ആദിയിൽ സാർപട്ട പരമ്പരയിലെ ഗ്യാലറികൾ നിറച്ചവർ

1
610
Arun Omana Sadanandan 1200-2

സിനിമ
അരുൺ ഓമന സദാനന്ദൻ

ആഫ്രിക്കയിൽ നിന്നുമെത്തിച്ച ആനക്കൊമ്പുകളാലും, ഏഷ്യയിൽ നിന്നെത്തിയ മുളകളിൽ കൊത്തു പണികൾ കൊണ്ടു അലങ്കരിച്ച തൂണുകളാലും ആ മുറിയ്ക്ക് ഒരു പ്രൗഡി ഉണ്ടായിരുന്നു. ആ പ്രൗഡി ആ നഗരത്തിലെ അധ്വാന വർഗത്തെ ആ മുറിയിൽ നിന്നും അകറ്റി നിർത്തി. അന്ന് രാത്രി അവിടെ വിളമ്പിയത് പാരീസിൽ കിട്ടുന്ന ഏറ്റവും മുന്തിയ വീഞ്ഞായിരുന്നു. ഉടുത്തു വന്നവർ ഏറ്റവും മിനുത്ത പട്ടിലും പൊൻ പണം വിലയുള്ള അത്തറിലും നനഞ്ഞു നിന്നു. അവർ അവരുടെ വേനൽക്കാല വസതികളെ പറ്റി ആവശ്യമില്ലാതെ സംസാരിച്ചു.
ഇതായിരുന്നു ലോകത്ത് ആദ്യമായി സിനിമ കണ്ട കൂട്ടം!

1895 ഡിസംബർ 28ന് പാരീസിലെ ഗ്രാൻഡ് കഫേയിലെ സലൂൺ ഇന്ത്യ എന്ന മുറിയിൽ ലൂമിയർ സഹോദരന്മാർ സിനിമയുടെ ആദ്യ പ്രദർശനം നടത്തുമ്പോൾ, സിനിമ എന്ന മാധ്യമം കാലാന്തരത്തിൽ കൈവരിയ്ക്കാൻ പോകുന്ന ജനകീയ സ്വീകാര്യതയെ പറ്റി അവർക്ക് ഒരു ചുക്കും അറിയില്ലായിരുന്നു. വിശപ്പ് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തവർക്ക് വെറുതെ കണ്ടു രസിക്കാൻ പറ്റിയ ശാസ്ത്രത്തിന്റെ ഒരു ട്രിക്ക് മാത്രമായിരുന്നു ലൂമിയർ സഹോദരന്മാർക്ക് സിനിമ, അത് കൊണ്ട് തന്നെ, അവർ ക്ഷണിച്ച അതിഥികൾ ഒക്കെത്തന്നെ അന്നത്തെ പാരീസിലെ മുന്തിയ ധനികരുമായി.

ഇവിടെ നിന്നും മുൻപോട്ടുള്ള ചരിത്രം ശ്രമിച്ചത് ലൂമിയർ സഹോദരന്മാർ തെറ്റായിരുന്നുവെന്ന് പറയാനായിരുന്നു, അതിൽ ചരിത്രം വിജയിക്കുകയും ചെയ്തു. പിന്നീട്, ഇരുണ്ടമുറിയിലെ വലിച്ചു കെട്ടിയ വെള്ളത്തുണിയിൽ പടരുന്ന ജീവിതങ്ങളുടെ വിശപ്പ് കാണാൻ അര അണ കൊടുത്തു കയറിയത്, സ്ക്രീനിലെ ആളുകളെക്കാൾ വയറൊട്ടിയവർ ആയിരുന്നു. ഈ ലേഖനം അവരെ പറ്റിയാണ്, സാർപട്ട പരമ്പരയിലെ ഗ്യാലറികളിൽ നമ്മൾ കണ്ട കൂട്ടത്തെ പറ്റി, അവരുടെ മുൻ തലമുറകളെ പറ്റി, film consumptionന്റെ മാറി വന്ന രാക്ഷ്ട്രീയത്തെ പറ്റി.

ആദ്യകാല സിനിമ കൊട്ടകകൾ ഒക്കെ ടെന്റുകളുടെ രൂപത്തിലായിരുന്നു. അവിടെ പ്രദർപ്പിച്ചിരുന്ന ഒന്നോ രണ്ടോ റീലുകൾ നീളമുള്ള ‘സിനിമകൾ’ കാണാൻ ടിക്കറ്റ് ഒരു നിക്കൽ (nickel) ആയിരുന്നു, അത് കൊണ്ട് തന്നെ അവയെ നിക്കെലോഡിയോൻസ് (nickelodeons) എന്നും വിളിച്ചു. ഇംഗ്ലണ്ടിൽ‍ penny gaffes എന്നും. കുറഞ്ഞ ടിക്കറ്റ് നിരക്ക് കാരണം അവയൊക്കെ ആകർഷിച്ചിരുന്നത് ദിവസ വേതനക്കാരെയായിരുന്നു.
ഇത്തരം സിനിമകൾക്ക് രസമുള്ള രണ്ടു സവിശേഷതകൾ ഉണ്ടായിരുന്നു. ആദ്യ കാല സിനിമകൾ നാടകങ്ങളുടെയോ ഓപ്പറകളുടെയോ പകർപ്പുകളായിരുന്നു. നടീനടന്മാർക്ക് ഒരു ശംബളം അധികം നല്കി, കാണികൾ ഇരിക്കുന്ന ആദ്യ വരിയിൽ ക്യാമറ വെച്ചു ഷൂട്ട് ചെയ്തു, എഡിറ്റ് ഇല്ലാതെ – മിഡ് ഷോട്ട്, ക്ലോസ് അപ്പ് തുടങ്ങിയ സങ്കേതങ്ങൾ ഉപയോഗിക്കാതെ – കാണിച്ചിരുന്ന സിനിമകൾ. ഒരു നിക്കൽ നല്കി ഇത്തരം ‘സിനിമകൾ’ കാണുന്നവർക്ക് പക്ഷേ ഇത് കൊണ്ട് രണ്ടായിരുന്നു ഗുണം.

ഒന്ന് , അന്നത്തെ സാമൂഹിക അവസ്ഥ കൊണ്ടും, അവരുടെ സാമ്പത്തിക നില കൊണ്ടും ഒരു തീയേറ്ററിന്റെ ആദ്യ വരിയിൽ ഇരുന്ന് അത്തരത്തിലുള്ള ഒരു നാടകം കാണുകയെന്നത് അവർക്ക് സാധിക്കുന്ന ഒന്നായിരുന്നില്ല. പക്ഷെ ടെന്റിനുള്ളിലെ സ്‌ക്രീനിൽ അവർ ഓപ്പറ തിയേറ്ററിന്റെ ആദ്യ വരിയിൽ ഇരുന്നാൽ കിട്ടുന്ന കാഴ്ച കണ്ടു – കാരണം ഷൂട്ട് ചെയ്യുന്ന നേരം ക്യാമറ വെച്ചത് ഒന്നാംനിരയിൽ ആയിരുന്നുവല്ലോ – അതും ഒരു നിക്കെലിന്! അതായിരുന്നു അവരുടെ സന്തോഷം.

ഇനി രണ്ടാം കാരണം കുറെക്കൂടി രസമുള്ള ഒന്നാണ്, ഓപ്പറകളിലും നാടകങ്ങളിലും ഇടയിൽ വരുന്ന വേഷവും രംഗക്രമീകരണങ്ങളും മാറ്റുവാൻ വേണ്ട ഇടവേളകൾ ഇത്തരം സിനിമകളിൽ ഇല്ലായിരുന്നു. അത്‌ കൊണ്ടു തന്നെ തങ്ങളുടെ മുതലാളിമാർ ഒരു വൈകുന്നേരം മുഴുവനെടുത്ത് കണ്ട കഥകൾ ഇവർ ജോലി കഴിഞ്ഞുള്ള തിരിച്ചു വരവിൽ കണ്ടു വീട് പറ്റി. ഒരു തരത്തിൽ അതൊരു പ്രതിഷേധം കൂടിയായിരുന്നു. തങ്ങളിൽ നിന്നും അകറ്റി നിർത്തപ്പെട്ട സന്തോഷത്തെ തിരികെ പിടിക്കൽ.

ആദ്യകാല സിനിമാ ശാലകൾ ഇങ്ങനെ അദ്ധ്വാനിക്കുന്നവരോട് ചേർന്നു നിന്നെങ്കിൽ ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം കാര്യങ്ങൾ മാറി. സമൂഹത്തിന്റെ എല്ലാ തട്ടിൽ ഉള്ളവരെയും തീയേറ്ററിലേയ്ക്ക് ആകർഷിക്കുക എന്നത് അപ്പോഴേയ്ക്കും ഒരു വ്യവസായമായി മാറിയ സിനിമയുടെ ആവശ്യമായി. ഇവിടേയ്ക്കാണ് തീയേറ്ററുകൾ എന്ന ആശയം വരുന്നത്. നമ്മുടെ നാട്ടിലെ തന്നെ പൊളിച്ചു കളഞ്ഞതോ അല്ലെങ്കിൽ പൂട്ടിപ്പോയതോ ആയ തീയേറ്ററുകളെ പറ്റി ആളുകൾ നൊസ്റ്റാൾജിയ കലർന്ന പോസ്റ്റുകൾ ഇടാറുണ്ട്. അതിൽ ഒരു തമാശയുണ്ട്, ഇവർ ഓർത്ത് കൂട്ടുന്നത് അങ്ങേയറ്റം സാമൂഹിക തരം തിരിവ് സൃഷ്ടിച്ചിരുന്ന ഒരു കൂട്ടം കെട്ടിടങ്ങളെ പറ്റിയാണ്!

എന്തായിരുന്നു ഇത്തരം തീയേറ്ററുകളുടെ പൊതു സ്വഭാവം? ആദ്യമായി പ്രേക്ഷകരെ പല തട്ടിലാക്കി. ടെന്റുകളിൽ ഒരു നിക്കൽ കൊടുത്ത് സിനിമ കണ്ടിരുന്നവരെ തീയേറ്ററിൽ ‘തറ ടിക്കറ്റ്’ എന്നു വിളിച്ച് മുന്പിലിരുത്തി. അവർക്ക് ടിക്കറ്റ് വാങ്ങാൻ തീയേറ്ററിന് പുറത്ത് വരികൾ സൃഷ്ടിച്ചു. അവർക്ക് കയറാൻ വേറെ വാതിലുകൾ ഒരുക്കി. ബാൽക്കണി എന്നും ഫസ്റ്റ് ക്ലാസെന്നും പേരിട്ട് വിളിച്ച രൂപത്തിലും നിറത്തിലും മുന്തി നിന്ന കസേരകൾ നിറയ്ക്കുന്നവർക്ക് ടിക്കറ്റ് വാങ്ങാനുള്ള സൗകര്യം തിയേറ്ററിന്റെ ഉള്ളിൽ തന്നെ ഒരുക്കി. അവർക്ക് ഉള്ളിലേയ്ക്ക് കയറാൻ പ്രത്യേക വാതിലുകൾ ഒരുക്കി. ഉള്ളിൽ ഇരുന്നവർ ‘താഴേയ്ക്ക്’ നോക്കിയപ്പോൾ തറക്കാരെ കണ്ടു, അവരെ കണ്ടപ്പോൾ അവർക്ക് ചിരി വന്നു, പക്ഷെ അവർ ചിരിക്കുന്ന ചിരികൾക്ക് ഒപ്പം ചിരിക്കാതിരിക്കാനും അവർ ശ്രമിച്ചു.

ഇനി ഇത്തരം തീയേറ്ററുകൾ – നമ്മുടെ നാട്ടിലെ തന്നെ കാര്യം എടുക്കുക – ആർക്കിടെക്ചറിന്റെ കാര്യത്തിലും ചില കൺകെട്ടുകൾ നടത്തിയിരുന്നു. സിനിമ എന്നത് വരേണ്യ വർഗ്ഗത്തിന് ‘താഴേക്കിടയിൽ’ കിടക്കുന്നവരുടെ വിനോദമായിരുന്നു. പക്ഷെ ഈ വരേണ്യ വർഗത്തെ കൂടി തീയേറ്ററുകളിലേയ്ക്ക് ആകർഷിക്കേണ്ടത് ഒരാവശ്യമായിരുന്നു – സിനിമ എന്ന വ്യവസായത്തിന്. ഇവിടെയാണ് തീയേറ്ററുകളുടെ പുറം ഭിത്തിയിൽ നെറ്റിപ്പട്ടം കെട്ടിയ ആനകളും, ക്ലാസിക്കൽ നൃത്തത്തിലെ സുന്ദരിമാരും, കഥകളിയും ഒക്കെ കടന്നു വരുന്നത്. സിനിമയെ സംസ്കാരം ഇല്ലാത്തവരുടെ കലയെന്നു തെറ്റി വിളിച്ചവർ തീയേറ്ററിന്റെ ഭിത്തിയിലെ കഥകളി രൂപത്തെ കണ്ടപ്പോൾ ഒന്ന് സംശയിച്ചു, പിന്നെ പതിയെ ഉള്ളിലേയ്ക്ക് വന്നു. എറണാകുളത്ത് കവിത തീയേറ്റർ ആരംഭിച്ചപ്പോൾ ബാൽക്കണിയിലെ വാതിൽപ്പടികൾ ആനക്കൊമ്പിൽ തീർത്തവയായിരുന്നുവെന്നും, തറയിൽ മേൽത്തരം മാർബിൾ പതിപ്പിച്ചിരുന്നുവെന്നും പൊറ്റക്കാട് തന്റെ ഡയറിയിൽ കുറിച്ചിട്ടുണ്ട്. റെസ്റ്റോറന്റുകളുടെ മുൻപിൽ വിലകൂടിയ ഭക്ഷണം പ്രദർശിപ്പിക്കുന്ന അതേ ബിസിനസ്സ് തന്ത്രം.

കാണുന്നത് ഒരേ സിനിമ ആണെങ്കിലും കാണുന്നവരെ കൃത്യമായി രണ്ടായോ മൂന്നായോ പിരിച്ചു നിർത്താൻ സിനിമ എന്ന വ്യവസായത്തിന് സാധിച്ചു. കാലം മാറി, അധ്വാനത്തിന് അതർഹിക്കുന്ന മാന്യത കൈവന്നു. ഈ പശ്ചാത്തലിലാണ് മൾട്ടിപ്ളെക്സുകൾ കടന്നു വരുന്നത്. ഒരൊറ്റ വാതിൽ, ഒരേ ടിക്കറ്റ് നിരക്ക്. നൂറ് വർഷത്തിൽ വന്ന സ്വാഗതാർഹമായ ഒരു മാറ്റം ആണിത്. മൾട്ടിപ്ലെക്സുകൾ ലക്ഷ്യമിടുന്നത് സിനിമ മാത്രമല്ലയെന്നും, പലപ്പോഴും ഭക്ഷണത്തിന്റെ വിറ്റു വരവിലും, പാർക്കിങ് സംവിധാനം ഒരുക്കുന്നതിൽ കൂടിയും സിനിമയുടെ ടിക്കറ്റിനെക്കാൾ പൈസ അവർ സമ്പാദിക്കുന്നുണ്ട് എന്നൊരു വസ്തുത തള്ളിക്കളയുന്നില്ല. എന്നിരിക്കിലും, ചരിത്രം വായിച്ചു വരുമ്പോൾ, ഒരു സിനിമ കാണാൻ വരുന്നവരെ മുഴുവനും ഒരേ വാതിലിലൂടെ കടത്തി വിടുന്നുവെന്നത് ചെറിയ കാര്യമല്ല. ഇത്രയൊക്കെ ദൂരം സഞ്ചരിച്ചാണ് സിനിമ ഇന്ന് ഓ റ്റി റ്റിയിൽ എത്തി നിൽക്കുന്നത്.

ഈ ചരിത്രം അറിയാത്ത ചില സിനിമ പ്രവർത്തകർ തങ്ങൾ സിനിമ എടുക്കുന്നത് ‘സാധാരണക്കാർക്ക്’ വേണ്ടിയാണെന്ന് പറയുന്നത് കേൾക്കുമ്പോൾ ചിരി വരാറുണ്ട്; ലോ ക്ലാസിന് സിനിമ ഇഷ്ടപ്പെട്ടു എന്ന വില കുറഞ്ഞ ഫലിതം കേൾക്കുമ്പോൾ ദേഷ്യം വരാറുണ്ട്; നഷ്ടപ്പെട്ടു പോയ നല്ല കാലത്തെ തിയേറ്ററുകളെ പറ്റി ആവലാതികൾ കേൾക്കുമ്പോൾ തിരിഞ്ഞു നോക്കാൻ പറയാൻ തോന്നാറുണ്ട്. കാലം തിരുത്താത്ത തെറ്റുകൾ അധികം ഇല്ലെന്ന് തോന്നുന്നു, തിരുത്താൻ പലപ്പോഴും കൂടുതൽ സമയം എടുക്കുന്നുണ്ടെങ്കിലും.

അരുൺ ഓമന സദാനന്ദൻ.
പത്തനംതിട്ട മെഴുവേലി സ്വദേശി. ലോക സിനിമകൾ കാണുകയും സിനിമയെ പറ്റി പഠിയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു ജൈവ കർഷകൻ.’രക്തശാലി’യെന്ന നെല്ലിനം കൃഷി ചെയ്യുകയും ഔഷധ മൂല്യമുള്ള ഈ ഇനം ജനകീയമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

SUPPORT US

ദി ആർട്ടേരിയയുടെ സുതാര്യമായ പ്രവർത്തനത്തിനും സുഗമമായ നടത്തിപ്പിനും പ്രിയപ്പെട്ട വായനക്കാരിൽ നിന്ന് സാമ്പത്തിക പിന്തുണ പ്രതീക്ഷിക്കുന്നു.

Google Pay : 8078816827

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

  1. To me , the best ecstasy is when you can pen down that shit in your mind in the most eloquent way ! I guess you are on life time ecstasy bro .. fly high! ..

LEAVE A REPLY

Please enter your comment!
Please enter your name here