിക്കുന്നുണ്ട്.
കണ്ണുകൾ
അടച്ച്
ധ്യാനിച്ചാൽ
എപ്പോൾ
വേണമെങ്കിലും
നിനക്കെന്റെ
ബുദ്ധനാവാം.
അഗ്നിപർവ്വതങ്ങളെക്കാൾ
ഉരുക്കമുളള
പ്രണയം കൊണ്ട്
നിന്റെ കണ്ണുകളെ
കഴുകി വെടിപ്പാക്കാൻ
ഒരു കാറ്റിനും
കഴിയില്ല.
കേൾക്കൂ
മരിച്ചു പോയ
കുഞ്ഞുങ്ങൾ
നിന്റെ മുറിവിൽ
ഉമ്മ വെക്കുന്നുണ്ട്.
പ്രിയപ്പെട്ടവനെ.
നിന്നോളം
ഉന്മാദിയായവനെ
ഞാൻ എന്റെ
മുലപ്പാലിന്റെ ഉപ്പിൽ
മുക്കിയെടുക്കാം.
നിനക്കൊരിക്കലും
എന്നെ കാണാനാവില്ല.
നിനക്ക് വേണ്ടിയല്ലാതെ ജനിക്കുകയോ
മരണപ്പെടുകയോ
ചെയ്യാത്ത
ഒരു പൂമ്പാറ്റയാണ് ഞാൻ.
എങ്കിലും പാതി കരയുന്ന നിന്റെ ചുണ്ടുകളിൽ
എന്റെ കണ്ണുകൾ
പതിഞ്ഞിരിക്കും.
നിന്റെ ആത്മാവിന്റെ നിറങ്ങളിൽ
എന്റെ മരണത്തിന്റെ
തൂവൽ
പതിഞ്ഞിരിക്കും.
വാൻഗോഗിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരു പാട് ദൃശ്യനുഭവങ്ങൾ പുറത്തു വന്നിട്ടുണ്ടെങ്കിലും
ഡച്ച് ഓസ്ട്രേലിയൻ സംവിധായകനായ പോൾ കോക്സ് സംവിധാനം ചെയ്ത “വിൻസെന്റ്” എന്ന ഡോക്യൂമെന്ററി അവയിൽ പ്രധാനപ്പെട്ട ഒന്നാണ്.
മാൻ ഓഫ് ഫ്ലവേഴ്സ്, ഫെയ്സ് ഓഫ് ഡെസ്റ്റിനി, ഇന്നസെൻസ് തുടങ്ങിയ ചിത്രങ്ങളുടെ പേരിൽ ഉന്നത ചലച്ചിത്രകാരന്മാരുടെ ശ്രേണിയിൽ സ്ഥാനംപിടിച്ച സംവിധായകനാണ് അദ്ദേഹം. വാൻഗോഗിന്റെ ജീവിതത്തിന്റെയും മരണത്തിന്റെയും പുനരാവിഷ്കാരമാണ് വിൻസൻറ് എന്ന ഡോക്യൂമെന്ററി. വാൻഗോഗ് തന്റെ സഹോദരൻ തിയോക്ക് അയച്ച കത്തുകളിലൂടെയാണ് ചലച്ചിത്രം രൂപപ്പെടുന്നത്. പരാജയങ്ങളും നിരാശയും നിറഞ്ഞ നിശബ്ദമായ ജീവിതമായിരുന്നു വാൻ ഗോഗ് നയിച്ചുകൊണ്ടിരുന്നത്. അത് പിന്നീട് ആത്മഹത്യയിൽ ഒടുങ്ങുകയായിരുന്നു. തന്റെ ദുരിതകാലത്ത് വാൻഗോഗ് ഒരുപാട് ചിത്രങ്ങൾ വരച്ചുകൂട്ടി. സ്വന്തം വേദനകൾ തിയോയോട് മാത്രമേ പങ്കു വാൻഗോഗ് പങ്കു വച്ചിരുന്നുള്ളു. വാൻ ഗോഗിന് ആവശ്യമുള്ളതെല്ലാം തിയോ സമയമാസമയങ്ങളിൽ എത്തിച്ചു കൊടുത്തു. സർഗാത്മക ജീവിതവും ആത്മഹത്യയും വാൻഗോഗിനെ ഒരു നാടോടിക്കഥയിലെ നായകനോ ഇതിഹാസമോ ആക്കി മാറ്റിയിരുന്നു. അദേഹത്തിന്റെ ജീവിതത്തിനുള്ള ഉചിതമായ സ്മരണാഞ്ജലി ആണ് പോൾ കോക്സിന്റെ ഡോക്യുമെന്ററി ചിത്രം. ഇതിൽ ശക്തമായി വരുന്ന വിൻസെന്റിന്റെ കത്തുകളുടെ ഉള്ളടക്കം വിട്ടുപോകാതെ തന്നെയാണ് ഇതിലെ ദൃശ്യങ്ങൾ സഞ്ചരിക്കുന്നത്.
ശബ്ദവും ദൃശ്യവും ഒരുമിച്ച് ഒരു ഭ്രമാത്മക ലോകം പണിയുന്നത് ഈ ചിത്രത്തിന്റെ കാഴ്ചനുഭവത്തിൽ കാണാം. വിൻസൻറ് ഒരനുഭവമായാണ് നമ്മിലേക്ക് എത്തുന്നത്.
ഹോളണ്ടിൽ ജനിച്ച ഓസ്ട്രേലിയയിൽ ജീവിച്ച വിൻസെന്റിനെക്കുറിച്ചുള്ള ഈ ചിത്രം കണ്ടാൽ, ആത്മാവുകൊണ്ട് ഒരിക്കലും നാടു വിട്ടു പോകാൻ ആഗ്രഹിക്കാത്ത, ജന്മദേശം വിട്ടു പോയിട്ടില്ലാത്ത ഒരാളുടെ ഭ്രമാത്മക ലോകത്തെക്കുറിച്ച്
ഏറെക്കുറെ മനസിലാക്കാൻ ആകും. വിചിത്രമായ ദാർശനിക വഴികളിലാണ് വാൻ ഗോഗ് സഞ്ചരിച്ചത്.
“ഉയരങ്ങളിലെ
നക്ഷത്രങ്ങളെക്കുറിച്ചും
അനന്തതയെക്കുറിച്ചും
വ്യക്തമായി അറിയൂ..
അപ്പോൾ ജീവിതം
ഒരു പാട്
നമ്മെ മോഹിപ്പിക്കും ” എന്ന് അയാൾ പറയുന്നുണ്ട് ഇക്കാലത്ത്.
പോൾ കോക്സിന്റെ ചിത്രം ഒരേസമയം ധൈഷണികവും വൈകാരികവുമായ ആഘോഷമായാണ് സംവദിക്കപ്പെടുക. വിൻസെന്റ്റിന്റെ സ്‌ക്രീൻ ഇമേജുകളിൽ കാണിച്ചിരിക്കുന്ന പെയിന്റിംഗുകളുടെയും സ്കെച്ചുകളുടെയും കാലക്രമത്തിലുള്ള
വിശാലമായ തിരഞ്ഞെടുപ്പ് സവിശേഷമായ അനുഭവമാണ്. വാൻഗോഗ് താമസിച്ചിരുന്ന സ്ഥലങ്ങളുടെ ഷോട്ടുകൾ, അനുബന്ധമായി ജീവചരിത്ര സംഭവങ്ങളുടെ പുനർനിർമ്മാണങ്ങൾ എന്നിവ കൂടി ചിത്രത്തിന്റെ ആഖ്യാനത്തിന്റെ ഭാഗമാണ്. വിൻസെന്റ് വാൻഗോഗിന്റെ കത്തുകൾ സഹോദരൻ തിയോ വായിക്കുന്നു. ഈ വായനയുടെ ശബ്ദമാണ് ചിത്രത്തിന്റെ സൗണ്ട് ട്രാക്ക്.
“പ്രിയപ്പെട്ട തിയോ” എന്ന് സംബോധന ചെയ്താണ് വാൻഗോഗിന്റെ കത്തുകൾ ആരംഭിക്കുന്നത്. ഏകദേശം 750-ലധികം കത്തുകൾ വിൻസെന്റ് വാൻഗോഗ് തിയോക്ക് എഴുതിയിരുന്നു. ജീവിതവുമായി ബന്ധപ്പെട്ട സകലപരിസ്ഥിതികളെക്കുറിച്ചും അവർ കത്തുകളിലൂടെ സംസാരിച്ചു.
എല്ലാറ്റിനും ഉപരിയായി അദ്ദേഹം തന്റെ പെയിന്റിംഗുകളെക്കുറിച്ചും നിറങ്ങളെക്കുറിച്ചും ബ്രഷ് സ്ട്രോക്കുകളെക്കുറിച്ചും കൂടി സംസാരിക്കുന്നുണ്ട്.
വിൻസെന്റിന്റെ പെയിന്റിംഗുകൾ കാണുമ്പോൾ ഒരു ചിത്രശാലയിലൂടെ യാത്രചെയ്യുന്ന അനുഭവം പ്രേക്ഷകനുണ്ടാകുന്നു. വിൻസെന്റ്: ദി ലൈഫ് ആൻഡ് ഡെത്ത് ഓഫ് വിൻസെന്റ് വാൻ ഗോഗിൽ” വാൻ ഗോഗ് വരച്ച ചില സ്ഥലങ്ങളിലേക്ക്
പോൾ കോക്സ് തന്റെ ക്യാമറ കൊണ്ടുപോകുകയും ചിലത് പുനഃസൃഷ്ടിക്കുകയും ചെയ്യുന്നു. സംവിധായകൻ എന്നതിലുപരി, വാൻ ഗോഗിന്റെ ചിത്രങ്ങൾ പിന്തുടരുന്ന ഒരു കാഴ്ചക്കാരൻ എന്ന നിലയിലാണ് അദ്ദേഹം ഈ സിനിമയിൽ നിലനിൽക്കുന്നത്.
വിൻസെന്റ് മിനെല്ലി സംവിധാനം ചെയ്ത ലസ്റ്റ് ഫോർ ലൈഫ് എന്ന ചിത്രം വാൻ ഗോഗിന്റെ ജീവിതത്തെ മറ്റൊരു ദിശയിലൂടെ കാണുന്നു. 1934 ൽ ഇർവിങ് സ്റ്റോൺ
എഴുതിയ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ നോർമൻ കോർവിൻ തയ്യാറാക്കിയത്.
ഈ ചിത്രം വാൻഗോഗിന്റെ ജീവിതത്തിൽ സംഭവിച്ച ചില സൂക്ഷ്മ തലങ്ങളെ അനാവരണം ചെയ്യുന്നുണ്ട്. തന്റെ പിതാവിനെപ്പോലെ ഒരു മത പരിപാലകനാകാൻ പരിശീലനം നേടിയിട്ടുണ്ടെങ്കിലും വാൻഗോഗ് അതിന് അനുയോജ്യനല്ലെന്ന് പള്ളി കണ്ടെത്തുന്നു. അവനെ ഒരു ഖനിയിലേക്കാണ് അവർ വിടുന്നത് അവരുടെ ജീവിതം പകർത്തുകയായിരുന്നു വാൻ ഗോഗ് ചെയ്തത്. പലപ്പോഴും മതവും സർഗാത്മതതയും അവനെ പിന്തുടരുന്നുണ്ട്. പ്രണയം, അഭിനിവേശം, രതി, എന്നീ ജീവിതാസക്തികൾ വാൻഗോഗിനെ ആവേശിച്ചത് ആക്കാലത്താണ്. പിന്നീടാണ് ഒരു ബന്ധുവിന്റെ സഹായത്തോടെ വാൻ ഗോഗ് വരയിലേക്ക് തിരിയുന്നത്. അവന്റെ അഭിനിവേശം പൂർണ്ണമായും ചിത്രകലയിലേക്ക് തിരിയുന്നു. താൻ കാണുന്ന കാര്യങ്ങൾ കൃത്യമായി വരയ്ക്കാൻ തനിക്ക് കഴിയുന്നില്ല എന്ന വേദനയോടെ ആ ദൃശ്യങ്ങളെ അവൻ പിന്തുടരുന്നു.
പിതാവിന്റെ മരണശേഷം, തിയോയ്‌ക്കൊപ്പം പാരീസിലേക്ക് പോയ വാൻഗോഗ് അവിടെവച്ചു ഇമ്പ്രഷണിസ്റ്റുകളെ കണ്ടെത്തുന്നു.
രാത്രിയിൽ ഏറെ നിറങ്ങളുണ്ട് എന്ന് വാൻ ഗോഗ് തിരിച്ചറിഞ്ഞത് ഇക്കാലത്താണ്.
തിയോയെ വിട്ട് വിൻസെന്റ് ഫ്രാൻസിലെ സണ്ണി ആർലെസിലേക്ക് പോകുന്നു. പോൾ ഗൗഗിൻ എന്ന ചിത്രകാരനോടോത്ത് കഴിയുന്നു. കുറച്ചുകാലത്തേക്ക് ജീവിതം വാൻഗോഗിന് നല്ലത് മാത്രം നൽകുന്നു.
പിന്നീട് അവൻ തന്റെ ചെവി മുറിക്കുന്നുണ്ട്. പിന്നീട് അപസ്മാരത്തിലൂടെ കടന്നു പോകുകയും മാനസികപ്രശ്നങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന വാൻഗോഗ് ചെന്നെത്തുന്ന മാനസികാരോഗ്യ സ്ഥാപനത്തിൽ വച്ചു ധാരാളം പെയിന്റിംഗുകൾ ചെയ്യുന്നുണ്ട്. പല തരത്തിലുള്ള സംഘർഷങ്ങളിൽ നിന്ന് മുക്തനായി പിന്നീട് തിയോയുടെ സഹായത്തോടെ പെയിന്റിംഗ് പുനരാരംഭിക്കുകയമാണ് വാൻഗോഗ്.
അതിനായി ഒരു ഗ്രാമപ്രദേശത്തേക്ക് അദ്ദേഹം മടങ്ങുന്നു.
താൻ കാണുന്ന കാഴ്ചകൾ അതുപോലെ പെയിന്റ് ചെയ്യാനും ക്യാൻവാസിൽ പകർത്താനും ഒരിക്കലും കഴിയില്ല എന്ന നിരാശ വാൻഗോഗിലേക്ക് കടന്നു വരുന്നത് ആ സമയത്താണ്. മരണചിന്തയും നിരാശയും അദേഹത്തിന്റെ മനസിലേക്ക് കയറുന്നത് അങ്ങനെയാണ്. പിന്നീട് ആത്മഹത്യാ ശ്രമങ്ങളിലേക്ക് നീങ്ങുന്ന വാൻഗോഗിന്റെ മരണം വരെ ആവിഷ്കരിക്കുന്ന ചിത്രം യഥാർത്ഥത്തിൽ ചിത്രകാരന്റെ ജീവിതം പുനരാവിഷ്കരിക്കുകയായിരുന്നു.
വിൻസെന്റ് പൂർത്തിയാക്കിയ ക്യാൻവാസുകളെ പ്രതിനിധീകരിക്കാൻ
അമേരിക്കൻ ചിത്രകലാ അധ്യാപകനായ റോബർട്ട് പാർക്കർ തയ്യാറാക്കിയ പകർപ്പുകൾക്ക് പുറമേ ഏകദേശം ഇരുനൂറോളം വലുതാക്കിയ കളർ ഫോട്ടോകൾ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. വിൻസെന്റ് വാൻഗോഗായി അഭിനയിച്ച കിർക്ക് ഡഗ്ലസ് എന്ന നടന്റെ പകർന്നാട്ടം സവിശേഷമായ അനുഭവം പകരുന്നുണ്ട്.
മിക്ളോസ് റോസായുടെ ഉന്മാദം കലർന്ന സംഗീതം പലപ്പോഴും വാൻ ഗോഗിന്റെ അലച്ചിലുകൾക്കൊപ്പം നമ്മെ കൊണ്ട് പോകും. ദുഃഖം അനശ്വരമാണ് എന്നാണ് തന്റെ അവസാനകാലങ്ങളിൽ വാൻ ഗോഗ് എഴുതിയത്. ഒന്നും ചെയ്യാൻ കഴിയില്ലെങ്കിൽ ജീവിതം നമുക്ക് പിന്നെ എന്തായിരിക്കും എന്ന ആശങ്ക അദ്ദേഹത്തിനുണ്ടായിരുന്നു.
മനുഷ്യ ഹൃദയം കടൽ പോലെയാണ്
അതിൽ
കൊടുങ്കാറ്റുണ്ട്
വേലിയേറ്റമുണ്ട്
ആഴത്തിൽ
മുത്തുകളുമുണ്ട്
എന്ന് എഴുതുകയും നക്ഷത്രങ്ങളിലേക്ക് സ്വന്തം കണ്ണീരിനെ ചാലിച്ചു ചേർക്കുകയും ചെയ്ത ആ ജീവിതം എപ്പോഴും ആവേശിക്കുന്നുണ്ട്. ജീവിതത്തിൽ നിന്ന് മരണത്തിലേക്കും. മരണത്തിൽ നിന്ന് ജീവിതത്തിലേക്കും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല