(ലേഖനം)
ഡോ. സുനിത സൗപർണിക
“ജീവിതമിങ്ങനെ ഒറ്റ ഗിയറിൽ വിരസമായിപ്പോവുന്നല്ലോ” എന്ന് ഉള്ളിൽ ഒരു മൂളൽ തുടങ്ങുമ്പോഴായിരിക്കും കൂടെയുള്ളയാൾ ചോദിക്കുന്നത്, “നമുക്ക് വേറെ എങ്ങോട്ടെങ്കിലും ഒന്നു പോയാലോ?”
പിന്നെ ഗിയർ മാറുകയായി. ജീവിതവണ്ടി ചുരം കയറുകയായി.
നൈരന്തര്യങ്ങളുടെ ഉഷ്ണം മണക്കുന്ന സമതലങ്ങളിൽ നിന്നും പതിയെ ഉയരങ്ങളിലേക്കു പോകണം. സുലഭമല്ലാത്ത ഒരു വെയിൽത്തണുപ്പ് നമ്മെ പൊതിയുന്നതറിയാം.

കേട്ടു മടുത്ത ശബ്ദങ്ങളിൽ നിന്ന് വിടുതൽ ആഗ്രഹിച്ചിട്ടെന്ന പോലെ കാതുകൾ മെല്ലെ കൊട്ടിയടയ്ക്കപ്പെടും.
കണ്ണുകൾ കാണാക്കാഴ്ചകളിലേക്ക്, കണ്ടിട്ടും മതിവരാ കാഴ്ചകളിലേക്ക് ചൂഴ്ന്നു പോകും.
എത്തിയും പാളിയും ചാഞ്ഞും ചെരിഞ്ഞുമൊക്കെ നമ്മളിങ്ങനെ നമ്മളെ തന്നെ തിരഞ്ഞു കൊണ്ടിരിക്കുന്നുണ്ടാവും.
മനുഷ്യൻ എന്ന ജീവിയുടെ വേരുകൾ കാലിലിങ്ങനെ തടയുന്നുണ്ടാവും.
കാടിന്റെ നിഗൂഢതയിൽ, പച്ചപ്പിന്റെ ഇളംതണുപ്പിൽ, നീർച്ചോലകളുടെ പാദസരക്കിലുക്കത്തിൽ, ആഴങ്ങളുടെ അഗാധതയിൽ, ആകാശത്തേക്ക് മുഖമുയർത്തി നിൽക്കുന്ന മലനിരകളിൽ, ഇണയോടൊട്ടി ചേർന്നു നമുക്ക് മുന്നേ പറക്കുന്ന മഞ്ഞപ്പൂമ്പാറ്റകളിൽ, ഇവിടങ്ങളിലെല്ലാം നമ്മളെ തന്നെ തിരഞ്ഞു നോക്കണം….
അവയൊക്കെ നമ്മളിന്നും ‘പച്ചമനുഷ്യൻ’ തന്നെയെന്നു വിളിച്ചു പറയുന്നുണ്ടാവും…
വളവും തിരിവും കടന്ന് ആ മലയുടെ ഉച്ചിയിലെത്തുമ്പോൾ, ഉയരങ്ങളെ കീഴടക്കിയെന്ന മട്ടിലൊരു ദീർഘനിശ്വാസമുതിരുമ്പോൾ, കിതപ്പൊതുങ്ങുമ്പോൾ കാൽമുട്ടിൽ നിന്നു കയ്യെടുത്ത് ഒന്നു തലയുയർത്തി നോക്കണം. അവിടെ ഒരു നെല്ലിമരം നിങ്ങളെ കാത്ത് നിൽപ്പുണ്ടാവും. മൂന്നായ് പിരിഞ്ഞിട്ടും ഒറ്റയുടലുള്ളൊരു നെല്ലി.
കാതോർത്തു നോക്കൂ, വർത്തമാനത്തിൻ്റെ മുറുകിയ താളം മെല്ലെ പതികാലത്തിലേക്ക് കൊട്ടിയിറങ്ങുന്നുണ്ട്.

