(ലേഖനം)
ലിലിയ ജോൺ
നാം പിന്നിട്ടു വന്ന ഓരോ ചരിത്രഘട്ടവും ഭാഷയിലും ഭാവനയിലും ഏറെ പുതുമകൾ നിറഞ്ഞതായിരുന്നു. ആധുനികതയുടെ ഭാവപരിസരത്താണ് ചെറുകഥയും പ്രസ്ഥാനമെന്ന നിലയിൽ സ്ഥാനപ്പെടുന്നത്. നഗരജീവിതത്തിന്റെ സങ്കീർണതകളേയും മൂല്യച്യുതിയിൽപ്പെട്ടുഴലുന്ന മനുഷ്യനെയും ആധുനികകഥ പരിചയപ്പെടുത്തി. അസ്തിത്വവ്യഥയും അന്യതാബോധവും അതിന്റെ വേറിട്ട അനുഭവമായിരുന്നു. ആധുനികഭാവനകളെ മാറ്റിവെച്ച് പുതിയ ശീലങ്ങൾ എഴുത്തിൽ പ്രയോഗിച്ചുകൊണ്ട് ഉത്തരാധുനിക എഴുത്തുകാർ കടന്നുവന്നു. മാനുഷികതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ആത്മാംശങ്ങളെ അവർ കഥകളിൽ ആവിഷ്ക്കരിച്ചു. ചുരുക്കം ചില എഴുത്തുകാർക്ക് മാത്രമേ ഉത്തരാധുനിക കഥയുടെ സംവേദനം വിപ്ലവകരമായി നവീകരിക്കാൻ സാധിച്ചിട്ടുള്ളൂ.
ഭാഷയെയും ഭാവനയെയും പാറ്റിക്കൊഴിച്ച് നിരന്തരം പുതുക്കാൻ കഴിവുള്ള ഇവരുടെയൊപ്പം ചേർത്തു വായിക്കാവുന്ന പേരാണ് ഷനോജ് ആർ ചന്ദ്രൻ. ഭാഷയുടെ കരുത്തും ഭാവനയുടെ ഉന്മാദവും പേറുന്ന ഷനോജിന്റെ കഥകൾ സമകാലിക വായനക്കാരുടെ നിത്യാഹ്ലാദങ്ങളിൽ പ്രവേശിച്ചുകഴിഞ്ഞു. ഭാവിമലയാളത്തിന്റെ മുകളടുക്കിലേക്ക് സങ്കോചമോ വേവലാതിയോ ഇല്ലാതെ എടുത്തുവെക്കാൻ പറ്റിയതാണ് ഷനോജിന്റെ ഓരോ കഥയും.
കുട്ടനാടൻ ദേശഭൂപടത്തെ അതിന്റെ ലാവണ്യം ഒട്ടുമേ ചോർന്നുപോകാതെ അടയാളപ്പെടുത്താൻ ശേഷിയുള്ള കഥപറച്ചിലുകാരൻ. തകഴിക്കുശേഷം കുട്ടനാടിന്റെ കഥാകാരനെന്ന് കാലം വിശേഷിപ്പിക്കാൻ പോന്നത്രയും ഭാവനാസമ്പന്നൻ. കുട്ടനാടിന്റെ ഒറ്റപ്പെട്ട തുരുത്തിലേക്ക് മറ്റാരും തേടിചെല്ലാത്ത സൂക്ഷ്മസ്ഥലികളുടെ പൊടിപ്പുകളിലേക്ക് തദ്ദേശബോധത്തിന്റെ ഉപ്പു പുരട്ടി രുചി അറിയിക്കുന്നു ഷനോജ്.
1998 ൽ എഴുതിയ മേരിയും കുഞ്ഞാടും പിന്നെ അറവുകാരന്റെ മകനും എന്ന കഥയാണ് ഷനോജിന്റേതായി ആദ്യം ഇറങ്ങുന്നത്. വർഷങ്ങളുടെ അകലം പാലിച്ചുകൊണ്ടാണ് ഷനോജ് കഥകൾ എഴുതുന്നതെന്ന് കാണാം. 1998 മുതൽ 2023 വരെ 9 കഥകൾ പല വർഷങ്ങളിൽ പല മാസികകളിലൂടെ വായനക്കാരിലേയ്ക്കെത്തി. 2022 ഡിസംബറിൽ ഡിസി ബുക്സ് പുറത്തിറക്കിയ കാലൊടിഞ്ഞ പുണ്യാളൻ ഷനോജിന്റെ ആദ്യ കഥാസമാഹാരമാണ്. മീന്റെ വാലേൽ പൂമാല ( 2020 ), കാലൊടിഞ്ഞ പുണ്യാളൻ (2022 ), ആമ്പൽ പാടത്തെ ചങ്ങാടം(2021), കുളിപ്പുരയിലെ രഹസ്യം ( 2022 ), മേരിയും കുഞ്ഞാടും പിന്നെ അറവുകാരന്റെ മകനും (1998), ഐവാൻ എന്ന കർഷകൻ ആത്മഹത്യ നേരിട്ട വിധം (2005), അരയന്നം (2021) എന്നീ 7 കഥകളാണ് ഈ സമാഹാരം ഉൾക്കൊള്ളുന്നത്. ഇവ കൂടാതെ സമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിച്ചു വന്ന ആറാം വാർഡിലെ മോഷ്ടാവ് (2023) പച്ചക്കുതിരയിൽ അച്ചടിച്ചു വന്ന അന്തർവാഹിനി(2023)എന്നീ കഥകളും ഷനോജിന്റേതായുണ്ട്. ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലർത്തുന്ന ഒറ്റക്കൽ ശിൽപങ്ങളായാണ് ഷനോജിന്റെ ഓരോ കഥയും നിലകൊള്ളുന്നത്.
കഥാഭൂമികയുടെ സൂക്ഷ്മപരിസരം പങ്കിടുന്നത് കുട്ടനാടൻ തുരുത്തുകളും പമ്പയാറും അവിടുത്തെ മനുഷ്യരും ജീവിവർഗ്ഗങ്ങളും തന്നെ. മറ്റാരും ഇതുവരെ പറയാത്ത കഥകളും കഥാപാത്രങ്ങളും വായനയ്ക്കു ശേഷവും ബാധപോലെ വായനക്കാരുടെ ഉള്ളിലേക്ക് പ്രവേശിക്കുന്നു. വിചിത്രവും ഗൂഢവുമായ അടിയൊഴുക്കുകളിലേക്ക് ഇഴപാകി ഊർന്നിറങ്ങാൻ പ്രേരിതമാവുകയും ചെയ്യുന്നു.
ഷനോജ് ആർ ചന്ദ്രന്റെ ഏറ്റവും പുതിയ കഥയായ അന്തർവാഹിനി വായിച്ചപ്പോഴുണ്ടായ വിചാരങ്ങളെ അടയാളപ്പെടുത്താനുള്ള ചെറിയ ശ്രമമാണ് ഈ എഴുത്ത്.
നൈതികമായ ഭാവനയുടെ ചോദനയൊന്നുകൊണ്ടുമാത്രം തൊടാൻ പറ്റുന്ന എന്തോ ഒന്ന് ഉള്ളിൽ വഹിക്കുന്ന പിയാനോ എന്ന് തോന്നിക്കുന്ന പത്തായത്തെ മുൻനിർത്തിയുള്ള കഥയാണ് അന്തർവാഹിനി(പച്ചക്കുതിര,2023). ഭാവനാസമ്പന്നമായ വാക്കുകളുടെ പിളർപ്പുകൾക്കുള്ളിൽ പച്ചയായ ജീവിതങ്ങളെ അതിസൂക്ഷ്മമായി കയ്യൊതുക്കത്തോടെ ചേടിവെയ്ക്കുന്നു അന്തർവാഹിനിയിലയാൾ.
2018ലെ വെള്ളപ്പൊക്ക ഭീതിയിൽ കുട്ടനാട്ടിലെ സർവ്വ ജീവിവർഗ്ഗങ്ങളും കുടിയൊഴിപ്പിക്കപ്പെട്ട ദിവസം രാത്രി. ജലപ്പരപ്പിനുമീതെ മറ്റൊന്നുമില്ലാത്ത വിധം പരന്നു കിടക്കുന്ന പമ്പയാറ്റിൽ ഒറ്റപ്പെട്ട ഗ്രഹം പോലെ തന്റെ യമഹാവള്ളത്തിൽ മലർക്കെ കിടക്കുന്ന ജീസ്മോൻ. കഥയുടെ തുടക്കത്തിൽ ജീസ്മോൻ കാണുന്നത് പിയാനോ തന്നെയാണ്. ഒരു ഭീമൻ നെൽപ്പത്തായം പോലത്തെ പിയാനോ.അറ്റമില്ലാത്ത ചക്രവാളം പോലെ പരന്നു കിടക്കുന്ന പമ്പയാറിനുമീതെ ജീസ്മോൻ ജീവിതത്തിന്റെ ലഹരിയിലാണ്ടു. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവന്റെ ഭീതി തെല്ലുമേ തീണ്ടാത്ത ജീസ്മോൻ വെള്ളത്തിൽ ഒഴുകിവരുന്ന പിയാനോ കാണുന്നു. പിയാനോയിൽ നിന്നുതിരുന്ന സംഗീതം ജുഗുൽബന്ദിയെന്നപോലെ ആസ്വദിക്കുന്നു. മേലെ ആകാശം താഴെ ജലപ്പരപ്പ്. പിയാനോയുടെ മേൽ പതിക്കുന്ന മഴയുടെ താളം. സംഗീതത്തിന്റെ ലഹരി. തീർച്ചയായും ജീസ്മോനെ ലഹരി പിടിപ്പിച്ചത് ജീവിതബോധത്തിന്റെ അനശ്വരസംഗീതം തന്നെയാവണം.
