ബഹിരാകാശം ഒരു യുദ്ധക്കളമാകുമ്പോള്‍

2
201

ലേഖനം

മുര്‍ഷിദ് മഞ്ചേരി

കുറച്ചു നാളുകളായി ലോകം ഉറ്റുനോക്കുന്നത് വാനലോകത്തേക്കാണ്. കാരണം അവിടം യുദ്ധം കൊടുമ്പിരികൊളുക്കകയാണ്. ചില രാഷ്ട്രങ്ങള്‍ വാഴുന്നു, ചിലര്‍ വീഴുന്നു. അതിനാല്‍ തന്നെ ഇന്ന് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്നതും ചര്‍ച്ചചെയ്യപ്പെടേണ്ടതും ശാസ്ത്രലോകമാണ്. ഭൂമിക്ക് പുറത്തൊരു വാസയോഗ്യമായ ഇടം തേടിക്കൊണ്ടിരിക്കുകയാണ് ശാസ്ത്രലോകം. ഈ കൃത്യമായ ലക്ഷ്യവുമായി മുന്നേറിയ ബഹിരാകാശ ഗവേഷകര്‍ നിലവില്‍ എത്തിപ്പെട്ടിരിക്കുന്നത് ചന്ദ്രനിലും ചൊവ്വയിലുമാണ്. ഈ രണ്ട് ഗ്രഹങ്ങളിലും ജലസാന്നിധ്യമുണ്ടെന്ന പൂര്‍ണ്ണ സ്ഥിരീകരണത്തിന് ശേഷമാണ് അവര്‍ ഈ ലക്ഷ്യത്തിന് പിന്നാലെ ഉത്തമമായ ബോധത്തോടെയും തദ്ദേശീയമായി നിര്‍മിച്ച സാങ്കേതിക വിദ്യയോടെയും കൂടെ മുന്നേറിക്കൊണ്ടിരിക്കുന്നത്. കാലചക്രം ചലിക്കുംതോറും അവരുടെ ചിന്തകള്‍ അനേകം മേഖലകളിലേക്ക് വികസിക്കുകയും പല ദൃഢമായ തീരുമാനങ്ങളിലേക്ക് അവര്‍ ചെന്നെത്തുകയും ചെയ്യുന്നു. തുടരെത്തുടരെ കേവലം ഈ ഗ്രഹങ്ങള്‍ പലതവണകളായി സന്ദര്‍ശിക്കുന്നതിലുപരി അവിടം മനുഷ്യന്റെ സ്ഥിര സാന്നിധ്യം ഉറപ്പാക്കുക എന്നലക്ഷ്യമാണ് പുതിയ ബഹിരാകാശ സഞ്ചാരങ്ങളിലൂടെയും ചാന്ദ്രദൗത്യങ്ങളിലൂടെയും അവര്‍ മുന്നോട്ടുവെക്കുന്നത്.

2008 ല്‍ ഇന്ത്യ വിക്ഷേപിച്ച ചാന്ദ്രയാന്‍ 1 ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയില്‍ ജലസാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതോടെ ശാസ്ത്രലോകം ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ ചന്ദ്രന്റെ ദക്ഷിണ ധ്രുവ ത്തിലേക്ക് തിരിക്കുകയായിരുന്നു, ശേഷം ഒട്ടുമിക്ക രാജ്യങ്ങളും ദക്ഷിണ ധ്രുവത്തിലേക്ക് കുതിച്ചു കയറാന്‍ തിരക്കുപിടിക്കുകയായി, കാരണം ഈ ജലം ഉപയോഗപ്രദമാക്കാന്‍ സാധിച്ചാല്‍ അത് ചന്ദ്രനില്‍ എത്തുന്ന സഞ്ചാരികളുടെ നിലനില്‍പ്പിനും ഭാവി ദൗത്യങ്ങള്‍ക്കും വലിയ പിന്തുണ നല്‍കുമെന്നതതും ഏറെ സഹായകമാകുമെന്നതും നിസ്സംശയമായ കാര്യം തന്നെയാണ്,മാത്രമല്ല ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ കാലുകുത്തുന്ന ആദ്യരാജ്യമെന്ന അത്യുന്നത നേട്ടവും സ്വന്തം പേരില്‍ ലോക റെക്കോര്‍ഡ് പുസ്തകത്തില്‍ എഴുതിച്ചേര്‍ക്കാനാവും . ഇതില്‍ നിന്നും സ്വാധീനമുള്‍ക്കൊണ്ടാണ് ഇന്ത്യ 2019 ജൂലൈ 22ന്ല്‍ തന്റെ ആദ്യ ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കിയതിന്റെ പത്ത് വര്‍ഷങ്ങള്‍ക്കുശേഷം ചാന്ദ്രയാന്‍ 2 വിക്ഷേപിക്കുന്നത്. എന്നാല്‍ പൂര്‍ണ്ണ വിജയകരമാകുമെന്ന ഉന്നത പ്രതീക്ഷയോടെ പറത്തിവിട്ട ചാന്ത്രയാന്‍ 2 സെപ്റ്റംബര്‍ 2ന് വിക്രം ലാന്‍ഡര്‍ വേര്‍പ്പെട്ട് ചന്ദ്രനിലേക്ക് യാത്ര തുടങ്ങി, പക്ഷേ സെപ്റ്റംബര്‍ 7ന് സോഫ്റ്റ് ലാന്‍ഡിങ് എന്ന ചാന്ദ്രദൗത്യത്തിലെ സുപ്രധാന പ്രക്രിയക്ക് ശ്രമിച്ചപ്പോള്‍ പിടിവിട്ടു ചിതറി വീണു പോകുകയായിരുന്നു. സോഫ്റ്റ് ലാന്‍ഡിംഗ് എന്നാല്‍ ഏറെ പ്രയാസവും വിഷമവും പിടിച്ച പ്രക്രിയയാണ്. പതുക്കെ പതുക്കെ ഘട്ടം ഘട്ടമായി ഇറങ്ങി ചന്ദ്രനില്‍ കാലുറപ്പിച്ചുനില്‍ക്കണം. എന്നാല്‍ ചാന്ദ്രയാന്‍1 സോഫ്റ്റ് ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിന്റെ എത്രയോ മുമ്പ് തന്നെ ഇന്ത്യയുടെ മൂവര്‍ണ്ണക്കൊടി മാത്രം ചന്ദ്രന് കാണിക്കയായി വെച്ചുകൊണ്ട് ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. അതിനാല്‍ തന്നെ ചാന്ദ്രയാന്‍1 വിജയകരമായ ഒരു സന്ദര്‍ശനം മാത്രമായി മാറി. എന്നാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവം തനിക്കുള്ളത് തന്നെയെന്ന് ഇന്ത്യന്‍ ബഹിരകാശ ഗവേഷണ സ്ഥാപനമായ ഇസ്രോയോട് ചന്ദ്രന്‍ വിളിച്ചോതിയെന്നത് പോലെ ഇന്ത്യ തന്റെ ചാന്ദ്ര ദൗത്യത്തിലെ രണ്ടാം ശ്രമമെന്നോണം ചാന്ദ്രയാന്‍ 2 വിക്ഷേപിക്കുകയുണ്ടായി, എന്നാല്‍ ഇന്ത്യയുടെ സ്വപ്നം സാക്ഷാല്‍കരിക്കുമെന്ന വലിയ പ്രതീക്ഷയോടെ വിട്ട ചാന്ദ്രയാന്‍ 2 ദൗത്യവും പാടെ പരാജയപ്പെടുകയുണ്ടായി.

ലോക റെക്കോര്‍ഡ് പുസ്തകത്തില്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ആദ്യമായി കാലുകുത്തുന്ന രാജ്യത്തിന്റെ പേര് എഴുതിച്ചേര്‍ക്കാനുള്ള കോളം അന്നും വിടവ് നിറഞ്ഞതായിരുന്നു. വീണ്ടും 4 വര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ ഇന്ത്യ തന്റെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമെന്നോണം 2023 ജൂലൈ 14 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും ഇസ്രോയുടെ കരുത്തന്‍ റോക്കറ്റ് ആയ എല്‍ വി എം3 എം 4 ല്‍ ചാന്ദ്രയാന്‍ 3 എന്ന പേടകം വിക്ഷേപിക്കുകയുണ്ടായി. എന്നാല്‍ ഈ കാലയളവില്‍ തന്നെ ചന്ദ്രയാന്‍ 3 ന്റെ എതിരാളി എന്ന നിലയില്‍ ലോകമെങ്ങുമുള്ള സര്‍വ്വ രാഷ്ട്രങ്ങളില്‍ നിന്നും സര്‍വ്വ മേഖലകളിലും തന്റെ നാമം എഴുതി ചേര്‍ത്ത റഷ്യ എന്ന ഉന്നത രാജ്യം 47 വര്‍ഷത്തിന്റെ നീണ്ട ഇടവേളക്ക് ശേഷം ലൂണ 25 എന്ന ബഹിരാകാശ പേടകത്തെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് വിക്ഷേപിക്കുകയുണ്ടായി. ഇവിടെ നിന്നായിരുന്നു ബഹിരാകാശ യുദ്ധത്തിന്റെ ആരംഭം, എന്നാല്‍ ചാന്ദ്രയാന്‍ 3 ന് മുമ്പ് ചന്ദ്രനിലിറങ്ങാന്‍ ലക്ഷ്യമിട്ട് ഓഗസ്റ്റ് 11 ന് പുറപ്പെട്ട ലൂണ 25 എന്ന ബഹിരാകാശ പേടകം ഓഗസ്റ്റ് 19 ഇന്ത്യന്‍ സമയം 5 : 27 ന് അവസാന ഭ്രമണപദ ക്രമീകരണത്തിനിടെ നിയന്ത്രണം വിട്ട് ചന്ദ്രനില്‍ ഇടിച്ചിറങ്ങുകയായിരുന്നു. അതിന് തൊട്ടു പിന്നാലെയായിക്കൊണ്ട് തന്നെ 4 ദിവസങ്ങള്‍ക്കിപ്പുറം ഓഗസ്റ്റ് 23 ഇന്ത്യന്‍ സമയം വൈകീട്ട് 6:04 ന്ചാന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സോഫ്ട്‌ലാന്‍ഡിങ് ചെയ്യുകയുണ്ടായി. അതോട് കൂടി ഇതുവരെ ഒരു രാജ്യവും കൈവരിച്ചിട്ടില്ലാതെ അത്യുന്നത നേട്ടം ഇന്ത്യ സ്വന്തമാക്കി. ഒപ്പം ലോകറെക്കോര്‍ഡ് പുസ്തകത്തില്‍ ഇത് വരെ ഒഴിഞ്ഞുകിടന്നിരുന്ന ആ കോളത്തില്‍ തന്റെ ഉന്നത നാമം എഴുതിച്ചേര്‍ക്കാനും സാധിച്ചു. ഇതോടെ കൂടെ ബഹിരാകാശ യുദ്ധത്തിനൊരു ചെറിയ വിരാമം കുറിക്കപ്പെട്ടു.

ചാന്ദ്രയാന്‍ 3

നാല്‍പതു വര്‍ഷം നീണ്ട അന്വേഷണത്തിന്റെ ആദ്യത്തെ ഉത്തരമായിരുന്നു ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യം 2008 ല്‍ ലോകത്തിന് സമ്മാനിച്ചത് : ‘ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വെള്ളമുണ്ട്’. പിന്നീടങ്ങോട്ട് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ കാലുകുത്തുക എന്ന സ്വപ്നത്തിന് പിന്നാലെയായിരുന്നു ഇന്ത്യ എന്ന 140 കോടി ജനങ്ങള്‍ അടങ്ങുന്ന വലിയ രാജ്യം. തുടരെ തുടരെ 2008 നവംബര്‍ 14 ന് ഇന്ത്യ വിക്ഷേപിച്ച ചാന്ദ്രയാന്‍ 1 ന്റെ പൂര്‍ത്തീകരണത്തിന്റെ പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം 2019 ജൂലൈ 22 ന് ഇന്ത്യ തന്റെ രണ്ടാമത്തെ പ്രധാന ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ 2 വിക്ഷേപിക്കുകയുണ്ടായി. ചാന്ദ്രയാന്‍ 1 ല്‍ നിന്നും ലഭിച്ച പാഠങ്ങളില്‍ നിന്നും ഉപദേശമുള്‍ക്കൊണ്ട് ഒരുപാട് പരീക്ഷകള്‍ക്കും പരീക്ഷണങ്ങള്‍ക്കുമൊടുവില്‍ വിജയകരമാകുമെന്ന അത്യുന്നത പ്രതീക്ഷയോടെയായിരുന്നു ചാന്ദ്രയാന്‍ 2 സെപ്റ്റംബര്‍ രണ്ടിന് വിക്രം ലാന്‍ഡര്‍ വേര്‍പെട്ട് ചന്ദ്രനിലേക്ക് യാത്ര തുടങ്ങിയത്. എന്നാല്‍ ചാന്ദ്രദൗത്യത്തിലെ സുപ്രധാന പ്രക്രിയയായ സോഫ്റ്റ് ലാന്‍ഡിങ്ങിന് ശ്രമിച്ചപ്പോള്‍ അപ്രതീക്ഷിതമായി കൊണ്ട് പേടകം പിടിവിട്ട് ചിതറിവീണു. അതോട് കൂടെ ഇന്ത്യന്‍ സ്വപ്നത്തിനും ചെറിയ ഒരു വിള്ളല്‍ ഏല്‍ക്കുകയുണ്ടായി.എന്നാലും ഈ അത്യുന്നത നേട്ടം മറ്റൊരു രാഷ്ട്രത്തിനും വിട്ട്‌കൊടുക്കില്ലെന്ന ദൃഢ വിശ്വാസത്തോടെ തന്റെ മൂന്നാമത്തെ ചാന്ദ്രദൗത്യം പൂര്‍ത്തീകരിക്കാന്‍ ഇന്ത്യ ലക്ഷ്യമിടുകയുണ്ടായി. ഒടുവില്‍ 2023 ജൂലൈ 6 ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇസ്രോ ചാന്ദ്രയാന്റെ വിക്ഷേപണ പ്രഖ്യാപനം നടത്തുകയുണ്ടായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇസ്രോ ചാന്ദ്രയാന്‍ 3 പേടകത്തിന്റെ സര്‍വ്വ വൈദ്യുത പരിശോധനകളും പൂര്‍ത്തീകരിച്ചു, ഏറെ പരാജയങ്ങള്‍ക്കൊടുവിലാണെന്നതിനാല്‍ ഏറെ പാഠങ്ങളും ഏറെ പരിചയസമ്പത്തും ഇന്ത്യക്കുണ്ടായിരുന്നു. അതിനാല്‍ തന്നെ ഇനി ഒരു ശ്രമം നടത്തുമ്പോള്‍ അത് തീര്‍ത്തും വിജയകരമാകണമെന്ന ഉത്തമ ബോധത്തോടെയായിരുന്നു ഓരോ നീക്കങ്ങളും ശ്രദ്ധാപൂര്‍വം ഇന്ത്യ മുന്നോട്ട്‌കൊണ്ടുപോയിരുന്നത്.

ജൂലൈ 11 ന് ചാന്ദ്രയാന്‍ 3 ന്റെ ലോഞ്ച് റിഹേര്‍സല്‍ ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി. ഉയര്‍ന്ന പ്രതീക്ഷയോടെ മുമ്പ് പ്രഖ്യാപിക്കപ്പെട്ടത് പോലെ ജൂലൈ 14 എന്ന 140 കോടി ജനങ്ങള്‍ കാത്തിരുന്ന ആ ദിനം വന്നെത്തി. ജൂലൈ 14 ഉച്ചക്ക് 2:35 ന് ഇന്ത്യ തന്റെ ബഹിരാകാശത്തെ മൂന്നാം ദൗത്യത്തിന്റെ ആരംഭമെന്നോണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും ഐഎസ്ആര്‍ഒയുടെ കരുത്തന്‍ റോക്കറ്റായ എല്‍വിഎം3 എം4 ല്‍ ചാന്ദ്രയാന്‍ 3 നെ വിക്ഷേപിക്കുകയും ആദ്യ ലക്ഷ്യമായ ഭ്രമണപഥത്തിലെത്തിക്കുകയും ചെയ്തു.പിന്നീടങ്ങോട്ട് ചാന്ദ്രയാന്‍ 3 ന് ഓരോ ഭ്രമപഥങ്ങളിലേക്കും അതിവേഗത്തില്‍ എത്തിപ്പെടേണ്ടതുണ്ടായിരുന്നു. അങ്ങെനെ പിറ്റേ ദിവസം ജൂലൈ 15 ന് 41762 x 173 കിലോമീറ്റര്‍ ദൂരമുള്ള ആദ്യ ഭ്രമണപഥത്തിലേക്ക് ചാന്ദ്രയാന്‍ 3 ഉയര്‍ത്തപ്പെട്ടു. മൂന്ന് ദിവസങ്ങള്‍ക്കിപ്പുറം ജൂലൈ 17 ന് 41603 x 226 കിലോമീറ്റര്‍ ദൂരമുള്ള രണ്ടാമത്തെ ഭ്രമണപഥത്തില്‍ ചാന്ദ്രയാന്‍ 3 എത്തിപ്പെട്ടു. പിന്നീടങ്ങോട്ടുള്ള ഓരോ ഘട്ടങ്ങളും ഏറെ നിര്‍ണായകമായിരുന്നു, ഇതില്‍ ഏറെ നിര്‍ണായക ഘട്ടമാണ് ഓഗസ്റ്റ് 1 ന് സംഭവിച്ചത്. ചാന്ദ്രയാന്‍ 3 പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു, ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം 384400 കിലോമീറ്റര്‍ എന്ന വിദൂരമായിരുന്നു. ഓഗസ്റ്റ് 17 അടുത്ത ഏറെ സുപ്രധാനമായ ഘട്ടത്തിലേക്ക് ചാന്ദ്രയാന്‍ 3 പ്രവേശിക്കുകയുണ്ടായി. അഥവാ വിക്രം ലാന്‍ഡറും റോവറും അടങ്ങുന്ന ലാന്‍ഡര്‍ മൊഡ്യുളിനെ പ്രൊപ്പല്‍ഷന്‍ മൊഡ്യുളില്‍ നിന്നും വേര്‍പ്പെടുത്തുകയും സ്വാതന്ത്രമാക്കുകയും ചെയ്തു. മൂന്ന് ദിവസങ്ങള്‍ക്കിപ്പുറം ഓഗസ്റ്റ് 20 ന് അവസാന ഡീബൂസ്റ്റിംഗ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഇനി ചാന്ദ്രയാന്‍ 3 പേടകത്തിന് ചന്ദ്രനില്‍ നിന്നുള്ള കുറഞ്ഞ അകലം 25 കിലോമീറ്ററും കൂടിയ അകലം വെറും 134 കിലോമീറ്ററും. മൂന്ന് ദിവസങ്ങള്‍ക്കിപ്പുറം ആ ദിനം വന്നെത്തി. 140 കോടി ജനങ്ങളുടെ ഏറെ വര്‍ഷങ്ങളുടെ പ്രായമുള്ള സ്വപ്നം സാക്ഷാത്കാരമാകുന്ന ആ പുണ്യ ദിനം. ഇന്ത്യ എന്ന രാജ്യത്തിന് മീതെ അഭിനമാനത്തിന്റെ വിജയപൗര്‍ണമി ഉദിച്ച ദിനം. ഓഗസ്റ്റ് 23 , സമയം വൈകീട്ട് 6:04 ന് ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ്‌ലാന്‍ഡിംഗ് ചെയ്തു.അതോട് കൂടെ പലവട്ടം ഇന്ത്യയുടെ മൂവര്‍ണ്ണക്കൊടി മാത്രം കണ്ട് ത്രില്ലടിച്ച ചന്ദ്രന്‍ ഈ പ്രാവിശ്യം സുന്ദരപൗര്‍ണമിയായി മാറി. അതോട് കൂടെ ഇന്ത്യക്ക് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പേടകമിറക്കുന്ന ആദ്യ രാജ്യം, അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രനില്‍ പേടകമിറക്കിയ നാലാമത്തെ രാജ്യം എന്നിങ്ങനെ തുടങ്ങുന്ന പല ഉന്നതമായ നേട്ടങ്ങളും സ്വന്തം പേരില്‍ കുറിച്ചിടാന്‍ സാധിച്ചു. ഇതിനെല്ലാം പുറമേ റഷ്യയുമായുള്ള ബഹിരാകാശയുദ്ധത്തില്‍ ലൂണ 25 നെ അനായാസം തകര്‍ത്ത് ചന്ദ്രയാന്‍ 3 ന് ഗംഭീര വിജയം.

ലൂണ 25

ചാന്ദ്രയാനുമായി താരതമ്യം ചെയ്യുമ്പോള്‍ ദൈര്‍ഘ്യമേറിയ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായിരുന്നു റഷ്യയുടെ ലൂണ 25 .ചാന്ദ്ര പര്യവേക്ഷണ ദൗത്യങ്ങളില്‍ ഏറെ സ്തുത്യര്‍ഹമായ നിരവധി ഉന്നത നേട്ടങ്ങള്‍ കൈവരിക്കുകയും യുഎസിനോട് വലിയ കിടമത്സരം നടത്തുകയും ചെയ്തിരുന്ന സോവിയറ്റ് യൂണിയന്‍ 1991 ഡിസംബര്‍ 26 ന് തകര്‍ന്നതിന് ശേഷം ആ പാരമ്പര്യം കയ്യാളുന്ന റഷ്യ ആവിഷ്‌കരിച്ച ബഹിരാകാശ പദ്ധതിയായിരുന്നു ലൂണ 25 . ഏറെ അത്ഭുതകരമെന്ന് വെച്ചാല്‍, ഒരു രാഷ്ട്രത്തിനെ വിലയിരുത്തുന്ന സര്‍വ്വ മേഖലകളിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയ റഷ്യ ലൂണ 24 വിക്ഷേപിച്ചതിന്റെ 47 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലൂണ 25 എന്ന തന്റെ ചാന്ദ്രദൗത്യം വിക്ഷേപിക്കാനൊരുങ്ങുന്നത് എന്നുള്ളതാണ്. സോവിയറ്റ് യൂണിയനുമായി മത്സരിച്ചിരുന്ന കാലത്തെ അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം യുഎസ് വീണ്ടും ചന്ദ്രനില്‍ മനുഷ്യനെ അയക്കാനുള്ള ആര്‍ട്ടെമിസ് പദ്ധതിയുമായി മുന്നോട്ട് പോവുന്നതിനിടയിലാണ് റഷ്യ പഴയ ലൂണ ചാന്ദ്ര ദൗത്യങ്ങളുടെ തുടര്‍ച്ചയുമായി എത്തിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ ലക്ഷ്യമിട്ടിറങ്ങിയ റഷ്യയും കണക്കുകൂട്ടുന്നത് മനുഷ്യനെ ചന്ദ്രനിലയക്കാന്‍ തന്നെയായിരുന്നു.

LUNA 25

ഓഗസ്റ്റ് 11 നാണ് സോയൂസ് 21 ബി പേടകത്തില്‍ ലൂണ-25 വിക്ഷേപിച്ചത്. നേരത്തെ ലൂണ-ഗ്ലോബ് ലാന്‍ഡര്‍ എന്ന് പേരിട്ടിരുന്ന ദൗത്യം പിന്നീട് സോവിയറ്റ് യൂണിയന്റെ കാലത്തെ ലൂണ ദൗത്യങ്ങളുടെ തുടര്‍ച്ചയാകട്ടെ എന്ന് കരുതി ലൂണ-25 എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു.ഒമ്പത് ശാസ്ത്ര ഉപകരണങ്ങളാണ് പേടകത്തില്‍ ഉണ്ടായിരുന്നത്. ഏകദേശം പത്ത് ദിവസം കൊണ്ടുള്ള യാത്രയാണ് ആസൂത്രണം ചെയ്തത്. ഓഗസ്റ്റ് 21 ന് ചാന്ദ്രയാന്‍ 3 ന്റെ ലാന്ഡിങ്ങിന് മുമ്പ് സോഫ്റ്റ് ലാന്റിങ് ചെയ്യണമെന്നും പദ്ധതിയിട്ടു. ചന്ദ്രനെ ചുറ്റുന്ന ഭ്രമണ പഥത്തിലേക്ക് കടന്ന പേടകം ചന്ദ്രന്റെ വിവിധ ചിത്രങ്ങളും ഭൂമിയിലേക്ക് അയച്ചിരുന്നു. അതിനാല്‍ തന്നെ ദൗത്യം വിജയിക്കുമെന്ന് ഏറെ കുറെ ദൃഢമായിരുന്നു. ഓഗസ്റ്റ് 19 ഇന്ത്യന്‍ സമയം 5.27 നാണ് ലൂണ 25 മായുള്ള ആശയവിനിമയ ബന്ധം നഷ്ടമായതായി റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ് അറിയിച്ചത്. പിന്നീട് ബന്ധം പുനസ്ഥാപിക്കാനുള്ള ഒട്ടനവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള സഞ്ചാര പഥ ക്രമീകരണത്തില്‍ പാളിച്ച വരികയും പേടകം വഴിമാറിപ്പോവുകയുമായിരുന്നു, ഒപ്പം സോഫ്റ്റ് ലാന്ഡിങ്ങിന് സാധിക്കാതെ അപ്രതീക്ഷിതമായി ഇത് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു.

ലൂണ 25 തകര്‍ന്നുവീണതിന്റെ 3 ദിവസം കഴിഞ്ഞായിരുന്നു ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ 3 ഏറെ വിജയകരമായി പൂര്‍ത്തിയായത്,അതിനാല്‍ തന്നെ റഷ്യക്ക് തന്റെ ലക്ഷ്യം സാധൂകരിക്കാന്‍ സാധിച്ചില്ല എന്നതിലുപരി ഒരു എതിരാളിയുടെ വിജയം കണ്മുന്നില്‍ കാണേണ്ടി വരുകയും ചെയ്തു. അതിനാല്‍ തന്നെ അടുത്തൊരു ഉന്നത ദൗത്യത്തിനായി റഷ്യ ശ്രമിക്കുന്നത് നിസംശയം.യുഎസ്, ചൈന, ജപ്പാന്‍, ഇന്ത്യ, യൂറോപ്പ് തുടങ്ങിയവരെല്ലാം ചന്ദ്രനെ ലക്ഷ്യമിട്ടുള്ള ദൗത്യങ്ങള്‍ക്കായി മത്സരിക്കുന്നുണ്ട്. എങ്കിലും ഏതൊരു രാഷ്ട്രത്തിന്റെയും ബഹിരാകാശ വിജയം ലോകത്തിന് തന്നെ ആഘോഷിക്കാനുള്ളതും, അവരുടെ നേട്ടങ്ങള്‍ മറ്റുള്ളവര്‍ക്കെല്ലാം വിജയത്തിലേക്കെത്തിച്ചേരാനുള്ള ചവിട്ടുപടിയുംകൂടിയാണ്.മറിച്ഛ് ഓരോ ചാന്ദ്രദൗത്യങ്ങളുടെയും തകര്‍ച്ച ലോകത്തിലെ ഓരോ ജനതക്കും നിരാശയും കൂടിയാണ്, കാരണം ഓരോ രാഷ്ട്രങ്ങളും വ്യത്യസ്തങ്ങളായ ബഹിരാകാശ ദൗത്യങ്ങള്‍ നീണ്ട വര്‍ഷങ്ങളുടെ പരിശ്രമത്തിനൊടുവില്‍ ചെയ്യാനൊരുങ്ങുമ്പോള്‍ അവര്‍ ലക്ഷ്യമിടുന്നത് ഭൂമിക്കുപുറമെ മനുഷ്യന് വാസയോഗ്യമായ ഒരു ഇടം കണ്ടെത്തുകയെന്നത് മാത്രമാണ്, അതിനാല്‍ തന്നെ ബഹിരാകാശം ഒരിക്കലും ഒരു യുദ്ധഭൂമി ആയിമാറുന്നില്ല.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here