പിരിവെത്രയായാലും കാതലൊന്നായിരിക്കുമെന്ന് അത് പറയുന്നുണ്ട്.
ഇതു തന്നെയാണ് സ്വർഗ്ഗമെന്ന്, പ്രകൃതിയും പുരുഷനും ചേരുന്ന സർഗപ്രക്രിയയെന്ന് അത് മൊഴിയുന്നുണ്ട്.
ജീവിതച്ചവർപ്പിന് മീതെ, പ്രിയപ്പെട്ടൊരാളുടെ കൈക്കുമ്പിളിൽ നിന്നും മോന്തുന്ന ഒരു കവിൾ വെള്ളം മതി ജീവിതം ഇത്തിരി മധുരിയ്ക്കാനെന്ന് അത് മിണ്ടാതെ മിണ്ടുന്നുണ്ട്.
ഉയരങ്ങളിൽ നിന്നൊന്നു കാലു തെന്നിയാൽ വീഴാൻ ഈ പച്ചമണ്ണു തന്നെയേയുള്ളൂ എന്ന് അത് മന്ത്രിയ്ക്കുന്നുണ്ട്.
ചെവിയോർത്തു നോക്കൂ…
മതി… ഇനി താഴേക്കിറങ്ങാം… അനുവദിയ്ക്കപ്പെട്ട സമയം തീരാറായി തുടങ്ങുന്നു…
ചെന്നു കയറുന്ന എല്ലാ ഇടങ്ങളും നമ്മുടേതാവണമെന്നില്ല. ഇപ്പോൾ കിട്ടിയ സമയമെല്ലാം മറ്റേതൊക്കെയോ സഹജീവികളുടെ ഔദാര്യം കൊണ്ടു മാത്രമാണ്…
‘നിശ്ചിതനേരത്തേക്ക്’ എന്നെഴുതി വയ്ക്കപ്പെടാത്തതായി എന്തുണ്ട് ഭൂമിയിൽ…
മതി, ഇറങ്ങാം…
പോകുംവഴി ആ പുഴയെ ഒന്നു തൊട്ടു നോക്കണം… തെന്നിവീഴാതിരിക്കാൻ തനിയ്ക്കൊപ്പമുള്ളവന്റെ കയ്യൊന്നു മുറുക്കെ പിടിച്ചേക്കണം…
തല കുനിയണം…
മുഖം തെളിയണം…
മനസ്സും…
കാലടികളും…
ചുരം കയറ്റി കൊണ്ടുവന്ന മനസ്സിലെ മാലിന്യങ്ങളെ മാത്രം ഒഴുക്കി കളയണം…
കയറാം…
ചെരിപ്പിടാതെ മണ്ണിൽ ചവിട്ടി തന്നെ നടക്കാം…
ഇനി ചുരമിറങ്ങാം…
ജീവിതവണ്ടിയുടെ ജനാലകൾ തുറന്നു തന്നെയിരിയ്ക്കട്ടെ…
തണുപ്പിന്റെ നേർത്തകണികകൾ പോലും നമ്മളെ ഉമ്മ വയ്ക്കട്ടെ…
മല തൊട്ടു വരുന്ന കാറ്റ് നമ്മുടെ നെഞ്ചു നിറയ്ക്കട്ടെ…
ഓർമഞരമ്പുകളിൽ കാടിന്റെ പച്ചച്ചോര പടരട്ടെ…
ജീവിതം വീണ്ടും ഒറ്റഗിയറിൽ ഓടുമ്പോഴും, താളം അല്പം മുറുകുമ്പോഴും പച്ചമനുഷ്യൻ ആയിത്തന്നെ ജീവിയ്ക്കാൻ, ഇടനേരങ്ങളിൽ കിട്ടുന്ന ഈ ഒരിത്തിരി കുളിരു പോരേ?
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല