പുസ്തകപരിചയം
ഷാഫി വേളം
ജീവിതാനുഭവങ്ങളെ ഭാഷയിലേക്കു പകർത്തുന്നതിന്റെ നക്ഷത്രതിളക്കമാണ് റുക്സാന കക്കോടിയുടെ ‘വസന്ത തിലകം’ എന്ന കവിതാ സമാഹാരം. മിക്ക കവിതകളിലും പ്രകൃതിയുടെ ചാരുതയും പ്രകൃതിയുടെ നിലവിലെ അവസ്ഥയുമാണ് വിഷയമായിട്ടുള്ളത്. അർഥം തിരയാൻ നിഘണ്ടു ആവശ്യം വരാത്തവിധം ലളിതമായ പദങ്ങൾ ചേർത്ത് എല്ലാതരത്തിലുള്ള കവിതാ ആസ്വാദകരെയും തൃപ്തിപ്പെടുത്തുന്ന വിഭവ സമൃദ്ധമായ കവിതകൾ ആണ് ‘വസന്തതിലകം ‘ എന്ന സമാഹാരത്തിൽ ഉള്ളത്.
‘മരം, കരം, വരം’ എന്ന കവിതയിലെ വരികൾ പ്രകൃതിയുടെ തേങ്ങൽ എത്ര ദയനീയമാണ് എന്നാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. പ്രകൃതിയേൽക്കുന്ന ആഘാതം മനുഷ്യരെയാണ് കൂടുതൽ ബാധിക്കുന്നത്. സമകാലിക സാഹചര്യം ആവിഷ്കരിക്കുന്ന
‘കേദാരം’ എന്ന കവിത വായനക്കാരുടെ ഹൃദയം നനക്കുന്നു. ‘ഒരു തൈ നടാം ‘ എന്ന കവിതയിൽ ജീവിത പരിസരങ്ങളെ സ്നേഹിക്കണമെന്ന് ഉണർത്തുന്നു.
തീവ്രമായ ചിന്തകൾ മനസ്സിനെ കൊളുത്തി വലിക്കുമ്പോൾ രൂക്ഷമായ ചിന്തകളുണ്ടാവുമെന്ന പൊള്ളുന്ന യാഥാർത്യത്തിലേക്കാണ് കവിതകളെല്ലാം നിറഞ്ഞൊഴുകുന്നത്. വിഷയ വൈവിധ്യം കൊണ്ട് സമ്പന്നമാണ് ഈ കവിതാ സമാഹാരം. നമ്മുടെ ജീവിതാനുഭവങ്ങളുമായി പ്രത്യേകിച്ച് പ്രകൃതിയും മനുഷ്യരുമെല്ലാം അടങ്ങുന്ന ജീവിതാനുഭവങ്ങളാണ് കവി വിഷയമാക്കുന്നത്. ഈ സമാഹാരത്തിലെ കവിതകൾ സാരോപദേശത്തിന്റെ ഭാഷയിലാണ് അനുവാചകരോട് സംവദിക്കുന്നത്.
“വള്ളിപ്പടർപ്പിലൂടൂയലാടും
കൊച്ചു കോവയ്ക്ക സുന്ദരി നീ
നിന്നിൽ വിരിഞ്ഞിടും വെളുത്ത പൂക്കൾ
വിണ്ണിലെ താരകക്കൂട്ടങ്ങൾ പോൽ
ശീതളച്ഛായയിൽ നിറഞ്ഞു നിൽക്കും “
‘കോവയ്ക്ക’ എന്ന കവിതയിൽ എത്ര വലിയ ചിന്തകളാണ് ഓരോ വരികളിലൂടെയും കവി പ്രകടിപ്പിക്കുന്നത്.
അനുഭവങ്ങളുടെ എല്ലാ തലങ്ങളെയും സ്പർശിച്ചു കൊണ്ട് സഞ്ചരിക്കുമ്പോൾ ജീവിത പരിസരങ്ങളുടെ എല്ലാ സൂക്ഷ്മാംശങ്ങളും കവിതയിൽ ലയിച്ചു ചേരും. കവിതകളെല്ലാം തന്നെ സവിശേഷവും ശക്തവുമാണ്
‘കത്തുകൾ, യുവത്വം, പാത മയക്കം ‘ എന്നീ കവിതകൾ ജീവിതത്തിന്റെ സങ്കീർണ്ണതയിലേക്ക് തുറന്നുവെച്ച കവിതയുടെ കളങ്കമില്ലാത്ത കുഞ്ഞിളം കണ്ണുകളാണ്
“ഞാനും നീയും ഒരുപോലെ
ചിലപ്പോൾ നീയൊരമ്മയാകും
എന്നെപ്പോലെ !
ചിലപ്പോൾ
നീയൊരു മനോഹര ചിത്രമാകും
എന്നെപ്പോലെ”- എന്ന വരികളിലുണ്ട് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം എത്രത്തോളം കെട്ടുപിണഞ്ഞുകിടപ്പുണ്ട് എന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുളള സവിശേഷവും സൂക്ഷ്മവുമായ യാഥാർത്യങ്ങളെയാണ് ഭാഷയിൽ കൊത്തിവെക്കുന്നത്. മനുഷ്യന്റെ പ്രകൃതി ചൂഷണത്തിൽ മനം നൊന്തു വേവുന്ന മനുഷ്യരെയും സമാഹാരത്തിൽ കാണാം.
“പുലരി തൊട്ടു നിശ വരെ കരിയും പുകയും വിടുന്ന ഫാക്ടറി
ലോക്ക് ഡൗണിലും അടച്ചുപൂട്ടാത്തത് “
‘അടുക്കള’ എന്ന കവിത പെണ്ണിന്റെ ജീവിതാവസ്ഥയെയാണ് വളരെ മനോഹരമായി ആവിഷ്കരിക്കുന്നത്. മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയാത്ത ചെറു തുടിപ്പുകള്‍ കാണാന്‍ കഴിയുന്നു എന്നതാണ് ഈ കവിക്ക് ലഭിച്ച സൗഭാഗ്യം. ഇത്തരം കവികളുടെ കണ്ണുകള്‍ എന്തിനെയൊന്നില്ലാതെ പരതിക്കൊണ്ടിരിക്കും.
“ഭീതിയാണെനിക്കിന്ന്
ഈ കണ്ണിണ തുറക്കുവാൻ
ഇമകൾ തുറക്കവേ ഭീകരം ഭുവനം
ഭീതിയാണെനിക്കിന്ന് വാ തുറന്നീടുവാൻ “
“പെണ്ണായ് പിറന്നാൽ പിന്നെ
കണ്ണടയ്ക്കാതിരിന്നിടേണം
നാട്ടിലും വീട്ടിലും
പാതവക്കത്തും
പഠന ശാലയിലും വിഷ പാമ്പുകൾ “
വെറുക്കപ്പെട്ടവൾ, ബാലിക, എന്നീ കവിതയിലൂടെ കവിതയെ സമകാലികതയുടെ പെരുവഴിയിൽ കൊണ്ടു നിർത്താനും കവി മറക്കുന്നില്ല, കലങ്ങിമറിഞ്ഞത സാമൂഹ്യ വ്യവസ്ഥയില്‍ യഥാര്‍ഥ ജീവിതാവബോധം ഉണര്‍ത്തുന്നതാണ് ഈ സമാഹാരത്തിലെ കവിതകളെന്ന് വായനയുടെ ഒടുവിൽ ഏതൊരാളും പറയും. വ്യത്യസ്ത വിഷയങ്ങളില്‍ തികച്ചും മൗലികമായ ഉള്‍ക്കാഴ്ചയോടെ എഴുതപ്പെട്ടവയാണ് എല്ലാ കവിതകളും.
“കറുത്തവരുടെ കണ്ണീരും ഉപ്പും കലർന്നിട്ടാവാം
അന്നത്തിന് ഇത്ര വെളുപ്പ് നിറമായത്
അവഗണനയുടെ തീച്ചൂളയിൽ നിന്ന് ഉയർന്നിട്ടാവാം
കറുത്ത വർഗ്ഗത്തിന്റെ ഗാനങ്ങൾ ഇത്ര ഇമ്പമാർന്നതായത്” വർണ്ണ വിവേചനത്തിന്റെ പുതിയ കാലത്ത് കറുപ്പിന്റെ അഴകാണ് വരികളിൽ തെളിഞ്ഞൊഴുകുന്നത്. സമാഹാരത്തിലെ പല കവിതകളും തിരിച്ചറിവിന്റെ ശക്തമായ ഒരു ഇമേജറിയായി വായനക്കാരന്റെ മനസ്സിൽ അറിയാതെ ഒട്ടി പോകുന്നതാണ്.
“ഗർഭാവസ്ഥയിൽ എന്റെ പേര് ഭ്രൂണം
പിറവിയിൽ എന്റെ പേര് ശിശു
മാമോദിസ, നൂലുകെട്ട്, മുടി കളയൽ
ചടങ്ങിൽ എനിക്ക് പുതിയ നാമം
വളർന്നപ്പോൾ എന്റെ പേര് പലതായി” എന്ന ചിന്തയാണ്
‘പേര് ‘ എന്ന കവിതയെ ഹൃദ്യമായ ഒരാവിഷ്കാരമാക്കുന്നത് വൈയക്തികമായ അനുഭവങ്ങളുടെ ചൂരും ചൂടും ഈ സമാഹാരത്തിലെ കവിതകൾ പ്രകാശിപ്പിക്കുന്നുണ്ട്.
ചെറിയ ജീവിത മുഹൂർത്തങ്ങളിൽ നിന്ന് വലിയ പ്രാപഞ്ചിക സത്യം കണ്ടെടുക്കുന്നുണ്ട് കവി. നിസ്സാരമെന്ന് കരുതി ഒന്നിനേയും അവഗണിക്കരുതെന്നാണ് ഈ സമാഹാരം പറയാതെ പറയുന്നത്. കണ്ടും കേട്ടറിഞ്ഞും തൊട്ടറിഞ്ഞ വഴികളിലൂടെ കവി നടത്തുന്ന സഞ്ചാരങ്ങളുടെ ആകെത്തുകയാണ് ഈ കവിതാ സമാഹാരം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
നന്ദി ഷാഫിയ്ക്കും ആത്മയ്ക്കും
നന്ദി ആത്മയ്ക്കും ഷാഫി വേളത്തിനും