ദ്രൗപതി മുർമ്മുവിനെ ആഘോഷിക്കുന്നവരോട്

0
973

ലേഖനം

സുജിത്ത് കൊടക്കാട്

സംഘപരിവാറിന്റെ ആദിവാസി- ദളിത് മുഖമായ
ദ്രൗപതി മുർമ്മുവിനെ ബി.ജെ.പി നയിക്കുന്ന NDA മുന്നണി രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയതോടെ നവമാധ്യമങ്ങളിലെ പല നിഷ്കളങ്ക പ്രൊഫൈലുകളും ആഘോഷം ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലാദ്യമായി ഒരു ആദിവാസി – ദളിത് വിഭാഗത്തിൽപ്പെട്ടൊരാളെ , അതും ഒരു വനിതയെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കാൻ തീരുമാനിച്ച ബി.ജെ.പിക്ക് സല്യൂട്ട് നൽകാനും ഇക്കൂട്ടർ മടി കാണിച്ചില്ല.

വേടൻ വിരിച്ച വലയിലേക്ക് കിളികൾ കൂട്ടത്തോടെ വന്നുവീഴുന്നതുപോലെ ബി.ജെ.പി അജണ്ടയിലേക്ക് നിഷ്കളങ്ക മനുഷ്യർ അറിയാതെ ചെന്നു വീഴുകയാണ്. ദ്രൗപതി മുർമ്മു എന്ന ആദിവാസി – ദളിത് വനിതയെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നു എന്നതിനപ്പുറത്തേക്ക് ബി ജെ പി സംഘപരിവാർ ശക്തികൾ ദളിത് – ന്യൂനപക്ഷ വിഭാഗങ്ങളോട് കാലങ്ങളായി സ്വീകരിച്ചു കൊണ്ടിരിക്കുന്നതും ,ഇപ്പോൾ സ്വീകരിക്കുന്നതുമായ സമീപനങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്നതല്ലേ നാം ചർച്ച ചെയ്യേണ്ടത്. ദ്രൗപതി മുർമ്മുവിനെ മുൻനിർത്തിക്കൊണ്ട് രാജ്യത്ത് സംഘപരിവാർ ശക്തികളുടെ ഒത്താശയോടുകൂടി നടപ്പിലാക്കി കൊണ്ടിരിക്കുന്ന പീഡനങ്ങളേയും അക്രമങ്ങളേയും മായ്ച്ചു കളയാമെന്ന ലക്ഷ്യമാണ് ബിജെപിക്ക് ഇതിന് മുകളിലുള്ളത്. ദളിത് വിഭാഗത്തിൽ പെട്ടൊരാൾ ഇന്ത്യയുടെ രാഷ്ട്രപതിയായാൽ മാത്രം ഈ വിഭാഗക്കാർ കാലങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന യാതനകൾക്ക് അറുതി വരില്ലെന്ന് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നാം മനസ്സിലാക്കിയതാണ്. ദളിത് – പിന്നോക്ക വിഭാഗത്തിൽ പെട്ട രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായപ്പോൾ കയ്യടിച്ച കപട ദളിത് സ്നേഹികളേയും നിഷ്കളങ്ക മനുഷ്യരേയും ഇന്ന് മഷിയിട്ട് നോക്കിയാൽ കാണാനില്ല.

യു.പി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദളിത് പീഡനങ്ങൾ തുടർക്കഥയാണ്. രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായിട്ടും അതിൽ അര ഇഞ്ച് പോലും കുറവ് വന്നിട്ടില്ല. മറാത്ത – ദളിത് മുന്നേറ്റത്തിന്റെ പ്രതീകമായ ഭീമ- കൊറേഗാവ് സ്മാരക ഭൂമിയിൽ യുദ്ധ വിജയത്തിന്റെ ഇരുന്നൂറാം വാർഷികാഘോഷത്തിന് വന്ന ആയിരകണക്കിന് ദളിതരെ സംഘപരിവാർ ശക്തികൾ കല്ലെറിഞ്ഞോടിച്ചതും, 28 വയസ്സുള്ള ഒരു ദളിത് ചെറുപ്പക്കാരൻ കൊല്ലപ്പെട്ടതും രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായിരുന്നപ്പോഴാണ്. ഹരിയാനയിലെ ഒരു ദളിത് കുടുംബത്തെ ആർ.എസ്.എസ് ഒത്താശയോടെ സവർണ്ണ രജപുത്ര സംഘം കൂട്ടത്തോടെ കൊന്നൊടുക്കാൻ മണ്ണെണ്ണയൊഴിച്ച് തീയിട്ടതും, രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ വെന്തു മരിച്ചതും രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായിരുന്നപ്പോഴാണ്. പതിന്നൊന്ന് മാസം പ്രായമുള്ള ദിവ്യയെന്ന കൈ കുഞ്ഞും രണ്ടര വയസ്സുകാരനായ വൈഭവും വെന്തുമരിച്ചപ്പോൾ ബി.ജെ.പി നേതാവായ കേന്ദ്രമന്ത്രി ഈ പിഞ്ചുകുട്ടികളെ പട്ടികളോടാണ് ഉപമിച്ചത്.

ജാതി വോട്ട് പിടിക്കാൻ തമിഴ് നാട്ടിലെ തിരുനെൽവേലിയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റായി ദളിത് സമുദായത്തിൽ പെട്ട
എ. മഹാരാജനെ നിയമിച്ചതിൽ പ്രതിഷേധിച്ച് മേൽജാതിക്കാരായ ഇരുപത് ബി.ജെ.പി നേതാക്കന്മാരാണ് രാജി വെച്ചത്. ദളിതനായ പ്രസിഡന്റിന്റെ നിർദ്ദേശങ്ങൾ പാലിക്കില്ലെന്ന് പറഞ്ഞാണ് ഇവർ രാജി വെച്ചത്. അപ്പോഴും ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദായിരുന്നു. മേൽപറഞ്ഞ സംഭവങ്ങളെല്ലാം തന്നെ ബി.ജെ.പി രാജ്യം ഭരിക്കുന്നതുകൊണ്ട് മാത്രം ഏറ്റെടുക്കേണ്ട ധാർമ്മിക ഉത്തരവാദിത്തങ്ങളല്ല. മറിച്ച് ഈ സംഭവങ്ങളിലെല്ലാം വേട്ടക്കാർ പ്രത്യക്ഷത്തിൽ തന്നെ ബി.ജെ.പി- ആർ.എസ്.എസ് നേതാക്കളോ സംഘപരിവാർ പ്രവർത്തകരോ ആണ്. ഇതുപോലെ പശുക്കടത്താരോപിച്ചും ഗോമാംസം ഭക്ഷിച്ചെന്നും പറഞ്ഞ് ദളിത് – ന്യൂനപക്ഷങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന സംഘ പരിവാറിന്റെ രാഷ്ട്രീയ പൊറാട്ട് നാടകം മാത്രമായിരുന്നു രാംനാഥ് കോവിന്ദിന്റെയും ഇപ്പോൾ ദ്രൗപതി മുർമുവിന്റേയും സ്ഥാനാർത്ഥിത്വം.

ആർ.എസ്.എസ് ആചാര്യനും ആർ.എസ്.എ സിന്റെ രണ്ടാമത്തെ സർസംഘചാലകുമായ മാധവ സദാശിവ ഗോൾവാൾക്കർ എഴുതിയ വിചാരധാരയാണ് സംഘപരിവാറിന്റെ ‘ബൈബിൾ ‘ എന്ന് മറന്ന് പോകരുത്. മനുസ്മൃതിയേയും ചാതുർ വർണ്യത്തേയും പിന്തുണക്കുന്ന വിചാരധാരയിൽ, ദളിതർ നാല് വർണ്ണങ്ങളിലും പെടാത്തവരാണ്. ശൂദ്രന്മാർക്കും കീഴെയുള്ള ഈ വിഭാഗം പഞ്ചമന്മാർ എന്നാണറിയപ്പെടുന്നത്. ഇക്കൂട്ടരെ അക്കാലത്ത് മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. മാത്രമല്ല മുസ്ലീം-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെയും കമ്മ്യൂണിസ്റ്റ്കാരെയും ആഭ്യന്തര ശത്രുക്കളായി കണക്കാക്കണമെന്നും വിചാരധാര പ്രഖ്യാപിക്കുന്നു. ഈ പ്രഖ്യാപനങ്ങളെയെല്ലാം നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണ്‌ ആർ.എസ്.എസ് ഉം ബി.ജെ.പി യും .അതാണവർ ഇവിടെ നടപ്പിലാക്കി കൊണ്ടിരിക്കുന്നതും. അതുകൊണ്ടാണ് കാൾ സാഗനെ പോലെ ഒരു ശാസ്ത്രകാരനാകണം എന്നാഗ്രഹിച്ച രോഹിത് വെമുല എന്ന ദളിത് വിദ്യാർത്ഥിക്ക് സവർണ്ണ ഹിന്ദുത്വ പീഡനങ്ങൾക്ക് മുന്നിൽ ജീവത്യാഗം ചെയ്യേണ്ടി വന്നത്.

ദളിത് – ആദിവാസി വിഭാഗത്തിൽ പെട്ട ദ്രൗപതി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിത്വത്തിലേക്ക് പ്രതിഷ്ഠിക്കുന്ന ഇതേ സമയത്താണ് ബി.ജെ.പി സർക്കാർ അഗ്നി പദ്ധത് പദ്ധതി നടപ്പാക്കാൻ തീരുമാനിക്കുന്നതും ഇതിലേക്കുള്ള റിക്രൂട്ട്മെന്റിലേക്ക് സംവരണം പൂർണ്ണമായി ഒഴിവാക്കുന്നതും. ഈ ദളിത് വിരുദ്ധ രാഷ്ട്രീയം ചർച്ച ചെയ്യാതെയാണ് പലരും ദ്രൗപതി മുർമ്മുവിനെ ആഘോഷിക്കുന്നത്. അല്ലെങ്കിൽ പച്ചയായ ഇത്തരം ദളിത് വിരുദ്ധ മനോഭാവം മറച്ചു വെക്കാൻ കൂടിയാണ് സംഘപരിവാറിന്റെ ഈ കപട ദളിത് പ്രേമം.

ദളിത് ഐഡിന്റിറ്റിയിൽ രാംനാഥ് കോവിന്ദിനെ
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിച്ചപ്പോൾ അദ്ദേഹം മുൻകാലങ്ങളിൽ സ്വീകരിച്ച പിന്നോക്ക – ന്യൂനപക്ഷ നിലപാടുകൾ പോലും ചർച്ച ചെയ്യപ്പെട്ടിട്ടില്ല. 2010 ൽ ന്യൂനപക്ഷ – പിന്നോക്ക വിഭാഗങ്ങൾക്ക് നൽകുന്ന സംവരണത്തിനെതിരെ രാംനാഥ് കോവിന്ദിന്റെ പരാമർശം വൻ വിവാദമായിരുന്നു. ഒരു കാര്യം പ്രത്യേകം മനസ്സിലാക്കുക. ബി.ജെ.പിയുടെ മുസ്ലീം മുഖമായ മുക്താർ അബ്ബാസ് നഖ്‌വി കേന്ദ്ര ന്യൂനപക്ഷ മന്ത്രിയായിരിക്കുമ്പോഴാണ് മുസ്ലീം ന്യൂനപക്ഷങ്ങൾക്ക് നേരെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടന്നത്. പൗരത്വ നിയമവും കാശ്മീരിന്റെ പ്രത്യേക ഭരണഘടനാ വകാശം റദ്ദാക്കിയതും ലക്ഷദ്വീപിന്റെ സാംസ്കാരിക പൈതൃകം തകർക്കാനുള ശ്രമവുമെല്ലാം ഇതിന് ഉദാഹരണമാണ്. ഇത്തരം സാഹചര്യങ്ങളിൽ ജനിച്ച ജാതി , കുലം, മതം എന്നതിനപ്പുറത്തേക്ക് നാം ശ്രദ്ധിക്കേണ്ടത് ആ വ്യക്തികളും അവർ പ്രതിനിധാനം ചെയ്യുന്ന സംഘടനകളും സ്വീകരിക്കുന്ന നിലപാടുകളാണ്. ജന്മം കൊണ്ടാരും മതനിരപേക്ഷ വാദിയും ജനാധിപത്യവാദിയുമാകുന്നില്ല. അത് കർമ്മം കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. പുരുഷാധിപത്യ നിലപാടുകൾ സ്വീകരിക്കുന്ന ചില സ്ത്രീകളെ പോലെ ദളിതർക്കിടയിൽ നിന്ന് സവർണ്ണ മനോഭാവമുള്ളവരെയോ സവർണ്ണ ഹിന്ദുത്വത്തിനുമുന്നിൽ മുട്ടുമടക്കുന്നവരെയോ കൊണ്ടുവന്ന് മറ്റൊരു ഭാഗത്തു കൂടെ ദളിത് – ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ നടപ്പിലാക്കുക എന്നതാണ് ബി ജെ പി യുടെ പ്രധാന അജണ്ട. ഇങ്ങനെ ചെയ്യുന്നതിലൂടെ തങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുന്ന ദളിത് – ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ ചർച്ച പോലുമാക്കാതെ ദളിത് ആഭിമുഖ്യമുള്ള നിഷ്കളങ്ക മനുഷ്യരുടേയും രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ കൈക്കലാക്കുക എന്ന ഉദ്ദേശ്യവും ബിജെപിക്കുണ്ട്.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ആധികാരിക വിജയം ഉറപ്പാക്കണമെങ്കിൽ എൻഡിഎക്ക് പുറമേയുള്ള കക്ഷികളുടെ പിന്തുണ കൂടി ആവശ്യമാണ്. ഒഡീഷക്കാരിയും നേരത്തെ ബിച്ചു ജനതാദൾ മന്ത്രിസഭയിൽ അംഗവുമായിരുന്ന ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കാൻ നവീൻ പട്നായ്ക്കും മുർമു ഉൾപ്പെടുന്ന സാന്താൾ ഗോത്രം സജീവമായ ആന്ധ്രയിൽ നിന്ന് ജഗ് മോഹൻ റെഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസ്സും ദ്രൗപതി മുർമ്മുവിനെ പിന്തുണച്ചേക്കുമെന്ന കണക്കു കൂട്ടലുകൾ ബി.ജെ.പിക്ക് നേരത്തെ ഉണ്ടായിരുന്നു. ദളിത്- ഗോത്ര പിന്നോക്ക വിഭാഗങ്ങൾ, പ്രത്യേകിച്ച് മുണ്ട – സാന്താൾ വിഭാഗങ്ങൾ ഭൂരിപക്ഷമുള്ളയിടമാണ് ജാർഖണ്ഡ് . ഇവിടെ നിന്ന് ഹേമന്ത് സോറനും അദ്ദേഹത്തിന്റെ പാർട്ടിയായ ജെ.എം.എം.നും മുർമുവിനെ പിന്തുണക്കാതിരിക്കുക എന്നത് ഉത്തരേന്ത്യൻ ജാതി രാഷ്ട്രീയം വച്ചു നോക്കിയാൽ ആത്മഹത്യാപരമായിരിക്കും. ഇത് ബിജെപിക്ക് നന്നായറിയാം.മാത്രമല്ല മുർമ്മു മുൻ ജാർഖണ്ഡ് ഗവർണ്ണർ കൂടിയാണ്. ഇത്തരത്തിലുള്ള എൻഡിഎ ഇതര കക്ഷികളുടെ വോട്ടാണ് ബി.ജെ.പി. പ്രധാനമായും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
അവരെന്തൊക്കെ പറഞ്ഞു എന്നതിനപ്പുറത്തേക്ക് അവരെന്തൊക്കെ പറഞ്ഞില്ല എന്നതാണ് സംഘപരിവാർ അജണ്ടകളുടെ ഏറ്റവും പ്രധാന പ്രത്യേകത.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here