അരൂപികളുടെ നഗരത്തിലെ ചലച്ചിത്ര യാത്രകള്‍

0
241

ഡോ. രോഷ്നി സ്വപ്ന

ആത്മാവിന്റെ പരിഭാഷകള്‍
(സിനിമ, കവിത, സംഗീതം )

ഭാഗം 1

ഒരു പക്ഷെ ആഴമേറിയ നിശബ്ദതയിലേക്ക് ഞാന്‍ വീണുപോകുമായിരുന്നു. വിരസമായ ദിനരാത്രങ്ങളുടെ, ഏകാന്തമായ വഴികളുടെ അറ്റത്ത്, ഭ്രമാത്മകമായ ജലച്ഛായകളുടെ തോന്നലുകളിലേക്ക് ഞാന്‍ ലക്ഷ്യമില്ലാതെ ഓടിപ്പോകുമായിരുന്നു.രോഗാതീതമായ പീഡകളില്‍ എന്നെത്തന്നെ തിരിച്ചറിയാനാവാതെ അലഞ്ഞു പോകുമായിരുന്നു. കവിതയുടെ ഉന്മാദം നിറഞ്ഞ ആ കാലങ്ങളില്‍ ഞാന്‍ സുഹൃത്തുക്കളില്‍ നിന്നകന്നു. അരൂപികളുടെ നഗരം എന്ന എന്റെ ആദ്യ പുസ്തകത്തിന്റെ എഴുത്ത് കാലങ്ങള്‍ എന്നെ സ്വയം നിഷ്കാസിതയാക്കി.ഞാന്‍ വായനയിലേക്ക് മുഴുവനായും ആണ്ടുപോയി. രാജ്യത്തിന്റെ ചിലയിടങ്ങളില്‍ ഹിംസയുടെയും കൊടുംക്രൂരതയുടെയും കാഹളങ്ങള്‍ മുഴങ്ങിക്കേട്ടു. എന്റെ വംശത്തിന്റെ പരമ്പരയുടെ അങ്ങേയറ്റത്ത് നിന്ന് ഹിംസകളില്‍ നിന്നു രക്ഷപ്പെട്ടവര്‍ എന്നെ ഉറക്കത്തില്‍ നിന്ന് തുടരെത്തുടരെ വിളിച്ചുണര്‍ത്തി. എന്റെ നഗരത്തിന്റെ വളഞ്ഞുപുളഞ്ഞ ഇടവഴികളിലൂടെ അവിടെ എവിടെയുമില്ലാത്ത ഒന്നിന് വേണ്ടി ഞാന്‍ പരതി നടന്നു. അഞ്ചു വര്‍ഷങ്ങള്‍ എടുത്തു ആ പുസ്തകത്തിന്റെ എഴുത്തിന്. ആദ്യ അദ്ധ്യായത്തിന് ‘നഗരം ‘എന്ന് പേരിട്ട് തുടങ്ങി വച്ച എഴുത്ത് ഇങ്ങനെയായിരുന്നു.

*നഗരം

കത്തിക്കരിഞ്ഞ കൂമ്പാരങ്ങൾ. തീയേറ്റ് നിറം മാറിയ മണ്ണടരുകൾ. ക്രൂരതയുടെ മണമുള്ള കാറ്റ്. പുക. മറവി. അവശിഷ്ടങ്ങൾ. നഗരമിപ്പോൾ ഉടഞ്ഞുപോയ ചില്ലുതരികൾപോലെ നിശ്ശബ്ദം. കാറ്റും കോളുമടങ്ങിയ സമുദ്രത്തിലവയുടെ കനം കുറഞ്ഞ പൊട്ടുകഷണങ്ങൾ പൊന്തിക്കിടന്നു.

അയാൻ ജനലിലൂടെ പുറത്തേക്കു നോക്കി. പേടിപ്പിക്കുന്ന ഒരു നിശ്ശബ്ദത അയാനെ ചൂഴ്ന്നു. സ്വന്തം ശരീരം മാത്രം അവശേഷിപ്പിച്ച് കത്തിക്കരിഞ്ഞ നഗരാവശിഷ്ടങ്ങളിൽനിന്ന് അയാൻ സ്വന്തം എല്ലിൻകഷണങ്ങൾ പെറുക്കിയെടുത്തു. അറ്റുപോയ വിരൽമുനകൾ തിരഞ്ഞു നടന്നു. കാതുകൾ പൊത്തിപ്പിടിച്ചിട്ടും അലയ്ക്കുന്ന കരച്ചിലുകൾ കേട്ട് അവന്റെ ചെവികൾ അസ്വസ്ഥമായി. കടലിലേക്ക് മാലിന്യങ്ങളൊഴുക്കുന്ന ചെളിയോടകൾ അയാനെ ആകർഷിച്ചു. നഗരത്തിന്റെ മാലിന്യങ്ങൾ, ചോര, എല്ലുപൊടി കലർന്ന വെള്ളം, ആകാശം മുട്ടുന്ന പുക.

അയാൻ കലണ്ടറിലേക്കു നോക്കി, പിന്നീട് കണ്ണാടിയിലേക്കും. ചുളിവു വീണ മുഖം തലോടി. എത്ര വയസ്സാണ് തനിക്ക്? 20 ? 25 ?40 ? 80? ആവോ അറിയില്ല. മെലിഞ്ഞ ശരീരം സ്വന്തം പ്രായം വെളിപ്പെടുത്തുന്നില്ല. പുക പിടിച്ച ആകാശം ജനൽച്ചതുരത്തെ ഇരുട്ടിലാഴ്ത്തി. നഗരത്തിലൊരു മഴ പെയ്തിട്ട് എത്ര ദിവസമായി.

മനസ്സ് അയാനെ വിഷയത്തിൽ നിന്ന് തിരിച്ചുവിടാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അഗാധമായ നുണകൾ ഒളിപ്പിക്കുന്ന മനസ്സിനെ പിടികൂടാൻ അവൻ ശ്രമിച്ചുകൊണ്ടേയിരുന്നു. കണ്ണാടിയിൽ കണ്ട രൂപത്തെക്കുറിച്ചവൻ ഓർക്കാൻ ശ്രമിച്ചു. അത് തന്റെ മുഖമായിരുന്നില്ലല്ലോയെന്ന ഒരു ആധി അവനെ പിടികൂടി.

എന്താണ് ഒരു മനുഷ്യനെ അടയാളപ്പെടുത്താനുള്ള ആത്യന്തികമായ അടയാളം?

അല്ലെങ്കിൽ ശരീരം, നാമം, സ്പർശം, ഗന്ധം എന്നിവയ്ക്കപ്പുറം ഒരു മനുഷ്യൻ എങ്ങനെ സ്വയം അടയാളപ്പെടുത്തും? തന്റെ നിർവചനമെന്ന കാറ്റിന് കൊലപാതകങ്ങളുടെ മണമാണെന്ന് അയാനു തോന്നി. ഓരോ കാറ്റടരിലുമുണ്ട് കൈകാൽ വെട്ടുന്നതിന്റെ കഴുത്തരിയുന്നതിന്റെ അനക്കങ്ങള്‍. ചോരയുടെ മണം എന്നത് സ്വയം നിർവ്വചിക്കാനാവാത്ത ഒന്നാണെന്ന സത്യം അയാൻ മനസ്സിലാക്കുകയായിരുന്നു.

നഗരമെന്നാൽ അവിടവിടെയായി ഉയരുന്ന തീക്ഷണങ്ങളും, മേൽ വക്കുടഞ്ഞ കെട്ടിടങ്ങളുമാണെന്ന് അയാനു തോന്നിത്തുടങ്ങി. മുകൾനിരകൾ ഇടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ അവനെ മാടിവിളിച്ചു.

* * * *

.കാലങ്ങള്‍ക്ക് മുമ്പ് മാഞ്ഞു പോയ വഴികള്‍ അപ്പോള്‍ എനിക്ക് മുന്നില്‍ വീണ്ടും തെളിഞ്ഞു വന്നു. പല കാലങ്ങളില്‍ മരണപ്പെട്ടവര്‍ വഴിയോരങ്ങളില്‍ നിന്ന് എന്നെ നോക്കി ചിരിക്കുകയും കണ്ണുകള്‍ ഇറുക്കി ഭയപ്പെടുത്തുകയും ചെയ്തു. എന്റെ നിലനിൽപ്പില്‍ ഞാന്‍ ഏറെ അസ്വസ്ഥയായി. വാക്കുകളുടെയും വരികളുടെയും സംഗീതത്തിന്റെയും പ്രലോഭനങ്ങളിലൂടെ എന്റെ ഒളിവിടങ്ങള്‍ എനിക്ക് നഷ്ടമായി.

അരൂപികളുടെ നഗരത്തിന്റെ എഴുത്തിലേക്ക്‌ എത്താന്‍ കാരണം ഒരു സ്വപ്നമായിരുന്നു .വെട്ടിനിരത്തിയ കാലുകളും കയ്യുകളും കൂമ്പാരമാക്കിയിട്ടിരിക്കുന്നു, നീലയോ പച്ചയോ എന്നറിയാത്ത ഒരു നിറം. സ്വപ്നത്തില്‍ നിന്ന് ഉണർന്നു. ഞാന്‍ അത് വരച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. കഴിയുന്നില്ല .ഞാന്‍ വീണ്ടുമാ സ്വപ്നത്തിലേക്ക് തന്നെ കൂപ്പുകുത്തുന്നു. എഴുതാനാവാതെ ബാക്കി വച്ച എന്തൊക്കെയോ എന്റെ മുന്നില്‍ വന്നു കലാപകാഹളങ്ങള്‍ മുഴക്കി. ആവര്‍ത്തിച്ചു കണ്ട ആ സ്വപ്നമായിരുന്നു കാരണം. അതില്‍ നിന്നെന്നെ പിടിച്ചുയർത്തിയവരില്‍ കാഴ്ചയുടെ ഉന്മാദങ്ങള്‍ കൊണ്ട് കവിതയെഴുതിയവര്‍ കൂടി ഉണ്ടായിരുന്നു. തർകോവ്സ്കിയും.ബെര്‍ഗ്മാനും കീസ്ലോവ്സ്കിയും ഹെർസോഗും ലൂയി ബുനുവലും പസ്സോളിനിയും വൂഡി അലനും ഉണ്ടായിരുന്നു. അവരുടെ സിനിമകള്‍ …അതിലേ കവിതകള്‍ ..മതിഭ്രമങ്ങള്‍ ….എന്നെ ഭ്രമിപ്പിച്ച രഹസ്യങ്ങളായിരുന്നു അവ..എനിക്ക് എങ്ങോട്ടെങ്കിലും ഓടിപ്പോകണമായിരുന്നു. അത്രമേല്‍ സിനിമാ പ്രണയത്തെ ആളിക്കത്തിച്ചു നില്‍ക്കുന്ന സമയമായിരുന്നു താനും. പി കെ നായര്‍ സര്‍ ക്യൂറെറ്റ് ചെയ്ത ഒരു ചലച്ചിത്രാസ്വാദന കോഴ്സിലേക്കാണ് ഞാന്‍ അന്ന് നേരെ പോയത്. അതില്‍ പങ്കെടുക്കാന്‍ വേണ്ടി എന്തും മാറ്റി വച്ചോളു. ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രത്തിലെ ഒരു വലിയ പ്രകാശമാണ് പി കെ നായര്‍ എന്നു പറഞ്ഞ് എന്നെ പ്രലോഭിപ്പിച്ചു എന്റെ ഡാഡി. എഴുതിത്തുടങ്ങിയ നോവലിന്റെ ആദ്യ അധ്യായം എന്റെ ബാഗില്‍ ഒളിച്ചിരുന്നു.

അക്കാലമാണ് ജീവിതത്തിലെ ഏറ്റവും നല്ല കാലങ്ങളില്‍ ഒന്ന്. കൃത്യമായ ദിശാബോധത്തോടെ തന്നെ സിനിമ പഠിക്കാന്‍ വന്ന ഒരു കൂട്ടം ആളുകള്‍. ചിട്ടയായ പഠനം, കാഴ്ച്ച. ഇന്ത്യയിലെ മികച്ച ചലച്ചിത്ര പ്രതിഭകള്‍…സൈദ്ധാന്തികര്‍…..ലോക സംവിധായകരുടെ സിനിമകള്‍ ആവര്‍ത്തിച്ച് കണ്ട ദിവസങ്ങള്‍….ആ തിരശീലയില്‍ നിന്ന് എന്റെ കവിതയിലേക്ക് നേരെ കുടിയേറുകയായിരുന്നു അവര്‍. ഒപ്പം പി കെ നായര്‍ എന്ന അത്ഭുത മനുഷ്യന്റെ ഒപ്പം സിനിമ കാണുകയെന്ന അപൂര്‍വ അനുഭവത്തെ ഞാന്‍ സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്തു.

(ആ കോഴ്സിനിടയില്‍ ആണ് ഭാഷാപോഷിണിയും ന്യൂ ഡല്‍ഹി ‘’കഥ ‘’ യും ചേര്‍ന്ന് ഒരു കഥാപുരസ്കാരം പ്രഖ്യാപിച്ചതും അന്‍വര്‍ അബ്ദുള്ള ഒന്നാം സ്ഥാനവും ഞാന്‍ രണ്ടാംസ്ഥാനവും നേടിയതും. )

ഒരു വൈകുന്നേരം ഫെല്ലിനിയെക്കുറിച്ചുള്ള ക്ലാസ്സ്‌ കഴിഞ്ഞു ഞാന്‍ കുറെ നേരം അവിടെത്തന്നെ ഇരിക്കുകയായിരുന്നു .പി കെ നായര്‍ സര്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ‘’എഴുത്ത് ഒപ്പമുണ്ടോ ?
അപൂര്‍വ്വമായി മാത്രം സംസാരിക്കുന്ന സാര്‍.

ഞാന്‍ ഒന്നും പറയാതെ നഗരം എന്ന അധ്യായം എടുത്ത് നീട്ടി.

.’’വായിച്ചിട്ട് നാളെ തരാം ‘’

പിറ്റേന്നു സര്‍ ക്ലാസിലേക്ക് വന്നയുടന്‍ ചോദിച്ചു .

‘’സ്വപ്ന തർകോവ്സ്കിയുടെ സിനിമകള്‍ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ കാണണ൦.
താന്‍ എഴുതുന്ന നോവലില്‍ അയാള്‍ ഇടപെടും,’’

അവിടെ വച്ചാണ് ഞാന്‍ തർകോവ്സ്കിയുടെ ആത്മകഥയെ അറിയുന്നത്. അവിടം മുതലാണ്‌ മുമ്പെങ്ങും ഇല്ലാത്ത പോല്‍,.ജീവിതത്തിനും എഴുത്തിനും മേല്‍ എന്നെന്നേക്കുമായി കാഴ്ചയുടെ അവ്യവസ്തിതങ്ങള്‍ കുടിയേറിയത്.

ഏഴാം മുദ്രയുടെ കടല്‍

’I want knowledge ! no faith,
not assumptions, but knowledge,
I want God to stretch out His hand,
uncover His face and speak to me ‘’
-SEVENTH SEAL

അതിനും മുമ്പുള്ള മറ്റൊരു കാലം

തിരശീലയില്‍ നിന്നും എന്റെ നേരെ കൈ നീട്ടുന്ന കറുത്ത അങ്കി അണിഞ്ഞ മരണം. ഒറീസയിലെ കലാവികാസ് കേന്ദ്രയിലെ മുഖ്യവേദിയില്‍ ആളൊഴിഞ്ഞ ഒരു ജനുവരിയിലെ പകലറുതിയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം. അതൊരു ചലച്ചിത്രോല്സവമായിരുന്നില്ല. ഇന്ത്യന്‍ പോസ്റല്‍ കള്‍ച്ചറല്‍ മീറ്റ്‌, ദേശീയോത്സവത്തിന്റെ കലാവേദി. ഞാന്‍ ചെന്നത് സിനിമ കാണാനുമല്ല. കേരളത്തിനെ പ്രതിനിധീകരിച്ച് കര്‍ണാടക സംഗീതവും ലളിത സംഗീതവും അവതരിപ്പിക്കാന്‍ ആയിരുന്നു. ഒറീസയില്‍ നിന്ന് പുരിയിലെത്തണം കടലിനെ മണക്കാന്‍..കടലിന്റെ നിശബ്ദതയുടെ ചീളുകള്‍ ചവിട്ടി അദൃശ്യമായി വന്ന് ആത്മാവെന്ന് തിരിച്ചറിയാതെ പോയ ഒരുപാട് നിലവിളികളെ ആ നിമിഷത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു. കടല്‍ ജലം രുചിക്കുന്ന കറുത്ത കുതിരകളും ഉടഞ്ഞ കടല്‍ക്കല്ലുകള്‍ക്ക് മേല്‍ ആകാശം നോക്കിക്കിടക്കുന്ന, സര്‍വ്വോപരി ഭൂമിയുടെ അറ്റത്ത് ഏകാകിയായി മൗനം കുടിച്ചു കിടക്കുന്ന കടലും…

“Death:
Do you never stop questioning?
Antonius Block: No.
I never stop.”

സിനിമയില്‍ നിന്ന് കേള്‍ക്കുകയാണ്. കടല്‍വെളിച്ചത്തില്‍ തിളങ്ങുന്ന ചതുരംഗക്കുരുക്കുകളില്‍ ഞാനെന്റെ മരണം തെളിഞ്ഞ് കണ്ടു. കടൽക്കുതിരകളുടെ ആ സ്വപ്നത്തില്‍ നിന്ന് ഏഴാം നാള്‍ ഞാന്‍ മരണം വെടിഞ്ഞ് ജീവിതത്തിലേക്ക് പിടിച്ചു കയറി. ബെര്‍ഗ്മാന്‍ എന്ന സംവിധായകന്‍റെ നിറക്കൂട്ടുകളിലെ എന്റെ കാഴ്ചയും വാക്കും പടര്‍ന്നു കയറിയ കടല്‍ത്തീരം തിരഞ്ഞ് ഞാനൊരുപാടുകവിതകളില്‍ പിന്നീട് മരിച്ചു കിടന്നു. ഭൂമിയില്‍ നിന്ന് ആകാശത്തിലേക്ക് പടരുന്ന മഴ. എണ്ണമില്ലാത്ത അരക്ഷിതത്വങ്ങളില്‍ നിന്നുള്ള അഭയമാകാം ആ മഴ എന്ന് ഞാന്‍ മരണം പോലെ തിരിച്ചറിഞ്ഞു .

ബെര്‍ഗ്മാന്‍ എന്റെ തുടക്കമായിരുന്നു .
ലോക സിനിമയിലേക്ക് കടന്നിരിക്കാന്‍ !
കാഴ്ചയുടെ കലഹങ്ങളിലേക്ക് പടരാന്‍ !

“I shall remember this moment:
the silence, the twilight,
the bowl of strawberries,
the bowl of milk.
Your faces in the evening light.[…]
I shall carry this memory carefully
in my hands as if it were a bowl brimful of fresh milk.
It will be a sign to me, and a great sufficiency.”

കവിത പോലെ അളന്നു വച്ച വാക്കുകള്‍ !
ദൃശ്യങ്ങൾക്കപ്പുറം മുഴങ്ങുന്ന വാക്ക് കേള്‍ക്കാന്‍ !
ബെര്‍ഗ്മാന്റെ ചിത്രങ്ങളില്‍ നിന്ന് ഏകാകിയും ഉണ്മാദിയുമായ കാറ്റിനോടൊപ്പം….കാറ്റാടി മരങ്ങളുടെ പീഡിതമായ നേര്‍ത്ത മനസിലേക്ക് കയറിയിരുന്നത് കാഴ്ചകളെക്കാള്‍ ആ കാഴ്ചകളുടെ ഭാഷയായിരുന്നു.

ബെര്‍ഗ്മാന്റെ വൈല്‍ഡ്‌ സ്ട്രോബറീസ് എന്ന ചലച്ചിത്രത്തില്‍ ഇസാക്ക്ഹ് ബോർഗ് എന്ന കഥാപാത്രം ഉറങ്ങാന്‍ പോകുകയാണ്. അയാളുടെ മുഖത്തേക്ക് ഫോക്കസ് ചെയ്തു കൊണ്ട് ഒരു വട്ടവെളിച്ചം പടരുന്നു. ആ വെളിച്ചത്തില്‍ അയാളുടെ മുഖം തെളിയുന്നു. അയാള്‍ മയക്കത്തിലാണ് എന്ന് തോന്നും. അയാൾ ഒരു സ്വപ്നം കാണുകയാണ്. അത്ര സുഖകരമല്ലാത്ത സ്വപ്നം ആഴത്തിലുള്ള നിശബ്ദതയാണ് പ്രത്യേകത. അത് ഒരു ജോലി ഉണ്ട് .ഞാൻ അയാൾ കണ്ടസ്വപ്നത്തെ പ്രതി വേവലാതിപ്പെടുന്നു. മറ്റൊരുഷോട്ടിൽ സൂചികൾ ഇല്ലാത്ത ഒരു ഘടികാരത്തിൽ ഏക്കർ ഗമാലിന്‍റെ ക്യാമറക്കണ്ണ് ഇരിക്കുന്നു. രണ്ട് കണ്ണുകൾ മാത്രം ഉള്ള ഒരു വലിയ ഘടികാരം സ്വപ്നം കാണുന്ന ആളുടെ കാഴ്ചയിലാണ് നമ്മൾ കാണുന്ന ദൃശ്യങ്ങൾ.
. ബോർഗ് പ്രതലത്തിൽ ഒറ്റയ്ക്കാണ്. ചുറ്റും നോക്കുന്നുണ്ട്. വിദൂരത്തിൽ അയാൾ ഒരുമനുഷ്യനെ കാണുന്നു. ഭീതിയുണർത്തുന്ന മുഖമാണ് അയാൾക്ക്. അൽപമെങ്കിലും ശബ്ദസന്നിവേശം ഇപ്പോൾ മാത്രമാണ് ബർഗ്മാൻ ഉപയോഗിക്കുന്നത് . തറയിലേക്ക് വീഴുന്ന മനുഷ്യന്‍റെ ശബ്ദം !
ചടുലമായ ആ വീഴ്ച അസംഭാവ്യം ആണെന്ന് തോന്നാം നമുക്ക്.

ആ മനുഷ്യൻ അപ്രത്യക്ഷനാകുന്നു. അയാളുടെ വസ്ത്രങ്ങൾ മാത്രം അവശേഷിക്കുന്നു. മഷിപോലെ ഒരു ദ്രാവകം ഒലിച്ചിറങ്ങുന്നു. ഒരു കുതിര വണ്ടിയും കുളമ്പടി ശബ്ദവും കേൾക്കാം. ഈ സ്വപ്നദൃശ്യം എന്നെ മറ്റൊരു സ്വപ്നത്തിലേക്ക് കൊണ്ടുപോകുന്നുണ്ട്. ‘ഒരാൾ തന്നെത്തന്നെ വരക്കുമ്പോള്‍ ‘’ എന്ന കവിതയെഴുതും വരെ ആവർത്തിച്ച് കണ്ട ഒരു സ്വപ്നമായിരുന്നു അത്.

എന്നെ കാഴ്ചയുടെ തീക്ഷണതകളിലേക്ക്‌ അത്തരത്തില്‍ പിടിച്ചുലച്ചവരില്‍ സ്വീഡിഷ്‌ സംവിധായകന്‍
ബെര്‍ഗ്മാനോടൊപ്പം (Ingmar Bergman ,) കുറോസോവയും , (akira kurosowa)
സോവിയറ്റ് ചലച്ചിത്രകാരന്‍ ആന്ദ്രേ തര്‍ക്കോവ്സ്കിയും (Andrei Arsenyevich Tarkovsky) ജര്‍മന്‍ ചലച്ചിത്രകാരന്‍
ഹെർസോഗും (Werner Herzog) , പോളിഷ് സംവിധായകന്‍ കീസ്ലോവ്സ്കിയും (Krzysztof Kieślowski),ഫ്രഞ്ച് –പോളിഷ് സംവിധായകന്‍ പോലാന്‍സ്കി യും (RomanPolanski) ഇറാനിയന്‍ ചലച്ചിത്രകാരന്‍ അബ്ബാസ് കയരോസ്തമിയും(Abbas Kiarostami) പിന്നീട് ഒരുപാട് ചലച്ചിത്രകാരന്മാരും ഒപ്പമുണ്ട്. മരണഞരമ്പുകളും, വെളുത്ത നിഴലുകളും,കോടമഞ്ഞും, പെരുമഴപ്പാച്ചിലുമേറ്റ പ്രകൃതി മൗനങ്ങളെ ഒരൊറ്റ ഫ്രെയിം കൊണ്ട് കുറോസോവ രക്തംതുടിക്കുന്ന ഞരമ്പുകളാക്കി മാറ്റുന്ന കാഴ്ച കണ്ട ഓര്‍മ്മകളില്‍ നിന്ന് പല കവിതകളും പിറന്നിട്ടുണ്ട്. പൂവും പുല്ലും, ഉറുമ്പുകളും, മനുഷ്യരും ആ ഞരമ്പുകളുടെ മതിലിൽ പിടിച്ചുനിന്നു.

പാതി സ്വപ്നത്തിലോ പാതി ഉണർവിലോ സംഭവിച്ചേക്കാവുന്ന ആകസ്മികങ്ങൾ എന്നാണ്
കുറോസാവ ചിത്രങ്ങൾക്ക് എന്റെ കാഴ്ച നൽകിയ പ്രണയം. യാത്രയിൽ വരച്ചതാണോ ,സ്വപ്നത്തിൽ വരച്ചതാണോ എന്നറിയില്ല, പക്ഷെ, ആ നഗരകവാടം കടന്നുപോയിട്ടു കാലങ്ങൾ കഴിഞ്ഞു.
കടൽക്കരയിലേക്കോ പെരുമഴയിലേക്കോ എന്നറിയാനാവാത്ത ഒരുനിലവിളി. ഒരു പാട് കവിതകളില്‍ കുറോസോവ അദൃശ്യനായി കൂടെ വന്നു.മഴ വെള്ളമേറ്റ് മുറിഞ്ഞ് ,നിശബ്ദത അതിന്റെ പിറവിയെക്കുറിച്ച് സംസാരിക്കുന്നു, ജലം മറന്നു വച്ച കവിതയാണ് മനുഷ്യന്‍ തുടങ്ങി എത്രയോ കവിതകളില്‍ ആ കാഴ്ച്ചയുടെ ഊക്കനെയുള്ള ആഘാതമുണ്ട്.

ആവര്‍ത്തിച്ച്‌ കണ്ട ലോകസിനിമകൾ പിന്നീട് എഴുത്തിലേക്ക് എഴുത്തിന്റെ ശരീരത്തിലേക്ക് അദൃശ്യമായി കടന്നു വന്നിട്ടുണ്ട്. കവിതകളിലാണ് കൂടുതല്‍. എക്കാലത്തും എന്റെ മാസ്റ്റര്‍ എന്ന് തര്‍ക്കോവ്സ്കിയെക്കുറിച്ചാണ് എനിക്ക് പറയാന്‍ തോന്നുക. കാണുകയും കൂടുതല്‍ കാണുകയും ഉപേക്ഷിക്കുകയും ചെയ്യാന്‍ തർകോവ്സ്കി എന്നെ പ്രേരിപ്പിക്കുന്നു. ഐവാൻസ് ചൈൽഡ്ഹുഡും, (Ivan’s childhood) മിററും, (The Mirror)സാക്രിഫൈസും (sacrifies ) ആവർത്തിച്ചുകണ്ടത് സിനിമാപഠനകാലത്താണ്.
ഉടലിനെ മഞ്ഞു മൂടിയ വായനക്കാലത്തെ ചലിപ്പിച്ചത് സിനിമകൾ തന്നെയായിരുന്നു. വാക്ക് എന്നതിന്റെ
അന്തരാർത്ഥങ്ങൾ ഗ്രഹിക്കാനോ പ്രകടിപ്പിക്കാനോ അറിയാത്ത കൗമാരകാലത്ത് മനസിൽ നിന്ന്
പുറത്തുചാടിയ വരികളിൽ

unfold cross
across my soul

എന്നിങ്ങനെയുള്ള വിഭ്രാമകദൃശ്യങ്ങളായിരുന്നു. ഈ വരികളിലൊക്കെ തർകോവ്സ്കിയുടെ ആന്തരികസ്പർശം എവിടെയോ ഉണ്ടായിരുന്നു. ഇന്നുമുണ്ട്, കവിതയുടെ കുരിശ് മുതുകിൽ ചുമക്കുമ്പോൾ ഏറ്റം ആനന്ദത്തോടെ ഞാനറിഞ്ഞ തർകോവ്സ്കി ചിത്രങ്ങൾ കൂടെ വരുന്നു. ഉടൽ മുഴുവൻ പ്രണയത്തിന്റെ മുൾകുരിശുകൾ തറഞ്ഞു കയറിയ വായനകൾക്കൊപ്പം, മരംപൊഴിക്കുന്ന
പൂക്കൾക്കു മേൽ മനുഷ്യന്റെ സ്വപ്നം…….ചിത്രശലഭങ്ങളുടെ മേൽ മനുഷ്യന്റെ സ്വപ്നം…. ശലഭജന്മങ്ങളാകുന്ന എന്റെ സ്വപ്നങ്ങളില്‍ എങ്ങനെയാണോ മാർകേസും, മയകോവ്സ്കിയും, ആശാനും ഇടശ്ശേരിയും, നികോലാസ് ഗിയനും, നെരൂദയും, ഗുലാം അലിയും, നയ്യാനൂറും, ചുള്ളിക്കാടും എന്നെ ചേർത്തുനിർത്തിയത് , അതേ അടുപ്പത്തിൽ, അതേ അകലത്തിൽ, ലൂയിബുനുലിന്റെ, ഭ്രമാത്മകസ്വപ്നങ്ങളും ഫെല്ലിനിയുടെ വിചിത്രഭാവനകളും, പസോളിനിയുടെ കവിതകളും, ഋത്വിക് ഘട്ടക്കിന്റെ നിശബ്ദതകളും എന്നോടൊപ്പം നിന്നു.

ചലച്ചിത്ര അക്കാദമിയിലേയും പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേയും
തണുത്ത പ്രക്യതിയോടൊപ്പം സിനിമ അറിഞ്ഞ കാലങ്ങളിൽ ഈ ഏകാകികൾ എന്റെ ചെവിയിൽ ഒച്ചവച്ചു. വ്യാകരണ നിയമങ്ങളില്ലാത്ത വായനയും സിനിമ കാണലും കവിതയാണെന്നു തിരിച്ചറിയാതെ ഒരുപാടു വരികളെന്നെക്കൊണ്ട് ഒരുപാട് എഴുതിച്ചു. എന്റെ കവിതകൾക്ക് കാണാനാവുന്ന ഒരടരു കൂടി കൈവന്നത് സിനിമയുമായുള്ള എന്റെ രഹസ്യ പ്രണയം കൊണ്ടാണ്…

* * * *
2004ൽ ആണ് ifft (INTERNATIONAL FILM FESTIVAL OF THRISSUR) അരങ്ങേറുന്നത്.
കേരള ചലച്ചിത്ര അക്കാദമിയുടെ ചലച്ചിത്രാസ്വാദന കോഴ്സിൽ പങ്കെടുത്ത ആനന്ദത്തോടെ നിൽക്കുന്ന എന്നെ തൃശൂർ ചലച്ചിത്ര കേന്ദ്രയിലേക്ക് വിളിച്ചത് ആരാണെന്നു ഓര്‍മ്മയില്ല. പക്ഷെ അത് കുറെ രഹസ്യങ്ങളുടെ പൊളിച്ചുമാറ്റലായിരുന്നു. പി .കെ. നായരും, അടൂരും, സണ്ണി ജോസഫും അടക്കമുള്ള ചലച്ചിത്ര പ്രതിഭകൾ പഠനസമയത്ത് ഗുരുക്കന്മാരാണ് എന്ന അഭിമാനത്തോടെ ആദ്യ ഫെസ്റ്റിവലിൽ ഞാൻ പബ്ലിക്കേഷൻ/മീഡിയ കൺവീനർ ആയി..
ഏഴു ദിവസം പാതിരാത്രി വരെ നീളുന്ന സിനിമ കാണൽ…
അടുത്ത വർഷം ചലച്ചിത്ര കേന്ദ്രം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നട്ടെല്ലായ പി കെ. നായരുടെ ജീവചരിത്രം പുറത്തിറക്കാൻ തീരുമാനിക്കുന്നു..
. എല്ലാവരും അത് എന്നെ ഏൽപ്പിക്കുന്നു… യാദൃശ്ചികമായി ഞാൻ
എത്തിപ്പെടാൻ പോകുന്നത് സിനിമാ ചരിത്രത്തിന്റെ തന്നെ അറിയാത്ത അറിവുകളിലേക്കാണല്ലോ എന്നു കരുതിയില്ല.

പൂനെ film ഇൻസ്റ്റിറ്റ്യൂട്ട് ലേക്കു ഡാഡി കൂടെ വന്നു.
നായർ സർനോടൊപ്പം ഞാൻ സംഭാഷണങ്ങളിൽ ഏർപ്പെടുമ്പോൾ ഡാഡി എന്തോക്കെയോ കുറിച്ചെടുത്തുകൊണ്ട് അവിടത്തെ ലൈബ്രറിയിൽ സമയം ചിലവഴിക്കും…ഒരുപക്ഷെ എന്നെക്കാളേറെ എന്റെ ഇൻസ്റ്റിറ്റ്യൂട്ട് കാലം ആസ്വദിച്ചത് ഡാഡി ആയിരിക്കും. കാരണം സിനിമയെ ആ മനുഷ്യൻ അത്രക്ക് സ്നേഹിച്ചിരുന്നു. പിന്നീട് അസുഖമാവും വരെ ഡാഡി IFFT, യിൽ വന്നു ,ഇഷ്ടപ്പെട്ട സിനിമ കള്‍ കണ്ടു

.. നായർ സാറിനെ കുറിച്ചുള്ള പുസ്തകമെഴുത്തിനായി രണ്ടു കാലങ്ങളില്‍ ഞാന്‍ പൂനെയില്‍ എത്തി.പുസ്തകപ്രകാശനമായപ്പോളേക്കും ഡാഡിയെ സ്ട്രോക്ക് പിടികൂടാൻ തുടങ്ങിയിരുന്നു. പ്രകാശനത്തിന് മഹാ നടന്‍ തിലകനാണ് വരുന്നത് എന്നു പറഞ്ഞപ്പോൾ ഒന്ന് ചിരിച്ചു. ഒഴിവാക്കാൻ നോക്കിയിട്ടും ഒഴിവാകാത്ത ഒന്നായിട്ടാണ് സിനിമ എന്നിൽ എന്നു തോന്നാറുണ്ട് പലപ്പോഴും.

എഴുത്തിൽ കാഴ്ചയുടെ സ്വാധീനമുണ്ടല്ലോ എന്ന് ചിലരെങ്കിലും
ചോദിക്കുമ്പോൾ എന്റെ ഉള്ളിലെ ആ രഹസ്യം പതുങ്ങിയിരിക്കും.
എന്നെ കാഴ്ചയുടെ ഭ്രമാത്മകതയിലേക്ക് കൊണ്ട് പോയ കുട്ടിക്കാലത്തെ
പ്രകൃതിയും ഞാൻ കണ്ട സിനിമകളും ഞാൻ കണ്ട ചിത്രങ്ങളും
പെയിന്റിങ്ങുകളും പുസ്തകങ്ങളും നിഗൂഢമായ ഒരാനന്ദമായി നിൽക്കും.
കണ്ടുകൊണ്ടേയിരിക്കുമ്പോൾ വെളിപ്പെടുന്ന ഏതോ ഒരു മായികതയുണ്ടല്ലോ. എത്ര കണ്ണാടി നോക്കിയാലും മതിയാകാതെ പോരാതെ… ആത്മഹത്യ ചെയ്യുന്ന ഒരു ചൈനീസ് കഥാപത്രം പോലെ, എനിക്ക് എന്നെത്തന്നെ മറികടക്കേണ്ടതിനാലാണ് ഞാൻ സിനിമ കാണുന്നത്. എത്രയോ സംവിധായകരുടെ ലോകങ്ങളിലൂടെ കടന്നുപോകാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അവരില്‍ എന്തുകൊണ്ടൊക്കെയോ കൂടെ നില്‍ക്കുകയും മറികടന്നു പോകൂ എന്ന് ഉള്ളില്‍ നിന്നു എപ്പോഴും വിളിച്ചുപറയുകയും ചെയ്യുന്ന രണ്ടു പേരുണ്ട് ,ആന്ദ്രേ തര്കോവ്സ്കിയും ഇംഗ്മാര്‍ ബെര്‍ഗ്മാനും ആണവര്‍.

മനുഷ്യനെ നിരായുധനാക്കുന്നതെന്ത്
എന്ന ചോദ്യത്തിന്
ഒരു പക്ഷെ എന്റെ ഉത്തരങ്ങൾ
ഈ സിനിമകൾ തന്നെയാവാം
പക്ഷെ,
ഈ സിനിമകൾ ഞാൻ കാണുകയല്ല
ഈ സിനിമകൾ എന്നെ കാണുകയായിരിക്കണം

അതേക്കുറിച്ച് വിശദമായി എഴുതാം


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here