മീശത്തുമ്പ് കൊണ്ട് എഴുതപ്പെടുന്ന മലയാള കവിതാചരിത്രം

0
427

ലേഖനം

അശ്വനി ആർ ജീവൻ

ആരാണ് കവിയെന്ന ചോദ്യം തന്നെ അപ്രസക്തമാണ്. കവിത എഴുതുന്ന ഏതൊരു വ്യക്തിയും കവിയാണ്. ലോക ഭാഷയായ ആംഗലേയമെടുത്ത് പരിശോധിച്ചു കഴിഞ്ഞാൽ ‘പോയറ്റസ്’ അഥവാ ‘ കവയിത്രി’ എന്ന വാക്കു തന്നെ കാലഹരണപ്പെട്ടിട്ട് നാളുകൾ കുറച്ചായി. ഇന്ത്യയിൽ, പ്രത്യേകിച്ച് മലയാളത്തിലെ സാഹിത്യ പരിസരത്തിൽ ഈ വാക്കുകൾ ഇന്നും നിലനിൽക്കുകയും നിരന്തരമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. അതിനാൽ തന്നെ കവി എന്ന വാക്ക് ഉപയോഗിക്കുമ്പോൾ ആൺ കവിയെ മനസ്സിൽ വിചാരിക്കുന്ന ഒരു സമൂഹം ഇവിടെയുണ്ട്. കവി ഒരു ഏകലിംഗ പദമായി പരിണമിക്കേണ്ടത് പോലെ തന്നെ ഏത് ലിംഗത്തിൽ പെട്ട എഴുത്തുകാരനും എഴുത്തുകാരിയും എഴുത്താളുകളും ആവേണ്ടതുണ്ട്. അങ്ങനെയെങ്കിൽ എന്തിന് സ്ത്രീ-ട്രാൻസ്ജെൻഡർ എഴുത്തുകളെ പ്രത്യേകമായി എടുത്തു പറയണം എന്ന ചോദ്യം ഉയർന്നേക്കാം മുകളിൽ പറഞ്ഞ ഉദാഹരണത്തിൽ നിന്നു തന്നെ സമൂഹത്തിൽ പാർട്രിയാർക്കിയുടെ വിത്തുകളും അവയിൽ നിന്ന് ഉണ്ടാകുന്ന വൻമരങ്ങളും ഉണ്ടെന്ന് വ്യക്തമാണ്. ഈ അവസരത്തിൽ അരികുവൽക്കരിക്കപ്പെടുന്ന ഇതര ലിംഗങ്ങളിൽ നിന്ന് ശബ്ദങ്ങൾ ഉണ്ടാവുകയും അത് വേർപെട്ട് കേൾക്കുകയും വേണം. എത്ര സ്ത്രീ-ഇതര ലിംഗങ്ങളിലുള്ള എഴുത്തുകാർക്ക് അവർ അർഹിക്കുന്ന വേദിയോ അംഗീകാരമോ ഈ സമൂഹം നൽകുന്നുണ്ട്. ദളിത്, ട്രൈബൽ സ്ത്രീ- ഇതര ലിംഗ എഴുത്തുകാർ നേരിടുന്ന അരിക് / അപരവല്കരണങ്ങൾ കൂടി ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്.

നമ്മുടെ എഴുത്തകങ്ങളിൽ പാട്രിയാർക്കി ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്ന ചിന്ത കാലഹരണപ്പെട്ടതാണോ? വർഷങ്ങളായി പലതലമുറയിലുള്ളവരും മാറി മാറി സംസാരിക്കുകയും ദിനംപ്രതി പ്രാധാന്യം വർദ്ധിക്കുകയും ചെയ്യുന്ന ഒരു വിഷയമാണിത്. എല്ലാമറിഞ്ഞിട്ടും ഉറക്കം നടിക്കുന്ന ചിലരെ പോലെ കേരളത്തിലെ സാഹിത്യ പ്രമുഖർ പങ്കെടുത്ത “നബിയോർമയിലെ മീം കവിയരങ്ങ്” ഇതിനൊരു ഉദാഹരണം മാത്രമാണ്. കേരളത്തിൽ അടുത്ത കാലത്തായി നടന്ന സാമൂഹിക, രാഷ്ട്രീയ പരിപാടികൾ എടുത്ത് നോക്കിക്കഴിഞ്ഞാൽ പ്രാതിനിധ്യത്തിനു വേണ്ടി മാത്രം സ്ത്രീ- ഇതര ലിംഗ- ദളിത്- ട്രൈബൽ എഴുത്തുകാരെ പങ്കെടുപ്പിച്ചിരിക്കുന്നതായി കാണാം. ‘മീം’ കവിയരങ്ങിൽ നൂറ് കവികളെ പങ്കെടുപ്പിച്ചപ്പോൾ ഒരു സ്ത്രീ കവി പോലും അതിലില്ലാതെ ഇരിക്കുകയും അക്കാര്യം തികച്ചും നോർമലായി നമ്മുടെ സമൂഹത്തിൽ അവതരിപ്പിക്കപ്പെടുകയും ചെയ്തു.
അതിന്റെ സംഘാടകർ ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവർ ആയത് കൊണ്ട് സംഭവിച്ചതാണ് ഇക്കാര്യമെന്ന് ചിലർ വാദിക്കുന്നു. തികച്ചും സെക്കുലറായ ഒരു ജനാധിപത്യ രാജ്യത്ത് കവിതയും മതവും കൂട്ടിക്കുഴക്കേണ്ടത് ഇല്ലെങ്കിലും മുസ്ലീം സ്ത്രീകളുടെ ശബ്ദമായ നിരവധി കവികൾ നമുക്ക് ചുറ്റും ഉണ്ട് എന്നിരിക്കെ അവരെ മനപ്പൂർവം കാണാതിരുന്നു എന്നത് തികച്ചും തെറ്റ് തന്നെയാണ്.
സ്ത്രീകളുടേത് മാത്രമായ കവിയരങ്ങുകളും നടക്കുന്നുണ്ടല്ലോയെന്ന തികച്ചും നിഷ്കളങ്കമെന്ന് തോന്നിക്കാവുന്ന ചോദ്യവും ഇതിനിടയിൽ ഉയർന്നു കേട്ടു. അരികുവൽക്കരിക്കപ്പെടുന്നവർ സംഘടിക്കുകയും അവരുടെ ശബ്ദം സമൂഹത്തിൽ കേൾപ്പിക്കാൻ ശ്രമിക്കുന്നത്, തികച്ചും സംരക്ഷിത മേഖലകളിലിരുന്ന് വിവിധ മതങ്ങളെയും പാർട്രിയാർക്കിയെയും പ്രതിഫലിപ്പിക്കുന്ന സാമൂഹിക, സാംസ്കാരിക പരിപാടികളെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ താരതമ്യം ചെയ്യാനാകും.
എഴുതുന്ന സ്ത്രീകളുടെ സംരക്ഷിതരായി അവരെ ചൂഷണം ചെയ്യുന്ന ചില പ്രമുഖരെ കാലം വെളിപ്പെടുത്തിക്കഴിഞ്ഞു. താൻ ജീവിക്കുന്ന സാമൂഹ്യ പരിസരം മനസ്സിലാക്കാതെ കിട്ടുന്ന വേദികളുടെ എണ്ണവും സ്വപ്രശസ്തിക്കു വേണ്ടി ചെയ്യുന്ന മറ്റ് കാട്ടിക്കൂട്ടലുകളും മലയാള കവിതയിൽ കൂടുതലുണ്ട്.
മലയാള കവിതയുടെ ചരിത്രമെടുത്താൽ അതിൽ എത്ര സ്ത്രീ കവികളുണ്ട് എന്ന ചോദ്യം നിലനിൽക്കെത്തന്നെ കേരളത്തിൽ ഇപ്പോഴും കവിതയെഴുതുന്ന സ്ത്രീകളില്ല എന്ന് പറഞ്ഞു കൊണ്ട് നവകവിതയുടെ ചരിത്രം സ്വന്തം വരുതിയിലാക്കാൻ ചിലർ ഉയർത്തുന്ന കോലാഹലങ്ങളെ പ്രതിഫലിപ്പിക്കുന്ന വലിയൊരു കണ്ണാടിയാണ് ‘മീം’ കവിയരങ്ങ്. ഇത് ഒരു വേദിയിൽ മാത്രം ഒതുങ്ങുന്നതുമല്ല. മതങ്ങളും സാംസ്കാരിക ഇടങ്ങളും വീട്ടകങ്ങളും പോലും അന്യമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മായാ ആഞ്ജലോ പറഞ്ഞതു പോലെ ഇനിയും ഞങ്ങൾ ഉയരും ഇനിയും ഞങ്ങൾ ഒച്ച ഉയർത്തിക്കൊണ്ടിരിക്കും എന്ന് മാത്രമേ ഈ അവസരത്തിൽ പറയാനുള്ളു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here