ഫര്‍സീന്‍ അലി
കേരളമങ്ങനെയാണ്, പോരായ്മകൾ പലതുണ്ടെങ്കിലും ചെയ്യുന്ന കാര്യങ്ങൾ ഭംഗിയായി ചെയ്യും. അത് കൊണ്ട് തന്നെയാവണം കേരള മോഡൽ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമാവുന്നതും. വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ, വികസന രംഗത്ത് കേരള മോഡൽ പുകഴ്ത്തപ്പെട്ട് കൊണ്ടിരിക്കുന്നതും അത് കൊണ്ടാണ്. കേരളത്തിന് അഭിമാനിക്കാൻ പുതിയ നേട്ടവുമായി അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുകയാണ് അസാപ് (Additional Skill Acquisition Programme- ASAP). അസാപ് പദ്ധതിയെ കുറിച്ചറിയാൻ സിംഗപ്പൂരിൽ നിന്നുള്ള പ്രതിനിധി സംഘം കേരളത്തിലെത്തിയത് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ്.
കേരള നൈപുണ്യ വികസന പ്രൊജക്റ്റിന്റെ ഭാഗമായി 2012 ലാണ് സംസ്ഥാനത്ത് അസാപ് ആരംഭിക്കുന്നത്. പഠനത്തോടൊപ്പം തൊഴിലധിഷ്ഠിത നൈപുണ്യ വിഷയത്തില്‍ വിദഗ്ധ പരിശീലനം നല്‍കുന്നതാണ് അസാപ്. തൊഴില്‍ വൈദഗ്‌ധ്യം നല്‍കുകയും വിദ്യാര്‍ഥികളിൽ തൊഴില്‍ സംസ്‌കാരം വളര്‍ത്തിയെടുക്കലുമാണ് വ്യവസായ വകുപ്പുമായി സഹകരിച്ച് അസാപ് എന്ന പദ്ധതിയുടെ ലക്ഷ്യം. പഠനകാലഘട്ടത്തില്‍ തന്നെ ഇളം തലമുറക്ക് തൊഴില്‍ വൈദഗ്‌ധ്യം നല്‍കുക എന്ന വികസിത രാജ്യങ്ങളുടെ വിദ്യാഭ്യാസ അജണ്ട പിന്തുടരുന്നത് വഴി വലിയ വിപ്ലവങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ സൃഷ്ടിച്ചത്. അസാപിലൂടെ പരിശീലനം നേടിയ ഒരു ലക്ഷത്തിനടുത്ത് വിദ്യാർത്ഥികൾ വിവിധയിടങ്ങളിൽ തൊഴിൽ ലഭിച്ചതും പദ്ധതിയുടെ ഗുണനിലവാരമാണ് ബോധ്യപ്പെടുത്തുന്നു.

സിംഗപ്പൂർ സ്കിൽസ് ഇൻവെസ്റ്റ്മെൻറ് മിഷനിൽ നിന്നുള്ള പ്രതിനിധി സംഘമാണ് ASAP സി.ഇ.ഒ.യുമായുള്ള കൂടിക്കാഴ്ചയ്ക്കായി കേരളത്തിലെത്തിയത്. കേരളത്തിലെയും സിംഗപ്പൂരിലെയും യുവാക്കളിൽ നൈപുണ്യ വികസന വികസനം സാധ്യമാകുന്ന തരത്തിൽ പരസ്പര സഹകരണത്തോടെ പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിലെ സാധ്യതകൾ പ്രതിനിധി സംഘം ചർച്ച നടത്തി. സിംഗപ്പൂർ, മലേഷ്യ, ജർമ്മനി, യു.എസ് തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് കേരളത്തെ സ്കിൽ ഹബ് ആയി വികസിപ്പിക്കാനുള്ള പദ്ധതിയും നിലവിലുണ്ട്.