ജീസ്മോൻ പിയാനോയുടെ മേൽ പതിക്കുന്ന മഴത്തുള്ളികളുടെ സംഗീതം ആസ്വദിക്കുന്ന സന്ദർഭം ഓരോ മനുഷ്യന്റെയും ജീവിതത്തിന്റെ ഗതിവിഗതികളുടെ നേർചിത്രം തന്നെ. കറുപ്പും വെളുപ്പും കട്ടകൾ സുഖവും ദുഃഖവും അല്ലെങ്കിൽ ജീവിതവും മരണവും എന്ന് വായിക്കാം. ഹ്രസ്വവും താൽക്കാലികവുമായ ജീവിതത്തിന്റെ മാസ്മരികത ഒറ്റയായവന് ധൈര്യം പകരുന്നു. അത് സംഗീതം പോലെ അനുഭവവേദ്യമാകുന്നു. തോരാത്ത മഴയിൽ നാലുപാടും ജലം വന്നു മൂടിയ കുട്ടനാടൻ ഭൂമികയിൽ ആ സമയം യഥാർത്ഥത്തിൽ ജീസ്മോൻ ജീവിതത്തിനും മരണത്തിനും ഇടയ്ക്കായിരുന്നു.
വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ ജീസ്മോന് തുഴച്ചിലിനിടെ ഒരു പട്ടിയെ കൂട്ട് കിട്ടുന്നുണ്ട്. പുന്നപ്രയിലെ അഭയാർത്ഥി ക്യാമ്പിലേക്ക് താൻ സുരക്ഷിതനായി പോകുമ്പോൾ പട്ടിയെ അയാൾ ഉപേക്ഷിക്കുന്നില്ല. ഒരാപത്തും കൂടാതെ ആ ജീവിയെ കളർകോടുള്ള പെങ്ങളുടെ വീട്ടിൽ സുരക്ഷിതമായെത്തിക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവബന്ധത്തിന്റെ നേർക്കാഴ്ച്ചയാണ് ഈ സന്ദർഭം. തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയിൽ ചേന്നപ്പറയനാൽ തനിച്ചാക്കപ്പെട്ട നിസ്സഹായനായ ഒരു പട്ടിയെയാണ് നാം കാണുന്നത്. പ്രതീക്ഷയോടെ നോക്കിയ ഒരു മനുഷ്യനും അതിനെ രക്ഷിക്കാനുണ്ടായിരുന്നില്ല. അതിൽ നിന്നും വ്യത്യസ്തമായി ജൈവകേന്ദിതമായൊരുൾക്കാഴ്ച്ചയിലേക്ക് സഞ്ചരിക്കാൻ ഷനോജിന് കഴിയുന്നുണ്ട്.
പരിഹാസധ്വനികളും ഫലിതത്തിന്റെ സ്വാധീനവും ഷനോജിന്റെ കഥകളുടെ മുഖ്യ സവിശേഷതയാണ്. ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളെ നർമ്മബോധത്തോടെ കഥകളിലവതരിപ്പിക്കുന്നു. വെള്ളമിറങ്ങി കെട്ടുവള്ളത്തിൽ കുട്ടനാട്ടിലേക്ക് തിരികെ പോകുന്നവരുടെ പമ്പയാറിലൂടെയുള്ള യാത്ര അതീവ രസകരമായിട്ടാണ് കഥയിൽ അവതരിപ്പിച്ചിരിക്കുന്നത്. ആത്മീയതയെയും ലൈംഗികതയെയും ഒരേ തട്ടിലളക്കാനുള്ള വൈദഗ്‌ധ്യവും ഷനോജ് ഇവിടെ പ്രയോഗിക്കുന്നുണ്ട്.
