ഈ പുഴയും കടന്ന്

0
375

ഓർമ്മക്കുറിപ്പ്

സുഗതൻ വേളായി

പിന്തിരിഞ്ഞു നോക്കുമ്പോൾ പുഴയോർമ്മകൾ കുലംകുത്തിയൊഴുകുന്നു. എന്റെ ബാല്യകാല ഓർമ്മകൾ ബലികഴിക്കപ്പെടാതിരിക്കാനുള്ള കാരണം ഒരുപക്ഷെ, പുഴയോരം ചേർന്നുള്ള വിശാലമായ പറമ്പിലെ ആ പഴയ ഓലപ്പുര വാസം തന്നെ. അടുക്കള തൊടിയിൽ നിന്നും ഇറങ്ങുന്നത് നേരെ പുഴയിലേക്ക്. പാറ വെട്ടിയൊരുക്കിയ പടവുകളും അലക്കു കല്ലുകളും ഉള്ള കടവ്. വെള്ളിലയും കുറുക്കൂട്ടിയും ചീങ്ങയും ചേര്, ഉപ്പില, മുരിക്ക് മുതലായ മരങ്ങളും കാടുപിടിച്ച പുഴ അതിരുകൾ ….

പുഴ എനിക്ക് കളിത്തോഴിയും പ്രണയിനിയും ആയിരുന്നു. അവളോടൊപ്പം കളി ചിരിയും പരിഭവവുമായി കഴിഞ്ഞു പോയ കുട്ടിക്കാലം. ഓരങ്ങളിലെ പഞ്ചാരമണലിൽ കുഴികുത്തിയും വെള്ളാരം കല്ലു തിരഞ്ഞും കൂട്ടുകാരോടൊത്ത് ആടി തിമർത്ത വേനലവധിക്കാലങ്ങൾ. പൂഴിയിൽ കൊഴിഞ്ഞുവീണ ഞാവൽ പഴം തിന്ന് വായ ശ്യാമവർണ്ണമാകും. കൗമാരത്തിൽ പുഴയുടെ തീരത്ത് ഏകനായിരുന്ന് മധുരസ്വപ്നങ്ങൾ പങ്കുവെയ്ക്കും. ചിലപ്പോൾ നൊമ്പരങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും സ്വയം അയവിറക്കി അങ്ങനെ…. കൊച്ചു കല്ലുകളെടുത്തെറിഞ്ഞ് അവളെ തെല്ലു നോവിച്ചും കൊച്ചുവർത്തമാനങ്ങൾ പറഞ്ഞും നേരം കൊല്ലും. ചില ദിവസങ്ങളിൽ പുഴയിലേക്ക് കണ്ണും നട്ട് മൗനം കുടിച്ച് വററിച്ച് ഏകാന്ത കാമുകനാകും. പുഴയും തോടും കവുങ്ങിൻ തോപ്പുകളുള്ള നടവരമ്പുകളും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടശേഖരങ്ങളും കണി കണ്ടുണരുന്ന കാലം. രാത്രിയുടെ നിശബ്തയിൽ പുഴയിലെ നീരൊഴുക്കിന്റെ നിലയ്ക്കാത്ത സംഗീതം. കാറും കോളും നിറഞ്ഞ മഴക്കാലത്ത് പുഴയുടെ രൗദ്ര താണ്ഢവം. വേനൽക്കാലത്ത് വേച്ചുവേച്ചങ്ങിനെ…….

പുഴയിലെ വെള്ളത്തിന് ഓരോ കാലങ്ങളിലും നിറം മാറും. കിഴക്ക് കോള് മാറി മഴപെയ്താൽ കലങ്ങി മറിഞ്ഞ കടും നിറമായിരിക്കും. അപ്പൊ മുടിയഴിച്ചിട്ട് അട്ടഹസിച്ച് പ്രതികാരദാഹിയാകുമവൾ. കർക്കിടകത്തിൽ കരകവിഞ്ഞ് പുഴയും വയലും തോടും ഒന്നായി മാറും. വാഴത്തടകൾ ചേർത്ത് കോർത്ത് ചങ്ങാടമാക്കി കോല് കുത്തി തുഴയുന്നത് ഒരു ഹരം. മരത്തടികളും കമ്പുകളും വാഴത്തടകളും തേങ്ങയും പുഴയിലൂടെ ഒഴുകി വരും. നീർക്കോലികൾ തലങ്ങും വിലങ്ങും തലപ്പൊക്കിപ്പിടിച്ച് പുഴയിലൂടെ നീന്തും. തെളിഞ്ഞ ചിങ്ങത്തിൽ പളുങ്ക് വർണ്ണത്തിൽ അവൾ ശാലീന സുന്ദരിയാകും; പാദസരം കിലുക്കി നാണത്തിൽ മുഖം പൂഴ്ത്തികൊണ്ട്. പുഴയോരങ്ങളിൽ വെള്ളാമ്പൽ പൂക്കളും കുളവാഴയും പുഴമഞ്ഞളും തെളിഞ്ഞു വരും. കൈതപൊന്തയ്ക്കകത്തുനിന്നും കുളക്കോഴികൾ കുഞ്ഞുങ്ങളുമൊത്ത് പുഴയിൽ സവാരി നടത്തും.

ഉച്ചകഴിഞ്ഞുള്ള ഇടനേരത്ത് കടവിൽ നിന്നും സ്ത്രീകളുടെ പരദൂഷണവും തുണി അലക്കുന്നതിന്റെ ഒച്ചയും കേൾക്കാറുണ്ട്. ഒപ്പം കുട്ടിപ്പട്ടാളങ്ങളുടെ കുളി ബഹളവും. അലക്കിന്റെ മൊടയും 501 ബാർ സോപ്പിന്റെ വാടയുമുള്ള പടവുകളിലുരുന്ന് പുഴയിലേക്ക് കൈ കുമ്പിൾ താഴ്ത്തിയാൽ കണ്ണി കുറിയന്മാർ ഓടി വരും. കാൽപ്പാദങ്ങൾ ഇറക്കി വെച്ചാലോ ഇക്കിളിപ്പെടുത്തുമാറ് പതുക്കെ കടിച്ചു കൊണ്ട് ചേറിളക്കും. തെളിഞ്ഞ വെള്ളത്തിൽ കടുങ്ങാലിയുടെ പളപ്പും സ്വർണ്ണമത്സ്യങ്ങളുടെ കുസൃതിയും കാണാം. തോർത്തു വലയിൽ പിടിച്ച സ്വർണ്ണമത്സ്യത്തെ ഹോർലിക്സ് കുപ്പിയിലിട്ട് ജനൽപ്പടിയിൽ ഒന്നു രണ്ടു ദിവസം സൂക്ഷിക്കും. ഓരോ മീനിനും നമ്മൾ തരം പോലെ പേരു നൽകും. കുറച്ചു മാറി ഇടവഴിയുടെ ഒരു തിരിവിലാണ് മറ്റൊരു കടവ്. അവിടെ സായംസന്ധ്യയിൽ കടുങ്ങോനച്ചൻ കോണകമുടുത്ത് തന്റെ കാളകളെ കുളിപ്പിക്കുന്നത് കാണാറുണ്ട്.

എന്റെ കുഞ്ഞോർമ്മയിൽ തടിപ്പാലമായിരുന്നു. പുഴക്കരയുള്ള ഒരു പറമ്പിൽ പണ്ട് നീളൻ പനകളുണ്ടായിരുന്നു. കാലാകാലങ്ങളിൽ പാലത്തിനു വേണ്ടി കുരുതി കൊടുക്കാനായിരുന്നു അതിന്റെ വിധി. പിന്നീട് രണ്ടടി വീതിയുള്ള കോൺക്രീറ്റ് പാലം വന്നു. ഉദ്ഘാടന മാമാങ്കമോ താലപ്പൊലിയോ പരിവാരങ്ങളോ പേരിന് ശിലാഫലകം പോലും ഉണ്ടായിരുന്നില്ല. ഒരു മേസ്തിരി പണിക്കാരൻ സിമന്റിൽ എഴുതി വെച്ച 1975 എന്ന കൊല്ലവർഷം കാലപ്പഴക്കത്തിന്റെ പൂപ്പലുകൾക്കിടയിൽ നിന്നും ഒരു പക്ഷെ ഇപ്പൊഴും കണ്ടെടുക്കാനാകും. കൈവരിയുടെ ഇരുമ്പുപൈപ്പിലൂടെ ഒരു വശത്ത് ചെവി ചേർത്ത് മറുവശത്ത് നിന്നും കൂകി രസിച്ചിരുന്നു. ഏതോ വിരുതൻമാർ മൂത്രശങ്ക തീർത്തതിന്റെ വാടകാരണം ആ കലാപരിപാടിയും നിർത്തി. മധ്യവേനലവധിയിൽ പുഴ നമുക്ക് കളിത്തോഴിയാകും. അപ്പോൾ പഞ്ചാര പൂഴിമണലും വെള്ളാരം കല്ലുകളും മിനുങ്ങിയ കൊത്തൻ കല്ലുകളും നമ്മുടെ കളിപ്പാട്ടങ്ങളാകും. ചിലപ്പോൾ പുഴ കലക്കിയുള്ള മീൻപിടുത്തവും ഉണ്ടാകും. മുഴു, കടു, കൈയ്ച്ചൽ, ആരൽ, മുഷി എന്നീ വില്ലന്മാരെ കാണുക അപ്പൊഴാണ്‌. ചില മാളങ്ങൾ ഞണ്ടുകളുടെ താവളമാണ്. അവറ്റകളെ പിടിക്കാൻ പച്ച ഈർക്കിൽ അറ്റം ചുറച്ച് മാളത്തിലേക്ക് ഇട്ട് ഒരു സൂത്രമുണ്ട്. പുഴ അർത്ഥഗർഭമായ മൗനങ്ങളാൽ അതിന്റെ ആഴവും ചുഴിയും ഒഴുക്കും വഴുക്കലുമുള്ള പാറക്കൂട്ടങ്ങളും പിടി തരാതെ ഒളിച്ചുവെയ്ക്കും. അവളെ അടുത്തറിഞ്ഞവർക്ക് മാത്രം തിരിച്ചറിയാൻ പറ്റുന്ന ചില സൂചനകൾ തരും. വെള്ളത്തിന്റെ നിറവ്യത്യാസവും തീരനിരീക്ഷണവും അടിയൊഴുക്കുകളും കൊണ്ട് നമുക്ക് അത്തരത്തിലുള്ള അപകടമേഖല തിരിച്ചറിയാൻ കഴിയും.

കുറച്ചപ്പുറം പൂഴിമണൽ പരിസരത്ത് നള്ളാളിലെ മൂത്തച്ഛൻ പരിപാലിക്കുന്ന കരിമ്പിൻ തോട്ടം. അദ്ദേഹത്തിന്റെ നരച്ച തല പോലെയുള്ള മിനുമിനുത്ത കരിമ്പിൻ പൂക്കൾ. വല്ലപ്പോഴും അവരുടെ ഔദാര്യത്താൽ ഒരു കരിമ്പിൻ തണ്ട് തുണ്ടം തുണ്ടമാക്കി പിള്ളേരെ വിളിച്ച് വട്ടത്തിൽ നിർത്തി കൊത്തിയിട്ടു തരും. കടിച്ചുകാർന്ന് തിന്നുന്നതിനൊപ്പം നാക്കിൽ നിന്ന് തൊണ്ടയിലേക്ക് കിനിഞ്ഞിറങ്ങുന്ന പഞ്ചാര രസം. വിശാലമായ പാടശേഖരങ്ങളിൽ നെല്ലും വാഴയും കപ്പയും പച്ചക്കറിയും വെള്ളരിയും കൃഷി ചെയ്തിരുന്നു. ഓരോ വിത്തു വിതയ്ക്കലിനും വിളവെടുപ്പുവേളകളിലും പാടത്തിന്റെ നിറവും മണവും മാറും. കാററത്ത് ഇളകുന്ന ഓളപരപ്പുപോലെ പച്ചപ്പട്ടു വിരിച്ച നെൽവയലുകൾ. ചില ഇടവേളകളിൽ നാട്ടി (ഞ്ഞാറ്റു) പാട്ടിന്റെ ഈണവും പിരിയോലയും തലക്കുടയും ചൂടിയ കൃഷിപ്പണിക്കാർ ഈറൻ മഴയിൽ പരാതിയില്ലാതെ…..

പച്ച നെൽ കതിരിൽ നിന്നും ഉതിർത്തെടുത്ത നെൻമണികളിൽ നിന്നും അമ്മിഞ്ഞപാലിന്റെ നറുംമണം നുകരാം. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ അരിപ്രാവുകൾ കൊത്തിപ്പെറുക്കും. വർണ്ണതുമ്പികൾ (അക്കാൻ പൊക്കമാർ) ആകാശത്തിൽ പറന്നുല്ലസിക്കും. ഞാറ്റുവേലയ്ക്ക് പരുവപ്പെടുത്തിയ കണ്ടത്തിന്റെ വരമ്പിൽ ഒറ്റക്കാലിൽ തപസ്സു ചെയ്യുന്ന കൊറ്റി. വാഴത്തോപ്പുകളിൽ ഇലച്ചാർത്തിന്റെ കുളുർമ്മ. വാഴപ്പൂക്കൾ കൊഴിഞ്ഞു വീണതിന്റെയും ചണ്ടിയുടെയും ജൈവ വളത്തിൻ്റെയും ഗന്ധം. വാഴപ്പൂക്കളിൽ നിന്നും തേൻ നുകരുന്ന തേനീച്ചകൾ. ഇത്തിരി തേനൂറ്റി കുടിക്കാൻ താഴെ വീണു കിടക്കുന്ന കൂമ്പിതളിൽ നമ്മളും തെരയാറുണ്ട്. നിരനിരയായ് നട്ടുനനച്ചു പരിപാലിച്ചു പോരുന്ന മരച്ചീനി തോട്ടങ്ങൾ. അതിന്റെ പച്ചിലക്കുടപന്തൽ. !  കട്ടക്കോലുകൊണ്ട് ഉടച്ചു ചെറുതാക്കിയ മൺകട്ടകൾ . ആണികളിൽ കെട്ടികിടന്ന ചെറിയ ഒഴുക്കിൽ ചെറുമീനുകളുടെ പിടച്ചിലുകൾ.

വയലുകളിൽ കാണപ്പെടുന്ന കുളങ്ങളിൽ ഇടിഞ്ഞു പൊളിഞ്ഞ ഒതുക്കുകല്ലുകളും  ഉടഞ്ഞ മൺപാത്രത്തിൻ്റെ കഷണങ്ങളും കുളവാഴയും ആമ്പൽ പൂക്കളും ജലത്തിന്റെ അഗാധനീലിമയും ഭയവും. വയൽ വരമ്പുകളിലൂടെ നടന്ന് തഴമ്പിച്ച നെടുവരമ്പുകൾ പഥികരെ ലക്ഷ്യസ്ഥാനമെത്തിക്കും. പട്ടണത്തിലേക്കുളള ബസ്സിനും പല വ്യഞ്ജനത്തിനും തറി മരുന്നു കടയിൽ നിന്നും കുഴമ്പും പച്ചെണ്ണയും വാങ്ങാനും അന്തിക്കള്ള് മോന്താനായി ഷാപ്പിലേക്ക് പോകുന്നവർക്കും ഈ വഴി തന്നെ ശരണം.

സൂര്യൻ ചെഞ്ചായം പൂശിയ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് ഒരേ താളത്തിൽ ചിറകുവിരിച്ച് പറന്നകലുന്ന പക്ഷികൾ. അകലെ ഒറ്റപ്പെട്ടു നിൽക്കുന്ന പാലമരത്തിലേക്കായുള്ള രാപ്പാർക്കൽ. അതിന്റെ ഉച്ചിയിൽ പകൽനേരങ്ങളിൽ കടവാതിലുകൾ തല കീഴ്‌പ്പോട്ടാക്കി തൂങ്ങിക്കിടക്കാറുണ്ട്. പണ്ടെപ്പൊഴൊ നശിച്ചുപോയ ഒരു കാവ് അവിടെ ഉണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്. മുടിയഴിച്ചിട്ട് കൊലുന്നനെയുള്ള യക്ഷിപ്പാല കുട്ടിക്കാലത്തെ പേടി സ്വപ്നമായിരുന്നു. തവളക്കരച്ചിൽ, കീരാങ്കീരികളുടെ നിരന്തരമായ കിരി കിരി ശബ്ദങ്ങൾ, കാക്ക, കോഴി, മൈന, പക്ഷികളിലെ മിമിക്രിക്കാരനായ കാരാടൻ ചാത്തൻ, ചെമ്പോത്ത്, ചപ്പിലക്കിളി, പശു, ആട് ,പട്ടി, പൂച്ച തുടങ്ങിയ പക്ഷിമൃഗാദികളുടെ പരിചിതമായ ശബ്ദങ്ങൾ. കൂടാതെ വൃക്ഷലതാദികളുടെയും കാററിന്റെയും മഴയുടെയും മൂങ്ങയുടെയും മററനേകം തിരിച്ചറിയാൻ പറ്റാത്തത്ര ജൈവവൈവിധ്യങ്ങളുടെയും വ്യത്യസ്തമായ നാദലയങ്ങൾ. ചില ഈറൻ രാത്രികളിൽ കവുങ്ങിൻ തലപ്പുകളിലും മരങ്ങളുടെ ശിഖിരങ്ങളിലും മിന്നാമിനുങ്ങുകളുടെ വർണ്ണ വിസ്മയങ്ങൾ കാണാം. ആകാശത്ത് മത്താപ്പുവും കമ്പിപൂത്തിരിയും കത്തുന്നതുപോലെ…..അപ്പോൾ താഴെ കണ്ണാടിപ്പുഴയിലേക്ക് നോക്കി മുകളിൽ നിന്നും പൗർണ്ണമി പാൽപ്പുഞ്ചിരി പൊഴിക്കും.

ഓരോ വേനൽകാലത്തും മഴക്കെടുതികൾ വിതയ്ക്കുന്ന വർഷകാലത്തും ഞാൻ എന്റെ പുഴയെ ഓർക്കും. കാലത്തിനു മായ്ച്ചു കളയാൻ പറ്റാത്ത , അവളോടൊപ്പം കഴിഞ്ഞ ബാല്യകാല ഓർമകൾ അയവിറക്കി കൊണ്ട്. ഒരിക്കൽ എന്റെ പുഴയോടും പുരയിടത്തോടും വിടചൊല്ലി കൊണ്ട് ഹൃദയവ്യഥയോടെ പടിയിറങ്ങിയതാണ്. എന്റെ പ്രണയിനിയെയും ഏകാന്ത മൗനതീരങ്ങളേയും എപ്പൊഴെങ്കിലും തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ. കാലത്തിന്റെ കുതിച്ചു ചാട്ടത്തിൽ മതിമറന്ന മനുഷ്യന്റെ പൈശാചിക കരങ്ങൾ എന്റെ പുഴയേയും അവളുടെ ഉടയാടകളെയും പിച്ചിചീന്തിയിരിക്കാം. അതു കാണാനുള്ള കരുത്ത് എന്റെ ഹൃദയത്തിനില്ല. ഓർമ്മകൾ വറ്റാത്ത മനസ്സിന്റെ പച്ചതുരുത്തിന്റെ ചാരത്ത് എന്റെ പ്രണയിനിയെ ഞാൻ കുടിയിരുത്തട്ടെ….


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here