ആത്മാവിന്റെ പരിഭാഷകൾ
(സിനിമ, കവിത, സംഗീതം )
ഭാഗം 19
ഡോ രോഷ്നി സ്വപ്ന
To you, I’m an atheist.
To God,
I’m the loyal opposition.
Woody Allen
Craft കൊണ്ടു വിസ്മയിപ്പിച്ച സംവിധായകനാണ് വുഡി അലൻ. അദ്ദേഹത്തിന്റെ ജീവിതവും ചലച്ചിത്രങ്ങളും ആസ്പദമാക്കിയ അപൂർവ ചിത്രങ്ങളാണ് illustrated woody Allen എന്ന പുസ്തകത്തിന്റെ ആകർഷണം.
” The heart wants
what it wants.
There’s no logic ” – Woody Allen
സംവിധാനം ചെയ്ത ചലചിത്രങ്ങളിലും എഴുതിയ പുസ്തകങ്ങളിലും അഭിനയിച്ച കഥാപാത്രങ്ങളിലും അദ്ദേഹം പ്രയോഗിച്ചത് ഈ നിലപാടാണ്. ILLUSTRATED WOODY ALLEN എന്ന പുസ്തകം കുറേക്കാലം ഡാഡിയുടെ ലൈബ്രറിയില്‍ ഉണ്ടായിരുന്നു. സിനിമാപ്രാന്ത് കയറിയ കാലങ്ങളില്‍ ഞാനതിന്റെ സ്ഥാനം എന്റെ അലമാരയിലേക്ക് മാറ്റി സ്ഥാപിച്ചു. വൂഡിയെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച പുസ്തകം ആയിരുന്നു അത്.1965 മുതലുള്ള അദ്ദേഹത്തിന്റെ യാത്രകളായിരുന്നു അതിലെ പ്രമേയം. വൂഡിയുടെ സിനിമകളില്‍ എനിക്കേറെ ഇഷ്ടം ANNI HALL ഉം MANHATTAN ഉം MIDNIGHT IN PARIS ഉം തന്നെ. രേഖീയമായ കഥപറച്ചിലിന്റെ വിശാലമായ അനുഭവമാണ് മാന്‍ ഹട്ടന്‍. സമൃദ്ധമായ സംഗീതത്തിന്റെ സാന്നിധ്യം നരേഷനെ ഒട്ടും തന്നെ ബാധിക്കാത്ത വിധത്തില്‍ ചേര്‍ത്തിരിക്കുന്നു. നഗര ചിത്രങ്ങളിലൂടെ ജീവിതവും പ്രണയവും….കറുപ്പിന്റെയും വെളുപ്പിന്റെയും വിന്യാസങ്ങള്‍….വിദൂര ദൃശ്യങ്ങളുടെ പകര്‍ച്ചകള്‍…
LOVE AND DEATH (1975) എന്ന സിനിമയിൽ ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരു വാചകമുണ്ട് ” നാം സ്നേഹിക്കുന്നവര്‍ ആരും തന്നെ മരണപ്പെടില്ല. ”
വൂഡി അലന്റെ സിനിമകള്‍ നമ്മളെ ഒരു LIGHTNESSലേക്ക് കൊണ്ടുപോകുന്നുണ്ടായിരിക്കാം, ഇത് അത്രയെളുപ്പത്തില്‍ സാധ്യമാകുന്ന ഒരു രീതിയല്ല. വൂഡിക്ക് മാത്രം സാധിക്കുന്ന ഒരു സംവിധാനശൈലി ആണ് അതെന്ന് നിരൂപക പക്ഷം. ILLUSTRATED WOODY ALLEN എന്ന പുസ്തകം 2006 ല്‍ എന്റെ കയ്യില്‍ നിന്ന് കളഞ്ഞുപോയി.
വൂഡി അലന്റെ മുഴുവന്‍ കുറിപ്പുകളും അടങ്ങിയ മറ്റൊരു പുസ്തകമാണ്
‘THE COMPLETE PROSE OF WOODY ALLEN ‘.
‘WITHOUT FEATHER’ ആകട്ടെ സാഹിത്യചിന്തകള്‍ കൂടി ഉള്‍പ്പെട്ട കുറിപ്പുകളും.
