ലേഖനം
അനു പാപ്പച്ചന്‍
മാപ്പ് പറയാൻ വേണ്ടി എന്തെങ്കിലും പറഞ്ഞു എന്ന് തോന്നുന്നില്ല എന്നാണ് അലൻസിയർ മറുപടി. വലിയ അദ്ഭുതമൊന്നും തോന്നുന്നില്ല. പെണ്ണിൻ്റെ രൂപം ഏതേലും മട്ടിൽ കണ്ടാൽ ഉടൻ പ്രലോഭന വിധേയരാകുന്ന ആണുങ്ങളുടെ കൂട്ടം ചത്തൊടുങ്ങിയിട്ടൊന്നുമില്ലല്ലോ. അതാണ് ശീലം. പെണ്ണ് എന്നാൽ മുലയോ നാഭിയോ യോനിയോ മാത്രമായ ‘ചരക്കാ’ണെന്ന തോന്നൽ സ്വയമേയും സാമൂഹികമായും പലവിധം ശീലിക്കപ്പെടുന്ന ഇടത്തിൽ തന്നെയാണ് അലൻസിയറദ്ദേഹങ്ങൾ വളർന്നതും വ്യാപരിക്കുന്നതും. അപ്പോൾ അവാർഡ് ശില്പത്തിൻ്റെ രൂപം കണ്ടാൽ മാത്രം മതി അത്തരം ദേഹങ്ങൾക്ക് ഇളക്കം തട്ടാൻ.
നമുക്കറിയാത്ത ആളല്ലല്ലോ അലൻസിയർ. മുൻപ് ടിയാനെതിരെ മീടു ഉണ്ടായപ്പോൾ, വിവിധ സെറ്റുകളിൽ നിന്നുള്ള മോശം പെരുമാറ്റങ്ങൾ പുറത്തു വന്നപ്പോൾ ഒക്കെ അയാൾ അയാളുടെ ആണത്താഘോഷങ്ങൾ വെളിപ്പെടുത്തി. അത് ഇപ്പോഴും തുടർന്നു കൊണ്ടേയിരിക്കുന്നു.
അലൻസിയർ അനുകൂലികൾ പറഞ്ഞതു കേട്ടു. സർക്കാർ നിശ്ചയിച്ച ജൂറിയാണ് അയാളെ അവാർഡിനർഹനാക്കിയത്. ആ അവാർഡ് വാങ്ങാൻ അയാൾക്ക് അർഹതയുണ്ടെങ്കിൽ അതിന്റെ രീതികളെ കുറിച്ച് പറയാനും അയാൾ അർഹനാണ് എന്ന്. ശരി; അവാർഡ് ശില്പം എന്തുകൊണ്ട് ആണായിക്കൂടാ എന്ന് അഭിപ്രായം പറയാൻ അയാൾക്ക് സ്വാതന്ത്ര്യമുണ്ട്. പുരുഷ കേന്ദ്രിത സമൂഹത്തിൽ ശില്പത്തിൻ്റെ സ്വഭാവം എങ്ങനെ മെനഞ്ഞെടുക്കപ്പെടും എന്നത് ഒക്കെ ചർച്ചക്ക് വക്കാം. എന്നാൽ അയാളുടെ പ്രസ്താവന എന്താണ്? “ആൺ കരുത്തുള്ള ഒരു മുഖ്യമന്ത്രി ഉള്ള സംസ്ഥാനത്തു ആൺ കരുത്തുള്ള ഒരു പ്രതിമ എങ്കിലും നൽകണം”.
രണ്ടു കാര്യങ്ങൾ പകലു പോലെ വ്യക്തം.ഒന്ന് മുഖ്യമന്ത്രിയെ കരുത്തൻ എന്നു വിളിക്കൽ ഒരു സുഖിപ്പിക്കലാണ്. അനുഭാവം പ്രകടിപ്പിക്കാൻ പക്ഷേ ആണിന് ‘കരുത്ത്’ എന്ന് ചാർത്തിക്കൊടുക്കുന്നത് ആണുങ്ങളായാൽ നരസിംഹവും വല്യേട്ടനും മന്നാടിയാറും പ്രജാപതിയും പുലിമുരുകനുമൊക്കെയാവുന്ന കേരളത്തിൽ നിന്നാണ്! അങ്ങേർ ഇവരുടെയെല്ലാം അപ്പനാവുന്നു! സ്വാഭാവികം.
കരുത്ത് മഹാലക്ഷണമായി കരുതാത്ത ആണുങ്ങളും ജീവിതം കൊണ്ട് കരുത്ത് നേടിയ പെണ്ണുങ്ങളും ഇന്നാട്ടിലുണ്ടല്ലോ. ആണിനിത്, പെണ്ണിനിത് എന്നൊക്കെ തരം തിരിക്കുന്ന കാലം ഒക്കെ കഴിഞ്ഞെന്ന് ടിയാനു തിരിഞ്ഞിട്ടില്ല. മറ്റൊരു കൂട്ടർ ‘അലൻസിയർ’ പോലെ നിഷ്കളങ്കമായി എല്ലാം തുറന്നു പറയുന്ന ആണുങ്ങൾ ക്രൂശിക്കപ്പെടുകയാണ് എന്ന് വേദനിക്കുന്നു. ഐക്യദാർഢ്യപ്പെടുന്നു. അലൻസിയർ പറഞ്ഞത് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് എന്നു തോന്നുന്നവർക്ക് അലൻസിയറുടെ മുൻ/പിൻ പ്രതികരണങ്ങളും പെരുമാറ്റങ്ങളും ചേർത്തുവച്ചാൽ ബോധ്യപ്പെടും. ‘വേട്ട’ക്കാർ ഇര ചമയുന്ന കാഴ്ചയാണവിടെ.
അവാർഡ് ശില്പം/ ധനം അംഗീകാരത്തിൻ്റെ/ ആദരവിൻ്റ ഒരു പ്രതിനിധാനം മാത്രമാണ്. ആ തുക കുറവാണെങ്കിൽ ഔചിത്യത്തോടെ ഉന്നയിക്കാം. അലൻസിയർ മാധ്യമങ്ങളോട് കൂട്ടിച്ചേർത്തത് എന്താണ്?
“സൈക്കിൾ ലോട്ടറിക്കാരല്ല ആക്ടേഴ്സ് എന്ന്!”
ഇതും ഒരു മനോഭാവപ്രതിഫലനമാണ്. 25,000 രൂപ കലാകാർക്ക് പോര എന്നു പറയുന്നതിന് ജോലി ചെയ്തു ജീവിക്കുന്ന വേറൊരു വിഭാഗം മനുഷ്യരെ പുച്ഛിക്കയാണ്. പണിയെടുത്തു ജീവിക്കുന്നവരാണല്ലോ അവരും. സിനിമാക്കാരൻ എന്ന നിലയിൽ വരുമാന വളർച്ച ഉണ്ടാകുന്നതു കൊണ്ട്, അതിലെ സാമ്പത്തിക നേട്ട വേഗത മറ്റു തൊഴിലെടുക്കുന്നവരെ താഴ്ത്തിക്കെട്ടാനുള്ള ലൈസൻസല്ല. അതാണ്, മനോഭാവത്തിൻ്റെ പ്രശ്നം.
ഒരു പൊതു വേദിയിൽ , നൂറ് കണക്കിന് മനുഷ്യരിരിക്കുമ്പോൾ പെണ്ണുടലിൽ തീർത്ത പ്രതിമ കണ്ടാൽ പ്രലോഭിതനാവും എന്നു പറയുന്നതും ഇതിലൊരു തെറ്റുമില്ല എന്നുറപ്പിക്കുന്നതും സ്ത്രീയെ ശരീരത്തിനപ്പുറം ആലോചിക്കാൻ പറ്റാത്ത ആണത്ത മാനസിക നിലയുടെ പ്രതികരണം മാത്രമാണ്. അതിലയാൾ ആത്മവിശ്വാസമുള്ളവനുമായി തുടരുന്നു!
ഒരു കാര്യം കൂടി ചേർക്കാം.അലൻസിയറന്മാർ പറയുന്നത് കേൾക്കുമ്പോൾ ഇപ്പോൾ സ്ത്രീകൾക്ക് ഒരു ചുക്കുമില്ല.അയാൾ അയാളെ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ഏത് സ്ത്രീയെ കണ്ടാലും ‘മൂന്നു കുത്ത്’ മാത്രം കാണുന്ന ആയിരത്തിലൊരുത്തൻ മാത്രമാണ് ടിയാൻ. ഇപ്പോൾ ഘോര ഘോരം അലൻസിയറിനെ നല്ലപാഠം പഠിപ്പിക്കുന്ന പലരും പ്രതിമ കണ്ടാലോ സാരിത്തുമ്പു കണ്ടാലോ ബസിലടുത്തു നിന്നാലോ ഇതിലപ്പുറം ഇളക്കം തട്ടുന്നവരാണ്. അതു കണ്ടും കൊണ്ടും മിണ്ടാതെ പേടിക്കുന്ന പെണ്ണുങ്ങളല്ല ഇന്ന്. അശ്ലീലമോ, ദ്വയാർത്ഥ പ്രയോഗമോ കേട്ടാൽ കുണുങ്ങിച്ചിരിക്കുന്ന, ദേഹത്തു അനുവാദമില്ലാതെ തൊട്ടാൽ പേടിച്ചു വാടുന്ന പെണ്ണുങ്ങളുടെ കാലമൊക്കെ കഴിഞ്ഞു. തൻ്റേടമുള്ള, ആത്മബോധ്യങ്ങളുള്ള സ്ത്രീകൾ പരസ്പരം കൈകോർക്കുന്ന ലോകം അപ്പുറത്ത് വികസിക്കുമ്പോൾ ‘അലൻസിയറ ദ്ദേഹങ്ങൾ’ സ്വയം നാറുന്നു. അത്രയേയുള്ളൂ!
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
Right
മികച്ച പ്രതികരണം തന്നെ ടീച്ചർ … നന്നായി ..