നെഞ്ചിന്‍ കൂട്ടിലെ മുറിവുകളിലവള്‍ ചിത്രശലഭങ്ങളെ വരച്ചു ചേര്‍ത്തു

0
168

ആത്മാവിന്റെ പരിഭാഷകള്‍
(സിനിമ, കവിത, സംഗീതം )
ഭാഗം 25

ഡോ. രോഷ്നി സ്വപ്ന

I paint myself
because
I am the subject
I know best

-Frida Kahlo

Portrait of Frida Kahlo (1910-1954), Mexican painter, wife of Diego Rivera.

രക്തത്തിലേക്ക് തിരിച്ചു പറക്കുന്ന കവിതയില്‍ ഉടലേനിനക്കെവിടെ സ്ഥാനം എന്നെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് ചില കാലങ്ങളാണ്.

‘തൊണ്ടക്കുഴിയില്‍ നിന്ന് അടിവയര്‍ വരെ തുളച്ചിറങ്ങുന്ന
ഒരു വാള്‍
എല്ലുകള്‍. നുറുങ്ങുന്ന
തീവ്രവേദന
വരണ്ട മരുഭൂവിന്റെ
തവിട്ടും
ഇളം കറുപ്പും
കലര്‍ന്ന
പിന്‍കാഴ്ചകള്‍
ഇരുമ്പ് വലയങ്ങളില്‍
കോര്‍ത്തു വച്ചിരിക്കുന്ന നെഞ്ചിന്‍ കൂട്
അസ്ഥികള്‍ ‘

ഫ്രിദ കാഹ് ലോയുടെ സെല്‍ഫ് പോര്‍ട്രൈറ്റ്എന്നെ കാലങ്ങളോളം പിന്‍ തുടര്‍ന്ന ഒരു അനുഭവമാണ്. പിന്നീട് സല്‍മ ഹേയ്ക് അഭിനയിച്ച, ജൂലി ടെയ്മര്‍ സംവിധാനം ചെയ്ത ‘ഫ്രിദ’ എന്ന ചലച്ചിത്രം കണ്ടത് ഒരു രോഗകാലത്താണ്. വലതു കൈ അനക്കാനാകാതെ മൂന്ന് മാസത്തോളം ഒരേ കിടപ്പ് കിടന്ന ഒരു കാലത്ത് ഞാന്‍ എന്റെ ലാപ് ടോപ്പില്‍ തുടരെത്തുടരേ കണ്ട സിനിമകളില്‍ ഫ്രിദയുമുണ്ടായിരുന്നു. അന്ന് ഇടത് കൈകൊണ്ട് ടൈപ്പ് ചെയ്ത കവിതകളില്‍ അധികവും മുറിവുകളും കരച്ചിലുകളുമായിരുന്നു. ഒരേ വശം ചരിഞ്ഞു കിടന്ന് എന്റെ ഇടത് വശം മരവിച്ചു പോയിരുന്നു.

ജൂലിയുടെ സിനിമയില്‍ വാഹനാപകടത്തില്‍പ്പെട്ട കൗമാരക്കാരിയായ ഫ്രിദ മുറിവ് കെട്ടിയ പ്ലാസ്റ്ററില്‍ നെഞ്ചില്‍ പൂമ്പാറ്റകളെ വരച്ചു ചേര്‍ക്കുന്നത് കണ്ടപ്പോള്‍ മടക്കി വച്ച എന്റെ പാലറ്റ്എന്നെ നിരന്തരം പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു (ആ കാലത്തെ മറികടന്നു ഞാന്‍ പിന്നീട് വിശ്രമമില്ലാതെ വരച്ചു).

‘പ്രണയത്തിന്റെ തീപ്പൊള്ളലേറ്റ
നട്ടുച്ചകളില്‍
ഒരു പൂമ്പാറ്റച്ചിറകിന്റെ
സ്ഫടിക സുതാര്യതയ്ക്ക് പോലും
നമ്മെ കനംകുറച്ച്
മഴത്തുള്ളികളില്‍ ഊയലാടിക്കാം
ശലഭച്ചിറകുകള്‍ പൊഴിയുന്ന ശിശിരത്തില്‍ മധുരങ്ങള്‍
പൊടിയുന്നത് നുണഞ്ഞുരസിക്കാം
സ്വപ്നങ്ങള്‍ക്കൊപ്പം
ആത്മദംശനങ്ങളില്‍
ഉടലും ഉയിരും വലിച്ചെറിഞ്ഞു കളയാം
നീയാണ് നീയാണ് എന്നെ പ്രണയത്തിലേക്ക്
നയിക്കുന്നതെന്ന് ഉറപ്പിച്ചു പറയാം ”

എന്ന് കവിതകളില്‍ നിറയെ എഴുതി വച്ചുഅക്കാലത്ത് ഞാന്‍

ഫ്രിദയുടെ പ്രണയത്തെയും കലയേയും രാഷ്ട്രീയത്തെയും വായിച്ചെടുക്കല്‍ എളുപ്പമല്ല. സാമാന്യ കാഴ്ചയ്ക്കും കേള്‍വിക്കും ചെയ്‌തെടുക്കാന്‍ ആവാത്ത ഉന്മാദത്തിന്റെആകാശഗോപുരങ്ങളാണവരുടെ ജീവിതവും ചിത്രങ്ങളും ”പ്രണയിക്കുമ്പോള്‍ നാം ദൈവത്തെ കാണുന്നുണ്ട്. സാമാന്യ യുക്തിക്കപ്പുറം നിറങ്ങളുടെ,സുഗന്ധങ്ങളുടെ ആന്തരികസൗന്ദര്യത്തില്‍ നിന്ന് മഞ്ഞുകട്ടകളും ചില്ലുതരികളും കൊണ്ട് മെനഞ്ഞെടുത്ത ഒരു ലോകം കാണുന്നുണ്ട്. വര്‍ത്തമാനകാലപ്രകൃതിയില്‍നിന്ന് എപ്പോഴുംഅപ്പോഴില്ലാത്ത അപ്പോഴത്തേതല്ലാത്ത എപ്പോഴും ഉണ്ടാകാനിടയില്ലാത്ത ഒരു ലോകത്തേക്ക് മനസ്സിനെയും ശരീരത്തെയും പറിച്ചെറിയുകയാണ് പ്രണയം ചെയ്യുന്നത്. ജഡാവസ്ഥകളെ കുതറിത്തെറിപ്പിച്ച്ത്രസിപ്പിക്കാനുള്ള ജീവന്‍ അതിലുണ്ട്. ഈ പ്രണയത്തെയാണ് ഫ്രിദ വരച്ചെടുത്തത്

ജൂലിയുടെ സിനിമയിലെ ഫ്രിദ ഉന്മാദത്തിന്റെഅതിര്‍വരമ്പുകള്‍ താണ്ടി ആനന്ദത്തിന്റെ പരകോടിയിലേക്ക് ഓടിയോടി തളരുന്ന ദൃശ്യങ്ങള്‍ ആഖ്യാനത്തിന്റെ ഓരോ അടരായി വെളിപ്പെടുന്നു. വീണ്ടും വീണ്ടും തന്നിലേക്കുതന്നെ തിരിച്ചു വരുന്ന ആത്മഛായകളാണ് ഫ്രിദയുടെ ചിത്രങ്ങള്‍. അവയുടെ സത്ത ഒട്ടും കവര്‍ന്നു പോകാതെയാണ് ഓരോ ചിത്രത്തിലേക്കും ഫ്രിദ എത്തിയ വഴികള്‍ ചലചിത്രം ദൃശ്യവല്‍ക്കരിക്കുന്നത്. ഫ്രിദയുടെ ജീവിതമെന്ന പ്രഹേളികയെ അത്രതന്നെ ഉന്മാദം നിറച്ചാണ് ജൂലി സംവിധാനം ചെയ്തിരിക്കുന്നത്.

സിനിമയില്‍ ഡിഗോ റിവേരയുമായുള്ള ഒരു സംഭാഷണത്തില്‍ഫ്രിദ ഇങ്ങനെ പറയുന്നുണ്ട്.

‘ഈ ശരീരത്തിന്റെ
എല്ലാ ചതിക്കുഴികളുമടക്കം
നീ
എന്നെ ദഹിപ്പിക്കുക.

കുഴിമാടത്തില്‍ അടക്കം ചെയ്യപ്പെടാന്‍
ഞാന്‍ ആഗ്രഹിക്കുന്നില്ല.

അത്രയേറെ കാലം ഞാന്‍
ഒരേ കിടപ്പിലായിരുന്നു.

എന്നെ
ദഹിപ്പിച്ചു കളയുക.’

ജീവിതത്തതിന്റെ കഠിന കാലത്തെ ഓര്‍ക്കുന്നതോടൊപ്പം തന്നെ ഡീഗോയോടുള്ള പ്രണയതീവ്രതയും ചലച്ചിത്രത്തിന്റെ പല രേഖകളായി,ലെയറുകള്‍ ആയി വരുന്നു. ഭൂമിയില്‍ നിന്ന് ഭൂമി അല്ലാത്ത അപരഗ്രഹങ്ങള്‍ക്ക് വേണ്ടി പരതുമ്പോഴാണ് പ്രണയി തന്റെ ജീവവായു കണ്ടെത്തുന്നത്. അത് പോലെ തന്നെയാണ് ഫ്രിദയുടെ ജീവിതത്തെ ജൂലി തന്റെ സിനിമയില്‍ ചലനങ്ങളുടെ പല കാലങ്ങളായി ദൃശ്യങ്ങളിലൂടെ വരക്കുന്നത്.

സിനിമയുടെ ആദ്യ സീക്വന്‍സുകള്‍ നോക്കൂ.ധൃതിയില്‍ ചിതറി ഓടുന്ന കൗമാരക്കാരായ കുട്ടികള്‍.. തിരക്കേറിയ തെരുവ്. ആള്‍ക്കൂട്ടം. തെരുവിലേക്ക് വരുന്ന ഒരു ബസില്‍ ഓടിക്കയറുന്ന ഫ്രിദയും കൂട്ടുകാരും.
ആനന്ദത്തിന്റെ ചടുലമായ രംഗം. പെട്ടെന്ന് ഷോട്ടുകളുടെ വേഗം മങ്ങുന്നു.ഫോകസിനു പുറത്തേക്ക് ക്യാമറ കുതറുന്നു. ആളുകള്‍ വീഴുകയും,ഫ്രിദയുടെ അടി വയര്‍ തുളഞ്ഞ് ഒരിരുമ്പ് കമ്പി കയറുകയും ചെയ്യുന്നു.

ഇളം തവിട്ട് പൊടി പടലം…. ഒരാളുടെ കൈവെള്ളയില്‍ നിന്ന് പറന്നു പോകുന്ന ഒരു നീലക്കിളി… നിലത്തേക്ക് വീഴുന്ന ഓറഞ്ചുകള്‍…. നിറങ്ങള്‍ കൊണ്ടാണ് ഈ രംഗം ചിതറുന്നത്.

സിനിമയുടെആഖ്യാനത്തിന്റെ ഒരടര് ഈ നിറങ്ങള്‍ തന്നെയാണ്. കടും നിറങ്ങള്‍ കൊണ്ട് ഫ്രിദയുടെ സ്വപ്നങ്ങളും മങ്ങിയ നിറങ്ങള്‍ കൊണ്ട് ഫ്രിദയുടെ രോഗ കാലവും പൂതലിച്ച നിറങ്ങളില്‍ ഫ്രിദയുടെ വിഷാദകാലവും കാണാം. തീവ്രവേദനയിലും ജീവിതത്തിന്റെ പുഞ്ചിരികളാണ് ഫ്രിദ കണ്ടെടുത്തത് .

”ഞാന്‍ ഒരു രോഗിയല്ല .
ഞാന്‍ ഉടഞ്ഞു പോയവളാണ്..
ചിത്രം വരക്കാനാവും വരെ
ഞാന്‍ സന്തോഷവതിയായിരിക്കും ”

എന്നാണു ആ കാലത്തെക്കുറിച്ച് ഫ്രിദ പറയുന്നത് .

കടും ചുവപ്പ് നിറങ്ങളാണ് ഫ്രിദയുടെ പ്രണയ കാലങ്ങളില്‍ ഫ്രെയിമുകളില്‍ കാണുക. ടാങ്ങോയൊത്തുള്ള നൃത്ത രംഗത്തില്‍ ഫ്രിദയുടെ ചുവന്ന ഉടുപ്പ്…. അനക്കാനാവാത്ത ഉടലില്‍ അവള്‍ അലങ്കരിക്കുന്ന പൂക്കളുടെ കടും ചുവപ്പ് നിറം….

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് സ്ത്രീയുടെ രാഷ്ട്രീയമെന്നത് അനാവശ്യമായ ഒന്നായി കരുതിയിരുന്ന കാലത്താണ് ഫ്രിദ തന്റെ ശക്തമായ രാഷ്ട്രീയം കലയിലൂടെ ആവിഷ്‌കരിച്ചത്. സ്വത്വബോധത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും കലയെക്കുറിച്ചും. സ്‌ഫോടനാത്മകമായ നിലപാടുകളാണ് ഫ്രിദ മെക്‌സിക്കന്‍ രാഷ്ട്രീയ സമൂഹത്തിലേക്ക് പകര്‍ന്നത്. ജൂലിയുടെ സിനിമ ഏറെക്കുറെ ഈ നിലപാടുകളോട് നീതി പുലര്‍ത്തുന്നുമുണ്ട്.

തീര്‍ത്തും വ്യവസ്ഥാപിതമല്ലാത്ത കലാ ജീവിതം നയിച്ച ‘ഫ്രിദയുടെ കാലം’,തന്നെ എന്നും പ്രലോഭിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ഫ്രിദയായി വേഷമിട്ട,സല്‍മ ഹേയ്ക് പറയുന്നുണ്ട്. പ്രത്യേകിച്ച് ഇതൊരു ജീവചരിത്രസിനിമ (ബയോപിക് )എന്ന നിലയില്‍ സമീപിക്കുമ്പോള്‍,ഫ്രിദയുടെ സൂക്ഷ്മജീവിതസ്പര്‍ശങ്ങളാണ് താന്‍ നിരീക്ഷിച്ചത് എന്നവര്‍ പറയുന്നു. ലൈംഗികതയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും നഗ്‌നതയെക്കുറിച്ചും ഫ്രിദ നിലനിര്‍ത്തിയിരുന്ന സങ്കല്പങ്ങളെ ഏറ്റവും ജൈവികമായാണ് താന്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടുള്ളത് എന്ന് സല്‍മ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്.

അത് ഒരേ സമയം ഒരു കലാകാരിയുടെ ആന്തരികതയായും ഒരു സ്ത്രീയുടെ ആന്തരികതയായും പരസ്പരം കലര്‍ത്തിക്കൊണ്ട് മാത്രമേ ആവിഷ്‌കരിക്കാനാവൂ. കാരണം അത്രയും നിശബ്ദമായ സംവേദനങ്ങളാണ് ഫ്രിദയുടെപെയിന്റിംഗുകള്‍.The two fridas, Henry ford hospital, The broken column, The wounded deerതുടങ്ങിയ ചിത്രങ്ങളില്‍ ഒരു സ്ത്രീയുടെ അത്രമേല്‍ അഗാധമായ നിലവിളികള്‍ ഉണ്ട്. ഒരേ സമയം കുതറിത്തെറിക്കുകയും മൗനത്തിലേക്ക് കൂപ്പുകത്തുകയും ചെയ്യുന്ന ഫ്രിദയുടെ ആത്മത്തെ പുനരാവിഷ്‌കരിക്കുന്നതില്‍ സല്‍മ ഹേയ്ക് ഏറെ സത്യസന്ധത പുലര്‍ത്തിയിട്ടുണ്ട്.

”പറക്കാന്‍ ചിറകുകള്‍ ഉള്ളപ്പോള്‍

എനിക്കെന്തിനാണ്
കാലുകള്‍ ?’

എന്ന് ഫ്രിദ ഒരിക്കല്‍ എഴുതുന്നുണ്ട് .

Two fridasഎന്ന പെയിന്റിങ്ങിലേക്ക് ഫ്രിദ എത്തിയ വഴികള്‍ സിനിമയില്‍ വളരെ മനോഹരമായി പകര്‍ത്തിയിട്ടുണ്ട്.

‘കറുപ്പും ചാരവും കലര്‍ന്ന പശ്ചാത്തലത്തിലേക്ക് നേര്‍ത്ത വെളിച്ചം കടന്നു വരുന്നു. ഫ്രിദക്ക്തന്റെ പിന്നില്‍ ഒരു സാന്നിധ്യം അനുഭവപ്പെടുന്നു. അവള്‍ തിരിഞ്ഞു നോക്കുന്നു. തല മൂടിയ ഒരു രൂപം. ആ രൂപത്തെ പതിയെ വെളിവാക്കുന്ന ക്യാമറ. ട്രോട്‌സ്‌കിയുടെ മരണവുമായി ബന്ധപ്പെട്ട സൂചനകള്‍ ഉണ്ട് ഈ രംഗത്തില്‍. ഒരു ഒഴിഞ്ഞ തെരുവിലൂടെ ഫ്രിദ നടക്കുന്നു. പതിയെ പടവുകള്‍ ചവിട്ടിക്കയറുന്നു.
അടച്ചിട്ട വാതില്‍ തുറക്കുന്ന ഒരു ഷോട്ട് ആണ് അടുത്തത് ട്രോട്‌സ്‌കി മുറിയില്‍ ഇരുന്ന് എഴുതുന്നു. അടുത്ത ഷോട്ടില്‍ വാതില്‍പ്പാളി തുറക്കുമ്പോള്‍ മേഘങ്ങളുടെ പശ്ചാത്തലത്തില്‍ ഒറ്റക്കിരിക്കുന്ന ഫ്രിദയെ അവള്‍ തന്നെ കാണുന്നു. കൈവെള്ളയില്‍ അമര്‍ത്തി ഞെരിക്കുന്ന ഒരു ലോക്കറ്റ്. അതിന്റെ ചില്ലുടഞ്ഞ് കൈവെള്ളയില്‍ നിന്ന് ചോരത്തുള്ളികള്‍ വെളുത്ത പ്രതലത്തിലേക്ക് വീഴുന്നു. കറുത്ത മഷിത്തുള്ളി അക്ഷരങ്ങളിലേക്ക് പടരുന്നു. മധുശാലയില്‍ ഒരു വൃദ്ധയുടെ ഭീതി പടരുന്ന സംഗീതം കേട്ടിരിക്കുന്ന ഫ്രിദ. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. ട്രോട്‌സ്‌കിയുടെ കൊലപാതകമാണ് അടുത്ത ഷോട്ടില്‍.

തൊട്ടടുത്ത ഷോട്ടില്‍’two fridas’എന്ന പെയിന്റിംഗ്. ഇത്തരത്തില്‍ രേഖീയവും അല്ലാതെയും കാഴ്ചയുടെ രേഖകളെയും അനക്കങ്ങളെയും കൂട്ടിച്ചേര്‍ത്തും ഇണക്കിയുമാണ് ഫ്രിദ എന്ന സിനിമയുടെ ആഖ്യാനം നിര്‍വ്വഹിച്ചിട്ടുള്ളത്.

1937ലാണ് ട്രോട്‌സ്‌കിയും ഫ്രിദയും പരസ്പരം കാണുന്നത്. ഫ്രിദയുടെ ഇരുപത്തിഒന്‍പതാമത്തെ വയസില്‍.. മെക്‌സിക്കയില്‍ മാര്‍ക്‌സിസത്തെ അനുകൂലിച്ചു കൊണ്ട് ഫ്രിദയും ഡീഗോയും പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അത്. പതിയെ തന്റെ രാഷ്ട്രീയാഭിനിവേശം പ്രണയവും രതിയുമായി മാറുന്നത് ഫ്രിദ നിരീക്ഷിക്കുന്നു. ആ സമത്താണ് തന്റെ വസ്ത്രവും കാഴ്ച്കപ്പാടുമെല്ലാം ഫ്രിദ പ്രത്യേക രീതിയിലേക്ക് ഡിസൈന്‍ ചെയ്‌തെടുക്കുന്നത്

തന്റെ കലാ ജീവിതത്തില്‍55സെല്‍ഫ് പോര്‍ട്രൈറ്റുകളാണ് ഫ്രിദ വരച്ചത്. മെക്‌സിക്കന്‍ പാരമ്പര്യത്തിന്റെ നിറക്കൂട്ടുകള്‍,കടുത്ത നിറങ്ങള്‍,അസാധാരണമായ ആഭരണങ്ങള്‍ എന്നിവ ഫ്രിദയുടെ ജീവിതപരിപ്രേക്ഷ്യങ്ങളെ മുന്നിട്ട് കാണിക്കുന്നതായിരുന്നു.

നിരാസങ്ങളില്‍ നിന്നടര്‍ന്ന് ഡീഗോയും ഫ്രിദയും വീണ്ടും തങ്ങളുടെ തീവ്രപ്രണയത്തിലേക്ക് തിരിച്ചുവരുന്നുണ്ട്.

തന്റെ സര്‍ഗാത്മക രാഷ്ട്രീയത്തെയാണ് ഫ്രിദ തന്റെ ഉടലിലൂടെ വെളിപ്പെടുത്തിയത്. നിരവധി പ്രണയങ്ങളുടെ അടരുകളും നിഴലുകളും കലര്‍ന്ന ഫ്രിദയുടെ അവസാന ചിത്രപ്രദര്‍ശനരംഗം ഏറെ വൈകാരികമായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഡീഗോ തന്റെ മുഴുവന്‍ ജീവിതവും വെളിപ്പെടുത്തുകയാണ്.

കട്ടിലില്‍ കിടന്നു കൊണ്ടാണ് ഫ്രിദ തന്റെ എക്‌സിബിഷനില്‍ എത്തുന്നത്. നിറങ്ങളുടെയും സംഗീതത്തിന്റെയും ആഘോഷമായി ഈ രംഗം മാറുന്നു. ശരീരം സമ്മാനിക്കുന്ന തീവ്രവേദനകളില്‍ നിന്ന് തനിക്ക് മുക്തയാകണം എന്ന് ഫ്രിദ ആഗ്രഹിക്കുന്നുണ്ട്. ഉറങ്ങിക്കിടക്കുന്ന ഫ്രിദക്കരികിലേക്ക് ഡീഗോ കടന്നു വരുന്നു. ഫ്രിദ അയാള്‍ക്ക് ഒരു രത്‌നമോതിരം സമ്മാനിക്കുന്നു

I hope the exit is joy full
I hope never to return

എന്ന് പറഞ്ഞു കൊണ്ട് ഉടലില്‍ നിന്ന് ആത്മാവ് വെളിപ്പെടുന്ന പെയിന്റിംഗ് ലേക്ക് ഷോട്ട് പടരുകയാണ്.ആളിക്കത്തുന്ന തീ. വിശ്രാന്തിയില്‍ മയങ്ങുന്ന ഫ്രിദ.

റോഡ്രിഗോ പ്രിയേറ്റോ യുടെ സൂക്ഷ്മമായ കാമറയുടെ സ്പര്‍ശങ്ങളാണ്. ഈ ചലചിത്രത്തിലെ ചലിക്കുന്ന സാന്നിധ്യം. കാമറയുടെ വ്യവസ്ഥാപിത ചലന മാതൃകകളെ ഭേദിച്ച ഛായാഗ്രാഹകനാണ് പ്രിയേറ്റോ. പ്രകാശത്തിന്റെ വൈകാരികാംശങ്ങളെ സൃഷ്ടിക്കാനാണ് പ്രിയെറ്റൊ തന്റെ സൃഷ്ടികളിലൂടെ അധികവും ശ്രമിച്ചത്. ഫ്രിദയിലൂടെ അതിന്റെ ഏറ്റവും ഉദാത്തമായ അനുഭവമാണ് നമുക്ക് ലഭിക്കുന്നത്.

എല്ലിയറ്റ് ഗോള്‍ഡന്‍താല്‍ ആണ് ഫ്രിദയുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ചത്. സമകാലിക സംഗീതത്തിന്റെ ക്ലാസികല്‍ നിലപാടുകളെ ആധുനികവല്‍ക്കരിച്ചു കൊണ്ടാണ് എല്ലിയറ്റ് തന്റെ സംഗീതയാത്രകള്‍ നടത്തുന്നത്. ഫ്രിദക്ക് വേണ്ടി അദ്ദേഹം വളരെ സൂക്ഷ്മമായ തെരെഞ്ഞെടുപ്പുകള്‍ ആണ് നടത്തിയത്. ചില ശബ്ദങ്ങള്‍,ഗിറ്റാര്‍,പാരമ്പരാഗത മെക്‌സിക്കന്‍ ഉപകരണങ്ങള്‍ ഹാര്‍പ്, പിയാനോ,എന്നീ സംഗീതോപകരണങ്ങള്‍ കൊണ്ട് ചലച്ചിത്രത്തിന്റെ മുഴുവന്‍ വൈകാരികാംശവും അദ്ദേഹം സൃഷ്ടിച്ചു.

പ്രണയത്താല്‍ ഉന്മാദിയായ ഒരുവളുടെ ജീവിതത്തിന്റെ സംഗീതമെന്തെന്ന് അനുഭവിച്ചറിയും വിധം ചോര പൊടിയുന്ന സംഗീതമാണ് ഫ്രിദയുടേത്.

ഡീഗോയോടുള്ള പ്രണയം ഫ്രിദ പലപ്പോഴായി കവിത പോലെ എഴുതിയിട്ടുണ്ട് .ആ വരികള്‍ സിനിമയില്‍ പലപ്പോഴായി നമുക്ക് കേള്‍ക്കാം .

”എന്റെ ഡീഗോ
രാത്രിയുടെ കണ്ണാടിയാണ് നീ .
നിന്റെ കണ്ണുകള്‍ എന്റെ ഉള്ളടരുകളിലേക്ക്
ഒരു വാള്‍ പോലെ ചുഴിഞ്ഞിറങ്ങുന്നു .

നമ്മുടെ കൈകള്‍ക്കിടയിലെ
തിരമാലകള്‍ …!

വെളിച്ചത്തിന്റെയും
നിഴലുകളുടെയും ഇടയിലെ
ശബ്ദങ്ങള്‍ക്കൊപ്പമാണ് നീ ”

”ജീവിതത്തിലെ
എല്ലാ സമാഹാരങ്ങളുടെയും
ആകത്തുകയാണ് നീ .

ഓരോ രേഖയും അറിയാനാണ്
ഞാന്‍ ശ്രമിക്കുന്നത് .

നിഴലുകളില്‍ നിന്ന് ..
.ചലനങ്ങളില്‍ നിന്ന് ….
നീ .എന്നെ പൂര്‍ണ്ണയാക്കുന്നു
ഞാന്‍ സ്വീകരിക്കുന്നു .

നിന്റെ വാക്കുകള്‍ പ്രപഞ്ചത്തിന്റെ
സംപൂര്‍ണ്ണതകളിലൂടെ
യാത്ര ചെയ്ത്
എന്റെ കോശങ്ങളിലേക്ക് എത്തുന്നു ….
എന്റെ നക്ഷത്രങ്ങളായി മാറുന്നു .
എന്നിട്ട് അവ നിന്നിലേക്ക് തിരിച്ചു പറക്കുന്നു
എന്റെ വെളിച്ചമെവിടെയാണോ
അവിടേക്ക്

* * * *

ഞാന്‍ നിന്നോടെന്നെ ചുംബിക്കാനാവശ്യപ്പെടില്ല
ഞാന്‍ നിന്നോട് മാപ്പപേക്ഷിക്കില്ല
നീ തെറ്റുകാരാണെന്ന് ഞാന്‍ വിശ്വസിക്കും വരെ
ഞാന്‍ എന്നെ ആലിംഗനം ചെയ്യാന്‍ നിന്നോട് യാചിക്കില്ല .
എനിക്കത് എത്രമേല്‍ ആവശ്യമാനെകില്‍ക്കൂടി ..
വിവാഹ വാര്‍ഷിക ദിനത്തില്‍
എനിക്ക് വിരുന്നൊരുക്കാന്‍ ഞാന്‍ ആവശ്യപ്പെടില്ല ,
ലോകം ചുറ്റാന്‍ ഞാന്‍ നിന്നോട് പറയില്ല

* **
പ്രണയവും ചതിയും പീഡയും വേദനയും നിറഞ്ഞ ജീവിതത്തെ കല കൊണ്ട് തിരിച്ചെടുത്ത ഫ്രിദയുടെ ഓരോ ജീവാംശവും ഒട്ടും കുറഞ്ഞു പോകാതെ തന്നെ ജുലിയുടെ സിനിമയില്‍ നമുക്ക് അനുഭവിക്കാനാകും

ഫ്രിദ പറഞ്ഞത് പോലെ ,നാമെന്നത് നമ്മുടെ ജീവിതം തന്നെയാണല്ലോ !

”At the end of the day
we can endure
much more than we think we think”


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here