(ലേഖനം)
പ്രസാദ് കാക്കശ്ശേരി
“കുറ്റബോധത്താൽ ഞാൻ നീറി നീറി പുകയുന്നു. ഇന്ന് കുമ്പസാരിച്ചതിൽ അധികവും നുണയായിരുന്നു.”
-അമൽ, ‘പരിശുദ്ധൻ’, ടിഷ്യൂ പേപ്പർ കഥകൾ (കാണൂ വലിച്ചെറിയൂ )
ദേശാഭിമാനി വാരിക, 20 ആഗസ്റ്റ് 2023.
പെണ്ണ് തന്നെ ചതിച്ചിരിക്കുന്നു എന്ന ഉറച്ച ധാരണയിൽ നിന്ന് സ്ത്രീ വിദ്വേഷിയായി തീർന്ന രാജാവിന്റെ ഹിംസാത്മക മനസ്സിനെ കഥ പറഞ്ഞ് മെരുക്കി അതിജീവിച്ച ഒരുവളിലൂടെ പടർന്നു ‘ആയിരത്തൊന്ന് രാവുകളി’ ലെ കഥകൾ. വിശ്വസ്തതയും അതിന്റെ തകർച്ചയും ഉലയ്ക്കുന്ന ദാമ്പത്യ- പ്രണയ ജീവിതത്തിന്റെ ഇടങ്ങളിൽ അടക്കിപ്പിടിച്ച തേങ്ങലും, വെളിപ്പെടുത്തിയിട്ടും ബോധ്യപ്പെടാത്ത യാഥാർത്ഥ്യത്തിന്റെ ഉൾവേവുമുണ്ടാകാം. കഥയിൽ നുണയും നേരും കലരുന്നതുപോലെ ജീവിതത്തിലെ, മനസ്സിലെ, പ്രഹേളികാ സമാനമായ (കള്ള) കളികളിലേക്ക് പ്രേക്ഷകരെ കൂടിയിരുത്തുന്ന സിനിമയാണ് തമർ എഴുതി സംവിധാനം ചെയ്ത ”ആയിരത്തൊന്ന് നുണകൾ’.
അറേബ്യൻ നൈറ്റ്സിൽ എന്ന പോലെ ഇവിടെ സിനിമയ്ക്ക് പശ്ചാത്തലമായത് അറബ് ഇടം തന്നെയാണ്. പ്രവാസികളായ മലയാളി കുടുംബങ്ങൾ യാദൃച്ഛികമായി സന്ധിക്കുന്ന അവരുടെ സുഹൃത്തിന്റെ വീട്ടിൽ വച്ച് നടക്കുന്ന ദാമ്പത്യ ഇടർച്ചകളുടെയും ഇഴയടുപ്പങ്ങളുടെയും സങ്കടഫലിതം കൊണ്ടും അധികാര അഹന്ത കൊണ്ടും ദാമ്പത്യത്തിലെ പൊയ് – പൊരുൾ വ്യതിയാനം കൊണ്ടും നിർവഹിക്കുന്ന ഒരു ഗെയിമിൽ പ്രേക്ഷകരെയും പങ്കാളികളാക്കി, കഥയുടെ മികവുകൊണ്ട് ചടുലമാകുന്ന ദൃശ്യഭാഷയാണ് ആയിരത്തൊന്ന് നുണ കളായികളായി നമ്മെ ഉണർത്തുന്നത്. ഹാഷിം സുലൈമാൻ, തമർ എന്നിവരുടെ കഥ പറച്ചിലിന്റെ രീതിയും ആഖ്യാന വിശദാംശവും ഭദ്രം.
പരസ്പരം കുറ്റപ്പെടുത്തുന്ന, ഈഗോയിസ്റ്റിക്കാവുന്ന, മക്കളോടുള്ള ഉത്തരവാദിത്വ നിർവഹണത്തിൽ തർക്കിക്കുന്ന, വീട്ടുവേല അധീശത്വ നിയന്ത്രണമാകുന്ന, വിവാഹപൂർവ്വ ബന്ധങ്ങളെ ഒളിപ്പിക്കുന്ന, ദാമ്പത്യേതര പ്രണയങ്ങൾ അസ്വാരസ്യമാകുന്ന, സാമ്പത്തിക സ്വാതന്ത്ര്യം ഏകപക്ഷീയമാകുന്ന ടിപ്പിക്കൽ ദാമ്പത്യത്തിന്റെ ഉള്ളുകളികൾ നുണക്കഥയോ നേരറിവോ ആയി ദൃശ്യപ്പെടുത്തുന്ന ഇടത്ത് സിനിമ വീട്ടക വ്യവഹാരത്തെ കേന്ദ്രീകരിച്ച ഒരു ഡയലോഗ് ആയി മാറുന്നു. വീട്ടകങ്ങളിൽ പ്രത്യേകിച്ചും ദമ്പതികൾക്കിടയിൽ ഒരു സംവാദത്തിന്റെ വീണ്ടു വിചാരത്തിന്റെ സ്പേസ് സൃഷ്ടിക്കുന്നിടത്താണ് സിനിമ പ്രസക്തമാകുന്നത്.
ഫ്ലാറ്റിലെ തീപിടുത്തം മൂലം സുഹൃത്തിന്റെ വീട്ടിൽ അഭയം പ്രാപിക്കുകയും പിന്നീട് അവിടെ ഒത്തുചേരുന്ന മറ്റ് സുഹൃത് ദമ്പതികളും ചേർന്ന് തങ്ങൾക്ക് ഇടം തന്ന ദമ്പതിമാരുടെ പത്താം വിവാഹ വാർഷികം ആഘോഷിക്കുന്നിടത്തുനിന്ന് കഥയിലെ നുണ നിവർന്നു വരുന്നു. ഇക്കാല ദാമ്പത്യത്തിനിടയിൽ ഇതുവരെ പങ്കാളിയോട് പങ്കുവെക്കാത്ത യാഥാർത്ഥ്യങ്ങൾ, പറഞ്ഞ നുണകൾ വെളിപ്പെടുത്തുന്ന കളിയിൽ പ്രേക്ഷകനും പെട്ടു പോവുകയാണ്. വീട്ടുവേലക്കു നിൽക്കുന്ന ഇന്ദുവും നിസ്സഹായത കൊണ്ട് നുണയുടെ ഇരയാകുന്ന സമാന്തര അവസ്ഥയും കൃത്യമായി ഉചിതമായി കാഴ്ചയിൽ ബ്ലെൻറ് ചെയ്യപ്പെടുന്നുണ്ട്. മലയാളി സദാചാരത്തിന്റെ ഇതര ദാമ്പത്യത്തിലേക്കുള്ള ഒളിഞ്ഞുനോട്ടങ്ങൾ, മുൻ വിധി നിറഞ്ഞ വിലയിരുത്തുകൾ, സദാചാരകാപട്യങ്ങൾ, ആൺ- പെൺ തുല്യ നീതി അശേഷമില്ലാത്ത വിനിമയങ്ങൾ, പണവും കുലവും കുടുംബാംഗങ്ങളും ചേർന്നൊരുക്കുന്ന നിശ്ചയങ്ങൾ, വ്യവസ്ഥകൾ. സിനിമ കുടുംബത്തെ പറ്റി പറഞ്ഞ് നുണകൾ കൊണ്ട് പരിക്കേൽപ്പിക്കുകയാണ്. “ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം” എന്നു വരികിൽ സത്യത്തിന് ഒരു മുഖം മാത്രമേയുള്ളൂ എന്നും പറയാം. പക്ഷേ നുണകൾക്ക് എത്രയെത്ര മുഖമാണ്! പറഞ്ഞാൽ നുണയും എഴുതിയാൽ കഥയുമായി വേഷം കെട്ടാൻ മിടുക്കുള്ള നുണകൾ! “അശ്വത്ഥാമാ ഹത: കുഞ്ജര: ” എന്നതിൽ കുഞ്ജര: എന്ന് ശബ്ദം കുറച്ച നുണകൾ, സ്വയം നീറ്റുന്ന നുണകൾ, മറ്റൊരാളെ ജീവിതകാലം മുഴുവൻ അലട്ടാൻ പര്യാപ്തമായ നുണകൾ, ഒരിക്കലും സത്യത്തിന്റെ വേഷം കെട്ടി മിനുങ്ങാതെ അരങ്ങ് വിട്ടുപോകുന്ന നുണകൾ,മാനുഷികത കൊണ്ടുമാത്രം വെളിപ്പെടുത്താത്ത അർത്ഥ സുന്ദരമായ നുണകൾ, തിരിച്ചറിഞ്ഞാൽ പൊള്ളിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യാവുന്ന പലവിധ നുണകൾ… നുണകളുടെ ആശയലോകത്തിരുന്ന് ദമ്പതികൾ നടത്തുന്ന ‘ഷോ ‘യിൽ കഥയല്ല ജീവിതം എന്ന പൊരുളും കൂടിക്കിടക്കുന്നത് കണ്ടെത്താം. മികവുറ്റ ആശയലോകം ആഖ്യാനം ചെയ്യാൻ സമർത്ഥമായ തിരക്കഥ, സിനിമ സംവിധായകന്റെ എന്ന പോലെ തിരക്കഥാകൃത്തിന്റെയും കൃതഹസ്തമായ പ്രതിഭാപ്രസരങ്ങൾ ഉള്ള സർഗാവിഷ്കാരമാണെന്ന് ബോധ്യപ്പെടുത്തുന്നു.ജീവിതം എന്ന വലിയ നുണ! മരണം എന്ന വലിയ സത്യം! (സുകൃതം -എം ടി )എന്നിങ്ങനെ നുണയെയും സത്യത്തെയും ദാർശനിക വൽക്കരിക്കാനും സിനിമ ശ്രമിക്കുന്നില്ല.
സങ്കീർണതകൾ ഇല്ലാത്ത ക്രാഫ്റ്റിൽ ദൃശ്യ- ശബ്ദ പൊലിമകൾ ഇല്ലാത്ത നേർക്കാഴ്ചയിൽ വളരെ സത്യസന്ധമായി കാഴ്ചയുടെ വിശ്വാസത്തിന്റെ പുനർവിചാരം സാധ്യമാക്കുകയാണ് സിനിമ. ദമ്പതിമാർക്കിടയിൽ ഡിവോഴ്സ് ആയി ഒരു മാനസിക പരിക്കുമില്ലാതെ എത്തുന്ന വക്കീൽ കഥാഥാപാത്രത്തിന് ചിലത് പറയാനുണ്ട്. കോടതിയുടെ പശ്ചാത്തലത്തിൽ മെലോഡ്രാമയില്ലാതെ വരുന്ന കഥാപാത്രത്തിന്റെ ശരീരഭാഷ വേറിട്ടത്. ദാമ്പത്യം പാരസ്പര്യം മാത്രമല്ല വേറിടുന്നതും ഉത്തരവാദിത്വം ആണെന്ന് വക്കീൽ കഥാപാത്രം അയാളുടെ സ്വജീവിത പാഠമായി അവതരിപ്പിക്കുന്നുണ്ട്. “പരസ്പരം നുണ പറഞ്ഞ് ജീവിക്കുന്ന ഭാര്യാ ഭർത്താക്കമാരാണ് യഥാർത്ഥ കള്ളന്മാർ, ഡിവോഴ്സ് ആയവരല്ല എന്ന് വക്കീലിന്റെ ഭാഷ്യം.”
പത്തോളം കഥാപാത്രങ്ങൾ അധികസമയവും വീട്ടകത്തു തന്നെ കേന്ദ്രീകരിച്ച് തങ്ങളുടെ സ്വാഭാവിക അഭിനയ മികവുകൊണ്ട് കുടുംബ ബന്ധങ്ങളെ ഒരു സംവാദ മണ്ഡലമായി അവതരിപ്പിക്കുന്നു . നായിക -നായക പ്രാധാന്യമില്ലാതെ ജീവിതകഥയുടെ പല ലയറുകൾ കൊണ്ട് കാഴ്ചപ്പുറത്ത് മുറുക്കി ഇരുത്തുന്നു.ആദാമിന്റെ മകൻ അബു, പത്തേമാരി എന്നീ സിനിമകളിലൂടെ നമ്മുടെ വൈകാരികതയെ സ്വാധീനിച്ച ദൃശ്യ ഭാഷയുടെ സാധ്യതകൾ പകർന്ന സംവിധായകൻ സലിം അഹമ്മദാണ് ചിത്രത്തിന്റെ നിർമാതാവ്.
സത്യവും നുണയും ഓരോ ആറ്റിറ്റ്യൂഡ് അനുസരിച്ച് മാറി മറിയുന്നു എന്ന ചിന്തയിലേക്ക് പ്രകോപിപ്പിക്കുകയാണ് ‘ആയിരത്തൊന്ന് നുണകൾ’.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല