കവിതയുടെ ലിംഗരാഷ്ട്രീയം; വിജയരാജമല്ലികയുടെ കവിതകളിൽ

0
166

(ലേഖനം)

രഞ്ജിത് വി

 

മലയാളത്തിലെ സാഹിത്യ വ്യവഹാരങ്ങളെല്ലാം തന്നെ സമകാലിക സാഹചര്യത്തിലും ഒരുപരിധിവരെ പിതൃഅധികാര വ്യവസ്ഥിതിയുടെ മാമൂൽ ധാരണകളെയാണ് മുന്നോട്ട് വെക്കുന്നത്. എങ്കിലും ആണധികാരത്തിന്റെ മേൽക്കോയ്മ വലയത്തിൽ നിന്ന്  പുറത്ത് കടക്കാനുള്ള ശ്രമങ്ങൾ  സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ സജീവമായി നടന്നുവരുന്നുണ്ട്. പുരുഷന് മാത്രം പ്രാപ്യമായിരുന്ന സാഹിത്യ വ്യവഹാരങ്ങളിലെല്ലാം തന്നെ  പുരുഷ ഇതര സാന്നിധ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് ഏറെ പ്രതീക്ഷ ജനിപ്പിക്കുന്നതാണ്. ആൺ/പെൺ ബൈനറികളുടെ പരിമിത വലയത്തിൽ നിന്ന്   ലിംഗപരമായ വൈവിധ്യത്തിന്റെ തുറസുകളിലേക്ക് മലയാള സാഹിത്യം  ചുവടുവെച്ചു കൊണ്ടിരിക്കുകയാണ്. മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കവി വിജയരാജമല്ലികയുടെ സാഹിത്യ ഇടപെടലുകൾ മലയാള സാഹിത്യത്തിലെ ലിംഗപരമായ ആധിപത്യത്തിന്   നേരെയുള്ള ശക്തമായ കലഹമാണ്. ആണധികാരത്തിന്റെ മേൽക്കോയ്മയെയും  ഇതര വിഭാഗങ്ങളുടെ അരികുവല്ക്കരണത്തെയും  ശക്തമായ ഭാഷയിൽ തന്റെ കവിതയിൽ അടയാളപ്പെടുത്താൻ  വിജയരാജമല്ലികയ്ക്ക് സാധിച്ചിട്ടുണ്ട്. കവിത മുന്നോട്ടുവയ്ക്കുന്ന ലിംഗരാഷ്ട്രീയത്തെ  വിജയരാജമല്ലികയുടെ കവിതകളെ മുൻനിർത്തി പഠിക്കാനുള്ള ശ്രമമാണ് ഈ പ്രബന്ധത്തിലൂടെ നിർവഹിക്കുന്നത്.

ആമുഖം:

സമകാലിക രാഷ്ട്രീയ സംവാദങ്ങളുടെയും സാഹിതീയ ഇടപെടലുകളുടെയും ക്രിയാത്മക ഉപോൽപ്പന്നം എന്ന നിലയിലാണ് കേരളത്തിൽ ലിംഗപദവി പഠനങ്ങൾ സജീവമാകുന്നത്. വ്യവസ്ഥാപിതമായി പിതൃഅധികാര വ്യവസ്ഥ നിലനിൽക്കുന്ന കേരളീയ പൊതുമണ്ഡലത്തിലെ ലിംഗപരമായ വേർതിരിവുകൾക്കു നേരെ വിരൽ ചൂണ്ടികൊണ്ടാണ് ലിംഗപദവിപഠനത്തിലെ പ്രാരംഭ ഇടപെടലുകൾ പ്രത്യക്ഷപ്പെടുന്നത്. ലിംഗാധിഷ്ഠിതമായ അസമത്വത്തിന്റെ രാഷ്ട്രീയ അടയാളപ്പെടുത്തലുകളെന്ന നിലയിൽ മനുഷ്യവ്യവഹാരത്തിന്റെ എല്ലാ തുറസുകളിലും ലിംഗപദവിപഠനങ്ങൾ കടന്നുചെല്ലുകയുണ്ടായി. കല, സാഹിത്യം, സംസ്കാരം, ചലച്ചിത്രം തുടങ്ങിയ മേഖലകളിലെ ലിംഗാധിഷ്ഠിതമായ രാഷ്ട്രീയ പരിണാമത്തിന് ദിശാബോധം നൽകുകയെന്ന ഉത്തരവാദിത്തമാണ് മലയാളത്തിൽ ലിംഗപദവിപഠനങ്ങൾ ഏറ്റെടുത്തത്. “അസമത്വപൂർണ്ണവും പീഡനാത്മകവുമായ സ്ത്രീ-പുരുഷ ബന്ധങ്ങളെ ചൂഴ്ന്നു നിൽക്കുന്ന മൗനത്തിന്റെ ഗൂഡാലോചനയെ തകർക്കാൻ ധൈര്യം കാട്ടുന്നവരും അതിനെ മാറ്റിത്തീർക്കാൻ വേണ്ടി പരിശ്രമിക്കുന്നവരുമാണ് ലിംഗപദവിപഠനത്തിന്റെ വക്താക്കൾ” എന്ന മരിയാമീയെസിന്റെ (കെ.എം. വേണുഗോപാലൻ, 2006: 128)അഭിപ്രായം ഈ പഠനശാഖയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിലെക്ക് വിരൽ ചൂണ്ടുന്നതായി കാണാം.

പുരുഷകേന്ദ്രിത സമൂഹത്തിലെ വ്യവഹാരങ്ങളെല്ലാം ആൺകോയ്മയുടെ നിർമ്മിതിയാണെന്നും സ്ത്രീലിംഗപദവിയുടെ രണ്ടാം സ്ഥാനം അതിനനുസൃതമായി രൂപപ്പെട്ടതാണെന്നുമുള്ള ദിശാബോധമാണ്  ലിംഗപദവി പഠനങ്ങളിൽ രാസത്വരകമായി വർത്തിച്ചത്. നിലവിലുള്ള സൗന്ദര്യശാസ്ത്രത്തെയും സ്റ്റീരിയോടൈപ്പുകളെയും അപനിർമിച്ചുകൊണ്ട് ഉണ്മയ്ക്കും സ്വത്വബോധത്തിനും പരിഗണന നൽകുന്ന സൈദ്ധാന്തിക സമീപനങ്ങളിലൂടെ ആണധികാരഘടനകൾ നിശബ്ദതയിൽ ആഴ്ത്തിക്കളഞ്ഞ പ്രതിനിധാനങ്ങളെയും അരികുവല്ക്കരിച്ച സ്വത്വങ്ങളെയും തിരിച്ചു പിടിക്കാനുള്ള ശ്രമമാണ്  ലിംഗരാഷ്ട്രീയം മുന്നോട്ട് വെയ്ക്കുന്നത്. “പുരുഷമേധാവിത്വത്തെ ചോദ്യം ചെയ്യുന്നതോടൊപ്പം സ്വന്തം അവകാശങ്ങളെ തിരിച്ചറിഞ്ഞ്  നിലവിലുള്ള വ്യവസ്ഥിതിയുടെ സാധ്യതകൾ  പരമാവധി ഉപയോഗിച്ച്  അവയുടെ ലഭ്യതയ്ക്ക് വേണ്ടി പോരാടുന്ന പ്രവർത്തനങ്ങൾ, പുരുഷന് തുല്യയാകുന്നതിലുപരിയായ സ്ത്രീപദവിയുടെ ഉയർച്ചയ്ക്കും സമൂഹത്തിന്റെ ഘടനാപരമായ മാറ്റത്തിനും വേണ്ടി യത്നിക്കുന്ന ദീർഘവീക്ഷണപരമായ പ്രവർത്തനങ്ങൾ”( ബെൽഹുക്ക്സ്, 2010: 41) എന്നിങ്ങനെ ലിംഗരാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടുകളെ  ബെൽഹുക്ക്സ് രണ്ടായി തിരിക്കുന്നുണ്ട്. ആൺ വ്യവഹാരങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇതര ലിംഗങ്ങളോടുള്ള കാഴ്ചപ്പാടുകളിലെ പ്രത്യയശാസ്ത്ര മേൽക്കോയ്മകൾ വിശകലനം ചെയ്യുന്നതോടൊപ്പം തന്നെ സ്ത്രീ/ഭിന്നലിംഗ വിഭാഗങ്ങൾക്ക് നേരെയുള്ള അടിച്ചമർത്തൽ നയത്തിന്റെ   രാഷ്ട്രീയത്തെ കൂടി ലിംഗരാഷ്ട്രീയം പഠനവിധേയമാക്കുന്നു.