മരണത്തെക്കാൾ കൂടുതൽ വൂഡി അലൻ സംസാരിച്ചത് ജീവിതത്തെകുറിച്ചാണ്.
“ഞാൻ മരിക്കാൻ ഭയപ്പെടുന്നു എന്ന് ഞാൻ പറയില്ല. എന്റെ മരണം സംഭവിക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നില്ല.”
എന്നദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
1979-ൽ പുറത്ത് വന്ന വുഡി അലന്റെ എക്കാലത്തെയും മാസ്റ്റർ പീസ് എന്നറിയപ്പെടുന്ന മാൻഹട്ടൻ ഏറെ സമയമെടുത്ത് കണ്ട ഒരു സിനിമയാണ്. മാർഷൽ ബ്രിക്ക്മാനോടൊപ്പം എഴുതി, ഗോർഡൻ വില്ലിസ് എന്ന അസാധ്യ ഛായാഗ്രാഹകന്റെ ക്യാമറയിൽ കറുപ്പിലും വെളുപ്പിലും തീർത്ത മാൻഹട്ടൻ ഒരു വിസ്മയമായിരുന്നു. നഗരചത്വരങ്ങളുടെ വിദൂര കാഴ്ച്ചയിൽ നിന്നാരംഭിക്കുന്നു ചിത്രം. ഉയരം കൂടിയ കെട്ടിടങ്ങൾ, തിരക്ക് പടരുന്ന പാതകൾ, സഗീതത്തിന്റെ കഷ്ണം സൈറണിലേക്ക് പടരുന്ന കൗതുകം.
തിരക്കിലേക്ക് കൂപ്പുകുത്തുന്ന ആളുകൾ. വൂഡി അലന് ഏറ്റവും പ്രിയപ്പെട്ട ആൾക്കൂട്ടം! ഇടതൂർന്ന ട്രാഫിക്. മികച്ച ലൊക്കേഷൻ ഷൂട്ടിംഗ്. ഐസക്ക് തന്റെ മുൻ കാമുകിയുടെ അപ്പാർട്ട്മെന്റിലേക്ക് തന്റെ പ്രണയം അറിയിക്കാൻ അതിവേഗം ഓടുന്നു, അവൾ ബാഗുകൾ പായ്ക്ക് ചെയ്ത് ലോബിയിൽ നിൽക്കുന്നു.. ലണ്ടനിലേക്കുള്ള ഒരു യാത്രയ്ക്കായുള്ള ഒരുക്കം. തനിക്ക് 18 വയസ്സ് തികഞ്ഞുവെന്ന് അവനോട് അവൾ പറയുന്നു. “നിയമപരമായി ഒരു വ്യക്തിയാണ് ഞാനിപ്പോൾ .
ന്യൂയോർക്കിലെ ജീവിതത്തെക്കുറിച്ചുള്ള ഒരു ഓർമ്മക്കുറിപ്പ് തയ്യാറാക്കുന്ന ജോലി ഉപേക്ഷിച്ച് ജീവിതത്തിന്റെ ഒരു ഭാഗം ജീവിച്ചു തീർത്ത്, സിനിമയിലേക്ക് പ്രവേശിച്ച ആളെന്ന നിലയിൽ വുഡി അലന്റെ പ്രയത്നങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടായിരുന്നു. ഗെർഷ്വിന്റെ സാന്നിധ്യം എത്രത്തോളം വൂഡിയെ പ്രചോദിപ്പിച്ചു എന്നറിയില്ല. പക്ഷെ ആ സമന്വയമാണ് നാം അദേഹത്തിന്റെ സിനിമകളിൽ കണ്ടത്. ജോർജ് ഗെർഷ്വിൻ ചിട്ടപ്പെടുത്തിയ പ്രശസ്തമായ സിഫണിയാണ് റാപ്സോഡി ഇൻ ബ്ലൂ. മാൻഹട്ടൻ ആരംഭിക്കുമ്പോൾ ന്യൂയോർക് നഗരവും മാൻഹട്ടനും ഈ സംഗീതത്തിൽ അലിയുകയാണ്.
ഗെർഷ്‌വിന്റെ ഏറ്റവും ഉദാത്തമായ സംഗീത സൃഷ്ടിയാണ് ഇത്. 1942ൽ ജാസ് യുഗത്തെ, നിർവചിച്ച ഒരു പ്രധാന രചനയാണ് ഇത്. ഗെർഷ്വിന്റെ ഈ സിംഫണി അമേരിക്കയുടെ സംഗീത ചരിത്രത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു. പ്രമുഖ സംഗീത സംവിധായകനെന്ന നിലയിൽ ഗെർഷ്വിന്റെ സ്ഥാനം ഈ സംഗീത ശകലം ഉറപ്പിച്ചു. മാൻഹട്ടനിൽ ഈ സിംഫണിക്ക് ഏറെ പ്രാധാന്യമുണ്ട്. ചിതറിപോകുന്ന മനുഷ്യർ അവരുടെ ഉൾസഞ്ചാരങ്ങൾ, അതിന്റെ താപങ്ങൾ, വേഗങ്ങൾ….
മാൻഹട്ടനിൽ താമസിക്കുന്ന ഒരു കൂട്ടം ബൗദ്ധിക, അർദ്ധ ബൊഹീമിയൻ സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയാണ് ഇതിവൃത്തം. അവരിൽ ഓരോരുത്തർക്കും അവരുടേതായ പ്രശ്നങ്ങളുണ്ട്. ആ നഗരത്തെ സ്നേഹിക്കുന്ന ഒരു മനുഷ്യനെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ ആമുഖത്തിന്റെ ഡ്രാഫ്റ്റുകൾ വൂഡി അലൻ വേഷമിടുന്ന ഐസക് ഡേവിസ് എന്ന കഥാപാത്രം വിവരിക്കുന്നു. രണ്ടുതവണ വിവാഹമോചിതനായ ഐസക്, വിരസമായ ജോലി ഉപേക്ഷിച്ച 42-കാരനായ ടെലിവിഷൻ എഴുത്തുകാരനാണ്. ഐസക് വിരോധാഭാസ സ്വഭാവമുള്ള ഒരു എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ ഭാര്യ ജിൽ, മകൻ, വില്ലിയുടെ അമ്മ, താനൊരു ലെസ്ബിയനാണ് എന്ന് തിരിച്ചറിയുമ്പോൾ അവൾ അയാളെ വിവാഹമോചനം ചെയ്യുന്നു.
ഇപ്പോൾ അവരുടെ മുൻ ബന്ധത്തെക്കുറിച്ച് ഒരു ആത്മകഥാപരമായ നോവൽ എഴുതുകയാണ് ഐസക്.
ട്രേസി എന്ന പതിനേഴുവയസ്സുകാരിയുമായി അയാൾ ഡേറ്റിംഗ് നടത്തുന്നു. എമിലിയെ വിവാഹം കഴിച്ച അദ്ദേഹത്തിന്റെ ഉറ്റസുഹൃത്ത് കോളേജ് പ്രൊഫസറായ യേൽ പൊള്ളാക്ക് മേരി വിൽക്കിയുമായി പ്രണയത്തിലാണ്. മേരിയുടെ മുൻ ഭർത്താവും മുൻ അദ്ധ്യാപകനുമായ ജെറമിയയും ആഖ്യാനത്തിൽ പ്രത്യക്ഷപ്പെടുന്നു. ഐസക്കിന്റെ മുൻ ഭാര്യ ജിൽ അവരുടെ വിവാഹത്തെക്കുറിച്ച് ഒരു പുസ്തകം എഴുതുന്നുണ്ട്. ജിൽ, വിവാഹത്തിന് മുമ്പ് താനാണെന്ന് ഐസക്കിനോട് പറഞ്ഞിരുന്നു.
മാൻഹട്ടനിൽ നിറയെ ആളുകളാണ്. മനുഷ്യരോടുള്ള വൂഡി അലന്റെ താല്പര്യം ഈ സിനിമയിലും ഉണ്ട്.
ഐസക്ക് മേരിയെ കണ്ടുമുട്ടുമ്പോൾ, അവളുടെ ജീവിതവുമായി ബന്ധപ്പെട്ട അപകീർത്തികൾ അയാളെ വ്രണപ്പെടുത്തുന്നുണ്ട്. ഒരു പൊതു പരിപാടിയിൽ വച്ച് അയാൾ വീണ്ടും അവളെ കണ്ടെത്തുന്നു.
ജെയിംസ് ഹാംസിന്റെ ഒരു കവിത ആറ്റൂർ വിവർത്തനം ചെയ്ത ഓർമ്മയുണ്ട്.
അടുത്തു തന്നെ എന്നാണ് കവിതയുടെ തലക്കെട്ട്
“താനാണ്
അവളേക്കാൾ മുന്നെ മരിക്കുകയെന്ന്
അയാൾക്കു തോന്നി.
കൂടുതൽ അതേപ്പറ്റി ആലോചിച്ചില്ല.
ഒരു രഹസ്യമറിഞ്ഞു മറന്നപോലെ,
ശല്യപ്പെടുത്തിയ
ഒരു കത്ത് പെട്ടിയിൽ വച്ചു പൂട്ടിയപോലെ.
അവൾ തനിക്കു തരുന്ന സമ്മാനങ്ങളിലൊന്ന്
തന്നെ കല്ലറയിൽ കിടത്തുന്നതാകും
അതിരിക്കട്ടെ,
എന്നാലും പലപ്പോഴും
അവളുടെ മുടി വൃത്തിയാക്കികൊടുക്കുമ്പോഴോ
ഉച്ചഭക്ഷണത്തിന്
ആപ്പിൾ മുറിക്കുമ്പോഴോ
റെഫിജറേറ്ററിന്റെമേൽ പതിച്ച
വാങ്ങേണ്ട അങ്ങാടിസാധനങ്ങളുടെ പട്ടിക വായിച്ചുകൊണ്ടു,
നിന്നു തിന്നുമ്പോഴോ അയാൾ ഇടയ്ക്കിടെ ആലോചിച്ചുപോകും
ഒറ്റയ്ക്കാകുകയെന്നത് എത്ര കടുപ്പമാണ്
എന്തോ ഇറുക്കിപ്പിടിക്കുന്നപോലെ
കൈയിൽ വേദന തോന്നുo ”
ഈ കവിതയുമായി പ്രത്യക്ഷത്തിൽ ബന്ധമില്ല ഐസക്കിന്റെ മനോസഞ്ചാരങ്ങൾക്ക്. എങ്കിലും എവിടെയോ പിണയുന്നുണ്ട് കലയുടെ വിരലുകൾ. ക്വീൻസ് ബോറോ പാലത്തിന്റെ ഒരു ഷോട്ടിൽ ആണ് ഈ വൈകാരികതകളുടെ തുടർച്ചകളെ സംവിധായകൻ ചേർത്ത് വക്കുന്നത്. പാലം ഈ സിനിമയിലെ പ്രധാനപ്പെട്ട ഒരു സൂചകമാണ്. സൂര്യോദയം വരെ അവർ സംസാരിക്കുന്നു. മേരിയോട് വർദ്ധിച്ചുവരുന്ന ആകർഷണം ഉണ്ടായിരുന്നിട്ടും, ഐസക്ക് ട്രേസിയുമായുള്ള ബന്ധം തുടരുന്നു. എന്നാൽ തങ്ങളുടേത് ഗൗരവമുള്ള ബന്ധമല്ലെന്ന് ഊന്നിപ്പറയുകയും അഭിനയം പഠിക്കാൻ ലണ്ടനിൽ പോകാൻ അവൻ അവളെ നിർബന്ധിക്കുന്നുമുണ്ട്. ഐസക്കിന്റെ പുതിയ കാമുകിയെക്കുറിച്ച് എമിലിക്ക് ആകാംക്ഷയുണ്ട്. ഒരു ദിവസം അവർ തെരുവിലൂടെ നടക്കുമ്പോൾ ഐസക്ക് ജില്ലിന്റെ പുതിയ പുസ്തകത്തിലെ ചില ഭാഗങ്ങൾ ഉൾപ്പെടെ പുസ്തകത്തിന്റെ ഭാഗങ്ങൾ ഉറക്കെ വായിക്കുന്നു. പരസ്യമായി അപമാനിക്കപ്പെട്ടതായി തോന്നിയ ഐസക്ക് ജില്ലിനോട്, അയാൾ നിസ്സംഗമായി പ്രതികരിക്കുകയും അവൾ നേടിയെടുത്ത സിനിമാ ഇടപാടിനെക്കുറിച്ച് പരാമർശിക്കുകയും ചെയ്യുന്നു. വീട്ടിലേക്ക് മടങ്ങുമ്പോൾ, അവൾ യേലിലേക്ക് മടങ്ങുകയാണെന്നും വേർപിരിയാൻ ആഗ്രഹിക്കുന്നുവെന്നും മേരിയിൽ നിന്ന് ഐസക്ക് മനസ്സിലാക്കുന്നു. കോപാകുലനായ ഐസക്ക് താൻ പഠിപ്പിക്കുന്ന കോളേജിൽ വെച്ച് യേലിനെ കാണുകയാണ്. യേൽ താൻ ആദ്യം കണ്ടെത്തിയത് മേരിയെയാണെന്ന് വീണ്ടും വീണ്ടും വാദിക്കുന്നു. യേലിന്റെ വിവാഹേതര ബന്ധങ്ങളെ കുറിച്ച് ഐസക്ക് എമിലിയുമായി ചർച്ച ചെയ്യുകയും മേരിയെ തനിക്ക് പരിചയപ്പെടുത്തിയത് ഐസക്ക് അവളോട് പറഞ്ഞതായി യേൽ മനസ്സിലാക്കുകയും ചെയ്യുന്നു.
ഉപേക്ഷിക്കപ്പെട്ടു എന്നുറപ്പായ ഐസക് തന്റെ സോഫയിൽ കിടന്നു, “ജീവിതത്തെക്കുറിച്ച് വെറുതെ ഓരോന്ന് പറയുകയും റെക്കോർഡ് ചെയ്യുകയും ചെയ്യുന്നു. പതിയെ റാപ്സൊഡി ഇൻ ബ്ലൂവിന്റെ സംഗീതം പടരുന്നു. അവളെ തിരഞ്ഞു ഐസക് തെരുവിലൂടെ ഓടുന്നു. സംഗീതത്തിന് വേഗം കൂടുന്നതോടൊപ്പം ഐസക്കിന്റെ ഗതിയും ആക്കം കൂടുന്നു.. അയാൾ ഒരു ബൂത്തിൽ നിന്ന് ഫോൺ വിളിക്കാൻ ശ്രമിക്കുന്നു. കിട്ടുന്നില്ല. സംഗീതം അതിന്റെ ദ്രുതകാലത്തിൽ വന്നു നിൽക്കുന്നു. ഐസക്കും. അയാൾ അവളെ കാണുന്നു. സംഗീതം പതിയെ വിളംബകാലത്തിലേക്ക് മടങ്ങുന്നു. അവർക്ക് പരസ്പരം എന്താണ് പറയേണ്ടത് എന്നറിയുന്നില്ല. നഗരകാഴ്ചകളിൽ ഉയർന്ന കെട്ടിടങ്ങൾ….
പ്രണയത്തിന്റെ വിവിധ പാതകളിൽ പാലായനം ചെയ്ത ആത്മ സ്വത്വങ്ങളുടെ ആവിഷ്കാരങ്ങൾ വൂഡിയുടെ സിനിമകളിൽ പടർന്നു കിടപ്പുണ്ട്. കഥാപാത്രങ്ങളെ ചൂഴ്ന്നു നിൽക്കുന്ന ജീവിതവ്യഗ്രതകളെ പ്രണയം കൊണ്ടും രതി കൊണ്ടും മറികടക്കുന്നവരാണ് അവർ. തത്വചിന്തയുടെ ഭാരമില്ലാതെ മനുഷ്യനെ നേർത്ത ചിരിയിലൂടെ സമീപിച്ചു എന്നതാവാം വൂഡിയുടെ പ്രസക്തി. മാൻഹട്ടനിലെ മിക്ക കഥാപത്രങ്ങളും നല്ല വായനക്കാരാണ്. മാൻഹട്ടനിലെ സൂര്യോദയത്തിന്റെ ഒരു ഷോട്ടിൽ ആരംഭിക്കുന്ന സിനിമ, സൂര്യാസ്തമയത്തോടെ അവസാനിക്കുന്നു, ഇവ രണ്ടും റാപ്‌സോഡി ഇൻ ബ്ലൂവിൽ നിന്നുള്ള വ്യത്യസ്ത സംഗീതശകലങ്ങളോടെയാണ് താനും. വീണ്ടും വീണ്ടും തിരിച്ചെത്താൻ ക്ഷണിക്കുന്ന കാഴ്ചയുടെ അത്രമേൽ പ്രിയപ്പെട്ട ഇടങ്ങളുണ്ട് എനിക്ക് വൂഡി അലന്റെ സിനിമകളിൽ. കാഴ്ചയുടെ ഓർമ്മയിലും പുന:സന്ദർശനങ്ങളിലും ഇടയ്ക്കിടെയുള്ള തിരിഞ്ഞുനോട്ടത്തിലും വൂഡിയുടെ സിനിമകളിലേക്ക് നാം കൂടുതൽ ആഹ്ളാദത്തോടെ തിരിച്ചെത്തുന്നു. ഇക്കാലമത്രയും സൂക്ഷ്മതയുടെ വേറിട്ട ഒരു സൗന്ദര്യശാസ്ത്രംകൊണ്ട് മറ്റുള്ളവരിൽനിന്നു മാറി സഞ്ചരിച്ച വൂഡിക്ക് സ്വപ്നങ്ങളുടെ, ഉന്മാദങ്ങളുടെ, സമയ സങ്കൽപ്പങ്ങളുടെ, റദ്ദാകലുകളുടെ ഒക്കെ ചേർത്തു വക്കൽ, മുറുക്കൽ, പരസ്പരം കലർന്നു പോകും വിധം മനുഷ്യർക്കൊപ്പം സഞ്ചരിക്കൽ… കാഴ്ചയുടെ സൂക്ഷ്മമായ ധ്വനിപ്പിക്കൽ എന്നിവ ഇപ്പോൾ ഇല്ലാത്തതെന്ന് ടി പി രാജീവൻ അതിശയപ്പെട്ടതു പോലൊരു ലോകം കാഴ്ചക്കാർക്ക് അദ്ദേഹം സമ്മാനിച്ചു.
വൂഡി അലന്റെ സിനിമകളുടെ സൗന്ദര്യ ശാസ്ത്രത്തെ നിർവചിച്ചു നോക്കാൻ ഒരു പക്ഷെ ഇന്നും അപര്യാപ്തമാണ് അതിനുള്ള പാലങ്ങൾ. അതുകൊണ്ട് ചലച്ചിത്ര കവിതകൾ അതു സൃഷ്ടിക്കപ്പെട്ട കാലത്തെന്നപോലെ, ഒരുപക്ഷേ അതിനേക്കാൾ ഏറെ, അവ വീണ്ടും കണ്ടുകൊണ്ടിരിക്കുന്ന, ചേർത്തു വെക്കപ്പെടുന്ന സമാഹരിക്കപ്പെടുന്ന പുതിയ കാലത്തും ആസ്വാദകരെ കണ്ടെത്തുന്നു. ആ കാലം കണ്ടെടുക്കാത്തത് ഇന്ന് കാണാൻ കഴിയുന്നു.
മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒരിക്കൽ അദ്ദേഹം പറഞ്ഞു
“ഒരു പക്ഷേ അടുത്ത ജന്മം എന്നൊന്നുണ്ടെങ്കിൽ, എനിക്കെന്റെ ജീവിതം ഒരിക്കൽ കൂടി ജീവിക്കണം.”
1965 മുതൽ 2020 വരെ 54ഓളം ചലച്ചിത്രങ്ങൾ അഭിനേതാവായും സംവിധായകനായും…നിരവധി ഷോർട്ഫിലിമുകളും, എഴുത്തുകാരനായുള്ള മറ്റു സിനിമകളും….നിലവിലുള്ള എല്ലാം ചലച്ചിത്ര ധാരണകളെയും പൊളിച്ചെഴുതുകയും ”Tradition is the illusion of permanence.” എന്ന് പ്രഖ്യാപിക്കുകയും ചെയ്തു വൂഡി അലൻ. ഒരർത്ഥത്തിൽ മനുഷ്യനെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയാണ് ഓരോ നിമിഷവും വൂഡി.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല