ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം)
ഭാഗം 22
രോഷ്നി സ്വപ്ന
എന്നെ ഭ്രമിപ്പിച്ച രഹസ്യങ്ങളായിരുന്നു സിനിമകൾ. നിശബ്ദത എന്റെ കൂടപ്പിറപ്പായിരുന്നു. ആരോടും മിണ്ടാൻ ഇഷ്ടമില്ലാത്ത, വളരെ വിരളമായി ആളുകളോട് ഇണങ്ങുന്ന ഒരു കുട്ടി. അധികം കൂട്ടുകാരില്ല. കാഴ്ചകളാണ് പ്രിയം. ആ കാഴ്ചകൾ യാഥാർത്ഥം തന്നെയോ എന്ന് സംശയം. ഭൂമി, സൂര്യൻ, ചന്ദ്രൻ എന്നിവരോട് വല്ലാത്ത പ്രണയം. അമാവാസി, പൂർണ്ണചന്ദ്രൻ. ഗ്രഹങ്ങൾ ഗ്രഹണങ്ങൾ
ആ കാഴ്ചകളും ദൃശ്യങ്ങളും വരകളും നിറങ്ങളും എന്നെ പ്രവേശിച്ച കാലത്ത് ഞാൻ ഒരുപാട് വരച്ചു. സിനിമയുടെയും പെയിന്റിങ്ങുകളുടേയും അതീത ലോകങ്ങൾ എന്നെ കാലത്തിൽ നിന്ന് അടർത്തിയെടുത്ത് മറ്റേതോ കാലത്തിലേക്ക് കുടഞ്ഞു കളഞ്ഞു. കണ്ണിൽ പതിയുന്ന കാഴ്ച്ചകളിലേക്ക് മീനിനെപ്പോലെ നോക്കി നിന്നു. ഒഴിവാക്കാൻ നോക്കിയിട്ടും ഒഴിവാകാത്ത ഒന്നായിട്ടാണ് സിനിമ എന്നിൽ എന്നു തോന്നാറുണ്ട് പലപ്പോഴും.
കണ്ട സിനിമകൾ മനസ്സിൽ പലതവണ ആവർത്തിച്ച് ഓർമ്മിക്കാറുണ്ട്.
അതെല്ലാം കവിതയിലേക്ക് പടരുകയാണ് പതിവ്. എഴുത്തിൽ കാഴ്ചയുടെ സ്വാധീനമുണ്ടല്ലോ എന്ന് ചിലരെങ്കിലും ചോദിക്കുമ്പോൾ എന്റെ ഉള്ളിലെ ആ രഹസ്യം പതുങ്ങിയിരിക്കും. എന്നെ കാഴ്ചയുടെ ഭ്രമാത്മകതയിലേക്ക് കൊണ്ട് പോയ കുട്ടിക്കാലത്തെ പ്രകൃതിയും ഞാൻ കണ്ട സിനിമകളും ഞാൻ കണ്ട ചിത്രങ്ങളും പെയിന്റിങ്ങുകളും പുസ്തകങ്ങളും നിഗൂഢമായ ഒരാനന്ദമായി നിൽക്കും.
അങ്ങനെ ഓർമ്മയിൽ നിൽക്കുന്ന കാഴ്ചകൾ. അവ എന്നെക്കൊണ്ട് എഴുതിച്ച കവിതകൾ
1
All along the line,
there’s nothing
but cold and death and loneliness.
-ബെർഗ്മാൻ (വൈൽഡ് സ്റ്രോബറീസ് )
ഇങ്മാർ ബർഗമാന്റെ വൈൽഡ് സ്ട്രോബറീസ് എന്ന ചിത്രത്തിൽ ഇസ്ഹാഖ്
ബോർഗ് എന്ന കഥാപാത്രം ഉറങ്ങാൻ പോകുന്നു. അയാളുടെ മുഖത്തേക്ക് ഫോക്കസ് ചെയ്തുകൊണ്ട് ഒരു വട്ട വെളിച്ചം പടരുന്നു. ആ വെളിച്ചത്തിൽ അയാളുടെ മുഖം തെളിയുന്നു. അയാൾ ഉറങ്ങുകയാണ് അസ്വസ്ഥമാണ് അയാൾ. ഒരു സ്വപ്നം കാണുകയാണ്. അത്ര സുഖകരമല്ലാത്ത സ്വപ്നം. ആഴത്തിലുള്ള നിശബ്ദതയാണ് സീക്വൻസിന്റെ പ്രത്യേകത. അതൊരു ജഡതയും പകരുന്നുണ്ട്. ഞാൻ അയാൾ കണ്ട സ്വപ്നത്തെ പ്രതി വേവലാതിപ്പെടുന്നു. മറ്റൊരു ഷോട്ടിൽ സൂചികൾ ഇല്ലാത്ത ഒരു ഘടികാരത്തിലേക്ക് ബർഗ്മാന്റെ ക്യാമറക്കണ്ണ് ചരിക്കുന്നു. രണ്ടു കണ്ണുകൾ മാത്രമുള്ള ഒരു വലിയ ഘടികാരം.
സ്വപ്നം കാണുന്ന ആളിന്റെ കാഴ്ചയിലാണ് നമ്മൾ കാണുന്ന ദൃശ്യങ്ങൾ. കറുത്ത പ്രതലത്തിലേക്കാണ് ബർഗ്മാൻറെ ഫ്രെയിം ഫോക്കസ് ചെയ്യുന്നത്. ബോർഗ് ആ പ്രതലത്തിൽ ഒറ്റക്കാണ്. അയാൾ ചുറ്റും നോക്കുന്നുണ്ട് വിദൂരത്തിൽ അയാൾ ഒരു മനുഷ്യനെ കാണുന്നു. മനുഷ്യന്റേതല്ലെന്ന് തോന്നിപ്പിക്കുന്ന മുഖമാണയാൾക്ക്.
അൽപമെങ്കിലും ശബ്ദ സന്നിവേശം ഇപ്പോൾ മാത്രമാണ് ബർഗ്മൻ ഉപയോഗിക്കുന്നത്. തറയിലേക്ക് വീഴുന്ന മനുഷ്യൻറെ ശബ്ദം. ചടുലമായ ഒരു ചലനം. ആ വീഴ്ച അസംഭാവ്യമാണെന്ന് തോന്നും നമുക്ക്.
ആ മനുഷ്യൻ അപ്രത്യക്ഷനാകുന്നു. അയാളുടെ ഇരുണ്ട വസ്ത്രങ്ങൾ മാത്രം അവശേഷിക്കുന്നു. അതിൻറെ കോളിലൂടെ ഒരു ദ്രാവകം ഒലിച്ചിറങ്ങുന്നു.
ഒരു കുതിരവണ്ടി ശബ്ദവും കേൾക്കാം. ഈ സ്വപ്നമെന്നെ മറ്റൊരു സ്വപ്നത്തിലേക്ക് കൊണ്ടുപോകുന്നുണ്ട്.
“ഒരാൾ അയാളെ തന്നെ വരക്കുമ്പോൾ” എന്ന കവിത എഴുതും വരെ ആവർത്തിച്ചു കണ്ട ഒരു സ്വപ്നമായിരുന്നു അത്
ഒരാൾ തന്നെത്തന്നെ വരക്കുമ്പോൾ
ആരോ വരച്ച ചിത്രം കാണുമ്പോൾ
ജനലിലൂടെ
അകത്തേക്ക്
ചാഞ്ഞു വീഴുന്നു വെളിച്ചം.
വെളിച്ചത്തിന്നറ്റങ്ങളുടെ
വളവു…
ഒന്നുകൂടി
നോക്കുമ്പോൾ അതിൽ
വെളുത്ത മീനുകൾ
ഒരാൾ
തന്നെത്തന്നെ
വരയ്ക്കുമ്പോൾ
ഉണ്ടായേക്കാവുന്ന
ആന്തലുണ്ട്.
അപ്പോൾ എന്റെ നെഞ്ചിൽ.
എന്നെത്തന്നെ വരച്ചു തീരുന്ന നിമിഷം
ഞാൻ
പൊട്ടിത്തെറിച്ചില്ലാതാവുന്ന
സുഖമുണ്ട്
ഒരാൾ
അയാളെത്തന്നെ
വരച്ചത് കാണുമ്പോൾ
ഞാൻ
എന്നെത്തന്നെ
വരക്കുകയാണെങ്കിൽ
കണ്ണുകൾ
ഒന്നുകൂടി
കറുപ്പിച്ച്
തെളിയിക്കും.
ഉടലിൽ നിന്ന്
ദുർമേദസ്സ്
ഒഴുക്കിക്കളഞ്ഞു
നേർപ്പിച്ചു വരക്കും.
വരച്ചിട്ടും വരച്ചിട്ടും
മതിയാകാതെ
പലതരം
ക്യാൻവാസുകളിലേക്ക്
എന്നെപ്പകർത്തും.
അത്രയെളുപ്പമല്ല
എനിക്കെന്നെപ്പകർത്തലെന്നു
അറിയുമ്പോൾ
എന്നെക്കാൾ
നന്നാവാണെന്റെ
പ്രതിച്ഛായ
കഷ്ടപ്പെടുന്നത് കാണും.
അപ്പോളോർക്കും
അയാൾ
അയാളെത്തന്നെ
വരച്ചപ്പോൾ
എത്രവട്ടം
മരിച്ചു കാണും!!
2
“”While I am digging
for the truth,
so much happens
to it that instead of
discovering the ട്രൂത്
I dig up a heap of,
pardon…
I’d better not name it.” തർകോവ്സ്കി (സ്റ്റോക്കർ )
തർകോവ്സ്കിയുടെ സ്റ്റോക്കറിലെ സ്വപ്നദൃശ്യമാണ് ഓർമ്മയിൽ. ഒഴിഞ്ഞ മണൽക്കാട്. കാറ്റിൽ ഉയർ പൊങ്ങുന്ന പൊടിപടലങ്ങൾ കണ്ണുകൾ തുറന്ന് കിടക്കുന്ന ഒരാൾ. ഭൂമികുലുക്കത്തിന്റെ ഓർമ. സൂര്യൻ കറുപ്പിലേക്കും ചന്ദ്രൻ ചോര ചുവപ്പിലേക്കും പടർന്നിരിക്കുന്നു. ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂ മിയിലേക്കടർന്നു വീണിരിക്കുന്നു. കാറ്റുലച്ച മരങ്ങളിൽനിന്ന് ഞെട്ടറ്റുവീഴുകയാണ്. പഴങ്ങൾ എല്ലാ കുന്നുകൾക്കും മരങ്ങൾക്കും സ്ഥാനഭ്രംശം സംഭവിച്ചിരിക്കുന്നു, ശ്ലഥബിംബങ്ങളാണ് ദൃശ്യങ്ങളിൽ.
വേരുകൾ, മീനുകൾ, നിശ്ചലതകൾ, വെളിച്ചം, നിഴൽ, മരണം. ദൃശ്യങ്ങളാണ് ജീവിതത്തിനുപകരം വയ്ക്കുന്നത്. തർക്കോവ്സ്കിയുടെ കാഴ്ചയിൽ ജീവിതത്തെ സ്ഥിരീകരിക്കാനുള്ള ഒരു സവിശേഷസാധ്യതയാണ് ഈ ദൃശ്യങ്ങളുടെ ചേർത്തുവയ്പ് സാധ്യമാക്കുന്നത്. സർഗസൃഷ്ടിയെന്നത് മരണത്തെ അതിജീവിക്കൽ എന്ന അവസ്ഥയുടെ നിർവചനമാണ്. അതുകൊണ്ടുതന്നെ അത് ശുഭാപ്തി വിശ്വാസം സൂക്ഷിക്കുന്നു. കലാകാരന്റെ അതിതീവ്രമായ മുറിവുകളും, പീഡകളുമാണത് പ്രകടിപ്പിക്കുകയെങ്കിലും നാ ശമാണ് ആ സൃഷ്ടിയുടെ ഫലമെങ്കിലും ആ നാശത്തിൽപ്പോലും കലയുടെ സൗന്ദര്യദർശനമുൾച്ചേർന്നിരിക്കും.
“So there can never be Optimistic artists and pessimistic artists There can only be talent
and mediocrity” എന്ന് തർക്കോവ്സ്കി പറഞ്ഞുവയ്ക്കുന്നു
മിണ്ടിക്കൊണ്ടേയിരിക്കുമ്പോൾ
ചെവിയിൽ
ഇതൾ മുറിഞ്ഞു
വിരിയുന്ന
കള്ളിമുൾപ്പൂക്കൾ
ചിലപ്പോൾ
നിനക്ക്
കവിത
എനിക്ക്
കരച്ചിൽ
മറ്റു ചിലപ്പോൾ
മുറിവ്…
പ്രണയo
പച്ച
ആകാശം.
എത്ര വേഗം
പൂക്കുന്നു
മറവി…
ഓർമ്മ….
ഒന്നു മിണ്ടാതെയായാൽ
ചിറക് നീറുന്ന
പക്ഷി.
നിന്റെ ഓർമ്മയിൽ
മറ്റേതോ
ലോകം
മറ്റേതോ
കാലം.
മുള്ളുകൾ
എന്റെ
ഉയിരിൽ നിന്ന്
പൂക്കുന്നു.
വെയിൽ
എന്റെ വാക്കിൽ എരിയുന്നു.
കൊടുങ്കാറ്റ്
എന്റെ ഉടലിൽ ചുറ്റുന്നു.
നീ ബുദ്ധനാകുന്നു.
ഞാൻ അലച്ചിലും.
നീ മൗനത്തിലേക്ക്
ഒഴുകുന്നു.
ആ മൗനം എന്നോട്
നിന്നെക്കുറിച്ച്
പറഞ്ഞു തുടങ്ങുന്നു
3
തർക്കോവ്സ്കിയുടെ ഏറ്റവും അവസാന ചിത്രമാണ് സാക്രിഫൈസ്. മനുഷ്യരാശിയുടെ ദുരന്തത്തിനു മുന്നിൽ നിന്ന് അലക്സാൻഡർ തൻറെ ഒപ്പമുള്ളവരെ ദുരിതത്തിൽ നിന്ന് രക്ഷിക്കുക എന്നതാണ് അയാളുടെ മുന്നിലെ പ്രശ്നം. സ്നേഹത്തെ രക്ഷിക്കാൻ, സ്നേഹത്തെ സംരക്ഷിക്കാൻ അയാൾ കൊലപാതകിയാകുന്നു. ജീവിതം കൊണ്ട് കെട്ടിപ്പടുത്ത അറിവു കൂട്ടിയിട്ട് അയാൾ വീടിന് തീ കൊളുത്തുന്നു
ആളിക്കത്തുന്ന അഗ്നിക്ക് മുമ്പിൽ നിൽക്കുമ്പോൾ അയാൾ അനുഭവിക്കുന്ന ഏകാന്തത! ആ ഏകാന്തതയെക്കുറിച്ചാണ് ഈ കവിത.
നീല
കടലിലേക്ക് നോക്കിയിരുന്നാൽ
ചിലപ്പോഴൊക്കെ
കടൽ ഒരു പക്ഷിയാണെന്നു തോന്നും
ആ പക്ഷി
എന്റെ കിടപ്പു മുറിയിലെ
ജനാലക്കരികിലാണെന്നു തോന്നും
ആ പക്ഷിയുടെ ചിറകിന്റെ തൂവലുകൾ
ഓരോ നിമിഷവും മാറുന്നുണ്ടെന്നു തോന്നും
ഓരോ നിമിഷവും ചിറകുകൾ
കൊഴിയുന്നുണ്ടെന്നു തോന്നും
കൊഴിയുന്നത്
എന്റെഉടലിൽ നിന്നാണെന്നു തോന്നും
ഇങ്ങനെയൊന്നുമല്ലാത്ത
ഒരു സമയം വരും
അപ്പോൾ കടലിലേക്ക്
നോക്കാൻ പറ്റാതാവും
ചിലപ്പോൾ
പക്ഷികളേ ഈ വഴിക്കു വരാതാവും
കടൽ പക്ഷിയെപ്പോലെയല്ല
എന്ന് വരും
ആ പക്ഷി
എന്റെ കിടപ്പുമുറിയിലെ
ജനാലക്കരികിൽൽ അല്ല
എന്ന് തോന്നും
അതിന്റെ ചിറകുകൾ നിറം
മാറുന്നുണ്ടെന്നത്
തോന്നലാണെന്നു തോന്നും
ചിറകു ….ഇല്ലാത്തതു
പക്ഷി…… ഇല്ലാത്തതു .
ജനാല ……ഇല്ലാത്തത്ത്
ഞാൻ …….ഇല്ലാത്തതു ..
ഈ കവിത …അതും ഇല്ലാത്തതോ?
5
എനിക്ക് ഈയിടെയായി പേടി കൂടുതലാണ്. വിഷാദത്തിലേക്ക് മുഴുവനായി ഇറങ്ങുകയാണോ എന്ന് സംശയിക്കത്തക്ക വിധം മഞ്ഞുപോലെ കിടക്കുന്ന നിഗൂഢ ദുഃഖങ്ങൾ ഇടയ്ക്കിടയ്ക്ക് വന്നു പോകുന്നു. വർഷങ്ങൾക്കുമുമ്പ് കൂടെയുണ്ടായിരുന്ന ഒരുവൾ എഴുതിയിരുന്ന അക്ഷരങ്ങൾ കണ്ട് ഞെട്ടി എണീക്കുന്ന ഉറക്കം, ഇടയ്ക്കിടയ്ക്ക് അക്ഷരങ്ങൾ മറന്നു പോകുന്ന വിധം മറവി. Entropy
എന്ന രീതിയിൽ ഒരു ക്രമരാഹിത്യം അടുത്ത ഇടയ്ക്ക് പിടികൂടുന്നു. അക്ഷരങ്ങളെക്കാളധികം എൻറെ കൂടെ ദൃശ്യങ്ങളാണ് ഉള്ളത്. കാലം എന്നിലേക്ക് ദൃശ്യങ്ങളുടെ അഴിച്ചെടുക്കാൻ ആവാത്തവിധം കലർന്നു പോയിട്ടുണ്ട്. സൂക്ഷ്മണുക്കളാണ് ചുറ്റും. രോഗം ഇതുവരെ വന്നിട്ടില്ല വരും എന്ന് ഉറപ്പ്. ഇടയ്ക്കെപ്പോഴോ കൂട്ടുകാരൻ കാണിച്ചുതന്നു ദൃശ്യമുണ്ട് A CLOCK WORK ORANGE
എന്ന ചിത്രത്തിലേത്. ഒറ്റക്കണ്ണിൽ മാത്രം കൺപീലികളുള്ള ഒരാളുടെ ഏറെ അടുത്ത ദൃശ്യം. അയാൾ എൻറെ കണ്ണുകളിലേക്ക് തന്നെ നോക്കുന്നു.അത്രമേൽ കനിശമാണ് അയാളുടെ നോട്ടം.
“ഷാർപ്പ് “എന്ന വാക്ക് സമയത്തെ കുറിക്കാൻ ആണല്ലോ സാധാരണ രീതിയിൽ ഉപയോഗിക്കുന്നത് നോട്ടത്തിന്റെ മൂർച്ചയെ പരാമർശിക്കാനും ഷാർപ്പ് എന്ന വാക്ക് ഉപയോഗിക്കാം.
ഒരു രാത്രി മുഴുവൻ ഒരേ സംവിധായകന്റെ സിനിമകൾ സ്വപ്നം കാണുകയെന്ന വിചിത്രമായ അനുഭവം ആർക്കെങ്കിലും ഉണ്ടോ എന്നറിയില്ല. Stanley Kubrick നെ ക്കുറിച്ച് അബോധത്തിൽ എവിടെയോ കുറിച്ചു വച്ച ചിന്തകളെയുള്ളു.
ഇന്നലെ വീണ്ടും അയാൾ കയറിവന്നു.
ഒറ്റക്കണ്ണിൽ മാത്രം പീലികളുള്ള അയാൾ (Clock work orange )
ചുവന്ന പരവതാനികളും കറുപ്പിൽ തിളങ്ങുന്ന വെളിച്ചങ്ങളും (eye’s wide shut )
കാഴ്ചയെ പിടിച്ചടക്കുന്ന വിദൂരങ്ങൾ (Full metal jacket )
ഓറഞ്ച്, ചുവപ്പ്, തവിട്ട് നിറങ്ങളുടെ തൃകോണങ്ങളിൽ നിന്ന് ആളുന്ന നിഗൂഡതകൾ (Shining )
വെളിച്ചം കൊണ്ട് അയാൾ തീർക്കുന്ന ഇരുട്ടുകളുടെ അടരുകളിൽ മനുഷ്യ ശരീരങ്ങൾ…
അയാളെക്കുറിച്ചു ഞാൻ അടുത്ത ലക്കം എഴുതാം
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല