ലേഖനം
സുജിത്ത് കൊടക്കാട്
1953 ലെ മട്ടാഞ്ചേരി വെടിവെപ്പിനെ ആസ്പദമാക്കി, രാജീവ് രവി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം. കേരളത്തിലെ തൊഴിലാളിവർഗ്ഗ സമരചരിത്രത്തിലെ ജ്വലിക്കുന്ന ഏടാണ് മട്ടാഞ്ചേരി സംഭവം. മുതലാളിമാർ അധികാരികളുടെ പിന്തുണയോടെ ചൂഷണം നിർബാധം തുടർന്നപ്പോൾ തൊഴിലാളികൾ പോരാട്ടത്തിന്റെ പുതിയ പാത വെട്ടിത്തുറന്നു. എട്ടു മണിക്കൂർ തൊഴിൽ അവകാശമായി അംഗീകരിക്കപ്പെട്ട് അര നൂറ്റാണ്ട് പിന്നിട്ടിട്ടും കൊച്ചിയിൽ ഒരു ദിവസത്തെ തൊഴിൽ സമയം 12 മണിക്കൂറായിരുന്നു. കൂലി വെറും രണ്ടു രൂപയും. 24 മണിക്കൂർ തുടർച്ചയായി ജോലി ചെയ്താൽ അഞ്ചു രൂപ നൽകും. ഇതുകൂടാതെ കുപ്രസിദ്ധമായ ചാപ്പയേറിനെയും തൊഴിലാളികൾ അതിജീവിക്കണം.
എന്താണ് ചാപ്പയേറ്?
കൊച്ചി തുറമുഖത്ത് 1962 വരെ നിലനിന്നിരുന്ന അങ്ങേയറ്റം അപരിഷ്കൃതമായ ഒരു സമ്പ്രദായമായിരുന്നു ചാപ്പയേറ്. കൊച്ചി തുറമുഖത്ത് കപ്പൽ വന്നടുക്കുമ്പോൾ തൊഴിലിനായി കാത്തു നിൽക്കുന്ന തൊഴിലാളികളുടെ ഇടയിലേക്ക് തൊഴിലുടമകളുടെ മുദ്ര പതിപ്പിച്ച ലോഹ ടോക്കൺ ഇതിനായി ചുമതലപ്പെടുത്തിയ കങ്കാണിമാർ വലിച്ചെറിയുന്നു. ഈ ലോഹ ടോക്കണാണ് ചാപ്പ. ചാപ്പ ലഭിച്ചവർക്ക് മാത്രമേ തൊഴിൽ ലഭിക്കൂ. വിശപ്പും ദാരിദ്ര്യവും കാരണം കങ്കാണിമാർ വലിച്ചെറിയുന്ന ചാപ്പയ്ക്കുവേണ്ടി പാവപ്പെട്ട തൊഴിലാളികൾ ആത്മാഭിമാനം പണയം വെച്ച് ചാടി വീണു. 10 തൊഴിലാളികൾ ആവശ്യമുള്ള ജോലിക്ക് നൂറുകണക്കിന് തൊഴിലാളികൾ ചാപ്പയ്ക്കു വേണ്ടി പരസ്പരം മത്സരിച്ചു. ചാപ്പ നേടുന്നതിനായി പരക്കം പായുകയും തമ്മിലടിക്കുകയും ചെയ്യുന്ന തൊഴിലാളികളെ വിനോദമെന്നവണ്ണം വീക്ഷിക്കുന്നതിന് കങ്കാണിമാരും മുതലാളിമാരും അവരുടെ കുടുംബവും തുറമുഖത്ത് വന്നു നിൽക്കാറുണ്ടായിരുന്നു. ചില തൊഴിലാളികളാകട്ടെ കങ്കാണിമാരുടെ വീട്ടിൽ ദാസ്യവേല ചെയ്തും കൈക്കൂലി നൽകിയും ചാപ്പ മുൻകൂട്ടി വാങ്ങിയെടുക്കും. തൊഴിലാളികളെ അടിയാളന്മാരാക്കി മാറ്റുന്ന ചാപ്പ എന്ന പ്രാകൃത നിയമത്തിനെതിരെ കൊച്ചിയിലെ തൊഴിലാളികൾ മട്ടാഞ്ചേരി തുറമുഖത്ത് വെച്ച് നടത്തിയ ഐതിഹാസികമായ പോരാട്ടമാണ് മട്ടാഞ്ചേരി സംഭവം.
ചാപ്പ അവസാനിപ്പിക്കുന്നതോടൊപ്പം ജോലി സ്ഥിരത ലഭിക്കണമെന്നും കൂലിയിൽ ചെറിയ വർദ്ധനവ് വേണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. 1946 ൽ CPCLU എന്ന കൊച്ചിൻ പോർട്ട് കാർഗോ ലേബർ യൂണിയൻ നിലവിൽ വന്നതോടെ തൊഴിലാളികളുടെ സംഘടിത ശക്തി ഒന്നു കൂടി വർദ്ധിച്ചു. ബ്രിട്ടീഷ് പട്ടാള ബാരക്കിന് തീയിട്ട ടി എം അബു ,ജോർജ് ചടയംമുറി, പി ഗംഗാധരൻ തുടങ്ങിയ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളായിരുന്നു അതിന് ചുക്കാൻ പിടിച്ചത്. പിന്നീട്, 1950 ജനുവരി ഒന്നിന് കമ്മ്യൂണിസ്റ്റ് പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് സർക്കാർ CPCLU നിരോധിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ സമ്മതത്തോടെ തൊഴിലാളികൾ മറ്റൊരു സംഘടനയായ CTTU വിൽ അണിനിരന്നു.
കരിങ്കാലികൾ / കുലംകുത്തികൾ
തൊഴിലാളികൾ കൊടിയുടെ നിറം മറന്നുപോലും ഒന്നിക്കാൻ തുടങ്ങിയതോടെ ഏതുവിധേനയും തൊഴിലാളി സമരത്തെ ദുർബലപ്പെടുത്തേണ്ടത് മുതലാളിമാരുടെ മുഖ്യ അജണ്ടയായി മാറി. അങ്ങനെയാണ് ചാപ്പ കൊടുക്കുവാനുള്ള അവകാശം യൂണിയൻ നേതാക്കൾക്ക് നൽകാനുള്ള തീരുമാനം വന്നത്. യൂണിയൻ നേതാക്കളെ വിലക്കെടുത്താൽ അവരെ മുൻനിർത്തി തൊഴിലാളികളെ അടിമകളായി തന്നെ നിലനിർത്താം എന്നായിരുന്നു മുതലാളിമാരുടെ കണക്കുകൂട്ടലുകൾ. എന്നാൽ കമ്മ്യൂണിസ്റ്റുകാർ ഈ തീരുമാനത്തെ ശക്തമായി എതിർത്തു. ചാപ്പ നിർത്തലാക്കാതെ പോരാട്ടം അവസാനിക്കില്ലെന്നവർ പ്രഖ്യാപിച്ചു. എന്നാൽ സ്വാതന്ത്ര്യാനന്തരം കേന്ദ്രം ഭരിച്ച നെഹ്റു ഗവൺമെന്റിൽ നിർണായക സ്വാധീനമുണ്ടായിരുന്ന ഐഎൻടിയുസി, ചാപ്പ നൽകുവാനുള്ള അവകാശം മുതലാളി വർഗ്ഗമായ സ്റ്റീവ്ഡോറിൽ നിന്ന് കൈക്കലാക്കി. പിന്നീട് ചില ഇടപെടലിന്റെ ഭാഗമായി CTTU വും സമരത്തിൽ നിന്ന് പിന്മാറിയപ്പോൾ ആത്മാഭിമാനം പണയം വെക്കാത്ത തൊഴിലാളികൾ ചെങ്കൊടിയേന്തി സമരമുഖത്തേക്കിരമ്പി വന്നു.
തുറമുഖത്തിലെ രംഗം
സമരകാഹളം
സമരം ശക്തി പ്രാപിക്കുന്നതിനിടെ അപകടം മണത്ത പോലീസ്, യൂണിയൻ നേതാക്കളെ ചർച്ചക്ക് ക്ഷണിച്ചു. എന്നാൽ, ചർച്ചയ്‌ക്കെത്തിയ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് ലോകകപ്പിൽ തള്ളി. തൊഴിലാളി നേതാക്കന്മാരെ അറസ്റ്റ് ചെയ്തതോടെ സമരം ദുർബലപ്പെടുമെന്ന് കരുതിയ പോലീസുകാർക്ക് തെറ്റി. തങ്ങളുടെ നേതാക്കളെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ സമരം അതിശക്തമായി. മട്ടാഞ്ചേരി തെരുവ് കുലുങ്ങി. അധികാരി വർഗ്ഗം ഞെട്ടിത്തരിച്ചു. കവചിത വാഹനങ്ങളും യന്ത്രത്തോക്കുകളുമായി സായുധസേന മട്ടാഞ്ചേരി തെരുവിലേക്ക് കുതിച്ചു പാഞ്ഞു. തൊഴിലാളികൾ തെല്ലും ഭയന്നില്ല. കവചിത വാഹനങ്ങളെയും യന്ത്രത്തോക്കുകളെയും അവർ കല്ലിൻ ചീളുകൾ കൊണ്ട് നേരിട്ടു. പെണ്ണുങ്ങൾ കൂട നിറയെ കല്ലുകളുമായി അവർക്ക് കാവൽ നിന്നു. തൊഴിലാളികളുടെ പ്രത്യാക്രമണത്തിൽ സായുധസേന ഞെട്ടിത്തരിച്ചു. അധികാരി വർഗ്ഗത്തിന്റെ യന്ത്രത്തോക്കുകൾ തൊഴിലാളികളുടെ നെഞ്ചിൻ കൂടുന്നം വച്ചപ്പോൾ അവർ ഒരു പ്രതിജ്ഞയെടുത്തു. ഞാൻ പിന്തിരിഞ്ഞോടിയാൽ എന്നെ നിങ്ങൾ എറിഞ്ഞു കൊന്നേക്കുക. ഞാൻ പൊരുതി വീണാൽ എന്നെ മറികടന്ന് നിങ്ങൾ മുന്നേറുക. അക്ഷരാർത്ഥത്തിൽ മട്ടാഞ്ചേരി തെരുവ് ഒരു അടർക്കളമായി മാറി. തൊട്ടടുത്ത നിമിഷം സൈന്യത്തിന്റെ തോക്കിൻ കുഴലുകൾ തീ തുപ്പി. രക്തത്തിൽ മുങ്ങിത്താഴുമ്പോഴും മട്ടാഞ്ചേരി തെരുവിൽ നിന്ന് ഇൻക്വിലാബ് വിളികൾ മുഴങ്ങി.
സായുധസേനാംഗത്തെ കല്ലിൻ ചീളു കൊണ്ട് നേരിട്ട സെയ്ദ് എന്ന ചെറുപ്പക്കാരന്റെ തല തുളച്ച് വെടിയുണ്ട ചീറിപ്പാഞ്ഞു. മട്ടാഞ്ചേരിയിലെ അവകാശോജ്ജ്വല പോരാട്ടത്തിലെ ആദ്യത്തെ രക്തസാക്ഷിയായി സഖാവ് സെയ്ദ് മാറി. തൊഴിലാളികളുടെ വീട്ടിലേക്കിരച്ച് കയറാൻ ശ്രമിച്ച സൈന്യത്തെ തടഞ്ഞു നിർത്തുന്നതിനിടെ സഖാവ് സെയ്താലിയുടെ നെഞ്ചിൻ കൂട് ലക്ഷ്യമാക്കിക്കൊണ്ട് തോക്കിൻ കുഴലുകൾ വീണ്ടും ഗർജിച്ചു. മട്ടാഞ്ചേരി തെരുവിലൂടെ മറ്റൊരു പോരാളി കൂടി രക്തസാക്ഷിക്കുന്ന് നടന്നുകയറി. വിവരമറിഞ്ഞ് മട്ടാഞ്ചേരി തെരുവിലെക്കോടിയടുത്ത ആന്റണി എന്ന കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്തെ പോലീസ് അറസ്റ്റ് ചെയ്ത് ലോകകപ്പിലിട്ട് ക്രൂരമായി മർദ്ദിച്ചു. ദിവസങ്ങൾക്കകം സ: ആന്റണിയും രക്തസാക്ഷിത്വത്തെ പുണർന്നു.
അടിയാളരാകാൻ ഞങ്ങൾ തയ്യാറല്ല എന്ന് പ്രഖ്യാപിച്ച്, അന്തസ്സോടെ തൊഴിലെടുക്കാനുള്ള മട്ടാഞ്ചേരിയിലെ പോരാളികളുടെ പോരാട്ടത്തിന് 70 വയസ്സ് തികയുകയാണ്. 70 വർഷങ്ങൾക്ക് മുൻപ് ഒരു സെപ്തംബർ 15നാണ് കൊച്ചിയിലെ തുറമുഖത്തൊഴിലാളികളുടെ രക്തം മട്ടാഞ്ചേരി തെരുവിൽ തളംകെട്ടി കിടന്നത്. അധികാരി വർഗ്ഗത്തിന്റെ ഗർവ്വിനെ ചുട്ടെരിച്ച്, വർഗ്ഗബോധത്തിന്റെ തീക്കാറ്റ് മട്ടാഞ്ചേരി തെരുവിലേക്ക് ആഞ്ഞുവീശിയപ്പോൾ അവർ സുരക്ഷിതമെന്ന് കരുതിയ കവചിത വാഹനങ്ങൾ പോലും കുരുവിക്കൂടുകൾ കണക്കെ തകർന്നു വീണു. പോരാട്ടം വെറുതെയായില്ല. 9 വർഷങ്ങൾ കൂടി നീണ്ട പോരാട്ടത്തിനൊടുവിൽ 1962 ൽ കൊച്ചിൻ ഡോക് ലേബർ ബോർഡ് രൂപീകരിച്ച് തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാൻ അധികാരികൾ തയ്യാറായി. പൊരുതി നേടിയ വിജയത്തിൻറെ പുറത്ത് തൊഴിലാളികൾ അവിടെ അഭിമാന ബോധത്തോടെ പണിയെടുത്തു. അധികാരി വർഗ്ഗത്തിന് മുന്നിൽ തൊഴിലാളികൾ വിരിമാറ് വിരിച്ച് നിന്ന മട്ടാഞ്ചേരിയിലെ ആ സമരഭൂമികയിലൂടെ ഇന്ന് നടന്നുപോകുമ്പോൾ ഒന്ന് ചെവികൂർപ്പിച്ചു നോക്കണം. മട്ടാഞ്ചേരി വെടിവെപ്പിന് നേർസാക്ഷ്യം വഹിച്ച ആ തെരുവ് ഇങ്ങനെ തന്നെ മന്ത്രിക്കുന്നുണ്ടാകും..
കാട്ടാളന്മാർ നാടുഭരിച്ച്
നാട്ടിൽ തീമഴ പെയ്തപ്പോൾ
പട്ടാളത്തെ പുല്ലായി കരുതിയ
മട്ടാഞ്ചേരി മറക്കാമോ ?
ഈ മട്ടാഞ്ചേരി മറക്കാമോ….
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല