വാർത്തകളിൽ ആഘോഷിക്കപ്പെടുന്ന സ്ത്രീശരീരം

0
267
vishnuprasad-article-wp

വിഷ്ണുപ്രസാദ്

ആകാംഷ ഒരു വില്പന സാധ്യതയാണ് . ഒരു സമൂഹത്തിന്റെ ആവശ്യം ആ സമൂഹത്തിലെ ഓരോ വ്യക്തിയുടേയും കൂടിയാണ്. ആവശ്യങ്ങൾ നിറവേറ്റി അതിലൂടെ പുത്തൻ ആവശ്യങ്ങൾക്ക് വഴിയൊരുക്കി ലോകം കച്ചവടം ചെയ്യുമ്പോൾ മലയാള വാർത്താ വിതരണ കേന്ദ്രങ്ങളും മറ്റൊന്നല്ല ചെയ്യുന്നത്. പ്രത്യേകിച്ച് വാർത്ത സ്ത്രീ കേന്ദ്രീകൃതം ആകുമ്പോൾ. ഇതിന്റെ കാരണം മലയാളിയുടെ ലൈംഗിക ദാരിദ്യ്രവും , വൈകൃതവും മാത്രമാണ് . ഈ അടുത്ത കാലത്തെ പ്രധാനപ്പെട്ട ചില സ്ത്രീ കേന്ദ്രീകൃത വാർത്തകൾ നോക്കാം. സരിത നായർ, വഫാ ഫിറോസ്, ജോളി കൂടത്തായി തുടങ്ങി ഒടുവിൽ സ്വപ്ന സുരേഷിൽ എത്തി നിക്കുന്ന ഇത്തരം വാർത്തകളിൽ സ്ത്രീ വാദിയോ, പ്രതിയോ എന്നതിലുപരി ഒരു ഉപകരണം കൂടിയാണ്. പുരുഷമേധാവിത്വം അതിന്റെ അധികാരം തീൻ മേശ തൊട്ട് വിദ്യാലയങ്ങളും, ദേവാലയങ്ങളും കൈയ്യടക്കി ഓരോ വ്യക്തിയുടെയും സ്വതന്ത്ര ചിന്താമണ്ഡലത്തിൽ എത്തി നിലയുറപ്പിക്കുമ്പോൾ അവൻറെ കാഴ്ചപ്പാടിൽ പുരുഷൻ സജീവ കേന്ദ്രവും സ്ത്രീ നിഷ്ക്രിയ കേന്ദ്രവുമാകുന്നു.

ഇത്തരം സമൂഹം പുരുഷന്റെ ആവശ്യത്തിനും ആകാംഷയ്ക്കുമൊത്തു മുന്നോട്ട് പോകുന്നു. കൃത്യമായ ലൈംഗിക വിദ്യാഭ്യാസവും അവബോധവും ഇല്ലാത്ത ‘മലയാളി പുരുഷന്റെ ‘ വൈകൃത സങ്കല്പത്തിനെ തൃപ്തിപെടുത്തി കൃത്രിമമായി കൈകാര്യം ചെയ്യാൻ നല്ല പാടവമുള്ള വാർത്താ ചാനലുകൾ നിറപ്പകിട്ടോടെ അവന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. അതാണ് ഇത്തരം വാർത്തകളിൽ സ്ത്രീ ശരീരം വ്യൂവർഷിപ് കിട്ടാനുള്ള ഉപകരണമായി ഉപയോഗിക്കപ്പെടുന്നത് .

ജൂലൈ 7ന് മലയാള മനോരമ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത സ്വർണക്കടത്തു സംബന്ധിച്ച വാർത്താന്വേഷണത്തിന്റെ തലക്കെട്ട് വളരെ ‘ആകർഷകമാണ് ‘.”സ്വർണക്കടത്തിന്റെ കാണാവഴികൾ ‘സ്വപ്നലോകം’, പ്രഹരമേറ്റ് സർക്കാർ”. ഇത് വെറുമൊരു തലക്കെട്ട് മാത്രമല്ല പകരം ഒരു ‘ടാഗ്’ കൂടിയാണ്. മലയാളിയുടെ കൈവിരലിന്റെ സഞ്ചാരമറിയുന്ന ഇവർ ഗോൾഡ് സ്മഗ്ലിങ് എന്ന ടാഗ് കൂടാതെ അടുത്തതായി കൊടുത്തിരിക്കുന്നത് സ്വപ്ന സുരേഷ് എന്ന ടാഗാണ്, ഇത് യാദൃശ്ചികമെന്നു അനുമാനിക്കണമെങ്കിൽ, കൂടെ ‌ശിവശങ്കർ എന്നൊരു ടാഗ് കൂടി ഉണ്ടാവേണ്ടതുണ്ട്.

ഒളിഞ്ഞിരിക്കുന്ന എന്തോ കണ്ടെത്താനുള്ള സമൂഹത്തിന്റെ വ്യഗ്രതയാണ് ഇത്തരം മാധ്യമസംസ്കാരത്തിനു വഴിയൊരുക്കുന്നത്. പല മാധ്യമങ്ങളും ‘പ്രൈവറ്റ് ‘ എന്ന് തോന്നിപ്പിക്കുന്ന സ്വപ്നയുടെ ചിത്രങ്ങളും വിഡിയോകളും ടെലികാസ്ററ് ചെയ്തിരിക്കുന്നത്. എന്നാൽ ഈ കേസിലെ പ്രമുഖ പ്രതിയായ ശിവശങ്കറിന്റെ ‘ഒഫീഷ്യൽ ‘ അല്ലാത്ത ഒരു അടയാളങ്ങളും കാണുവാൻ സാധ്യമല്ല. ഇതിന്റെയർത്ഥം ശിവശങ്കറിന്‌ പ്രൈവറ്റ് ലൈഫ് ഇല്ലെന്നല്ല, ഒരാണിന്റെ പ്രൈവറ്റ് ലൈഫിനു ‘മാർക്കറ്റ് ‘ ഇല്ല എന്നതാണ് .

ചാനലുകളുടെ ഭാഗത്തുനിന്നും ഉണ്ടായ ഏറ്റവും ഐറോണിക്കൽ ആയിട്ടുള്ള ഒരു കാര്യമാണ് ‘chasing ‘ സോളാർ കേസിൽ നടന്ന ‘CD ചെയ്‌സിംഗ് ആരും മറന്നുകാണില്ല.അതേ സമീപനമാണ് സ്വർണക്കടത്തു കേസിലും ഉണ്ടായിരിക്കുന്നത്. ‘Scandalous’ വിഡിയോഗ്രഫി. വഴിനീളെ ക്യാമറയുമായി പിന്തുടരുന്നതിലൂടെ വ്യൂവർഷിപ് വർദ്ധനവ് എന്നതിലുപരി എന്ത് വാർത്താ പ്രാധാന്യമാണ് ഉളവാക്കുന്നത് എന്ന് ചിന്തിക്കേണ്ടതുണ്ട്.

Visual and other pleasures‘ എന്ന തൻറെ പുസ്തകത്തിൽ പ്രശസ്ത ബ്രിട്ടീഷ് ഫിലിം തിയറിസ്റ് ‘ലോറ മുൾവേ ‘ ദൃശ്യ മാധ്യമങ്ങളുടെ ഈ പ്രവണതയെക്കുറിച്ച് പറയുന്നുണ്ട്.

“ലൈംഗിക അസന്തുലിതാവസ്ഥയാൽ ക്രമീകരിക്കപ്പെട്ട ഒരു ലോകത്ത് ‘കാണാനുള്ള ആനന്ദം ‘ സജീവ പുരുഷനും, നിഷ്ക്രിയ സ്ത്രീയും തമ്മിൽ വിഭജിക്കപ്പെട്ടിരിക്കുന്നു. പുരുഷൻ നിർണയിക്കുന്ന നോട്ടം (male gaze) അതിൻറെ ഫാന്റസി സ്ത്രീ രൂപത്തിലേക്ക് പ്രൊജക്റ്റ് ചെയ്യുന്നു .”

ഇത്തരത്തിലാണ് ദൃശ്യ മാധ്യമങ്ങൾ ഇന്ന് പ്രവർത്തിക്കുന്നത്. ആകാംഷയെയും മാനസിക, വൈകാരിക ഉദീപനങ്ങളെയും വിറ്റു കാശാക്കുന്ന ഇവർ, ‘റിമ കല്ലിങ്കൽ ‘ പറഞ്ഞ പോലെ
‘ വലിയ മീൻ കക്ഷണം ’ ആണിന് തന്നെയാണ് വിളമ്പുന്നത് …

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന രചനകൾ editor@athmaonline.in എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കുക. അയയ്കുമ്പോൾ പേരും ഫോൺനമ്പറും കൂടി ചേർക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here