പുസ്തകപരിചയം
ഷാഫി വേളം
ജീവിതം കുറെ ജീവിച്ചു തീരുമ്പോഴാണ് പലതരം അനുഭവങ്ങൾ ഏതൊരാളിലും നിറഞ്ഞു നിൽക്കുന്നത്. മരണം വരെ ജീവിതത്തിൽ നിന്ന് ആർക്കും ഒളിച്ചോടി പോകാൻ സാധ്യമല്ല. കടന്നുവന്ന വഴികളിൽകണ്ടുമുട്ടിയതും അനുഭവിച്ചതുമായ നന്മ നിറഞ്ഞ മനുഷ്യരെ കുറിച്ചും പൊള്ളുന്ന അനുഭവങ്ങളുടെ സങ്കീർണവും ദുഃഖകരവുമായ അവസ്ഥയെക്കുറിച്ചും പ്രതിപാദിക്കുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ‘വിശപ്പാണ് സത്യം’ എന്ന മുഖ്താർ ഉദരംപൊയിലിന്റെ പുസ്തകം.
ഓർമ്മകളുടെ തോരാമഴ കനത്തു പെയ്യുമ്പോൾ എഴുത്തുകാരൻ ആ മഴയിൽ നനയുന്നതിനൊപ്പം വായനക്കാരെയും നനയിപ്പിക്കുന്നു. ഓരോ വാക്കിന്റെയും ഞരമ്പിൽ ഈ എഴുത്തുകാരന്റെ രക്തമുണ്ട്. കേവലം അനുഭവങ്ങളിലൂടെ കടന്നുപോയ അനുഭൂതിയല്ല ഇതിലൂടെ വായനക്കാരിലേക്ക് പടരുന്നത്
ഓരോ അനുഭവവും അനുവാചകർക്ക് നൽകുന്നത് ആത്മവിശ്വാസവും ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാനുളള പ്രചോദനം കൂടിയാണ്.
പലകാല അനുഭവങ്ങളെ ചേർത്തുകെട്ടുക മാത്രമാണ് ഈ പുസ്തകത്തിലൂടെ എഴുത്തുകാരൻ ചെയ്യുന്നത്. ഓരോ അനുഭവങ്ങളുടെയും തീക്ഷ്ണത ഉള്ളുപൊള്ളിക്കുന്നു. ഓരോ അനുഭവക്കുറിപ്പിലും ജീവിത സാഹചര്യങ്ങൾക്കിടയിലെ പരിസരങ്ങളെ അതീവ സൂക്ഷ്മതയോടെയാണ് അവതരിപ്പിക്കുന്നത്. ഒരു ചെറുകഥ വായിക്കുന്ന അതേ രുചിയോടെ വായിച്ചുതീർക്കാൻ പറ്റുന്ന അനുഭവങ്ങളുടെ സമാഹാരം കൂടിയാണ് ഈ പുസ്തകമെന്ന് വായനയുടെ ഒടുവിൽ ഏതൊരാളും പറയും. അവതാരികയില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുത്തുകാരനെ വിശേഷിപ്പിക്കുന്നത് ശ്രദ്ധേയമാണ്
”മുഖ്താര്‍ പ്രശസ്തനായ ചിത്രകാരനാണ്. ചിത്രകല ഔദ്യോഗികമായി പഠിച്ചയാളാണ്. ഇന്ന് തന്റെ ചിത്രങ്ങളുമായി വിവിധ ആനുകാലികങ്ങളില്‍ നിറഞ്ഞാടുന്ന ആളുമാണ്. കഥയെഴുത്തുകാരനാണ്. പത്രപ്രവര്‍ത്തകനാണ്. മതം പഠിച്ചിട്ടുണ്ട്. ഒരു ഉപജീവനമെന്ന നിലയില്‍ മതം പഠിപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ പ്രവാസിയായിട്ടുണ്ട്. എല്ലായിടത്തും ഇടുക്കങ്ങള്‍ വല്ലാതെ അനുഭവിച്ചിട്ടുണ്ട്. പക്ഷേ, ഇത്തരം ഓര്‍മകള്‍ അത്ഭുതകരമായ നിസ്സംഗതയോടെയാണ് അദ്ദേഹം എഴുതുന്നത്. പക്ഷേ, ഹൃദയാലുവായ വായനക്കാരന്റെ കണ്ണുകളെ ഈറനണയിക്കുന്ന സന്ദര്‍ഭങ്ങള്‍ ഈ പുസ്തകത്തില്‍ സുലഭമായുണ്ട്.”
ബാല്യകാലവും യൗവനവും ഗള്‍ഫ് പ്രവാസത്തിന്റെ നീറ്റലും മതജീവിതവും എല്ലാം ഒത്തുചേരുന്ന അനുഭവലോകത്തില്‍ പ്രത്യാശയുടെ ആകാശത്തേക്കാണ് അനുവാചകരെ കൊണ്ടെത്തിക്കുന്നത്. എഴുത്തില്‍ ഒരുപാട് മനുഷ്യരുടെ സ്‌നേഹമാണ് നിറഞ്ഞു നിൽക്കുന്നത്. പരസ്പര സ്‌നേഹത്തിലൂടെ
ജീവിതത്തിന് ലഭിക്കുന്ന കരുത്ത് വളരെ വലുതാണെന്നുള്ള
പ്രഖ്യാപനം കൂടിയാണ് ഈ അനുഭവക്കുറിപ്പുകള്‍. കൂടെ നില്‍ക്കുന്ന മനുഷ്യന്റെ മനസ്സറിയാനും അവന് താങ്ങാകാനും കഴിഞ്ഞ അനേകം കഥാപാത്രങ്ങൾ ഈ അനുഭവക്കുറിപ്പിലുണ്ട്. അപരിചിതത്വത്തിന്റെ താഴ് വരയിൽ സ്നേഹ ബന്ധത്തിന്റെ പൂനിലാവ് പരത്തുന്നവരെ മുഖ്താർ ഹൃദയത്തോടു ചേർത്തു നിർത്തുകയാണ് ചെയ്യുന്നത്. അനുഭവങ്ങളുടെ കലർപ്പില്ലാത്ത സത്യസന്ധതയും ചിന്തയുടെ തെളിച്ചവും എല്ലാം കൂടിച്ചേര്‍ന്ന് ആര്‍ക്കും എളുപ്പം വായിച്ചുപോകാവുന്ന പുസ്തകമാണിത്. പ്രകൃതിയെ അവതരിപ്പിക്കുമ്പോൾ വാക്കുകളെ എത്ര മനോഹരമായാണ് അടുക്കിവെച്ചിട്ടുള്ളത്. പുസ്തകത്തിന്റെ ആദ്യ കുറിപ്പായ ‘സ്നേഹ വീടുകൾ ‘ ഒരു കുന്നിന്‍ പുറത്തെ മൂന്നു വീടുകള്‍ക്കിടയിലുണ്ടായ സൗഹൃദത്തെയാണ് പങ്കുവെക്കുന്നത്
ആലീസ് ടീച്ചറെ പോലൊരു അധ്യാപികയോട് കള്ളം പറഞ്ഞതിന്റെ വേദന വര്‍ഷങ്ങള്‍ക്കു ശേഷവും എഴുത്തുകാരന്റെ ഉള്ളില്‍ നീറുന്നുണ്ട് എന്നാണ് ‘ ആരാണ് മൂളിയത് ‘ എന്ന കുറിപ്പ് അനുഭവിപ്പിക്കുന്നത്. ഈ പുസ്തകത്തിലെ ഓരോ കുറിപ്പും
ചെറിയ ചെറിയ അനുഭങ്ങളിൽ നിന്നും കാഴ്ചകളിൽ നിന്നും ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള മഹത്തായ പാഠങ്ങൾ നമുക്ക് പറഞ്ഞു തരുന്നു. ‘നാസ്ത’ എന്ന കുറിപ്പിന്റെ അവസാന മുളള വരികൾ അനുവാചകനെ ഏറെ ചിന്തിപ്പിക്കുന്നുണ്ട് ” രണ്ടു ദിവസമായി കാര്യമായൊന്നും കഴിക്കാതിരുന്ന എനിക്ക് ആ ഒരു നേരത്തെ ഭക്ഷണം അത്ര നിസ്സാരമായിരുന്നില്ല. എന്റെ നോമ്പുതുറയായിരുന്നു അത്.”
ഇടയ്ക്കിടെ നമ്മുടെ ഉള്ളിൽ നിറയുന്ന നിരാശകളെയും പരാജയഭീതികളെയും കഴുകി കളയാനും അവിടെ പ്രതീക്ഷയും പ്രത്യാശയും ശുഭചിന്തകളും നിറയ്ക്കാനും സഹായിക്കുന്ന ഔഷധമായി ഇതിലെ ഓരോ വരികളും മാറുന്നുണ്ട്. വിശന്നുവലഞ്ഞ് ഒരിക്കല്‍ പണംകൊടുക്കാതെ ഹോട്ടലില്‍നിന്നും ആഹാരം കഴിച്ച് രക്ഷപ്പെട്ടശേഷം പണം ഉണ്ടായപ്പോള്‍ ആ കടം വീട്ടാന്‍ ചെന്നപ്പോള്‍ ഹോട്ടലുടമ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ: ”നീ പൈസ തരാതെ പോകുന്നത് ഞാന്‍ കണ്ടിരുന്നു. ഭക്ഷണം കഴിച്ചിട്ട് പൈസ തരാതെ പോകുന്നവരൊന്നും കള്ളന്മാരായിരിക്കില്ല ,ഇല്ലാഞ്ഞിട്ടായിരിക്കും. ഗതിയില്ലാത്തവന് ഒരു നേരത്തെ ഭക്ഷണം കൊടുക്കാനായെല്ലോ എന്ന സന്തോഷമാണ് അപ്പോൾ എനിക്കുണ്ടായത്. എപ്പോ വേണമെങ്കിലും ഇവിടെ വന്ന് ഭക്ഷണം കഴിച്ചോ… പൈസക്കാര്യത്തിൽ ബേജാറ് വേണ്ട” സ്വന്തം നാടും അവിടുത്തെ പലതരക്കാരായ മനുഷ്യരും എഴുത്തുകാരനെ സ്വാധീനിക്കുന്നതും ജീവിതത്തിന് അർഥം നൽകുന്നതുമായ അനുഭവങ്ങൾ കൂടി ഈ പുസ്തകത്തിൽ പങ്കുവെക്കുന്നു. ‘അർബാന’ എന്ന കുറിപ്പ് സഊദി അറേബ്യയിലേക്ക് വിമാനം കയറിയതിന് ശേഷമുണ്ടായ അവസ്ഥാവിശേഷങ്ങളാണ് പങ്കുവെക്കുന്നത്.
ജനനം മുതൽ മരണം വരെ അനേകം ആളുകളുടെ ആർദ്രമായ മനസ്സുകളാണ് നമ്മളെ വീണ്ടും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്നാണ് ഈ പുസ്തകം പറഞ്ഞു വെക്കുന്നത്. ജീവിതത്തിലെ സ്‌നേഹവും സൗഹൃദവും ചേര്‍ത്തുപിടിക്കലും അങ്ങനെ സകല ജീവിതമൂല്യങ്ങളും കണ്ടെടുത്ത് ആമോദത്തോടെ കുറിക്കുകയാണ് എഴുത്തുകാരന്‍ ചെയ്യുന്നത്. അക്ഷര വർണനകളോ ആകർഷക വാക്യങ്ങളോയില്ലാതെ പ്രിയ എഴുത്തുകാരൻ വരച്ചുകാട്ടുന്ന ഓരോ അനുഭവ ചിത്രവും കണ്ണ് നിറക്കുന്ന അനുഭവങ്ങളായിരുന്നു. ഈ പുസ്തകത്തിലെ ഭൂരിപക്ഷം കുറിപ്പും വായനക്കാരിൽ ചിരിയും സങ്കടവും ഉണർത്തുന്നു. മറച്ചുകെട്ടിയ ഒറ്റമുറി വീടുള്ള, വലിയങ്ങാടിയില്‍ ചാക്കു തുന്നുന്ന മനുഷ്യന്റെ നോമ്പുസല്‍ക്കാരം ഈ കുറിപ്പിലുണ്ട്. അന്ന് നിറവയറോടെ തിരിച്ചിറങ്ങുമ്പോള്‍ ആ മനുഷ്യന്റെ ഭാര്യ പറയുന്നു:
”തൊറക്കാനെന്നും ഇങ്ങട്ട് പോന്നോളി. ഇള്ളത് സന്തോഷായി തിന്നാം. ഹോട്ടല്‍ന്ന് തിന്ന് വയറ് കേടാക്കണ്ട.” ഇല്ലായ്മകളിലും ചേര്‍ത്തുപിടിക്കുന്ന മനുഷ്യരുടെ ജീവിതം പറയുന്ന പുസ്തകം കൂടിയാണിത്.
ദൈനംദിന ജീവിതത്തിൽ ഈ എഴുത്തുകാരൻ മുറിച്ചു കടക്കുന്ന പാതയിൽ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത പല മുഖങ്ങളും കണ്ടുമുട്ടുന്നു. ഒരു മനുഷ്യന് എത്രത്തോളം മറ്റൊരാളെ സ്‌നേഹിക്കാൻ കഴിയുമെന്ന് ഈ എഴുത്തുകാരൻ അനുഭവിച്ചറിയുന്നു. ജീവിതത്തെ അതിന്റെ കയ്പേറിയ അനുഭവങ്ങൾക്കും അനിശ്ചിതാവസ്ഥകൾക്കും മുമ്പിൽ പതറാതെ നയിക്കാൻ പര്യാപ്തമാക്കുന്ന ചിന്തകൾ പങ്കുവച്ചുകൊണ്ട്, ജീവിതത്തെ ജീവിക്കാൻ തക്കവണ്ണം മൂല്യവത്താക്കുന്നതെന്തെന്നു മനസ്സിലാക്കിത്തരുന്ന ചില അനുഭവങ്ങളും ദർശനങ്ങളുമാണ് ഈ അമൂല്യ കൃതി മുന്നോട്ടുവയ്ക്കുന്നത്.
ഒരു പുസ്തകം വായിക്കുകയായിരുന്നില്ല, ഒരുപാട് ജീവിതങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു എന്ന് മനസ്സിലാക്കിയത് അവസാന താളും വായിച്ചു തീർന്നപ്പോഴായിരുന്നു. എഴുത്തിലെ ലാളിത്യവും നിഷ്കളങ്കതയും പ്രയോഗങ്ങളും വായന കൂടുതൽ എളുപ്പത്തിലാക്കുന്നു. സ്വന്തം നാടും അവിടുത്തെ സാധാരണമായ സംഭവങ്ങളും തന്നെയാണ് എഴുത്തുകാരന് പ്രധാനം. ആ അനുഭവങ്ങളെ അസാധാരണമെന്ന് തോന്നിപ്പിക്കുന്ന തരത്തിലേക്ക് മാറ്റിയെടുത്ത് അവതരിപ്പിക്കുന്നതിൽ എഴുത്തുകാരൻ വിജയിക്കുകയും ചെയ്തിരിക്കുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
നന്നായി അവതരിപ്പിച്ചു.
നന്നായി അവതരിപ്പിച്ചു. ഷാഫിയ്ക്ക് ആശംസകൾ ….