സാഹിത്യവ്യവഹാരങ്ങളിലെ പെൺതച്ചുകൾ

നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാവുന്ന മലയാളത്തിലെ സാഹിത്യവ്യവഹാരങ്ങളെല്ലാം തന്നെ ആൺനിർമ്മിതിയുടെ ഉത്പന്നമാണ്. ആണധീശത്വം നിലനിർത്തുന്നതിനും തങ്ങളുടെ ലിംഗപരമായ മേൽകോയ്മ ഊട്ടിയുറപ്പിക്കുന്നതിനുമായി സാഹിത്യം ഉൾപ്പെടെയുള്ള വ്യവഹാരങ്ങളെ പിതൃഅധികാര സമൂഹം ഫലപ്രദമായി ഉപയോഗിച്ചതിന്റെ നിരവധി ദൃഷ്ടാന്തങ്ങൾ നമ്മുക്ക് മുന്നിലുണ്ട്.  ആധുനിക നവോത്ഥാന രാഷ്ട്രീയവബോധം കേരളീയ പൊതുമണ്ഡലത്തിൽ ശക്തി പ്രാപിക്കുന്നതുവരെ പുരുഷാഖ്യാനങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വെറും ജൈവശരീരം മാത്രമായിരുന്നു സ്ത്രീകൾ. നവോത്ഥാനധുനികയുടെയും ഫെമിനിസ്റ്റ് ആശയസംഹിതയുടെയും വേരോട്ടം സൃഷ്ടിച്ച  ഭാവുകത്വ പരിസരത്തിലാണ് സ്ത്രീ കർതൃത്ത്വങ്ങളും മഞ്ജയും മാംസവും മാത്രമല്ല ആത്മാവുകൂടിയുതുമായ സ്ത്രീ പ്രതിനിധാനങ്ങൾ സാഹിത്യവ്യവഹാരങ്ങളിൽ കടന്നുവരുന്നത്. ആണധീശത്വത്തെ വെല്ലുവിളിച്ചു കൊണ്ടുള്ള വിമതസ്വരങ്ങൾ പ്രത്യക്ഷപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ മാത്രമാണ്. പുരുഷന്റെ കീഴിൽ  അവന്റെ ഇച്ഛയ്ക്കും  ആജ്ഞയ്ക്കുനുസരിച്ച്  പെരുമാറേണ്ടവളും  പുരുഷാധിപത്യ സമൂഹം നിർണയിച്ച  വ്യവസ്ഥിതികൾക്കും നിയമസംഹിതകൾക്കും  വിധേയമായി ജീവിതം നയിക്കേണ്ടവളുമാണ് സ്ത്രീ എന്ന ധാരണയാണ്  സാഹിത്യവ്യവഹാരങ്ങളെല്ലാം തന്നെ ഇരുപതാം നൂറ്റാണ്ടിലെ അന്ത്യപാദം വരെ  മുന്നോട്ടുവെക്കാൻ ശ്രമിച്ചത്. ആൺ സാഹിത്യങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീയെ സംബന്ധിച്ച വ്യാജനിർമ്മിതികൾ വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങുന്നത് സ്ത്രീവാദ പ്രസ്ഥാനങ്ങളുടെ ശക്തമായ വേരോട്ടത്തോടെയാണ്.

പുരുഷന്റെ തണലിൽ  അവന്റെ ആഗ്രഹങ്ങൾക്കനുസരിച്ച്, തോളിൽ ചാഞ്ഞ്  കഴിയാൻ ആഗ്രഹിക്കുന്നവളാണ്  സ്ത്രീയെന്ന  ധാരണയാണ് പുരുഷ കേന്ദ്രിതമായ സാഹിത്യം വിനിമയം ചെയ്യാൻ ശ്രമിച്ചത്. സ്ത്രീയെ അബലയായും ചപലയായും ചിത്രീകരിക്കുന്നതിലൂടെ അവളുടെ സാമൂഹിക സ്വത്വം നിരാകരിക്കപ്പെടുകയുണ്ടായി. പുരുഷന്മാർ രൂപകല്പന ചെയ്ത അച്ചുകളിൽ വാർത്തെടുത്ത  സ്ത്രീ ശരീരങ്ങളാണ് മലയാളസാഹിത്യത്തിൽ നിറഞ്ഞുനിൽക്കുന്നത്. പുരുഷ പ്രാമാണ്യത്തിന്റെ പ്രത്യയശാസ്ത്രത്തെ വിമർശന വിധേയമാക്കുന്ന   സ്ത്രീ മാതൃകകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നത് സ്ത്രീകൾ കർതൃത്വ സ്ഥാനത്തേക്ക് കടന്നുവരുന്നതോടെ മാത്രമാണ്. ഇതിന്റെ അനന്തരഫലമായിട്ടാണ് സാഹിത്യത്തിലെ ആണധികാര ഇടങ്ങൾ അപനിർമിക്കപ്പെട്ടു തുടങ്ങിയത്. കവിത ഉൾപ്പെടെയുള്ള സാഹിത്യപ്രരൂപങ്ങളിലെ പുരുഷാധിപത്യ വ്യവഹാരങ്ങളിലെ  ആണധീശത്തത്തിനെതിരെയുള്ള കലഹം ഈ കാലയളവിൽ ശക്തമാവുകയുണ്ടായി. ഇതിന്റെ ഭാഗമായി രൂപപ്പെട്ട ലിംഗരാഷ്ട്രീയത്തെ വിജയരാജമലികയുടെ കവിതയെ മുൻനിർത്തി   അന്വേഷണ വിധേയമാക്കുകയാണ് ഈ പ്രബന്ധത്തിലൂടെ ചെയ്യുന്നത്.

ആദത്തിനും ഹവ്വയ്ക്കുമപ്പുറം ചില വിമതലിംഗവിചാരങ്ങൾ

“ഞങ്ങൾ /അത് അതായും / അതതല്ലാതേയും / ഇത് ഇതായും / ഇതിതല്ലാതേയും / അതിതല്ലാതെയതു- / മിതുമല്ലാതെയിരിക്കുന്ന / അതിതുമിതതുമായ / ശൂന്യ / ചിഹ്നങ്ങൾ /ഞങ്ങൾ / ജനാതിപത്യ അറവുമൃഗങ്ങൾ / മൃഗാതിപത്യ ബലിജനങ്ങൾ / ഞങ്ങൾ / വൈവിധ്യാത്മകവൈരുദ്ധ്യ / ഭൗതികജീനികവിപത്ത് / പ്രാണകുണ്ഡവിസ്ഫോടന- / സ്സൂര്യപ്പൊള്ളലേറ്റ മാലാഖച്ചിറക് “

ട്രാൻസ്ജെൻഡർ ജീവിതത്തിന്റെ സ്വത്വപ്രതിസന്ധികളും അസ്ഥിത്വവ്യഥകളും വ്യക്തമാക്കാൻ ശ്രമിക്കുന്ന വിജയകുമാർ കുനിശ്ശേരിയുടെ അലിംഗം എന്ന കവിതയാണ് മുകളിൽ ചേർത്തിട്ടുള്ളത്. ട്രാൻസ് ജീവിതങ്ങളെ  പുറമേ നിന്ന് മാത്രം പരിചയമുള്ള ഒരാണെഴുതിയ ഈ കവിത അവരുടെ സത്വസംഘർഷം വ്യക്തമാക്കാൻ ആത്മാർഥമായി ശ്രമിക്കുന്നു.  ആണും പെണ്ണുമല്ലാത്തവരെന്നു സമൂഹം കളിയാക്കി വിളിച്ചവർ മഴവിൽ പതാകയ്ക്ക് കീഴിൽ ട്രാൻസ്ജെൻഡറുകൾ എന്ന പേരിൽ സ്വയം വെളിപ്പെടുത്തി തുടങ്ങിയിരിക്കുന്ന കാലത്തിലാണ് മലയാളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ കവി എന്ന ടാഗ് ലൈനോടുകൂടി വിജയരാജമല്ലികയുടെ കവിതകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നത്. അതിനുമുമ്പ് ട്രാൻസ്ജെൻഡറായ ആരും കവിത എഴുതിയിട്ടില്ല എന്ന അർത്ഥമല്ല ഇതിനുള്ളത്. മറിച്ച്  ആൺ/പെൺ ഐഡന്റിറ്റികൾ ഉപയോഗിച്ച് ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടയാളുകൾ തങ്ങളുടെ സർഗവ്യാപാരം നടത്തിയിരുന്നിരിക്കാം.  ട്രാൻസ്ജെൻഡർ ഐഡന്റിറ്റിയിൽ കവിത എഴുതി തുടങ്ങിയ പ്രഥമകവി  വിജയരാജമല്ലികയാണെന്ന് മാത്രം. ദൈവത്തിന്റെ മകൾ, ആൺനദി, ലിലിത്തിന് മരണമില്ല, പെണ്ണായളുടെ കവിതകൾ  എന്നീ സംഹാരങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നതും  ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചതുമായ  ഇരുനൂറിലധികം കവിതകൾ വിജയരാജമല്ലികയുടെതായി ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.  ഭാഷയിലും സംസ്കാരത്തിലും ആണധികാരം വച്ചുപുലർത്തുന്ന മാമൂൽ ധാരണകളെയും വ്യവസ്ഥിതികളെയും  ശക്തമായ ഭാഷയിൽ ചോദ്യം ചെയ്യാനുള്ള ഉദ്യമമാണ് ഓരോ കവിതയും. “സാഹിത്യമർമ്മജ്ഞരായ പുരുഷന്മാർക്ക് ഒട്ടേറെ പിഴവുകൾ ചൂണ്ടിക്കാണിക്കാവുന്നവയാണ് മല്ലികയുടെ കവിതകൾ. വ്യാകരണവും പ്രയോഗങ്ങളും അശിക്ഷിതങ്ങളും അപ്രഗൽഭങ്ങളുമാണ്. പക്ഷെ അവൾ മലയാളസാഹിത്യത്തിൽ പിച്ചവെച്ചു തുടങ്ങുന്നു. അതുകൊണ്ട് ഈ കവിതകളെ ചെവികൊണ്ടോ, കണ്ണുകൊണ്ടോ അല്ല ഹൃദയം കൊണ്ടാണറിയേണ്ടത്. യുക്തികൊണ്ടല്ല , വികാരംകൊണ്ടാണളക്കേണ്ടത് ” എന്ന ഗീതയുടെ അഭിപ്രായം വിജയരാജമല്ലികയുടെ കവിതകളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

ഉർവ്വരതയ്ക്കും സൃഷ്ടിപരതയ്ക്കും പ്രാമുഖ്യം കൽപ്പിക്കുന്ന  മാതൃബന്ധത്തെ ഊട്ടിയുറപ്പിക്കാനാണ് ആണധികാരം നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ആദർശ വാർപ്പുമാതൃകകളെയും സാമ്പ്രദായിക പാരമ്പര്യ ബോധത്തെയും നിരാകരിക്കുന്ന നിരവധി കവിതകൾ വിജയരാജമല്ലികയുടെതായിട്ടുണ്ട്.  മനുഷ്യവർഗ്ഗത്തെയാകെ ആൺ/ പെൺ കള്ളികളിൽ ഒതുക്കി നിർത്താൻ ശ്രമിക്കുന്ന സാംസ്കാരിക നിർമ്മിതിയെ കവി ശക്തമായി ചോദ്യം ചെയ്യുന്നു.

 കുഞ്ഞ്
ആണോ പെണ്ണോ
എന്നറിയാൻ, നോട്ടമൊന്ന് പോരെയെന്ന്
അപ്പോത്തിക്കിരി;
ചുമ്മാതിരിയുയൊന്ന്
മിണ്ടാതിരി
പെണ്ണും ആണും മാത്രമോ
ജീവലോകം!   
                (ജീവലോകം: 19)

എന്ന് കവി ചോദിക്കുന്നു. ഒരു വ്യക്തിയുടെ ജീവശാസ്ത്രപരമായ ലിംഗമല്ല, ആ വ്യക്തിയുടെ ലിംഗപദവിയെ നിർണയിക്കുന്നത് എന്ന ബോധ്യമാണ് ഇപ്രകാരം സംസാരിക്കാൻ കവിയെ പ്രേരിപ്പിക്കുന്നത്. കാറും കോളും മാറിമാറി വരുമെന്നും അപ്പോഴും ചിലർ ആൺ പെൺ അളവുകോലുകൾ രാകിമിനുക്കി തൈലം പൂശുമെന്ന് കാലോചിതമായി മാറ്റം സംഭവിക്കാത്ത പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്ന മനുഷ്യരെ അകവും പുറവും എന്ന കവിതയിൽ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട്.