ആറ്റുമീൻകാരൻ കറുത്തകുട്ടി ചെങ്ങന്നൂരുകാരുടെ സാമാനങ്ങൾ ലക്ഷ്യമാക്കി പമ്പയാറ്റിൽ വല വീശുമ്പോൾ ഒരു പന്തയം വെക്കുന്നു. തന്റെ വലയിൽ കുരുങ്ങുന്നതെന്താണെന്ന് പ്രവചിക്കുക. അതൊരു ഭീമൻ പിയാനോ പോലിരിക്കുന്ന നെൽപ്പത്തായം ആവുമെന്ന് ജീസ്മോൻ പന്തയത്തിന് ആക്കം കൂട്ടുന്നു. നെൽപ്പത്തായം നല്ല കനമുള്ളത്. ജീസ്മോന്റെ പ്രവചനം തെറ്റിച്ച് വലയിൽ കുരങ്ങിയതാവട്ടെ മനസ്സിൽപോലും കനമില്ലാത്ത ഒരു സ്കൂൾബാഗ്. അതിൽ ഡെയിഞ്ചർ ബോയ്സ് എന്ന് എഴുതിയിരുന്നു. മനസ്സിൽ പോലും കനമില്ലാത്ത ഒരു സ്കൂൾബാഗ് എന്ന് വിശേഷിപ്പിച്ച ഇത് പത്തായത്തിനുള്ളിലെ രഹസ്യത്തിലേക്കുള്ള മുഖ്യ സൂചനയാണ്.
ഷനോജിന്റെ കഥകളിലെ സ്ഥിര സാന്നിധ്യമാണ് മരണം. അന്തർവാഹിനിയിലും മരണം പ്രധാനപ്പെട്ട ഏടായി കടന്നുവരുന്നു. പമ്പയാറ്റിൽ മലർന്നു കിടന്നൊഴുകുന്ന ശവങ്ങൾ. ചേർന്നു കിടക്കുന്ന ആൺ പെൺ ശവങ്ങളെ നോക്കി ജീസ്മോൻ പറയുന്നു “യഥാർത്ഥ അവരുടെ ഷേപ്പ് അതല്ല. വെള്ളം വീർപ്പിച്ചും നീരുവെച്ചും കിടക്കുന്നതിനാൽ ശവങ്ങൾ രണ്ടും ആരാന്നറിയാൻ പറ്റില്ല. ഞെക്കിപ്പിഴിഞ്ഞ് വെള്ളം മുഴുവൻ കളഞ്ഞാലേ ആരാണെന്ന് പിടികിട്ടൂ”. ഈ വാക്യം ഓരോരുത്തരെയും ഭരിക്കുന്ന ഈഗോയിലാണ് പിടിമുറുക്കുന്നത്. ശവങ്ങൾ ഞെക്കി വെള്ളം പുറത്തു കളയുമ്പോഴേ യഥാർത്ഥ സ്വത്വം വെളിപ്പെടുകയുള്ളൂ. അവനവനിൽ അടക്കം ചെയ്യപ്പെട്ടിരിക്കുന്ന ഈഗോയാണ് ശരീരത്തെ വീർപ്പിക്കുന്ന ജലം. അത് അപരന് തിരിച്ചറിയാനാവാത്ത വിധം നമ്മെ അന്യരാക്കി തീർക്കുന്നു. അജ്ഞാതമായ ഈ അവസ്ഥയിൽ നിന്ന് മറ്റുള്ളവർക്ക് നമ്മെ വെളിപ്പെടണമെങ്കിൽ ഈഗോയെ ഭരിക്കാൻ അനുവദിക്കാതെ ഞെക്കി പിഴിഞ്ഞ് കളയുക തന്നെ വേണം.
മരണം എത്ര നിസ്സാരമാണെന്ന് ബോധ്യപ്പെടുത്തുന്ന സൂചകങ്ങളായി ജോപ്പന്റെയും കണ്ടൻപിള്ളയുടെയും മരണത്തെ നമുക്ക് വ്യാഖ്യാനിക്കാം. നിസ്സാരനായ മനുഷ്യനെ അവന്റെ അനുമതിക്ക് കാത്തുനിൽക്കാതെ മരണം കൂട്ടിക്കൊണ്ടുപോകുന്നുവെന്ന് വളരെ സ്വാഭാവികമായി ഷനോജ് പറഞ്ഞുവെക്കുന്നു. രണ്ടു മരണങ്ങൾ. രണ്ടുപേരും പമ്പയാറിലെ ജലത്തിൽ നിന്നും മുങ്ങിമരണത്തിൽ നിന്നും രക്ഷപ്പെടാൻ സങ്കേതം തേടിയവർ. പക്ഷേ അവർ എത്തിപ്പെട്ടത് ജീവിതമെന്ന് തോന്നിപ്പിക്കുന്ന മരണത്തിന്റെ തുരുത്തിൽ തന്നെയാണ്. ഐസ്ഫാക്ടറിയിലെ റൂമും പത്തായവും ഒരുപോലെ ജലം തിങ്ങിനിറഞ്ഞ മരണത്തിന്റെ നാല് ചുവരുകൾ. സ്ഥലകാലങ്ങളിൽ ബന്ധിക്കപ്പെട്ടവനാണ് മനുഷ്യൻ. അതുകൊണ്ടുതന്നെ മരണം മനുഷ്യർക്ക് ദുഃഖവും വേദനയുമാണ്.
അന്തർവാഹിനി എന്നാൽ ഉള്ളിൽ വഹിക്കുന്നത് എന്നർത്ഥം. പാശ്ചാത്യരുടെ പിയാനോ എന്ന സങ്കല്പത്തെ ഷനോജ് പത്തായത്തിനുള്ളിലേക്ക് ഭാവനാപരമായി സന്നിവേശിപ്പിക്കുന്നു. ഭാവനകൊണ്ട് മാത്രം തൊടാൻ സാധിക്കുന്ന പത്തായത്തിനുള്ളിലെ രഹസ്യം ജീവിതമെന്ന് തോന്നിപ്പിക്കുന്ന മരണം തന്നെയാണ്. പത്തായം ഉള്ളിൽ വഹിക്കുന്നത് പിയാനോയിൽ നിന്നുമുയരുന്ന മാസ്മരിക സംഗീതമാണ്. അത് പക്ഷേ ജീവിതത്തിന്റേതല്ല. വെളുപ്പോ കറുപ്പോ ജീവിതമോ മരണമോ എന്നാശങ്കപ്പെടുമ്പോഴേക്കും നിഷേധിക്കാനാവാത്ത വിധം സങ്കടമെന്നടിവരയിട്ട് ആർത്തലച്ചു വരുന്ന മഹാമൗനത്തിന്റെ സംഗീതം. എല്ലാ മനുഷ്യർക്കും ഒരിക്കലും നിവരാനാവാത്ത വിധം മുങ്ങിക്കിടക്കേണ്ട മരണത്തിന്റെ നിലയ്ക്കാത്ത സംഗീതം തന്നെ.
സമകാലികാന്തരീക്ഷത്തിൽ ഷനോജിന്റെ അന്തർവാഹിനിയും മറ്റ് കഥകളും ഏറെ ചർച്ച ചെയ്യപ്പെടുമെന്നത് തീർച്ച. ആഖ്യാനതന്ത്രത്തിന്റെ മികവിലൂടെയാണ് ഷനോജിന്റെ കഥകൾ വിജയം കണ്ടെത്തുന്നത്. സിനിമാറ്റിക് ദൃശ്യചാരുതയിൽ കഥ പറയുന്നതിലൂടെ കഥാകൃത്ത് തന്റെ മൗലികത അടയാളപ്പെടുത്തുന്നു. യഥാർത്ഥ ജീവിതത്തെയും ഭാവനയെയും വേർതിരിക്കാനാവാത്ത വിധം കോർത്തിണക്കി കഥകളെ ക്ലാസ്സിക്കുകളാക്കി മാറ്റാനുള്ള കരുത്ത് ഷനോജിന്റെ ഭാഷയ്ക്കുണ്ട്. സമകാലിക കഥയുടെ ഭാവപരിസരത്തെ വൈവിധ്യമാർന്ന പ്രമേയങ്ങൾ കൊണ്ട് പുതുമയുള്ളതാക്കി തീർക്കാൻ ഈ കഥാകൃത്തിന് കഴിയുന്നുണ്ട്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
കഥയുടെ ആന്തരികതയെ വെളിപ്പെടുത്തുന്ന വിശകലനം. മൊഴിയുടെ മികച്ച പ്രയോഗം . ഷാനോജിന്റെ കഥയെ സ്പർശിക്കുന്നു. ലിലിയയ്ക്ക് അഭിനന്ദനങ്ങൾ