(ലേഖനം)
ഗോകുല്‍ രാജ്
(സംവിധായകന്‍)
കുട്ടി ആയിരിക്കുമ്പോള്‍ തന്നെ ബ്രാഹ്‌മണനെ തൊഴാനും അവരുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങാനുമാണ് ഇന്നും സമൂഹം പഠിപ്പിക്കുന്നത്. ബ്രാഹ്‌മണ്യവുമായി ബന്ധപ്പെട്ട്, നമ്മള്‍ പൊതുവെ ചര്‍ച്ച ചെയ്യാറുള്ളത് വര്‍ണ്ണാശ്രമത്തെ കുറിച്ചും സമൂഹത്തിലെ സവര്‍ണ്ണ കുലങ്ങളെ കുറിച്ചും രാഷ്ട്രീയ സാമൂഹിക അധികാരശ്രേണിയെ കുറിച്ചുമാണ്. പക്ഷെ ഈ നിമിഷംവരെ സവര്‍ണ്ണതയും ബ്രാഹ്‌മണ്യവും നമ്മുടെ രാജ്യത്തിലെ അതുമല്ലെങ്കില്‍ നമ്മുടെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏതുതരത്തില്‍ ഇടപെടുന്നുവെന്ന് സൂക്ഷ്മമായി ഊന്നി പറഞ്ഞത് കുറവാണെന്ന് തോനുന്നു.
ആധുനിക വിദ്യാര്‍ത്ഥി സമൂഹം പുരോഗമനപരമായ അന്തരീക്ഷത്തിലാണ് വളരുന്നതെന്നും അവിടെ ജാതിക്ക് വലിയ സ്ഥാനമൊന്നുമില്ല എന്നും പൊതുവെ തെറ്റായ ധാരണയുണ്ട്. സ്‌കൂളുകളും കോളേജുകളും ആധുനിക പൗരനെ സൃഷ്ടിക്കാന്‍ വേണ്ടിയാണ് നിര്‍മ്മിക്കപെട്ടിട്ടുള്ളത് എന്നത് കൊണ്ടുതന്നെ അവിടെ ജാതിക്കെതിരെ കേവലം പ്രത്യക്ഷമായെങ്കിലുമൊരു അന്തരീക്ഷമുണ്ടാകുമെന്ന് നമ്മുടെ അബോധാത്തില്‍ ഒരു ധാരണയുണ്ട്. വീടുകളില്‍ ഉള്ളത് പോലെ തന്നെ, വളരെ പ്രത്യക്ഷത്തില്‍ തന്നെ ജാതിയും ബ്രാഹ്‌മണ്യവും ഇടപെടുന്ന സ്ഥലമാണ് ഇന്നും നമ്മുടെ വിദ്യാലയങ്ങള്‍.
ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കെ ഞാന്‍ നേരിട്ടു കണ്ടതും അനുഭവിച്ചതുമായ വളരെ സ്വഭാവികമെന്ന് പൊതുവെ പരിഗണിക്കുന്നതും പക്ഷെ തീര്‍ത്തും ആസ്വാഭാവികവുമായിരുന്ന അനേകം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഞ്ചാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ ഞാന്‍ പഠിച്ചതൊരു സ്വകാര്യ CBSE സ്‌കൂളില്‍ ആയിരുന്നു. ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം മറ്റൊരു സ്വകാര്യ സ്റ്റേറ്റ് സിലബസ് സ്‌കൂളിലും. ഈ രണ്ടു സ്്കൂളുകളും പ്രവര്‍ത്തിക്കുന്നത് ‘ഭാരതീയമായ സംസ്‌കാരത്തിന്റെയും ‘ ‘ഭാരതീയ ആത്മീയ ‘മൂല്ല്യങ്ങള്‍ക്ക് അടിസ്ഥാനപ്പെടുത്തിയുമാണ്. ഇവയെല്ലാം ചാതുര്‍വര്‍ണ്യത്തെ പിന്‍പറ്റുന്ന, സവര്‍ണ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന വ്യവസ്ഥിതികള്‍ ആയത് കൊണ്ടുതന്നെ അവിടുത്തെ എല്ലാ കാര്യങ്ങളിലും അതു പ്രതിഫലിച്ചു കണ്ടിരുന്നു. ഇന്നും കാണുന്നു.
എനിക്ക് ഇരുപത്തിയഞ്ച് വയസ്സാണ് നിലവില്‍. അപ്പോള്‍ മേല്‍പറഞ്ഞ കാലഘട്ടം ഒട്ടും വിദൂരമല്ലാ എന്നുകൂടെ ഓര്‍ക്കണം. ജാതിയുമായി ബന്ധപ്പെട്ട് ആദ്യമായി ഒരു അധിക്ഷേപം അനുഭവിക്കുന്നതും സ്‌കൂളില്‍ വെച്ചുതന്നെ. ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയം, ഉച്ചക്ക് എല്ലാവരും ഭക്ഷണം കഴിക്കുകയായിരുന്നു. അന്ന് ഭക്ഷണം പരസ്പ്പരം പങ്കുവെച്ച് കഴിക്കുന്ന ഒരു ശീലം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. എല്ലാവരും എല്ലാ പത്രത്തിലും കയ്യിട്ട് കഴിക്കുമായിരുന്നു. ആ ശീലം വെച്ച് ഞാന്‍ ഒരു കുട്ടിയുടെ പാത്രത്തില്‍ ഉണ്ടായിരുന്ന ഒരു കഷ്ണം ചപ്പാത്തി പറിച്ചെടുത്തു, ഉടനെ അവന്‍ എഴുന്നേറ്റ് എന്നോട് ഒച്ച വെച്ചു. അവന്റെ ഭക്ഷണം അശുദ്ധമായെന്നും ഇത് അവന്‍ ടീച്ചറോട് പരാതിപ്പെടുമെന്നും ആയി. എനിക്ക് അപ്പോഴും എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ല. മുഴുവന്‍ കുട്ടികളും എന്നെ നോക്കിനില്‍ക്കുകയായിരുന്നു. അവന്‍ പറഞ്ഞത് പോലെതന്നെ ടീച്ചറോട് പരാതിപ്പെട്ടു. ടീച്ചര്‍ ക്ലാസ്സില്‍ വന്ന് എന്നെ ചോദ്യം ചെയ്യ്തു, അന്നുമുതല്‍ ആരും ഭക്ഷണം പരസ്പരം പങ്കുവെച്ച് കഴിക്കണ്ട എന്നും ഉത്തരവിട്ടു. അവിടെ ഞാന്‍ വീണ്ടും കുറ്റക്കാരനായി. പല വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അവനൊരു ബ്രാഹ്‌മണന്‍ ആയതു കൊണ്ടാണ് ഇത്തരമൊരു സംഭവം അവിടെ അരങ്ങേറിയതെന്ന് മനസ്സിലായത്. അന്നെല്ലാം സ്‌കൂളില്‍ എല്ലാ കൊല്ലവും വെജിറ്റേറിയനിസത്തിന്റെ മഹത്വത്തെ കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്ന ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ വരുമായിരിന്നു. മൃഗങ്ങളോടുള്ള ക്രൂരത, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ അതി വൈകാരികമായി അവതരിപ്പിച്ച് വിദ്യാര്‍ത്ഥികളെ അയാള്‍ സ്വാധിനിക്കും. അതുപോലെ രാമായണത്തെ കുറിച്ച് പഠിപ്പിക്കാന്‍ ഒരു പ്രത്യേക ക്ലാസ്സ് തന്നെ ഉണ്ടായിരുന്നു. ഇതെല്ലാം ഒട്ടും നിഷ്‌കളങ്കമായ പ്രവര്‍ത്തികള്‍ അല്ലായിരുന്നു എന്ന് മനസ്സിലാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു. ബ്രാഹ്‌മണന്‍ വന്നു പൂജകള്‍ ചെയ്യുന്നതും അദ്ദേഹത്തിന്റെ കാലില്‍ വീഴുന്നതും വളരെ സ്വാഭാവിക പ്രക്രിയ ആയിരുന്നു സ്‌കൂളില്‍. ഇന്നും അതെല്ലാം തുടര്‍ന്ന് പോകുന്നുണ്ട് എന്ന് അറിയാനും കഴിഞ്ഞു. ഹയര്‍ സെക്കന്റ്റി പഠിച്ച സ്‌കൂള്‍ ആവട്ടെ സ്വാമിമാരുടെ നേതൃത്വത്തില്‍ നടത്തിപോരുന്ന ഇന്ത്യ മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒരു ബോര്‍ഡിന്റെ കീഴില്‍ ഉള്ളതാണ്. അവിടെയും സ്ഥിര പൂജകളും ബ്രാഹ്‌മണന്റെ കാലില്‍ വീഴുന്ന പരിപാടിയും ഉണ്ട്.
ചുരുക്കത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് തന്റെ വീട്ടിലുള്ള ചടങ്ങുകളുടെ ഭാഗമായുള്ള ബ്രാഹ്‌മണന്റെ കാലുപിടിക്കലിന് പുറമെ സ്‌കൂളിലും ബ്രാഹ്‌മണന്റെ കാല് പിടിക്കേണ്ട അവസ്ഥയുമുണ്ട്. സ്‌കൂള്‍ കാലഘട്ടം ആയതുകൊണ്ട് അത് അനുസരിക്കാന്‍ മാത്രമായിരിക്കും ഒരു വിദ്യാര്‍ത്ഥിക്ക് സാധിക്കുക. അതൊരു പ്രാകൃതമായ ദുരാചാരമാണ് എന്ന തിരിച്ചറിവ് ലഭിക്കാത്ത പക്ഷം അതൊരു നിര്‍ബന്ധിത ചടങ്ങായി തന്നെ നിലനില്‍ക്കുന്നു. കേരളത്തില്‍ അന്‍പതോളം സ്‌കൂളുകള്‍ ഞാന്‍ പത്തു വരെ പഠിച്ച സ്‌കൂളിലെ അതേ മാനേജ്‌മെന്റിന് കീഴിലുണ്ട്. അവിടെയെല്ലാം L.K. G മുതല്‍ പ്ലസ് ടു വരെ ക്ലാസുകളുമുണ്ട്. അങ്ങനെയെങ്കില്‍ അതില്‍ വളര്‍ന്നു വരുന്ന കുട്ടികളുടെ എണ്ണം എടുത്താല്‍ മനസ്സിലാകും എത്ര ഭയാനകമായ അവസ്ഥയാണിതെന്ന്. ക്ഷേത്രങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ശുദ്ധി സങ്കല്പവും ഐത്തവും വളരെ സാധാരണവും സ്വാഭാവികവുമാണെന്ന് കരുതുന്ന അച്ഛനമ്മമാര്‍ ഉള്ള വീടുകളില്‍ നിന്ന് ഈ വിദ്യാര്‍ത്ഥികള്‍ പോകുന്നത് ഈ സ്‌കൂളുകളിലേക്കാണ്.
ആധുനിക ലോകം വളരുമ്പോള്‍ അവിടെ ഒട്ടും സങ്കോചമില്ലാതെ ഒട്ടും നാണമില്ലാതെ നിലനില്‍ക്കുന്ന പ്രാകൃത ചിന്താധാരയാണ് ബ്രാഹ്‌മണ്യം. അത് വന്ദേ ഭാരത് കേരളത്തില്‍ ഓടി തുടങ്ങുമ്പോഴും കൊച്ചി മെട്രോ അതിന്റെ ആദ്യ യാത്ര ആരംഭിക്കുമ്പോഴും ചന്ദ്രനിലേക്ക് കുതിച്ച ശാസ്ത്ര ബോധത്തിന് മുന്‍പിലും ഷര്‍ട്ട് ഇടാതെ പൂണൂല്‍ എന്ന അസംബന്ധം നടത്തുന്ന പൂജകള്‍ കൂടിയേ തീരു എന്ന് അടിയുറച്ച് വിശ്വസിക്കുന്ന വലിയ സമൂഹത്തിനു മുന്‍പില്‍ മാറ്റമില്ലാതെ തുടരുന്നു. തീര്‍ത്തും ആരാഷ്ട്രീയ അന്തരീക്ഷം തീര്‍ക്കുന്ന ഈ വിദ്യാലയങ്ങള്‍ വീടുകളിലും കുടുംബങ്ങളിലും നിലനില്‍ക്കുന്ന പ്രാകൃതമായ ഈ ജാതി-മത വ്യവസ്ഥതികളെ ഊട്ടിഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഇവ അടച്ചുപൂട്ടി ബദലായി സര്‍ക്കാര്‍ സ്‌കൂളുകള്‍ തുടങ്ങുക എന്ന് മാത്രമാണ് ഇതിനു പരിഹാരം. പക്ഷെ സങ്കേതികമായി അത് സാധ്യമല്ലാത്തതിനാല്‍ ഇവര്‍ ഇനിയും തഴച്ചു വളരുകയും, ബ്രഹ്‌മണനെ പൂജിക്കുന്ന, അവരുടെ മുന്നില്‍ നട്ടെല്ലു വളച്ച് നില്‍ക്കുന്ന വിഭാഗം കൂടി കൊണ്ടേയരിക്കുകയും ചെയ്യും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല