അശാന്തന്‍: കല കൊണ്ട് പ്രതിരോധം ഇന്ന് വൈകിട്ട്

0
492

ചിത്രകാരൻ അശാന്തന്റെ ഭൗതികശരീരം കേരള ലളിതകലാ അക്കാദമിയുടെ കീഴിലുള്ള ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ പൊതുദര്‍ശനത്തിന് വെക്കാന്‍ സമ്മതിക്കാത്ത, പൊതു ഇടങ്ങളിലേക്കുള്ള ഫാസിസ്റ്റ് കൈയ്യേറ്റത്തിനെതിരെ പ്രതിഷേധ കലാജാഥ സംഘടിപ്പിക്കുന്നു.  ഇന്ന് (04 .02 .2018 ) വൈകുന്നേരം 4 മണിക്ക് എറണാകുളം ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറി നിന്ന് തുടങ്ങി ഡർബാർ ഹാൾ ഗ്യാലറിയിൽ.

“…..കലാകാരന്മാര്‍ കൂട്ടുകൂടുമ്പോള്‍ അശാന്തന്‍ തന്നെ പറയാറുള്ളത് . ‘നമ്മള്‍ ഒരേ ജാതിയാടാ കലാകാര ജാതി’എന്നാണ് .കലയിലൂടെ അദ്ദേഹം ജാതീയമായ വ്യവസ്ഥയെ തന്റെ വ്യക്തിത്വം കൊണ്ട് മറികടന്നിട്ടുണ്ട് . അക്കാദമിയുടെ മുറ്റത്ത് നടന്നത് ജാതിയുമായി ബന്ധപ്പെട്ട വിഷയമല്ല. മറിച്ച് മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ സമ്മതിയ്ക്കുകയില്ല എന്ന അമ്പലക്കമ്മറ്റിക്കാരുടെ ധാർഷ്ട്യമാണ്. ദർബാർ ഹാളിനടുത്തായി അമ്പലം ഉണ്ടെന്നും, അവിടെ മൃതദേഹം പൊതുദർശനത്തിനു വെച്ചാൽ ദൈവചൈതന്യം കുറയുമെന്നുമാണ് അമ്പല കമ്മറ്റിക്കാര്‍ നിരത്തിയ വാദം . ദർബാർ ഹാള്‍ ഒരു പൊതു ഇടമാണ്. അവിടെ എന്തു നടക്കണമെന്നും / എന്തു ചെയ്യണമെന്നും തീരുമാനിക്കേണ്ടത് അടിമുടി സവര്‍ണ്ണമായ അമ്പലക്കമ്മറ്റിയല്ല, മറിച്ച് ലളിതകലാ അക്കാദമി ഭരണസമിതിയാണ്.

ഒരു കലാകാരനോട് / മൃതശരീരത്തോട് കാണിച്ച അനാദരവ് , അവിടെ ശാന്തമായി സന്നിഹിതരായിരുന്ന കലാകാരന്മാർക്കു നേരെ നടത്തിയ കൊലവിളി ഇവയെല്ലാം പരിഷ്കൃത സമൂഹമെന്നഭിമാനിയ്ക്കുന്ന കേരളീയർ വിശകലനം ചെയ്യേണ്ടതുണ്ട്. ദർബാർ ഹാളിന്റെ ഗേറ്റ് താഴ് ഇട്ട് പൂട്ടുമെന്നും ‘ഞങ്ങടെ പിള്ളേര് വന്നാല്‍ ഇങ്ങോട്ട് വന്നാല്‍ ഇതൊന്നും ആയിരിക്കില്ലായെന്നും’ ആക്രോശിച്ചവർ കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തിലെ ജാതി ഇടപെടലിന്റെ യാഥാർഥ്യമാണ് തുറന്നുകാണിക്കുന്നത് .

ക്ഷേത്രക്കമ്മറ്റിക്കാര്‍ ഇതാദ്യമായല്ല കലാകാരന്മാർക്കു നേരെ വെല്ലുവിളിയുയർത്തുന്നത്. മുൻപും അവർ ദർബാർ ഹാൾ ആർട്ട് ഗ്യാലറിയ്ക്ക് എതിരെ വന്നിരുന്നു. സമന്വയ ചിത്രകലാ ക്യാമ്പ് നടക്കുന്ന വേളയിലായിരുന്നു അത്. ക്യാംപിൽ മത്സ്യമാംസാദികൾ പാചകം ചെയ്യുന്നുവെന്നതായിരുന്നു അന്നത്തെ ആക്ഷേപം. അമ്പലത്തിന് തൊട്ടു നില്‍ക്കുന്ന ഹോട്ടലുകള്‍ ,വിമൺ ഹോസ്റ്റലുകള്‍ തുടങ്ങിയ ഇടങ്ങളിലെ ഭക്ഷ്യ ശീലങ്ങൾ അവർക്ക് പ്രശ്നമാകുന്നതേയില്ല . ഇതിനുപിന്നിൽ കൃത്യമായൊരു ഗൂഢോദ്ദേശമാണുള്ളത്. ലളിതകലാ അക്കാദമിയുടെ വസ്തുവടക്കം വളച്ചു കെട്ടി ക്ഷേത്രത്തിന്റെ ഭാഗമാക്കുകയും അങ്ങിനെ സംഘപരിവാര്‍ നിയന്ത്രണത്തിലേയ്ക്ക് എത്തിയ്ക്കുകയും ചെയ്യുക എന്ന ഹിഡൻ പദ്ധതിയാണ് ഇതിനുപിന്നിൽ.

അശാന്തന്റെ മൃതദേഹത്തോട് ഹിന്ദുത്വവാദികൾ കാണിച്ച അനാദരവ് പൊറുക്കാവുന്നതല്ല . ലബ്ധപ്രതിഷ്ഠനായ കലാകാര സുഹൃത്തിനെ ഒരുനോക്കുകാണുവാൻ കാത്തുനിന്ന സുഹൃത്തുക്കൾക്കും കലാകാര സമൂഹത്തിനും നേരെയാണ് സംഘപരിവാരം കൊലവിളിയും ആക്രോശവും നടത്തിയത്. ദൃശ്യങ്ങൾ ഇതിനു തെളിവായുണ്ട് .

അത്രതന്നെ വിമർശിക്കപ്പെടേണ്ടതാണ് കേരള ലളിതകലാ അക്കാദമി അധികൃതർ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി എന്നത് . ലളിതകലാ അക്കാദമിയുടെ ഭൂമിയിൽ എന്തു നടപടിയെടുക്കണം എന്നത് ആ ഭരണസമിതിയാണ് തീരുമാനിക്കേണ്ടത് എന്നിരിക്കെ , ജില്ലാഭരണകൂടത്തിന്റെയും പോലീസിന്റെയും സമവായത്തിന് അക്കാദമി അധികൃതർ എതിരില്ലാതെ നിന്നുകൊടുത്തു എന്നത് കലാലോകവുമായി ബന്ധപ്പെട്ടു നിൽക്കുന്ന എല്ലാവരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇന്ന് അശാന്തന്റെ ദേഹം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ വെക്കാൻ സമ്മതിക്കില്ല എന്ന് ആക്രോശിക്കുന്നവർ നാളെ അവിടെ എന്ത് പ്രദർശിപ്പിക്കണം എന്നതിലും ഇടപെടുമെന്നത് തീർച്ചയാണ് . കലയിൽ അത്തരം ഫാസിസ്റ്റ് ഇടപെടലുകളെ ചെറുക്കുക എന്നത് സമകാലീനരായ എല്ലാ മനുഷ്യരുടെയും ബാധ്യതയാണ് . കൽബുർഗിയിൽ നിന്ന് , ഗൗരി ലങ്കേഷിൽ നിന്ന് ഏറെ ദൂരമില്ല ദർബാർ ഹാൾ പരിസരത്തേക്ക് . കേരളത്തിന്റെ സാംസ്കാരികമണ്ഡലം ഭാരതത്തിലെ തന്നെ ഏറ്റവും ഉയർച്ചയിൽ നിൽക്കുന്ന ഒന്നാണ് എന്നിരിക്കെ ഉണ്ടായിട്ടുള്ള ഈ കളങ്കം മായ്‌ക്കേണ്ടത് കലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഓരോരുത്തരുടെയും കൂട്ടുത്തരവാദിത്വമാണ് . അതിനായി കേരളത്തിലെ എല്ലാ കലാകാരന്മാരെയും എഴുത്തുകാരെയും സാംസ്കാരികപ്രവർത്തകരെയും , ഓരോ മനുഷ്യരെയും ക്ഷണിക്കുകയാണ്…. – സംഘാടകര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here