ഭക്തിയും വിഭക്തിയും ; ഇലന്തൂരിലേക്കുള്ള ദൂരം

0
451
Sugathan Velayi

ഓർമ്മക്കുറിപ്പ്

സുഗതൻ വേളായി

 

കേരളത്തെ നടുക്കിയ ഇലന്തൂരിലെ ഇരട്ട നരബലി വാർത്തകളുടെ ഭീതിയും തീയും പുകയും പെട്ടെന്ന് കെട്ടടങ്ങുന്ന മട്ടില്ല. ചാനലുകാരും ജനങ്ങളും ആ പൈശാചിക കൃത്യം നടന്ന വീട്ടിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. ജനത്തിരക്ക് പരിഗണിച്ച് നരബലി വീട് സന്ദർശനമെന്ന പരസ്യം വെച്ചു കൊണ്ട് ഓട്ടോക്കാരും ‘പുട്ടുകച്ചവടം’ തുടങ്ങി. വെള്ളപ്പൊക്കക്കാലത്തും മരടിലെ ഫ്ലാറ്റുകളുടെ സ്ഫോടന ദൃശ്യം കാണാനും തിരക്ക് കൂട്ടുന്ന ജനങ്ങളെ കേരളം കണ്ടിരുന്നു. വിശ്വാസം അതിര് വിട്ട് അന്ധവിശ്വാസമാവുകയും തുടർന്ന് ആഭിചാരവുമായിത്തീരുന്നു. സ്വയം പ്രഖ്യാപിത പ്രബുദ്ധമലയാളികളായ നമ്മൾ ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.

ഞാൻ ബാല്യകാലം ചെലവഴിച്ച വീടിന് അടുത്തൊന്നും അമ്പലമോ ആൽത്തറയോ ഉണ്ടായിരുന്നില്ല. വർഷത്തിലൊരിക്കൽ തിറയുത്സവം നടക്കാറുള്ള രണ്ട് കാവുകളുണ്ടായിരുന്നു. അപ്പോൾ അകലെ നിന്നും കേൾക്കുന്ന ചെണ്ടയുടെ ദ്രുതതാളം ചെവി വട്ടം പിടിച്ചാൽ പിടിച്ചെടുക്കാനാകും. കാവിലെ ഉത്സവങ്ങൾ നാടിൻ്റെ ഉത്സവം കൂടിയായിരുന്നു. ഓലപ്പുരയിലെ ചുമരിൽ ചില്ലിട്ടു തൂക്കിയ ദൈവങ്ങളുടെ പടങ്ങളൊന്നും കണ്ടിട്ടില്ല. അമ്മയോ അമ്മൂമ്മയോ നെററിയിൽ ചന്ദനം ചാർത്തുകയോ ഭസ്മക്കുറിയിടുകയോ ചെയ്തിരുന്നില്ല. നാട്ടുകാരുടെ പൊതുബോധവും അതായിരുന്നു. ഭക്തി, പ്രദർശനപരതയല്ലെന്ന് ചുരുക്കം. വൃശ്ചികമാസത്തിൽ ചിലർ വ്രതമെടുത്ത് കുറിയിട്ട് കറുപ്പ് വസ്ത്രം ധരിച്ച് മാലയിടാറുണ്ട്. കെട്ടുനിറ ദിവസം ഗുരുസ്വാമിയുടെ വീട്ടിൽ അയ്യപ്പഭജനയുണ്ടാകും. യേശുദാസിൻറെ ‘ശബരിമലയിൽ തങ്ക സൂര്യോദയം’എന്ന ഭക്തിഗാനം കോളാമ്പി മൈക്കിലൂടെ ഒഴുകിയെത്തും. അന്ന് അന്നദാനവും ശർക്കരപ്പായസവും ഉണ്ടാകും. കുഞ്ഞു മനസ്സുകളിൽ ഏതെങ്കിലും കോണിൽ അവർ പോലും അറിയാതെ ഒരു ഭക്തിയുടെ പരിവേഷം സന്നിവേശമാകും.

ബോംബെയിൽ നിന്നും മൂന്നു വർഷം കൂടുമ്പോൾ ലീവിൽ വരാറുള്ള അച്ഛൻ്റെ വീതിയേറിയ നെറ്റിയിൽ ഗോപിക്കുറി കാണാറുണ്ട്. പെട്ടിയിൽ ചന്ദനമുട്ടിയും ചാണക്കല്ലും ഉണ്ടാകും. ക്ഷേത്രങ്ങളിൽ പോകുന്നതോ പ്രാർത്ഥിക്കുന്നതോ പതിവില്ല. അച്ഛന് കൃത്യനിഷ്ഠയാണ് ഭക്തി. അമ്മയക്ക് അധ്വാനത്തിലെ ആത്മ സമർപ്പണവും! അമ്മൂമ്മക്ക് വെറ്റില തുമ്മാനും കുഴമ്പും കുറുന്തോട്ടി താളിയും കിട്ടിയാൽ പരമാനന്ദം!. ഞങ്ങളുടെ വിശാലമായ പുരയിടത്തിൽ
“മാവും പിലാവും പുളിയും കരിമ്പും
തെങ്ങും ഫലം തിങ്ങുമിളം കവുങ്ങും
നിറഞ്ഞഹോ സസ്യലതാഢ്യമായ….”
എന്ന് ‘ഗ്രാമീണ കന്യക’ എന്ന കവിതയിൽ കുറ്റിപ്പുറത്ത് കേശവൻ നായർ വർണ്ണിച്ചിരിക്കുന്നതു കൂടാതെ അനേകം മരങ്ങളും സസ്യലതാദികളും പരിലസിച്ചിരുന്നു. തെക്ക് പടിഞ്ഞാറ് ഭാഗത്തായി ചെമ്പകവും ചിത്രകൂടക്കല്ലും സന്ധ്യയ്ക്കു വിളക്കുതെളിക്കാറുള്ള ഗുളികൻ തറയും പറമ്പിൽ ഉണ്ടായിരുന്നു. ചെമ്പക മരത്തിന്റെ തായ്ത്തടിയിൽ തറച്ചുവെച്ച കാക്കവിളക്കിൽ തിരി തെളിയിച്ച് നിത്യവും പ്രാർത്ഥിച്ചിരുന്ന നാളുകൾ…. അരുണശോണിമസന്ധ്യയിൽ അന്തിത്തിരി വെട്ടത്തിനൊപ്പം അന്തരീക്ഷത്തിൽ പരക്കുന്ന ചെമ്പകപൂക്കളുടെ മാദക സുഗന്ധം. പ്രായമായ അമ്മമ്മയും നമ്മൾ ആൺകുട്ടികളും മാത്രമാണ് ഗുളികന് തിരി തെളിയിക്കാറ്. സന്ധ്യയ്ക്ക് ഒരു ചടങ്ങെന്നോണം കൈയ്യും കാലും കഴുകി
ചമ്രം പടിഞ്ഞിരുന്ന് രാമനാമം ജപിച്ചിരുന്നതും ബാല്യകാല ഓർമ്മയിലുണ്ട്.

കാലാകാലങ്ങളായി അന്തിത്തിരി കത്തിയിരുന്നത് കാരണം ചെമ്പകത്തടിയിൽ കരിയും എണ്ണക്കറുപ്പും കലർന്ന് അമൂർത്തമായ രൂപം തെളിഞ്ഞു കാണാമായിരുന്നു. ഒരു പക്ഷെ, എനിക്ക് മാത്രം കാണാൻ കഴിഞ്ഞിട്ടുള്ള ആ രൂപത്തിൽ ഞാൻ എന്റെ ദൈവസങ്കൽപ്പങ്ങളെ കുടിയിരുത്തി. തിരികേ ഓടുമ്പോൾ കാലിയായ വെളിച്ചെണ്ണ കുപ്പിയിൽ കാററിൻ്റെ ചൂളം കുത്തൽ തെല്ലു പേടിപ്പെടുത്തും. പൊട്ടൻപ്ലാവിൽ പടർന്നു ചുററിയ വളളിപ്പടർപ്പിന്റെ കൊച്ചിലച്ചാർത്തുകളിൽ കിളികൾ ചിലച്ചുല്ലസിക്കും. കാപ്പിക്കുരു പരുവത്തിലുള്ള കായ തിന്നാൻ വേണ്ടിയുള്ള ആക്രന്തനങ്ങൾ. ഈ മച്ചിപ്ലാവിന്റെ കടയ്ക്കൽ ചിതൽപ്പുറ്റുണ്ടായിരുന്നു. നമുക്ക് ചക്കയൊന്നും തന്നില്ലെങ്കിലും അനേകം കിളികളെ അവൾ പരിപാലിച്ചിരുന്നു. പിന്നെ വീട്ടിലെ പൊട്ടിയ വിളക്കു കുപ്പികളും കോപ്പയും അരിഷ്ടത്തിന്റെ കുപ്പികളും വളപ്പൊട്ടുകളും പിലാവിന്റെ ചോട്ടിലിടാറുണ്ട്. പുരയും വിശാലമായ ചുറ്റുമുറ്റവും പറമ്പും പറമ്പിനെ തഴുകി വടക്കോട്ട് ഒഴുകുന്ന പുഴയും നമ്മുടെ കളിയിടങ്ങളാണ്!

അയൽവീടുകളിലെ ആടുമാടുകളുടെ പ്രസവമടുത്ത സമയത്ത് വിളക്കിനെണ്ണയോ പൈങ്കുറ്റിയോ നേരാറുണ്ട്. മനഷ്യരുടെ ഏതെങ്കിലും കാര്യസാധ്യത്തിന് വേണ്ടിയുള്ള നേർച്ചകളൊന്നും ആരും ചെയ്തിരുന്നില്ല. വളർത്തുമൃഗങ്ങളും സകല ജന്തുജാലങ്ങളും ഭൂമിയുടെ അവകാശികളും സന്തത സഹചാരികളുമാണെന്ന ചിന്തയും അബോധതലത്തിലും അന്തർഭവിച്ചിരുന്നു!

വീട്ടിൽ സന്ധ്യ വിളക്ക് തെളിച്ചതിനു ശേഷം അയൽവീട്ടിലെ കാരണവരും കുട്ടികളും ഗുളികൻ തറയ്ക്കരികിലേക്ക് പോകും. ചെമ്പകമരത്തടിയിൽ തറച്ചു വെച്ച കാക്ക വിളക്കിൽ നേർച്ച വെളിച്ചെണ്ണ പകർന്ന് തിരിതെളിയിച്ച് പ്രാർത്ഥിക്കും. പിന്നീട് ഇലക്കീറ് ഊടും പാവും വെച്ച് നാക്കിലകളിൽ അവൽ, മലര് ,തരിപ്പണം ഉണക്കലരി, വേവിച്ച വൻപയർ ,തുളസി, ചെക്കിപ്പൂ തുടങ്ങിയ പൂജാദ്രവ്യങ്ങൾ നേദിക്കും. കല്ലിൽ തേങ്ങയുടച്ച് ചുറ്റും വെള്ളം തളിച്ചതിനു ശേഷം അതിലേക്ക് കള്ള് പകർന്ന് ഇരുപുറവും വെക്കും. ഒരു വശത്ത് തൃശൂലം പോലെ പച്ചമട്ടലിൽ
എണ്ണ നനച്ച തുണിച്ചുറ്റി കോൽത്തിരി കുത്തി നിർത്തി പന്തം തെളിക്കും. ഇലക്കീറിൽ തിരി കത്തിച്ചു വെയ്ക്കും. വെള്ളം നിറച്ച കിണ്ടിയുമുണ്ടാകും. ചന്ദനത്തിരി ഗന്ധവും കോൽത്തിരിയിൽ കാററിലാളുന്ന പ്രകാശനാളവും ചെമ്പക കടയ്ക്കലിൽ നിന്നും നാക്കു നീട്ടുന്നതു പോലെ തോന്നിക്കുന്ന കാക്ക വിളക്കിൽ നിന്നുമുള്ള പ്രഭാവലയവും പ്രകൃതിയുടെ ഇരുട്ടു പുതച്ചുള്ള പതുങ്ങിവരവും അനിവർചനീയമായ അന്തരീക്ഷത്തിൻ്റെ അനുരണനമുയർത്തും.
ഭക്തിയെന്നതിലുപരി കുട്ടിക്കാല കൗതുകങ്ങളായിരുന്നു ഇതൊക്കെ.! കൂടാതെ പൈങ്കുററിയുടെ അംശവും മുറി തേങ്ങയിൽ ഒഴിച്ചു തരാറുള്ള മധുരക്കള്ളും കിട്ടുമെന്ന സന്തോഷവും.

ബാല്യകാലം പിന്നിട്ട ഓർമ്മകളും പേറി ഞങ്ങൾ അമ്മയുടെ തറവാട്ടിലേക്ക് പോന്നു. അവിടെ തിറയോ കാവുകളോ ഉണ്ടായിരുന്നില്ല. മുണ്ടയോട്ടെ സ്രാമ്പിയിൽ നിന്നും അഞ്ചു നേരവും വാങ്ക് വിളി കേൾക്കാമായിരുന്നു. പുതിയ നാടും ചുറ്റുപാടുകളും എന്നിലും സ്വാധീനം ചെലുത്തിയിരുന്നു. കൗമാര സഞ്ചാരം നാടിനൊപ്പം തുടർന്നു. മത സൗഹാർദ്ദവും പരസ്പര സഹകരണവും സഹായവും ഗ്രാമീണ സുകൃതമായിരുന്ന കാലം. പിന്നീട് കാലത്തിൻ്റെ കുത്തൊഴുക്കിൽപെട്ട് മറുനാട്ടിലെത്തപ്പെട്ടു. വല്ലപ്പോഴും തീർത്ഥാടകനെ പോലെ നാട്ടുപച്ചപ്പും സൗഹൃദവും കൊതിച്ച് ഓടിയെത്തും. വികസനത്തോടൊപ്പം നാടും നഗരവും മനുഷ്യമനസ്സുകളും മാറിക്കൊണ്ടിരുന്നു. എല്ലാവരും താൻപോരിമയിൽ അഭിരമിച്ചു. പരസ്പര വിശ്വാസവും സ്നേഹവും അസ്തമിച്ചു കൊണ്ടിരുന്നു. വിഭാഗീയതയും മാനസിക അടിമത്തവും
ചിന്തകളിൽ നിറഞ്ഞു. സ്വന്തമായി കെട്ടിപ്പൊക്കുന്ന കോട്ടകളിൽ
പലരും മൗനത്തിൻ്റെ തടവുകാരായി. പട്ടണങ്ങളെപോലെ നാട്ടുവഴികളും വീടുകളും വെള്ളിവെളിച്ചത്തിലാറാടി. ഓലച്ചൂട്ടും ചിമ്മിനി വെട്ടവും ഓർമ്മയുടെ തട്ടിൻ പുറത്ത് മാത്രം മുനിഞ്ഞു കത്തുന്നു. അറിവിൻ്റെ വാതായനങ്ങൾ പരക്കെ തുറക്കപ്പെട്ടപ്പോൾ അന്ധരാളത്തിലേക്ക് ചപ്പുചവറുകൾ നിറഞ്ഞു. ഇരുട്ട് ചേക്കേറി.
അയൽക്കാരൻ അന്യനാവുന്നു. വീടുകളിൽ നടക്കുന്നത് പരസ്പരം
അറിയാതിരിക്കാൻ ചുറ്റുമതിലുകൾ കെട്ടിപ്പൊക്കി. കൊറോണക്കാലം നമ്മൾ മുഖം മൂടിയണിഞ്ഞ് കെട്ട കാലത്തിനു നേരെ ജാഗരൂകരായി. അങ്ങനെ മുഖം മൂടിയും അലങ്കാരമായി. ചിലർക്കെങ്കിലും ഭക്തി ഉന്മാദലഹരിയായി. ആഭിചാരമായി. എല്ലാ നന്മകളെയും നമ്മൾ വ്യഭിചരിച്ചു. പുറത്തുചാടാൻ പാകത്തിൽ
ഒരു തേറ്റ പല്ല് നമുക്കുള്ളിൽ തക്കം പാർത്തിരിക്കുന്നുണ്ട്. നൂറ് ശതമാനം സാക്ഷരരെന്ന് മേനി നടിച്ച മലയാളികളുടെ കരണത്തേറ്റ മാരകമായ
പ്രഹരമായിരുന്നു ഇളന്തൂരിലെ കൊടുംക്രൂരമായ ആഭിചാര ക്രിയ.

വർഷങ്ങൾക്ക് ശേഷം ഞാൻ ഒരു വട്ടം കൂടി പഴയ തറവാട്ടുപറമ്പിലെത്തി. പുരയുടെ സ്ഥാനത്ത് ഒറ്റമുറി ഷെഡ് മാത്രം! ഇടിഞ്ഞു പൊളിഞ്ഞ ഒതുക്കു കല്ലുകൾ . മനുഷ്യ പറ്റില്ലാത്ത മുറ്റത്ത് വാശിയോടെ വളരുന്ന പാഴ് ചെടികൾ. കാടുപിടിച്ചു കിടന്ന പറമ്പിലൂടെ കാൽപെരുമാറ്റമുള്ള ഒരൂടുവഴി ചെമ്പകത്തറയിലേക്ക് നീണ്ടുപോകുന്നു.
ചെമ്പകപ്പൂവിൻ്റെ നറു മണം അരിച്ചെത്തുന്നു. കാക്കവിളക്കിൽ ഇളം കാറ്റിലുലയാതെ ശാന്തമായി എരിയുന്ന തിരിനാളങ്ങൾ! ചന്ദനത്തിരിയുടെ മാസ്മരിക സുഗന്ധം. മച്ചിപ്ലാവും പടുമരങ്ങളും മുറിച്ചു മാറ്റപ്പെട്ടിരിക്കുന്നു. ഒരു കിളിയൊച്ച പോലും വിരുന്നു വന്നില്ല. അന്തി ചായുന്നു!

ദിവസവും അന്തിത്തിരി തെളിക്കാനായി ഗുളികൻ തറയിൽ ഇപ്പൊഴും ആരൊക്കെയോ വന്നു പോകുന്നു. നേർച്ചയായി കൊണ്ടുവന്ന എണ്ണ നിറച്ച കുപ്പികളും വിളക്കു തിരിയും തീപ്പെട്ടി കൂടുകളും തറയ്ക്കരികിലുണ്ട്. മഴയിൽ നിന്നും കാറ്റിൽ നിന്നും വിളക്കണയാതിരിക്കാൻ ഒരു പടുതാ* വലിച്ചുകെട്ടിയിരിക്കുന്നു. പുഴക്കരയിലേക്ക് പോയില്ല. കാലത്തിൻ്റെ
നീരാളിക്കൈകൾ അവളെ പിച്ചിചീന്തിയിരിക്കാം. അതു കാണാനുള്ള കരുത്ത് എൻ്റെ ഹൃദയത്തിനില്ല. ഓർമ്മയുടെ പച്ചത്തുരുത്തിൻ്റെ ചാരത്ത്
എൻ്റെ പ്രേയസിയെ കുടിയിരുത്തുന്നു. അനാദിയായ പൊരുളിൻ്റെ അരൂപ ചൈതന്യത്തിൽ എരിയുന്ന നെയ്ത്തിരി നാളത്തിനു നേരെ ഞാൻ തൊഴുതു നിന്നു;
മതചിഹ്നങ്ങളേതുമില്ലാതെ…..
വിശ്വാസത്തിനും നാസ്തികതയ്ക്കും ഇടയിലൂടെയുള്ള ജീവിതയാത്രയിൽ ഞാൻ വഴിയറിയാതെ ഉഴറി നിൽക്കുന്നു. അന്ധവിശ്വാസത്തിൻ്റെ, അനാചാരത്തിൻ്റെ
ആഭിചാരത്തിൻ്റെ കൂരിരുട്ടിലേക്ക് വഴിതെറ്റാതിരിക്കട്ടെ എന്ന പ്രത്യാശയോടെ……

* പടുതാ= കർട്ടൻ / ഷീറ്റ്


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here