നബിദിന ഓര്‍മ്മകളില്‍ കുട്ടിക്കാലം

0
122

ഓര്‍മ്മ

സുബൈര്‍ സിന്ദഗി പാവിട്ടപ്പുറം

നബിദിനം; ആഘോഷം എന്നതില്‍ നിന്നും ഒരു തലമുറയുടെ കലാപരമായ വളര്‍ച്ചക്കും, ഒരു നാടിന്റെ ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഐക്യത്തിനും കൂടി വേദിയൊരുക്കുന്ന ഒരു മഹത്തായ ദിനമാണ്. എന്റെ ഓര്‍മ്മകളിലെ ആദ്യത്തെ നബിദിന ആഘോഷം, എപിജെ നഗറില്‍ തന്‍വീറുല്‍ ഇസ്ലാം മദ്രസ്സയിലാണ്.

തീരെ ചെറിയ പ്രായത്തില്‍ മുളയുടെ ഇലകളൊക്കെ കളഞ്ഞു വര്‍ണ്ണക്കടലാസുകള്‍ ത്രികോണത്തില്‍ വെട്ടി ഒട്ടിച്ചും, വണ്ണമുള്ള ചാക്ക് നൂലില്‍ വര്‍ണ്ണ കടലാസുകള്‍ ഒരു നിശ്ചിത അളവില്‍ ഇതളുകളാക്കി വെട്ടി ഒട്ടിച്ചു ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ നാടൊന്നിച്ചു കൊണ്ട് അണിഞ്ഞൊരുങ്ങുന്ന കുട്ടിക്കാല കാഴ്ച വര്‍ണ്ണാഭമായി തന്നെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

കലാപരമായ വളര്‍ച്ചക്ക് ഏറെ പ്രചോദനം നല്‍കുന്ന വിധത്തില്‍ അടിത്തറ പാകിയതും, വേദിയില്‍ കയറാനുള്ള ആത്മ വിശ്വാസം ലഭിച്ചതും കുട്ടിക്കാലത്തെ നബിദിന പരിപാടികളില്‍കൂടി തന്നെയാണ്.

ആദ്യത്തെ വേദി എപിജെ നഗറിലെ തന്‍വീറുല്‍ ഇസ്ലാം മദ്രസ്സയിലൂടെയാണ്. പ്രസംഗ മത്സരത്തില്‍ പങ്കെടുത്തത് ഇന്നും ഓര്‍മ്മയില്‍ ഉണ്ട്. ട്രെയിനിങ് തരുന്ന ഉസ്താദ് പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നു. പ്രസംഗിക്കുന്ന സമയത്ത് കൈചൂണ്ടണം എന്നൊക്കെ പറഞ്ഞു പഠിപ്പിച്ചിരുന്നു. ആവേശത്തോടെ വേദിയില്‍ കയറിയ ഞാന്‍ അസ്സലാമു അലൈകും രക്ഷിതാക്കളെ ഉസ്താദ്മാരെ എന്ന് തുടങ്ങി. അതി വേഗത്തില്‍ ബ്രേക് പോയ സൈക്കിള്‍ ഇറക്കം ഇറങ്ങുന്ന വേഗത്തില്‍ കല്ല് മുള്ള് കാഞ്ഞിരകുറ്റി മുതല്‍ മുള്ള് മുരട് മൂര്‍ക്കന്‍ പാമ്പ് വരെ കാട്ടറബികള്‍ എന്നൊക്കെ രണ്ടു കയ്യും തോന്നിയ പോലെ നീട്ടി ആവേശത്തില്‍ സദസ്സിനെ നോക്കുന്നതിനു പകരം മ്മാട്‌ത്തെ വാപ്പാനെ(മൂത്താപ്പ)മാത്രം നോക്കി പ്രസംഗിച്ചു കൊണ്ടിരിക്കെ ബാക്കി ഭാഗം മറന്നു തപ്പാന്‍ തുടങ്ങി.

‘പിന്നെ പിന്നെ പിന്നെ’ എന്ന് മൈക്കില്‍ പറഞ്ഞ് കൊണ്ടിരുന്നു. എന്റെ അടുത്ത് സ്റ്റേജില്‍ ഇരുന്ന ഉസ്താദ് മെല്ലെ കൈപിടിച്ച് പറഞ്ഞു ‘പൊയ്‌ക്കോളീം’.

പിന്നീട് കോലിക്കര മദ്രസ്സയില്‍ പഠിച്ചെങ്കിലും വേദിയില്‍ കയറാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പുതുപൊന്നാനീയിലേക്ക് പഠനം മാറിയപ്പോള്‍ എല്ലാ ഞായറാഴ്ചകളിലും ലഭിച്ചിരുന്ന സാഹിത്യ സമാജം പാടാനും പ്രസംഗിക്കാനും സംഘടനാ നേതൃത്വത്തിനുള്ള ഉറച്ച ധൈര്യം നല്‍കി.

ഒട്ടേറെ മത്സര വേദികളില്‍ കുട്ടിക്കാലത്ത് പ്രസംഗത്തിനു പലപ്പോഴായി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഇതിനെല്ലാം ധൈര്യവും അവസരവും ലഭിച്ചത് നബിദിന വേദികള്‍ തന്നെയായിരുന്നു.

പൊന്നാനിയില്‍ നിന്നും തിരികെ വന്നപ്പോഴും ജന്മ നാടായ പാവിട്ടപ്പുറം എപിജെ നഗറിലെ നബിദിന പരിപാടികള്‍ സ്ഥിരം മത്സരാര്‍ത്ഥിയായി. കോലിക്കര മദ്രസ്സയില്‍ പഠിക്കുമ്പോഴും എപിജെ നഗറിലെ തന്‍വീറുല്‍ ഇസ്ലാം മദ്രസ്സയില്‍ പരിപാടികളില്‍ പങ്കെടുത്തു സമ്മാനങ്ങള്‍ നേടുകയുമുണ്ടായി.

എപിജെ നഗറിലെ മദ്രസ്സയില്‍ നിന്നും ആദ്യമായി സംഭാഷണത്തില്‍ കടവല്ലൂരില്‍ നടന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ പോവുകയും ഞങ്ങളെക്കാള്‍ നന്നായി അവതരിപ്പിക്കുന്ന കുട്ടികളെ കണ്ടപ്പോള്‍ സമ്മാനം കിട്ടില്ലെന്ന് ഞാനും എന്റെ കൂടെ പെയര്‍ ആയി നിന്ന ആഷിക്കും തീരുമാനിച്ചു. പള്ളിയില്‍ പോയി കിടന്നു പതിയെ ഉറങ്ങിപ്പോയി. ഞങ്ങളുടെ പേര് വിളിക്കുന്നത് കേട്ട ഉസ്താദ് രണ്ടു പേരെയും വന്നു വിളിച്ചു ഉറക്കത്തില്‍ നിന്നും എണീറ്റ് പോയി പറഞ്ഞ സംഭാഷണം അവതരണ ശൈലി കൊണ്ട് മികച്ചതായി ഒന്നാം സമ്മാനം കിട്ടി. ഉറക്കമാണ് സമ്മാനം വാങ്ങിത്തന്നത്.

ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ചരീതിയില്‍ വേദികളില്‍ ധൈര്യ സമേതം നില്‍ക്കുവാന്‍ കൂടി അടിത്തറപക്കിയത് ഇത്തരം പരിപാടികള്‍ തന്നെയാണെന്ന് കുട്ടികാലത്തെ നബിദിന ആഘോഷങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.

പതാക ഉയർത്തി കഴിഞ്ഞാൽ കോളാമ്പി മൈക്കിൽ പ്രവാചക ചരിത്രങ്ങൾ പാട്ടുകളായി പാടിയും, മൗലീദ് പാരായണം നടത്തിയുമുള്ള റാലിയും വഴിയരികിൽ കുട്ടികൾക്കായി ഒരുക്കിവെച്ച മധുര പലഹാരങ്ങളും, പാനീയങ്ങളും പായസങ്ങളും അവസാനമായി തിരികെ മടങ്ങുമ്പോൾ ഓരോ സെന്ററിലും ജാതക്ക് സ്വീകരണം തന്നോരിലാകെയും നന്ദികൾ നേർന്നീടുന്നെ എന്ന ഗാനവും പാടിയുള്ള നബിദിന റാലിയും ഇന്നും മറക്കാൻ കഴിയാത്ത ഓർമകളാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here