Movie Review
അനുപ്രിയ എസ്
ഹൃദയപൂർവ്വമായി തീർന്ന ഫാലിമിയുടെ വിശേഷങ്ങളിലേക്ക് love and laugh in one frame എന്ന് പറഞ്ഞുകൊണ്ട് തുടങ്ങാം. 2023ലെ പ്രിയപ്പെട്ട സിനിമകളുടെ കൂട്ടത്തിലേക്ക് ചേർത്തുവയ്ക്കാൻ തോന്നിയ നല്ലൊരു പടം.
പുതുമയുള്ളതും ആകർഷകവുമായ നിതീഷ് സഹദേവിന്റെ സംവിധാനത്തിലെ, കോമഡിയുടെയും സ്നേഹബന്ധത്തിന്റെയും സമൃദ്ധമായ മിശ്രണം നമുക്ക് ലഭിക്കുന്നു. വൈകാരികം ആഴത്തിൽ നർമ്മം സമന്വയിപ്പിച്ച് അഭിനേതാക്കൾ ഓരോരുത്തരും കാഴ്ചക്കാരെ ഉറക്കെ ചിരിപ്പിക്കുന്നു എന്നത് സിനിമയെ ശരാശരിക്ക് മുകളിലുള്ള ചിത്രമാക്കി മാറ്റുന്നുണ്ട്.
കാശിയിലേക്കുള്ള ഒരു ഒളിച്ചോട്ടത്തിന്റെ ദൃശ്യത്തിലൂടെ സിനിമ തുടങ്ങുമ്പോൾ യാത്രയെ സ്നേഹിക്കുന്ന ഒരു വാർദ്ധക്യത്തെ നമുക്കിവിടെ വരച്ചിടാൻ തോന്നും. അങ്ങനെ കാശിയുടെ സ്നേഹതീരത്തിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ജനാർദ്ദനൻ എന്ന 82 വയസ്സുകാരന്റെ നിഷ്കളങ്കയാത്രാ മോഹത്തിലൂടെ സിനിമ കഥ പറഞ്ഞു പോകുന്നു. വളരെ കൃത്യമായ കാസ്റ്റിംഗ് എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ജനാർദ്ദനൻ എന്ന മുത്തശ്ശന്റെ അഭിനയ മികവിൽ സിനിമ ഏറെ സൗന്ദര്യം ഉള്ളതാവുന്നുണ്ട്.
ബേസിൽ ജോസഫ്! പ്രേക്ഷക മനസ്സുകൾ കീഴടക്കിയതിന്റെ പ്രതിഫലനമായി കഴിവ്തെളിയിച്ച ചിത്രങ്ങളിൽ എല്ലാം ഒന്നിനൊന്നു മികച്ച മാജിക് അനുഭവം തന്ന ബേസിൽ ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല.
ചന്ദ്ര എന്ന ജഗദീഷ് കഥാപാത്രം തീർത്തും വ്യത്യസ്തവും സ്വാഭാവികവുമായ റോളിൽ ചേരുംപടി ചേർത്തുകൊണ്ട് ഭാര്യ രമയുമായുള്ള രസതന്ത്രം കാഴ്ചക്കാരിലേക്ക് എത്തിക്കുന്നു. HOME എന്ന സിനിമയിൽ കാഴ്ചവച്ച ഒരു വീട്ടമ്മയുടെ തനത് സൗന്ദര്യം പകർപ്പായി ഇവിടെയും മനോഹരമാക്കി എന്ന് പറയുമ്പോഴും മഞ്ജുവിലേക്ക് എത്തുമ്പോൾ വാക്കുകൾ മതിയാവാതെ പോകും.
പുതുമുഖമായ സന്ദീപ് പ്രദീപിന്റെ ഇളയ മകൻറെ റോളും കുറെയേറെ കോമഡി നിറഞ്ഞതായിരുന്നു. അടിപൊളിയായിട്ടുണ്ട്!!
തെറ്റായെഴുതിയ തലക്കെട്ടിലൂടെ തന്നെ സിനിമ പ്രവർത്തനരഹിതമായ ഒരു ഫാമിലിയാണ് കാണിക്കുന്നത്. അവിടെ പ്രതിബന്ധങ്ങളിൽ സ്നേഹം പ്രകടിപ്പിക്കാൻ കഴിയാതെ പോയ ഒരച്ഛന്റെ നിസ്സഹായാവസ്ഥയും, പരസ്പരം മിണ്ടാൻ മറന്നുപോയ കാലത്ത് അച്ഛാ എന്ന് വിളിക്കാൻ മടി കാണിക്കുന്ന മൂത്ത മകൻറെ വികാരങ്ങളും ഒരു സീനിൽ വന്നപ്പോൾ കണ്ണുകളാൽ കഥ പറഞ്ഞ് ചിന്തിപ്പിച്ചു എന്ന് പറയാം.
അവിടെയും ഇമോഷണൽ സീനുകളിൽ നമ്മൾ stuck ആവുന്നില്ല. ഇമോഷണൽ സീനിൽ ചിന്തിപ്പിച്ചുകൊണ്ട് ആ ഒഴുക്കിനിടയിൽ നർമ്മപ്രധാനമായ രംഗങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിനെ പിടിച്ചുകൊണ്ടുപോകാൻ സിനിമയ്ക്ക് കഴിഞ്ഞു എന്നുള്ളത് തികച്ചും എടുത്തു പറയേണ്ട ഒരു കാര്യമാണ്. അതേ ഒഴുക്കിൽ കൊണ്ടുപോയ വിഷ്ണുവിജയിയുടെ Bgm.
യാത്ര പറച്ചിലിൽ, ആ മുത്തശ്ശൻ അടുത്ത വീട്ടിലെ വീൽചെയറിൽ ഉള്ള തന്റെ സുഹൃത്തിനോട് “ഞാൻ പോട്ടെടാ നീയും വരുന്നോ” എന്ന് ചോദിക്കുന്നിടത്ത്, സൗഹൃദത്തിന്റെ ഭംഗി ആസ്വദിക്കുമ്പോൾ ഇടയ്ക്കൊന്ന് കണ്ണ്നനഞ്ഞുപോകും. അലങ്കോലമായ ഒരു കാശിയാത്ര മധ്യേ അയാളുടെ മരണവാർത്ത കേൾക്കുമ്പോൾ ചുറ്റുപാടും നോക്കാതെ ഉറക്കെ പൊട്ടിക്കരയുന്ന ജനാർദ്ദനൻ എന്ന സ്നേഹിതന്റെ കരുതലിൽ കണ്ണുനിറഞ്ഞു പോകുന്ന കാഴ്ചക്കാരും അവസാനമായി അദ്ദേഹം പറഞ്ഞ വാക്കുകൾ ഓർമിച്ചേക്കാം “നീ പോയിട്ട് വരുമ്പോൾ എനിക്ക് ചൂട് പഴംപൊരി വാങ്ങിച്ചു കൊണ്ടുവരണം”…
കാശിയിൽ എന്തുണ്ട് കാണാൻ എന്ന് ചോദിക്കുന്ന ഇളയ മകൻറെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് “മരണം ആഘോഷിക്കുന്നത് അവിടെയാണ്” എന്ന് ആ മുത്തശ്ശൻ പറയുന്നുണ്ട്. ബനാറസിന്റെ സാംസ്കാരിക ഭംഗിയോളം വാചാലമായ നിമിഷങ്ങൾ!!!
ഒറ്റയ്ക്ക് യാത്ര പുറപ്പെടാൻ ആഗ്രഹിച്ച ആ മുത്തശ്ശന്റെ ഒളിച്ചോടലിൽ വീണ്ടും തിരച്ചിൽ തുടരുമ്പോൾ അറ്റുപോയ കണ്ണികൾ കൂട്ടി ചേർക്കുന്ന സിനിമയുടെ ആ ഒഴുക്ക് ചിരിയിലൂടെ ചിന്തിപ്പിച്ചു.
ഒരു സന്തോഷ യാത്രപോയി തിരിച്ചു വീട്ടിൽ എത്തിയ സുഖം പോലെ മനസ്സ് കുറെയേറെ തണുത്തിരുന്നു. സിനിമ കഴിഞ്ഞിറങ്ങിയപ്പോഴും ആ തണുത്ത ചിരിയുടെ തിളക്കം എൻറെ കണ്ണുകൾക്കുണ്ടായിരുന്നതും അതുകൊണ്ടാവാം!!!
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
നല്ല റവ്യൂ… ആശംസകൾ