കണ്ണീരിന്റെ അട്ടിപ്പേറവകാശം കാലങ്ങളായി സ്ത്രീയുടെ തലയിൽ പതിച്ച് നൽകിയിരിക്കുകയാണ്. കണ്ണീരാണ് സ്ത്രീയുടെ ആയുധമെന്ന് ആധുനിക ആൺ കർതൃത്വങ്ങൾ പോലും ഉദ്ഘോഷിച്ചു കൊണ്ടിരിക്കുന്നു. തങ്ങളുടെ എല്ലാ നേട്ടങ്ങൾക്കും  കണ്ണീരിനെ സ്ത്രീകൾ ഫലപ്രദമായി ഉപയോഗിക്കുന്നുവെന്ന ആൺനോട്ടത്തെ ‘ഒരു സുന്ദരിയുടെ കവിത’ അപനിർമിക്കുന്നുണ്ട്. കവിതയാണെന്റെ ആയുധമെന്ന് കവി തുറന്നുപറയുന്നു. കണ്ണീരല്ല,  കൽമഷതിരകളുമല്ല, കരുത്തും കരുതലും ആണെന്റെ തോഴിമാർ എന്ന്  കവി ദൃഢനിശ്ചയത്തോടെ പ്രഖ്യാപിക്കുന്നു. സ്ത്രീയുടെ കരുത്തിനെയും ആർജ്ജവത്തെയും കണ്ണീരിന്റെ പുകമറയാൽ മൂടിവെക്കാൻ നോക്കിയ ആണധികാരത്തിന്റെ  തന്ത്രങ്ങൾ ‘ഒരു സുന്ദരിയുടെ കവിത’യ്ക്ക് മുന്നിൽ  തകർന്നു തരിപ്പണമാകുന്നു. കണ്ണീരിന്റെ ചങ്ങലകൾ മാത്രമല്ല ആണിന്റെ മാറിൽ ചായാൻ ശ്രമിക്കുന്നവരാണ് സ്ത്രീകൾ എന്ന പൊതുബോധവും  മലയാളി സമൂഹത്തിൽ രൂഢമൂലമായി നിലനിൽക്കുന്നുണ്ട്. ഏതാനും ചില സ്ത്രീകളുടെ ആഗ്രഹങ്ങളെയും അഭിലാഷങ്ങളെയും സ്ത്രീ വർഗ്ഗത്തിന്റെയാകെ ആഗ്രഹങ്ങളായി വിലയിരുത്തുന്ന  കാഴ്ചപ്പാട് ‘ആ നിമിഷം’ എന്ന കവിതയിൽ ചോദ്യം ചെയ്യപ്പെടുന്നു.

ഏതു പെണ്ണാ
 ഒരു പുരുഷന്റെ മാറിലൊന്ന്
 തലച്ചായ്ക്കാൻ കൊതിക്കാത്തത്
 ആ കവിളിൽ ഒന്ന് കടിക്കാൻ തുടിക്കാത്തത്
 ജീവിതയാത്രയിൽ പ്രിയനോടൊപ്പം
 കൂടിയും ഇമ്പം തുളുമ്പിയും
 വിളക്കായി എരിയാൻ
 ദാഹിക്കാത്തത്
 ഉണ്ടല്ലോ ഒന്നല്ല
 ഒരായിരം പെണ്ണുങ്ങൾ
 സദാചാര കണ്ണട ഒന്ന് തുടച്ചാൽ ആ നിമിഷം കാണാം!(ആ നിമിഷം: 28)

ആൺസമൂഹം നെയ്തുകൂട്ടിയ സ്ത്രീ ബിംബങ്ങളെയും ഇമേജുകളെയും  ആധുനിക രാഷ്ട്രീയ അവബോധത്തിന്റെ പശ്ചാത്തലത്തിൽ കവി അപനിർമ്മിക്കുകയും ആത്മാവും ശരീരവുമുള്ള സ്വതന്ത്രവ്യക്തി എന്ന നിലയിലേക്ക് സ്ത്രീ ശരീരങ്ങളെ ഉയർത്തുകയും ചെയ്യുന്നു.

ഭാഷാവ്യവഹാരങ്ങൾ എല്ലാകാലത്തും ആധിപത്യവ്യവസ്ഥയ്ക്ക് അനുകൂലമായിട്ടാണ് നിലകൊണ്ടിട്ടുള്ളത്. എല്ലായിടങ്ങളിലും  ആൺ-പെൺ ബൈനറികളെ സൃഷ്ടിച്ചു  സ്ത്രീയെക്കാളും ഒരുപടി മുകളിലാണ് പുരുഷനെന്ന ധാരണ ഭാഷ നിരന്തരമായി ഊട്ടിയുറപ്പിക്കുന്നു. “മാഷ് ആണായതും ടീച്ചർ പെണ്ണായതും എങ്ങനെ” എന്ന ചോദ്യം  ‘മാഷും ടീച്ചറും’ എന്ന കവിത പങ്കുവെക്കുന്നുണ്ട്.

” മാഷ് വേണ്ട,  ടീച്ചർ മതി;
 ആൺ ടീച്ചറും
 പെൺ ടീച്ചറും വേണ്ട
 ദ്വന്ദമല്ലല്ലോ ലോകം!
 മഴവില്ല് വിടർന്നില്ലേ?
 വേണ്ടത് ടീച്ചർ തന്നെയല്ലേ? ”  ( മാഷും ടീച്ചറും: 31)

സമാനമായ തൊഴിൽ ചെയ്യുന്ന എല്ലാ ലിംഗ വിഭാഗത്തിൽപ്പെട്ടയാളുകളെയും  കുറിക്കാൻ ലിംഗ ഭേദമില്ലാത്ത പദം ഉപയോഗിച്ചാൽ മതിയെന്ന പുരോഗമന കാഴ്ചപ്പാടാണ്  കവി പങ്കു വയ്ക്കുന്നത്. അതിനാലാണ് മാഷ് എന്ന  പുരുഷലിംഗത്തെ പ്രതിനിധാനം ചെയ്യുന്ന പദത്തിന് പകരം ടീച്ചറെന്ന പദത്തിലേക്ക് കവിയുടെ നോട്ടം പതിക്കുന്നത്. ഭാഷയിൽ ലിംഗ സൂചകമല്ലാത്ത വാക്കുകൾ രൂപപ്പെടുത്തുക വഴി  ഭാഷയിലെ ആണാധിപത്യത്തെ തകർക്കുക എന്ന കവി വിരൽ ചൂണ്ടുന്നു.

രാവ് പകല് എന്നീ ദ്വന്തങ്ങൾക്കിടയിൽ സന്ധ്യയുള്ളതുപോലെ ആൺ ശരീരങ്ങൾക്കും പെൺശരീരങ്ങൾക്കും ഇടയിൽ നിരവധി ജീവിതങ്ങളുണ്ടെന്ന് ‘രാവും പകലും’ എന്ന കവിതയിൽ വിജയരാജമല്ലിക ഓർമിപ്പിക്കുന്നു. രാവും പകലും മാത്രമല്ല, സന്ധ്യയുമുണ്ട്. സന്ധ്യയിൽ തന്നെ എത്ര സന്ധ്യകൾ, മനുഷ്യരെപ്പോലെ  എന്ന ചോദ്യമാണ് കവി മുന്നോട്ടു വെക്കുന്നത്. ആണിനും പെണ്ണിനും അപ്പുറത്തുള്ള നിരവധിയായ മനുഷ്യജീവിതങ്ങളുടെ അവകാശ പോരാട്ടങ്ങളുടെ ജിഹ്വയായി രാവും പകലും എന്ന കവിത മാറുന്നു.

 

 സഹായക ഗ്രന്ഥങ്ങൾ

1) Bell Hooks, Feminist Theory: From Margin to Center, Pluto Press, London, 2000

2) കെ എം വേണുഗോപാലൻ (എഡിറ്റർ), കേരളം ലൈംഗികത ലിംഗനീതി, സൈൻ ബുക്സ്, തിരുവനന്തപുരം, 2006

3) വിജയരാജമല്ലിക, ദൈവത്തിന്റെ മകൾ, ചിന്താ ബുക്സ്, തിരുവനന്തപുരം, 2018

4)വിജയരാജമല്ലിക, ആൺനദി, മൈത്രി ബുക്സ്, പാലക്കാട്, 2019

5) വിജയരാജമല്ലിക, പെണ്ണായവളുടെ കവിതകൾ, ബുക്കർ ബുക്സ്, 2021

 

 

LEAVE A REPLY

Please enter your comment!
Please enter your name here