തൃശ്ശൂര്‍: നാടന്‍പാട്ട് രചയിതാവ് അറമുഖന്‍ വെങ്കിടങ്ങ്(65) അന്തരിച്ചു. നാടന്‍പാട്ടുകളുടെ മുടിചൂടാമന്നന്‍ എന്നായിരുന്നു അറുമുഖന്‍ അറിയപ്പെട്ടിരുന്നത്. 350 ഒളം നാടന്‍പാട്ടുകളുടെ രചയിതാവാണ്.
അന്തരിച്ച നടനും ഗായകനുമായ കലാഭവന്‍ മണി ആലപിച്ചിരുന്ന മിക്ക നാടന്‍പാട്ടുകളുടെയും രചയിതാവാണ് ഇദ്ദേഹം. മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍, പകലു മുഴുവന്‍ പണിയെടുത്ത്, വരിക്കച്ചക്കേടെ ചുള കണക്കിന് തുടങ്ങി കലാഭവന്‍ മണി പാടി ജനപ്രിയമാക്കിയ നിരവധി പാട്ടുകളുടെ രചന ഇദ്ദേഹമായിരുന്നു.
1998ല്‍ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ ‘കൊടുങ്ങല്ലൂരമ്പലത്തില്‍’, മീശമാധവനിലെ ‘ഈ എലവത്തൂര്‍ കായലിന്റെ’, ഉടയോന്‍ എന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ എന്നിവയുടെ വരികള്‍ എഴുതിയത് അറുമുഖനാണ്. കൂടാതെ ധാരാളം ആല്‍ബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
തൃശ്ശൂര്‍ ജില്ലയിലെ വെങ്കിടങ്ങില്‍ നടുവത്ത് ശങ്കരന്‍-കാളി ദമ്പതികളുടെ മകനാണ് അറുമുഖന്‍. വിനോദ കൂട്ടായ്മകളിലും നാട്ടിന്‍പുറത്തെ ഗാനമേളകളിലും ഗാനങ്ങള്‍ രചിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് ഏനാമാവില്‍.
ഭാര്യ: അമ്മിണി, മക്കള്‍: സിനി, സിജു, ഷൈനി, ഷൈന്‍, ഷിനോയ്, കണ്ണന്‍ പാലാഴി, മരുമക്കള്‍: വിജയന്‍, ഷിമ, ഷാജി, അമ്പിളി, സതി, രമ്യ.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

