(ലേഖനം)
ധനുഷ് ഗോപിനാഥ്
2015 ഇൽ പുറത്തിറങ്ങിയ വിവേക് ഷാൻബാഗിന്റെ Ghachar Ghochar എന്ന നോവൽ അവസാനിക്കുന്നത്, കഫേയിലെ വെയ്റ്റർ പേരില്ലാത്ത നായകനായ ആഖ്യാതാവിനോട് – “നിങ്ങളുടെ കൈയ്യിൽ രക്തമുണ്ട്, പോയി കൈ കഴുകി വരൂ” എന്ന് പറഞ്ഞു കൊണ്ടാണ്. എട്ട് വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ പുതിയ കന്നഡ നോവൽ വായിച്ചു നിർത്തുമ്പോൾ അതിന്റെ അവസാനം വായനക്കാരന്റെ ഭാവനയ്ക്ക് വിട്ടിരിക്കുകയാണ് വിവേക് ഷാൻബാഗ്.
ബെംഗളൂരിവിൽ താമസിക്കുന്ന വെങ്കട്ടിന്റെയും വിജിയുടെയും വീട്ടിലേക്ക് ഒരു നാൾ രണ്ടു ചെറുപ്പക്കാർ അവരുടെ മകളായ രേഖയെ അന്വേഷിച്ചു വരുന്നു. അവൾ അവിടെ ഇല്ലെന്നും ഗ്രാമത്തിലാണെന്നും അവിടെ അവളുമായി ബന്ധപ്പെടാൻ സാധിക്കില്ലെന്നും പറഞ്ഞു വെങ്കട്ട് അവരെ മടക്കി അയക്കുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിലും അവർ അവളെ അന്വേഷിച്ചെത്തുന്നു. അയാൾ പോലുമറിയാതെ അയാളുടെ മുന്നിലേക്ക് പിന്നെ തെരുവ് ഗുണ്ടകളും അവരുടെ ചേരിതിരിവുകളും എത്തിപ്പെടുകയാണ്. നാട്ടിലേക്ക് എന്ന് പറഞ്ഞു ഗ്രാമത്തിലെ വീട്ടിൽ നിന്നിറങ്ങിയ രേഖ ബെംഗളൂരുവിൽ എത്തുന്നില്ല. അങ്ങനെ ഒരു സുപ്രഭാതത്തിൽ വെങ്കട്ടിന്റെയും വിജിയുടെയും നഗരത്തിലെ അല്ലലില്ലാത്ത മധ്യവർഗ ജീവിതം കീഴ്മേൽ മറിയുന്നു.
മകളുടെ പ്രശ്നങ്ങളോടൊപ്പം തന്നെ നോവലിൽ വെങ്കട്ടിന്റെ ജീവിതം നമ്മുടെ മുന്നിൽ അനാവരണം ചെയ്യപ്പെടുന്നു. കർണാടകയിലെ ഒരു കുഗ്രാമത്തിൽ ഒരു ഇടത്തരം കർഷക കുടുംബത്തിൽ ആണ് അയാൾ ജനിച്ചതും വളർന്നതും. അച്ഛനും അമ്മയും ഇളയച്ഛനും ഒക്കെ അവരുടെ ഭൂമിയിൽ കഷ്ടപ്പെട്ട് പണിയെടുത്തു പൊന്നു വിളയിച്ചു. ഭൂമി എന്നാൽ ജീവൻ ആണ് അവർക്ക്. വെങ്കട്ടിന്റെ അമ്മയുടെ കുടുംബത്തിലെ എല്ലാവരും മരണപ്പെടുന്നതോടു കൂടി വെങ്കട്ടിന്റെ അമ്മാവനെയും അവരുടെ ഭൂമിയും വെങ്കട്ടിന്റെ അച്ഛൻ ഏറ്റെടുക്കുന്നു. 18 വയസ്സാകുമ്പോൾ അളിയനായ രമണയ്ക്ക് കൊടുക്കാം എന്ന ധാരണയിൽ വെങ്കട്ടിന്റെ അച്ഛൻ അയാളുടെ ഭാര്യയുടെ സഹോദരന്റെ സ്വത്തൊക്കെ വിറ്റു. തന്റെ ഭൂമിയോടു ചേർന്നുള്ള ഒരു ഭൂമി ആ പൈസക്ക് വാങ്ങിച്ചിട്ടുണ്ട്. എന്നാൽ ഈ സ്വത്ത് ഒരിക്കലും രമണയുടെ കൈവശം എത്തി ചേരുന്നില്ല. അയാൾക്കും അതിനോടുള്ള താല്പര്യം ഉണ്ടായിരുന്നില്ല. നക്സലിസത്തിന്റെ കാറ്റു വീശിയപ്പോൾ അതിനോട് ആകൃഷ്ടനായി നാട് വിടുകയും ചെയ്തു. പിന്നീട് ആരും അയാളെ കാണുന്നതും ഇല്ല. അയാൾ അയക്കുന്ന കത്തുകൾ മാത്രമാണ് അയാൾ ജീവിച്ചിരിക്കുന്നു എന്നുള്ള ഒരു തെളിവ്.
വെങ്കട്ട് പഠിച്ചു എഞ്ചിനീയർ ആയി ബാംഗ്ലൂർ എത്തി. കാലക്രമേണ അയാളുടെ അമ്മ ഒഴിച്ച് എല്ലാരും രമണയെ മറക്കുന്നു. വെങ്കട്ട് വിജിയെ വിവാഹം കഴിക്കുകയും അവർക്കു പിന്നീട് രേഖ എന്ന മകൾ ജനിക്കുകയും ചെയ്യുന്നു. നാട്ടിൽ ഇപ്പോൾ അയാളുടെ ഇളയച്ഛൻ ആയ അന്റണ ആണ് ഭൂമി നോക്കുന്നത്. ഇടയ്ക്ക് അവരെല്ലാരും അവരുടെ ഗ്രാമത്തിൽ പോകും. രേഖ ഇടയ്ക്ക് തനിച്ചും പോകും. അങ്ങനെ പോയതാണിപ്പോൾ അവൾ. നടക്കുന്ന സംഭവങ്ങൾ നമ്മളെ ഉത്കണ്ഠാകുലർ ആക്കുമ്പോൾ വെങ്കട്ടിന്റെയും അയാളുടെ കുടുംബത്തിന്റെയും കഥ ഓരോരോ അടരുകൾ ആയി പതിയെ വിടർത്തി എടുക്കുകയാണ് നോവലിസ്റ്റ്.
രമണയുടെ തിരോധാനവും രേഖയെ അന്വേഷിച്ചു വരുന്ന ഗുണ്ടകളും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ? ഇതൊക്കെ നടക്കുമ്പോളും അയാളുടെ ഭാര്യയും മകളും അത്രയ്ക്ക് ചിന്താകുലരായി കാണപ്പെടുന്നില്ല. രമണയെ പറ്റി വിജിക്കും രേഖയ്ക്കും അറിയില്ല എന്നാണ് വെങ്കട്ടിന്റെ നിഗമനം. അവർക്കു അയാളുടെ തിരോധനത്തെ കുറിച്ചും തന്റെ കൈവശമുള്ള രമണയുടെ സ്വത്തിനെ കുറിച്ചും അറിയാമോ?
വെങ്കട്ടിന്റെ ജീവിതത്തിലെ ഒരു വലിയ സ്വാധീനമാണ് self help പുസ്തകങ്ങൾ. പല ഘട്ടങ്ങളിലും അയാൾ ഇത്തരം പുസ്തകങ്ങളുടെ സഹായം തേടുന്നുണ്ട്. ഭാര്യ വിജിക്കും അവരുടേതായ self help പുസ്തകങ്ങൾ ഉണ്ട്. അവരുടെ മധുവിധു സമയത്ത് അവരെ അടുപ്പിച്ച ഒരു കാര്യവും ഈ പൊരുത്തം ആയിരുന്നു. ഗ്രാമത്തിൽ വളർന്നു സിറ്റിയിൽ ജോലി എടുക്കുമ്പോൾ ആദ്യമൊക്കെ അയാൾക്ക് ആത്മവിശ്വാസക്കുറവ് തോന്നാറുണ്ടായിരുന്നു. അതിനെ മറികടക്കാൻ സഹായിച്ചത് ഈ പുസ്തകങ്ങളും തീവാരി എന്ന ഒരു ഗുരുവും ആയിരുന്നു. പിന്നീട് പല ഘട്ടങ്ങളിലും വെങ്കട്ട് ഈ പുസ്തങ്ങളെ പ്രതിപാദിക്കുന്നത് നമ്മുക്ക് കാണാനാകും. വിജിയോ രേഖയോ ഈ പുസ്തകങ്ങളെ അത്ര കാര്യമാക്കുന്നില്ല. പക്ഷെ ഇപ്പോൾ ഇത്തരം പുസ്തകങ്ങളോ തീവാരിയോ സഹായത്തിനു ഉതകുന്നില്ല.
സത്യത്തിൽ ഗ്രാമത്തിന്റെ നന്മകൾ ഒക്കെയുള്ള ഒരു പാവമാണോ വെങ്കട്ട്? മധുവിധുവിൽ ഭാര്യയുമായി തന്റെ ആദ്യ രതിയിൽ ഏർപ്പെടുമ്പോൾ അയാൾ ഇങ്ങനെ ഓർക്കുന്നുണ്ട് – അധികാരം കൈവശപ്പെടുത്തുന്നതിനേക്കാൾ അത്യധികം സന്തോഷം തരുന്നതായി ഒന്നുമില്ല. ഒരു സാധു മനുഷ്യൻ എന്ന നാട്യത്തിൽ ഇരിക്കുമ്പോളും വിജിയെയും രേഖയെയും തന്റേതായ ആശയങ്ങളും നിയമങ്ങളും കാഴ്ചപ്പാടുകളും ഒക്കെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട് അയാൾ. പക്ഷെ ഇതിനൊക്കെ അവർ മുഴുവനും ചെവി കൊടുക്കാറില്ല. അവരിലൂടെ ഇന്നിന്റെ രാഷ്രീയത്തെയും അയാളുടെ പുരുഷാധിപത്യത്തിനെയും ഒക്കെ ചോദ്യം ചെയ്യുന്നുണ്ട് നോവൽ. ഒടുക്കം വീട്ടിൽ നടക്കുന്ന ഒരു മോഷണശ്രമത്തിനു ശേഷം വെങ്കട്ടിന്റെ ആത്മഗതങ്ങളിലൂടെ നോവൽ പരിസമാപ്തിയിൽ എത്തുന്നു.
ആ ആത്മഗതങ്ങൾ ഒന്നും തന്നെ തുറന്നു പറയുന്നില്ല. ഉള്ളത് മുഴുവൻ ചോദ്യങ്ങൾ ആണ്. രമണ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? അയാൾക്ക് കുടുംബം ഉണ്ടോ? രേഖ എങ്ങോട്ടാണ് അപ്രത്യക്ഷമായത്? ഇത്തരം ചിന്തകളാൽ വളരെയധികം മാനസിക സംഘർഷൾ അനുഭവിക്കുന്ന വെങ്കട്ടിനെ ആണ് നമ്മൾ നോവലിന്റെ അവസാനം കാണുന്നത്. “അദൃശ്യമായ പരിണിതഫലങ്ങളുടെ ചങ്ങലക്കണ്ണികൾ അല്ലാതെ യാദ്ര്ശ്ചികമായി ഒന്നും തന്നെയില്ല” എന്ന് നമ്മൾ അധികം ശ്രദ്ധിക്കാതെ വായിച്ചു വിടുന്ന നോവലിലെ ആദ്യവരി അവസാനമെത്തുമ്പോൾ പ്രവചന സ്വഭാവം കൈവരിക്കുന്നു. അതിനാൽ ബാക്കി നമ്മൾ വായനക്കാർക്ക് ഉള്ളതാണ്. നമ്മളാണ് ഈ നോവൽ ഇനി മുഴുമിപ്പിക്കേണ്ടത്. അതുകൊണ്ട് നമ്മൾ ഈ നോവൽ വീണ്ടും വായിക്കുകയും ചില ഭാഗങ്ങൾ വീണ്ടും വീണ്ടും വരികൾക്കിടയിലൂടെ വായിക്കുകയും ചെയ്യേണ്ടി വരും.
ഈ പുസ്തകത്തിന്റെ ടൈറ്റിൽ തന്നെ ഒരു തമാശയാണ്. വളരെ മോശം കൈയ്യെഴുത്തുള്ള രമണയുടെ കത്തിൽ ഒരു ഭാഗത്തു “എനിക്ക് സകീനയുടെ ചുംബനങ്ങൾ ആണ് അഭികാമ്യം” എന്നാണ് ആദ്യം കത്ത് വായിക്കുന്നയാൾ വായിക്കുന്നത്. രണ്ടാമത് വായിക്കുന്നയാൾ – “എനിക്ക് പോലീസ് പിടിക്കുന്നതിനേക്കാൾ അവരാൽ കൊല്ലപ്പെടുന്നതാണ് അഭികാമ്യം“ – എന്നത് തിരുത്തി വായിക്കുന്നു. ഇത് തന്നെ നോവലിന്റെ ഉള്ളടക്കത്തെ നിർണ്ണയിക്കുന്നു. നമ്മൾ തെറ്റിദ്ധരിച്ചു വായിക്കുന്നതൊക്കെ നമ്മുടെ ജീവിതത്തിൽ എങ്ങനെയാകും ഇടപെടുക?
ഇത് വായിച്ചു വച്ചപ്പോൾ ഹംഗേറിയൻ നോവലിസ്റ്റായ സാൻഡോർ മാറായിയുടെ Embers എന്ന നോവൽ ആണ് ഓർമ്മ വന്നത്. അതിലും ഇത് പോലെ ഒരു രഹസ്യത്തെ ചുറ്റിപറ്റി ഭൂതകാലത്തിലേക്കും വർത്തമാനകാലത്തിലേക്കും കഥാഗതി മാറ്റി മാറ്റി കൊണ്ട് പോയി നമ്മളെ ഉദ്ധ്വേഗഭരിതനാക്കുകയാണ് നോവലിസ്റ്റ്. ഇവിടെ ഒരു രഹസ്യത്തിനോടൊപ്പം തന്നെ ഇന്നിന്റെ രാഷ്രീയവും അധികാരത്തിനു വേണ്ടിയുള്ള ഒരു മിഡിൽ ക്ലാസ്സ് കുടുംബത്തിന്റെ ചെയ്തികളും വളരെ വൈദഗ്ധ്യത്തോടെ വിമർശനത്തിന് വിധേയനാക്കുന്നു നോവലിസ്റ്റ്. മധ്യവർഗ കുടുംബങ്ങളുടെ സദാചാരബോധവും അവർക്കിടയിലെ സംഘർഷങ്ങളും ഒരു മനഃശാസ്ത്രപരമായ സമീപനത്തിലൂടെ പുറത്തു കൊണ്ടുവരുന്നതിൽ വിവേക് ഷാൻബാഗ് ഒഒട്ടും മടി കാണിക്കാറില്ല എന്നത് അദ്ദേഹത്തിന്റെ ആദ്യ പുസ്തകത്തിലൂടെ തന്നെ തെളിയിച്ചതാണ്.
ശ്രീനാഥ് പേരൂറിന്റെ വിവർത്തനം വളരെ മികച്ചതാണ്. കന്നഡയിൽ വായിക്കാൻ സാധിച്ചില്ല എന്ന സങ്കടംമുള്ളപ്പോളും ഇംഗ്ലീഷ് അത്യധികം ശ്രേഷ്ഠമായ നിലവാരം പുലർത്തുന്നു. അത് കൊണ്ട് തന്നെ ഈ നോവലിനെ ഇന്ത്യക്കു പുറത്തേക്ക് എത്തിക്കാൻ ശ്രമിച്ചതിൽ ശ്രീനാഥിന്റെ പങ്ക് ചെറുതല്ല. എല്ലാവരും തന്നെ വായിക്കേണ്ട ഒരു പുസ്തകം ആണിത്. ഒന്നോ രണ്ടോ ദിവസം കൊണ്ട് എളുപ്പം വായിച്ചു പോകാൻ പറ്റുന്ന അസ്വസ്ഥത ഉളവാക്കുന്ന ഒരു പുസ്തകം. മൊഹമ്മദ് ഹനീഫ് പുറംചട്ടയിൽ പറഞ്ഞ പോലെ ഭീതിയും ആർദ്രതയും ഒരു പോലെ ഒരേ പേജിൽ ഉള്ള ഒരു മനോഹര നോവൽ.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല