കോവിഡ് പ്രതിസന്ധി പുനർ വായിപ്പിക്കുന്ന ലിംഗ വ്യവസ്ഥയും സ്ത്രീ പദവിയും 

0
432
nishni-shemin

ലേഖനം

നിഷ്നി ഷെമിൻ

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നാണ് കോവിഡ് പ്രതിസന്ധിയെ ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറിയായ അന്റൊണിയോ ഗുട്ടറസ് വിവരിച്ചത്. അനിശ്ചിതത്വത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ഭീകരമുഖങ്ങൾ ദ്രുതഗതിയിൽ  ജനിച്ചു കൊണ്ടിരിക്കുന്നു. ബൃഹത്തായ മനുഷ്യ ഇടപെടലുകളുടെ മുക്കിലും മൂലയിലും സാമൂഹ്യ – സാമ്പത്തിക- രാഷ്ട്രീയപരമായി  വറുതി വിതച്ചു കൊണ്ടുള്ള ഈ പ്രതിസന്ധി സമൂഹത്തിന്റെ അസ്ഥിത്വത്തിൽ തന്നെ വ്യക്തമായ ഘടനാമാറ്റങ്ങൾ സൃഷ്ടിച്ചേക്കും എന്നത് തീർച്ച. ഇത്തരത്തിൽ ഉള്ള ഒരു പരിണാമഘട്ടത്തിന്റെ ദിശയിൽ സഞ്ചരിക്കുമ്പോൾ, ഇന്ത്യയിലെ 30 ശതമാനത്തോളം വരുന്ന ദരിദ്രജനത്തിന്റെ 70 ശതമാനവും സ്ത്രീകളെ ആക്കിതീർത്ത, കാലങ്ങളായി കാലഹരണപ്പെട്ടുപോവാതെ സർവ്വവ്യാപിയും സർവ്വാധികാരിയുമായി വാഴ്ന്നു പോന്ന ലിംഗവ്യവസ്ഥ  അതിന്റെ തീവ്രമായ പുതിയ മാനങ്ങളെ കടം കൊള്ളുകയാണ്.

സ്ത്രീസമൂഹത്തെ സംബന്ധിച്ചിടത്തോളം ലോക്ക്ഡൗൺ, കർഫ്യൂ തുടങ്ങിയ നിയന്ത്രണമാർഗങ്ങളെല്ലാം ദീർഘകാലങ്ങളായി സുപരിചിതവും  വിധേയപ്പെട്ടു കഴിഞ്ഞതുമാണ്. സമൂഹത്തിന്റെ പുരുഷ കേന്ദ്രീകൃത നിയമങ്ങളുടെയും കാഴ്ചപ്പാടിന്റെയും സത്തയെന്നോണം പദവിയും സ്ഥാനവും അധികാരവുമുള്ള പൊതു ഇടം പുരുഷനും, അവസരനിഷിധമായ ഉൾവലിഞ്ഞ സ്വകാര്യ ഇടം സ്ത്രീക്കുമായി വീതിച്ചുനൽകപ്പെട്ടു. രാത്രികൾ, മൈതാനങ്ങൾ, പീടികക്കൊലായകൾ, പുഴകൾ, ആറുകൾ, തീരുമാനമെടുക്കൽ സഭകൾ, സെക്കന്റ്‌ ഷോകൾ തുടങ്ങി അനേകം ഇടങ്ങൾ വൈറസ് വ്യാപനത്തിനു മുൻപും പിൻപും സമൂഹത്തെ സംബന്ധിച്ചിടത്തോളം സ്ത്രീകൾക്ക്  ‘ഹോട്ട്സ്പോട്ടു’കൾ ആയി ഗണിക്കപ്പെട്ടവയാണ്. ലോക്ക്ഡൗൺ, കർഫ്യൂ തുടങ്ങിയ പദങ്ങൾ  അർത്ഥവത്തായി പ്രയോഗിക്കാൻ കഴിയുന്നത്  അത്കൊണ്ട് തന്നെ പുരുഷസമൂഹത്തിൻമേൽ ആണ്. ‘എപിടെമിക് ഡിസീസ് ആക്ട് ‘ പ്രകാരം ലോക്ക്ഡൗൺ കാലയളവിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം, പുറത്തിറങ്ങി  മാത്രം ശീലിച്ച പുരുഷസമൂഹത്തിനു വീട്ടിനുള്ളിലെ പുതിയ ജീവിതക്രമം എത്രത്തോളം അസഹനീയമാണെന്ന് വെളിപ്പെടുത്തുന്നു. ലോക്ക്ഡൗണിന്റെ 14 ദിവസം പിന്നിട്ടപ്പോഴേക്കും നിയന്ത്രണ ലംഘനത്തിന്റെ പേരിൽ ഏകദേശം 3000 ത്തോളം കേസുകൾ കേരളത്തിൽ മാത്രമായി  രജിസ്റ്റർ ചെയ്യപ്പെടുകയും വാഹനാനുമതി റദ്ദാക്കുകയും ചെയ്തു. ഈ കുറ്റകൃത്യത്തിൽ 90 ശതമാനത്തോളം പങ്കും പുരുഷസമൂഹത്തിന്റെതാണ് എന്ന യാഥാർഥ്യം, മറ്റൊരു വിഭാഗത്തിന് ലോക്ക്ഡൗൺ കാലയളവ് ജീവിതാവകാശത്തിനും അന്തസ്സിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാക്കി തീർത്തു. ഏപ്രിൽ 3-ന് ദേശിയ വനിതാവകാശകമ്മീഷൻ പുറത്തു വിട്ട റിപ്പോർട്ട്‌ പ്രകാരം ഗാർഹിക പീഡന നിരക്കിലും സ്ത്രീ ദ്രോഹപരമായ മറ്റു അതിക്രമങ്ങളുടെ നിരക്കിലും ഗണ്യമായ വർധനവാണ് ലോക്ക്ഡൗൺ കാലയളവിൽ  സംഭവിച്ചിരിക്കുന്നത്. മാർച്ച്‌ 2 മുതൽ 8 വരെ 116 കേസുകൾ ആയിരുന്നെങ്കിൽ മാർച്ച്‌ 23 നും ഏപ്രിൽ 1 നും ഇടയിൽ അത് 237 കേസുകളിലേക്കാണ് വർധിച്ചത്. ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകളുടെ 31.1% ഭർതൃപീഡനം അനുഭവിക്കുമ്പോൾ വിവാഹിതർ അല്ലാത്ത സ്ത്രീകൾ ബന്ധുക്കളായ പുരുഷന്മാരിൽ നിന്നും പീഡനം അനുഭവിക്കേണ്ടി വരുന്നു എന്നതാണ് കണ്ടെത്തൽ. ഏത് ദൗർബല്യനും ബലം പ്രദർശിപ്പിക്കാനും എതിരാളി ഇല്ലാതെ വിജയം കൈവരിക്കാനും കഴിയുന്ന അധികാര വേദിയാണ് പുരുഷനെ സംബന്ധിച്ചിടത്തോളം വീടും അതിനുള്ളിലെ സ്ത്രീയും. നാളിതുവരെയുള്ള ഗാർഹികപീഡനങ്ങളുടെ ഇന്ധനവും ഈ അധികാരബോധമാണ്. ലോക്ക്ഡൗൺ മൂലമുള്ള ഗതാഗത-സമ്പർക്ക വിലക്കുകൾ പീഡനമേൽക്കേണ്ടി വരുന്ന സ്ത്രീക്കു പരസഹായത്തിനുള്ള സാധ്യത കുറക്കുകയും അത് പുരുഷനെ ഒരുതരത്തിൽ ഉള്ള സുരക്ഷിത താവളത്തിൽ എത്തിക്കുകയും ചെയ്തു. പുരുഷാധിപത്യ നിയമങ്ങളും ആചാരങ്ങളും പിറവി എടുക്കുന്ന കുടുംബവ്യവസ്ഥ കോവിഡ് കാലത്ത് അതിന്റെ മൂർത്തഭാവത്തിലേക്ക് വഴുതിപ്പോയിരിക്കുന്നു.

അടുക്കളയുടെയും കുട്ടികൾ, വൃദ്ധർ തുടങ്ങിയവരുടെയും പരിചരണ ചുമതല ഇപ്പോഴും സ്ത്രീയിൽ മാത്രമായി കല്പ്പിച്ചുപോരുന്ന ഈ വ്യവസ്ഥിതിയിൽ ഉദ്യോഗസ്ഥരായ സ്ത്രീകൾ പലപ്പോഴും ഒരു ‘റോൾ കോൺഫ്ലിക്റ്റ്’ നേരിടാറുണ്ട്. പങ്കിട്ട് ജോലികൾ ചെയ്യാനറിയാത്ത പുരുഷനിയമങ്ങൾക്കിടയിൽ ചിലപ്പോഴൊക്കെ അതൊരു ‘അധികഭാരം’ അല്ലെങ്കിൽ ‘ഇരട്ടിഭാരം’ ആവാറുമുണ്ട്. കോവിഡ് വ്യാപനം മൂലം തകർച്ചയിലേക്ക് നീങ്ങിയ സർവീസ് മേഖലകൾ വേരുറപ്പിച്ചു നിന്നത് ‘വർക്കിംഗ്‌ ഫ്രം ഹോം’ എന്ന  ഇന്റർനെറ്റ്‌ സഹായത്തോടെയുള്ള പുതിയ പ്രവണതയിലൂടെയാണ്. എന്നാൽ ഒരേ സമയം വീട്ടുജോലിയും ഓഫീസ്ജോലിയും ചെയ്യാൻ നിർബന്ധിതരാകുന്ന നമ്മുടെ യാഥാസ്ഥിതിക-പുരുഷാധിപത്യ കുടുംബങ്ങളിലെ ഉദ്യോഗസ്ഥരായ സ്ത്രീകളെ കോവിട് കാലം   ശാരീരികവും മാനസികവുമായ പിരിമുറുക്കത്തിലേക്ക് നയിക്കുന്നു. വീട്ടുജോലിക്ക് നിശ്ചിത സമയമോ അവസാനമോ ഇല്ലാത്തത് കൊണ്ടും പലപ്പോഴും അത് പുരുഷേച്ഛകൾക്ക് വേണ്ടി  നിർബന്ധിതമായി ചെയ്യേണ്ടി വരുന്നത് കൊണ്ടും ‘വർക്കിംഗ്‌ ഫ്രം ഹോം’ എന്നത് വർക്കുകൾ തമ്മിലും കടമകൾ തമ്മിലുമുള്ള സംഘർഷാവസ്ഥയിലേക്ക് രൂപാന്തരപ്പെട്ടു.

സോഷ്യൽമീഡിയയാണ് ലോക്ക്ഡൗൺ സമയങ്ങളിൽ  ഭൂരിഭാഗം ആളുകളുടെയും സമയം പോക്കിനുള്ള മുഖ്യ ഉപാധിയായി സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ലോക്ക്ഡൗൺ അവസ്ഥാന്തരങ്ങൾ ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്ന ട്രോളുകളും മീമുകളും അതിൽ മുന്നിട്ട്  തന്നെ നില്കുന്നു. എന്നാൽ നർമത്തെ സ്ത്രീവിരുദ്ധമായും സ്ത്രീവിരുദ്ധതയെ നർമമായും  അവതരിപ്പിക്കുന്ന പതിവുരീതി ലോക്ക്ഡൗൺ അവസരത്തിൽ അത്യധികം പ്രചരണം  നേടിയിരിക്കുന്നു. അതിൽ വീട്ടിനുള്ളിൽ അകപ്പെട്ട പുരുഷനോടുള്ള സഹതാപത്തെയും,  ക്രൂരമുഖം അണിഞ്ഞ ഭാര്യയെയും,  അടുക്കള ജോലി അറിയാത്ത മടിപിടിച്ച പെൺകുട്ടിയെയും അവതരിപ്പിച്ചത് മുതൽ ഭാര്യയെ കോവിഡിനോട് ഉപമിച്ചും  ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന സ്ത്രീയായി ചിത്രീകരിച്ചും ട്രോളുകളും മീമുകളും സമൂഹത്തിന്റെ സ്ത്രീവിരുദ്ധ ആസക്തിക്ക് ആക്കം കൂട്ടുന്നു. ഇത്തരം അസർഗാത്മകതകൾക്കു വലിയതോതിൽ കാണികളും  കൈയടിയും ഉണ്ട് എന്ന ഖേദകരമായ വാസ്തവമാണ് ഈ പ്രതിസന്ധിഘട്ടത്തിലും സ്ത്രീവിരുദ്ധ സൃഷ്ടികൾ പുതിയ വഴികൾ തേടി പിടിക്കാനും പിടിച്ചു വളരാനും കാരണം.

കോവിഡ് വ്യാപനം തടയാൻ സംസ്ഥാനത്തിലെ ഒട്ടുമിക്ക ജയിലുകളിലെയും തടവ്പുള്ളികളെ  പരോളിന് വിധേയമാക്കി വീടുകളിലേക്ക് അയച്ചപ്പോൾ അഞ്ചു സ്ത്രീകൾക്ക് വീട്ടിനുള്ളിൽ തങ്ങാൻ പറ്റാതെ ജയിലിലേക്ക് തന്നെ മടങ്ങി വരേണ്ടിവന്നിട്ടുണ്ടായിരുന്നു. നീണ്ടകാലത്തെ ചരിത്ര നിർമ്മിതിയെന്നോണം പുരുഷൻ  സാമൂഹ്യ-സാമ്പത്തിക രാഷ്ട്രീയപരമായി വീടുകളിൽ  അധികാരിയും സുരക്ഷിതനുമാണ്.  എന്നാൽ സ്ത്രീകൾ പ്രതിസന്ധികൾക്കുള്ളിൽ പ്രതിസന്ധികളോട് ഏറ്റുമുട്ടുന്നവരാണ്. സ്ത്രീയിൽ നിന്നും പുരുഷനിൽ നിന്നും തെറ്റ് വരുന്ന സമൂഹത്തിൽ  സ്ത്രീയെ മാത്രം അടയാളപ്പെടുത്തുകയും ഭ്രഷ്ട്  കല്പിക്കുകയും ചെയ്യുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ  ശീലം കോവിഡ് കാലത്ത് കൂടുതൽ പ്രത്യക്ഷമാകുന്നു.

സമൂഹത്തിന്റെ സർവ്വമേഖലയിലും കോവിഡ് പശ്ചാത്തലത്തിന്റെ അസാധാരണ ജീവിതരീതി കാര്യമായ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ അത് തീർത്തും വ്യത്യസ്തമായ രണ്ട് അരികുകളെയാണ് രൂപീകരിച്ചിട്ടുള്ളത്. ഈ കോവിഡ് പ്രതിസന്ധിഘട്ടങ്ങൾക്കിടയിലും സമൂഹം സ്ത്രീവിരുദ്ധ മനോഭാവത്തിന് വളമിടുകയും സ്ത്രീ ദ്രോഹകരമായ ചെയ്തികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴും  കേരളത്തിലെ വലിയൊരു ശതമാനം വരുന്ന സ്ത്രീശക്തിയുടെ പിൻബലത്തിലാണ് ഇന്ന് കേരളമോഡൽ ആരോഗ്യ സംവിധാനം വൈറസ് വെല്ലുവിളിക്കെതിരെ പോരാടുന്നതും  വിജയത്തിലേക്കടുക്കുന്നതും.

നാൽപതിനായിരത്തോളം ആരോഗ്യപ്രവർത്തകർ ആണ് ആരോഗ്യ മന്ത്രി ശ്രീ ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ മഹാമാരിക്കെതിരെ നിരന്തരം പോരാടി കൊണ്ടിരിക്കുന്നത്. അതിൽ ഡോക്ടർമാർക്കും സ്ത്രീസാന്നിധ്യം ഏറെയുള്ള നേഴ്സ്കൾക്കും പിന്നിലായി 44,91,834 ഓളം  വരുന്ന കുടുംബശ്രീ പ്രവർത്തകരുടെ സംരംഭകത്വ ക്ഷേമ പ്രവർത്തനങ്ങളും, 30,000 ത്തോളം ആശാവർക്കർമാരുടെ സമഗ്ര പ്രവർത്തനവും 15000 ഓളം  വരുന്ന അംഗനവാടി വർക്കർമാരുടെ വിവരശേഖരണവും ഈ പ്രതിരോധ വഴിയിലെ മുഖ്യ ആയുധങ്ങളായി  നിലകൊള്ളുന്നു.  സ്ത്രീശക്തിയുടെ ഈ  പോരാട്ടം കേരളത്തിൽ മാത്രമായി ഒതുങ്ങുന്നതല്ല.  കോവിഡ്  പ്രതിരോധത്തിൽ ഇന്ത്യയിലൊട്ടാകെ 83.4 ശതമാനം സ്ത്രീ തൊഴിൽ ശക്തി ആരോഗ്യ മേഖലയിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ പ്രകാരം, കോവിഡ് പ്രതിസന്ധിക്കെതിരെ ലോകത്താകമാനം ആരോഗ്യ-സാമൂഹ്യ മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരിൽ  70 ശതമാനവും സ്ത്രീ സമൂഹമാണ്.  അതിൽ മെഡിക്കൽ ഉദ്യോഗസ്ഥർ, അടിയന്തര സമയത്തുള്ള തൊഴിലാളികൾ,  പരിചരണം നൽകുന്നവർ തുടങ്ങി പ്രതിരോധത്തിന്റെ സർവമേഖലയിലും സ്ത്രീപങ്കാളിത്തം വലിയ ഊർജമായി  മാറിയിരിക്കുന്നു. ലോകത്തിലെ ഭൂരിഭാഗം വികസിത-വികസ്വര രാജ്യങ്ങളും ഈ മഹാമാരിയോട് പൊരുതി തളർന്നുകൊണ്ടിരിക്കുമ്പോൾ പ്രതിരോധപ്രവർത്തനത്തിന്റെ മികവ് കൊണ്ടും അനുകൂലമായ ഫലം കൊണ്ടും പ്രതീക്ഷയാവുകയാണ് ചില രാജ്യങ്ങൾ. തായ്‌വാൻ, ജർമ്മനി, ന്യൂസിലാൻഡ്, ഐസ്ലാൻഡ്, ഫിൻലൻഡ്‌, ഡെൻമാർക്ക്‌ എന്നീ രാജ്യങ്ങൾ അതിന്റ മുൻനിരയിൽ തന്നെ നിൽകുമ്പോൾ ഇവയെല്ലാം ഭരിക്കുന്നത് സ്ത്രീ ഭരണാധികാരികൾ ആണെന്ന ശക്തമായ വാസ്തവത്തെ ലോകം തിരിച്ചറിയേണ്ടതുണ്ട്.

സ്തംഭിച്ചുപോയ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് വൈറസ് പ്രതിരോധ വിജയത്തിനുശേഷം രാജ്യമെമ്പാടും ഏറ്റെടുക്കാൻ ആയിട്ടുള്ള പ്രാഥമിക കാര്യം. ഈ അടിയന്തര ഘട്ടത്തിൽ എങ്കിലും തൊഴിൽ-സാമ്പത്തിക മേഖലയിൽ ഉണ്ടാക്കി വച്ചിട്ടുള്ള സ്ത്രീവിരുദ്ധ, പുരുഷകേന്ദ്രീകൃത ആശയങ്ങളെക്കുറിച്ച് പുനർവിചിന്തനവും  പുനർനിർമാണവും നടക്കേണ്ടിയിരിക്കുന്നു. എന്തെന്നാൽ ‘മെകെൻസി  ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട്’ ന്റെ  “ദി പവർ ഓഫ് പാരിറ്റി’ റിപ്പോർട്ട് പ്രകാരം ഇന്ത്യ സാമ്പത്തിക മേഖലയിൽ സ്ത്രീ തൊഴിൽ ശക്തിയെ  പുരുഷ സമാനമായി ഉൾപെടുത്തുക  ആണെങ്കിൽ 2025ഓടെ 16 ശതമാനം മുതൽ 60 ശതമാനം വരെ ജി.ടി.പി  വർധനവിലേക്ക് നയിക്കുമെന്നതാണ് കണ്ടെത്തൽ. ഐ.എം.എഫ്  മാനേജിങ് ഡയറക്ടർ ക്രിസ്റ്റിൻ ലഗാർഡോയുടെ അഭിപ്രായത്തിൽ ലോകത്താകമാനം 865 മില്യൺ സ്ത്രീകൾ സാമ്പത്തിക മേഖലയിലേക്ക് സംഭാവന ചെയ്യാൻ വിധത്തിൽ പ്രാപ്തി  ഉള്ളവരാണ് എന്നാണ്.  സാമൂഹ്യസ്ഥാപനങ്ങളുടെ പരുഷമായ സ്ത്രീവിരുദ്ധ ഘടനയുടെ നിയമങ്ങളാണ് ഇന്ത്യയെപ്പോലെ മറ്റനേകം രാജ്യങ്ങളുടെ സാമ്പത്തിക പിന്നോക്കാവസ്ഥയുടെ മൂലകാരണം ആയി നിലകൊള്ളുന്നത്. ഇത്തരം പ്രതിബന്ധങ്ങളെ തിരിച്ചറിഞ്ഞും ആവശ്യമായ പരിഹാരം കണ്ടെത്തിയും പ്രവർത്തിക്കുക  എന്നതാണ് മുന്നിൽ കാണുന്ന  സാമ്പത്തിക മാന്ദ്യത്തിനെതിരെയുള്ള ശക്തമായ ആയുധം.

സമൂഹത്തിന്റെ ഉത്ഭവ സ്ഥാനമായ കുടുംബങ്ങളിൽ തന്നെയാണ് കോവിഡ് ജീവിതം കൂടുതൽ ചലനങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത് . പല സമൂഹങ്ങളിൽ, വ്യത്യസ്ത മേഖലകളിൽ ദീർഘകാലങ്ങളെന്നോണം  സ്ത്രീകൾ  നേരിടുന്ന അസമത്വത്തിന്റെയും വെല്ലുവിളിയുടെയും  അതിജീവനത്തിന്റെയും ബിംബങ്ങൾ കോവിഡ് പ്രതിസന്ധിയിലെ ചലനങ്ങൾക്കിടയിൽ സമൂഹത്തെ   കൂടുതൽ അഭിമുഖീകരിക്കുന്നു. അത്യധികം ആഴത്തിൽ, പിൻബലത്തോടെ  നിലകൊള്ളുന്ന അതിന്റെ വേരുകൾ പിഴുതെറിയുക എന്നത് കാലത്തിന്റെ അത്യന്താപേക്ഷിതമായ മുറവിളിയായി മാറിയിട്ടുണ്ട് എന്നത് ഒരു തിരിച്ചറിവെന്നോണം ഈ മഹാമാരി ഓർമപ്പെടുത്തുന്നു. കോവിഡ് മുക്ത ലോകം ലിംഗവ്യവസ്ഥയുടെയും അതിലെ ഉച്ഛനീചത്വത്തിന്റെയും  വികൃതമുഖങ്ങളെ ഗഹനമായി പരിശോധിക്കുകയെങ്കിലും ചെയ്യേണ്ടതായിട്ടുണ്ട്.

Reference:-

*ദേശിയ വനിതാവകാശ കമ്മീഷൻ , ഗാർഹികപീഡന വിവരം (ഏപ്രിൽ 3,10 )
*കേരള പോലീസ്  ഫേസ്ബുക്ക്‌  പേജ്
*കുടുംബശ്രീ  വാർഷികാസൂത്രണം 2019-2020
*മെകെൻസീ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട്.
‘The power  of  parity:How aAdvancing Women’s Equality Can Add $12Trillion to Global Growth.(2015.സെപ്റ്റംബർ )
*ദേശിയ കുടുംബാരോഗ്യ സർവ്വേ .ഇപ്സ് (2017)
*Corona Virus:Five ways virus upheavel is hitting women in Asia.BBC(2020)
* “Daring the Difference:3’L’s of Women Empowerment” -Christine Lagarde,IMF Managing Director

LEAVE A REPLY

Please enter your comment!
Please enter your name here