മായാ ബാനർജി
ബാല്യകാല ഓർമ്മകൾ എല്ലാവരും അരുമയോടെ മനസ്സിൽ സൂക്ഷിക്കും. എന്നാൽ അവയിൽ ഏറ്റവും പഴക്കമുള്ളവയെ തേടിപ്പോകാറുണ്ടോ?
എത്ര പഴക്കമാകാം ഒരാളുടെ ഓർമ്മകൾക്ക്? അല്ലെങ്കിൽ ഏതു പ്രായം മുതൽ ഓർമ്മകൾ നമ്മോട് പറ്റിക്കൂടും? ഒരോരുത്തർക്കും അത് വ്യത്യസ്തമായിരിക്കാം. ഏകദേശം മൂന്നു വയസ്സു മുതലുള്ള കാര്യങ്ങളാണ് നമുക്കോർത്തെടുക്കാൻ കഴിയുന്നതെന്ന് ശാസ്ത്രം പറയുന്നു. അതിനു മുന്നുള്ളതൊക്കെയും വളർച്ചയുടെ ഏതോ ഘട്ടത്തിൽ മറവിയുടെ ഇരുളിലേക്കങ്ങനെ മറിഞ്ഞുവീണു പോകുന്നതിന് ശാസ്ത്രീയമായ കാരണങ്ങളുണ്ട്. ചൈൽഡ് ഹുഡ് അമ്നേഷ്യ. ഇൻഫാൻ്റൈൽ അമ്നെഷ്യ എന്നൊക്കെ അതിന് പേരുണ്ടത്രെ.
എന്നാൽ മൂന്നു വയസ്സുമുതൽ എല്ലാ ഓർമ്മകളും നമ്മോട് കൂട്ടുകൂടുന്നുണ്ടോ? അതിലധികവും വിശേഷിച്ച് പത്തു വയസ്സിന് താഴെയുള്ള പലതും കാലക്രമേണ അങ്ങനെയങ്ങനെ കൈമോശം വരുന്നു. എങ്കിലും ചിലത് അടർത്താനാവാത്ത വിധം നമ്മോടേറെ പറ്റിച്ചേരുന്നു. ഓർമ്മകൾക്കൊരു പ്രത്യേകതയുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. അവയെ മനസ്സിൻ്റെ ഏതോ മൂലയ്ക്കുപേക്ഷിച്ചാൽ അവ അവിടെ ക്ലാവ് പിടിച്ച് കിടക്കും. പിന്നെ മങ്ങിമങ്ങി അപ്രത്യക്ഷമാകും. ഇടയ്ക്കിടെ കയ്യിലെടുത്ത് തുടച്ച് മിനുക്കി ഓമനിച്ചുകൊണ്ടിരുന്നാൽ അവ ഓട്ടുക്കിണ്ണങ്ങൾ പോലെ വെട്ടിത്തിളങ്ങും. ഉപേക്ഷിക്കപ്പെട്ട കളിപ്പാട്ടങ്ങളാകാൻ ഓർമ്മകൾക്ക് ഇഷ്ട്ടമില്ല. എപ്പോഴും അവയെ എടുത്ത് കളിക്കുന്ന കുട്ടിയുടെ കൂടെ കൂടാനാണ് ഓർമ്മകൾക്കിഷ്ടം.
എന്നെ സംബന്ധിച്ച് തീവ്രമായ വികാരങ്ങളുമായി ഇണക്കിച്ചേർത്ത് ഓർമ്മകളാണ് നിലനിൽക്കുന്നത്. അത് എല്ലാവർക്കും അങ്ങനെ തന്നെയാകും. സന്തോഷമാകാം, സങ്കടമാകാം, ഭയമാകാം, നാണക്കേടാകാം. തീവ്രമായി അനുഭവിച്ചതൊക്കെ അതവിടെ തന്നെ കിടക്കും. എന്നാൽ വിശേഷിച്ച് പ്രാധാന്യമൊന്നുമില്ലാത്ത, ഓളമില്ലാത്ത ജലനിരപ്പു പോലെയുള്ള പലതും ഓർമ്മകളായി നമ്മോട് പറ്റിക്കൂടുകയും പിരിഞ്ഞു പോകാതിരിക്കുകയും ചെയ്യാറുണ്ട്.
തീരെ പഴയ ഓർമ്മകൾ നമ്മോട് കൂടുന്നത് പലപ്പോഴും മാതാപിതാക്കളോ മുതിർന്നവരോ ഇടയ്ക്കിടെ അവയെ കുറിച്ച് പറയുന്നതുകൊണ്ടു കൂടിയാകാം. ചിലപ്പോൾ ചില ഫോട്ടോകളാകും ചില ആളുകളാകാം ചില സ്ഥലങ്ങളാകാം മറന്നു പോകാൻ ഇട തരാത്ത വിധം ആ ഓർമ്മകളെ നമ്മോട് കൂട്ടിക്കെട്ടുന്നത്.
എന്റെ ഏറ്റവും പഴയ ഓർമ്മകൾ ഷാർജയിലെ ചുമന്നപരവതാനി വിരിച്ച ഫ്ലാറ്റിനെ ചുറ്റിപറ്റിയാണ്.
അമ്മ പറഞ്ഞു കേട്ടൊരു കഥയുണ്ട്. സ്കൂളിലേക്ക് ചേച്ചിക്കുട്ടി കൊണ്ടു പോകുന്ന പഴങ്ങളുടെ മണമുള്ള സുന്ദരീ റബറുകൾ (ഇറേസർ എന്ന് പറഞ്ഞില്ലെങ്കിൽ എൻ്റെ മകൾ കണ്ണുരുട്ടും. എന്നാലും അന്നത് റബർ തന്നെയായിരുന്നു ഞങ്ങൾക്കൊക്കെ ) കാണാതാകുന്നു. പുതിയത് വാങ്ങി കൊടുക്കും വീണ്ടും കാണാതാകും. ഒടുവിൽ കള്ളിയെ പിടികിട്ടി, മറ്റാരുമല്ല സ്ക്കൂളിൽ പോകാത്ത. സ്വന്തമായി റബറുകളില്ലാത്ത കുഞ്ഞനിയത്തി തന്നെ. അണ്ണാറക്കണ്ണൻ പഴുത്തമാങ്ങ കിട്ടിയത് പോലെ അതൊക്കെ കാരി കാരി തിന്ന് ബാക്കിയുപേക്ഷിക്കുകയായിരുന്നുവത്രെ ഞാൻ.
ഇതത്രയും എന്റെ ഓർമ്മയിലൊന്നുമില്ലെങ്കിലും കിടപ്പുമുറിയിൽ, കട്ടിലിനും വെളുത്ത അലമാരയ്ക്കുമിടയിൽ പതുങ്ങിയിരുന്ന് പഴുത്ത പഴങ്ങളുടെ മധുരമണമുള്ള റബർ വായിലേക്ക് കൊണ്ടുപോകുന്ന എന്നെ എനിക്കോർമ്മയുണ്ട്. പല്ലു തേക്കാനായി ബ്രഷിൽ വെച്ചു തന്ന സ്റ്റ്രോബറി ജെല്ലി പോലെ തിളങ്ങുന്ന ക്ലോസ് അപ് പേസ്റ്റ് വിഴുങ്ങുന്ന എന്നെയും അതു വിഴുങ്ങിയോ എന്ന അമ്മയുടെ കണ്ണുരുട്ടലും എനിക്കോർമ്മയുണ്ട്. അമ്മയും ആൻ്റിമാരും സ്വീകരണമുറിയിലിരുന്ന് വീഡിയോയിലിട്ട സിനിമയിൽ മുഴുകുമ്പോൾ ഇരുട്ടു വീണു കിടക്കുന്ന ഊണുമുറിയിലൂടെ അടുക്കളയിലെ ഫ്രിഡ്ജിലിരിക്കുന്ന ചീസിനെ ലക്ഷ്യമാക്കി ഒച്ചയുണ്ടാക്കാതെ പോകുന്ന എന്റെ പൂച്ചപാദങ്ങളെ എനിക്കോർമ്മയുണ്ട്. നാട്ടിൽ അച്ഛമ്മയുടെ മുറിയിലെ അലമാരയുടെ മേലത്തട്ടിലേക്ക് സ്റ്റൂളിൽ കയറി വലിഞ്ഞ് നിഡൊ പാൽപ്പൊടി കട്ടെടുക്കുന്ന എന്നെയും എനിക്ക് ഓർമ്മയുണ്ട്. ഒടുവിൽ പിടിക്കപ്പെടുമ്പോൾ അധികം പാൽപ്പൊടി തിന്നാൽ വയറിളകുമെന്ന് പറഞ്ഞു അമ്മയും അച്ഛമ്മയുമൊക്കെ പേടിപ്പിക്കുന്നതും ഓർമ്മയിലുണ്ട്.
ഇതു പറയുമ്പോൾ ഞാനൊരു ആസ്ഥാനകള്ളിയാണെന്ന് കരുതല്ലേ. എൻ്റെ തെറ്റുകളായിരിക്കാം ഞാനോർക്കുന്നത്. കുന്നോളമുള്ള ശരികളേക്കാൾ കുന്നിക്കുരു തെറ്റുകൾ എൻ്റെ കുഞ്ഞുപ്രായം ഓർത്തു വെച്ചത് തെറ്റു ചെയ്തു എന്ന കുറ്റബോധത്തിലോ പേടിയിലോ ആകാം. വളരുമ്പോൾ ശരി-തെറ്റുകളെ കുറിച്ചാവശ്യത്തിലേറെ വേവലാതിപ്പെടുന്ന ഒരുത്തിയാകുമെന്നതിന്റെ അവനവന് മാപ്പു കൊടുക്കാൻ തീരെ കഴിയാത്തവളായി തീരുമെന്നതിന്റെ സൂചനയാകാം.
കട്ടു തിന്നലുകളുടേതല്ലാത്ത ചില നുറുങ്ങോർമ്മകളും ഷാർജയിലെ വീടിനെ ചുറ്റിപ്പറ്റിയുണ്ട്. പുറത്തു നിന്നിരമ്പിയെത്തി ഫ്ലാറ്റിലെ മുറികളിൽ വന്നു നിറയുന്ന ‘വാങ്കു’ വിളിയുടെ ശബ്ദമാണതിലൊന്ന്. ആ ശബ്ദം എന്നിൽ പറഞ്ഞറിയിക്കാൻ വയ്യാത്ത വിധത്തിലൊരു വിഷാദം നിറച്ചിരുന്നതും.
‘ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ സിനിമ കാണാൻ പോകുന്ന ഒരു നുറുങ്ങോർമ്മ. എൻ്റെ ഓർമ്മയിൽ ഞാൻ ആദ്യമായി തീയ്യറ്ററിൽ പോയി കാണുന്ന സിനിമ അതാണ്. പോകാനായി എല്ലാവരും വേഗം അത്താഴക്കഞ്ഞി കുടിച്ച് തകൃതിയായി ഒരുങ്ങുമ്പോൾ എന്റെ ചേച്ചിക്കുട്ടി മാത്രം എപ്പോഴത്തേയും പോലെ ആഹാരത്തോട് പിണങ്ങി തീന്മേശയിലിരിക്കുന്ന ചിത്രവും “വാവേ വേഗം കഴിച്ചില്ലെങ്കിൽ വാവയെ കൂട്ടാതെ ഞങ്ങളൊക്കെ സിനിമക്ക് പോകുമെന്നുള്ള” മുതിർന്നവരുടെ പേടിപ്പിക്കലുകളും ഇപ്പോഴും കണ്ണടച്ചു പിടിച്ചാൽ എനിക്കതു പോലെ കാണാനും കേൾക്കാനും കഴിയും.
ശങ്കർ പൂർണ്ണിമയെ കാണുമ്പോഴൊക്കെ പെരുവിരൽ കൊണ്ട് മൂക്കിന് താഴെ മീശക്ക് മുകളിലൂടെ കാണിക്കുന്ന ഒരു പ്രണയ ഗോഷ്ടി എന്നെ വല്ലാതെ പേടിപ്പിച്ചു എന്നല്ലാതെ മറ്റൊന്നും ആ സിനിമയിൽ നിന്നും അന്നത്തെ ദിവസം എന്റെ കുഞ്ഞു മനസ്സിലേക്ക് കയറിയിട്ടില്ല. മറ്റൊരിക്കൽ ഓപ്പോൾ സിനിമയിലെ മൂക്കൻച്ചാത്തന്റെ വരവും കഥയിലെ കുട്ടിയെ എന്ന പോലെ എന്നേയും പേടിപ്പിച്ചിരുന്നു.
വെളുത്ത പ്രതലത്തിൽ കറുപ്പും ചുമപ്പും ഡിസൈൻ ഉള്ളൊരു ഉടുപ്പ് ചേച്ചിക്കുണ്ടായിരുന്നു. ആ ഉടുപ്പ് കാണുമ്പോഴൊക്കെ എന്നിൽ ‘പിക്ക് നിക്ക്’ എന്ന വാക്ക് വന്നു തുളുംബിയിരുന്നു. ആ ഉടുപ്പിട്ടന്നാണ് ഞങ്ങൾ പിക്നിക്കിന് പോയതും പേപ്പർ പ്ലേറ്റുകൾ തിന്നുന്ന പശുവിനെ കണ്ടതും. പിക്ക്നിക്ക് എന്ന അത്ഭുത വാക്ക് ഞാൻ കേൾക്കുന്നതും ആദ്യമായി അന്നാണ്. ചേച്ചിയുടെ ഉടുപ്പിലെ ഒരു വശത്തേക്ക് സഞ്ചരിച്ച ചെറിയ കറുത്ത വരകളൊക്കെയും പിക്ക് ആയും എതിരവശത്തേക്ക് പോയ ചുമന്ന വരകൾ നിക്ക് ആയും എനിക്കനുഭവപ്പെട്ടു. ആ ഉടുപ്പായിരുന്നു എനിക്ക് പിക്ക്നിക്ക്.
അമ്മയുടെ കടൽപ്പച്ച നിറമുള്ള സാരിയുടുത്ത് ഞാനും വയലറ്റിൽ വെളുത്ത വട്ടങ്ങളുള്ള സാരിയുടുത്തു ചേച്ചിയും അന്നൊരിക്കൽ കളിച്ചിരുന്നു. ഷാർജയിലെ ഏതോ റോഡിലൂടെ കാറിൽ സഞ്ചരിക്കുമ്പോൾ കാറിന് മുകളിലേക്കെന്തൊക്കെയോ പടപ്പട ശബ്ദത്തോടെ വീണു..”ആലിപ്പഴം..ആലിപ്പഴമെന്ന്” മുതിർന്നവർ പറഞ്ഞതും ആലിപ്പഴം….നല്ല രുചിയുള്ള എന്തോ ഒരു സാധനം പോലെ അനുദിന വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന എൻ്റെ തലച്ചോറിലെ ഡിക്ഷ്ണറിയിലേക്ക് കയറിക്കൂടി. “കൊടുങ്കാറ്റ്. കൊടുങ്കാറ്റ്” എന്നൊരു പുതിയ വാക്കും ഒരു രാത്രിയിൽ ഫ്ലാറ്റിനകത്ത് അലയടിച്ചു . അതൊരു ഭയങ്കര വാക്കാണെന്ന് എല്ലാവരുടെയും പരിഭ്രമിച്ച മുഖങ്ങൾ പറഞ്ഞു. വാതിലുകളും ജനാലകളും അടച്ചുവെന്ന് ഉറപ്പിക്കാൻ മുതിർന്നവർ നടന്നു. എൻ്റെ ഓർമ്മയിൽ ബാത്രൂമിലെ വെൻ്റിലേറ്ററാണ്. വലിച്ചടക്കും മുൻപ് കാറ്റിൽ വന്നടഞ്ഞ് അച്ചയുടെ കൈ മുറിച്ചത്. ചോരയൊലിക്കുന്ന കയ്യുമായി നിൽക്കുന്ന അച്ഛക്ക് പരിചരണവുമായി ചുറ്റും കൂടുന്നവരുടെ ശബ്ദബഹളങ്ങൾ.. അതെല്ലാം എന്നിൽ നിറച്ച അമ്പരപ്പും മങ്ങിമങ്ങിക്കത്തുന്നൊരു കുഞ്ഞോർമ്മ.
നാട്ടിലേക്ക് പറിച്ചു നടുന്നതിന് തൊട്ടു മുൻപായി എനിക്കെൻ്റെ കുഞ്ഞുപെരുവിരലിലെ നഖം നഷ്ട്ടപ്പെട്ടു. ചേച്ചിയും സരിതേച്ചിയും ഒരു സോഫയുടെ മുകളിലൂടെ ചാടിച്ചാടി കളിക്കുന്നത് നോക്കി നിൽക്കുന്നതും അപ്പോൾ എനിക്കും അങ്ങനെ കളിക്കാൻ തോന്നുന്നതും ഓർമ്മയുണ്ട്. ചാട്ടത്തിനിടയിൽ ചേച്ചിമാരുടെയാരുടെയോ കാലെന്നെ മറിച്ചിടുന്നതും ഒരു കരച്ചിലിലേക്കുരുണ്ടു വീണു പോകുന്നതും ഓർമ്മയുണ്ട്. അപ്പോഴാണെന്റെ നഖം നഷ്ട്ടപ്പെട്ടതെന്നത് പിന്നെ പറഞ്ഞുകേട്ട ഓർമ്മയാണ്.
ഏതായാലും നഖമില്ലാത്ത കുട്ടിയായി പെരുവിരലിലൊരു തീപ്പന്തവുമായി ഞാൻ നാട്ടിലെത്തി.
നാട്ടിലെത്തിയ ദിവസത്തെ തെളിഞ്ഞ ചില ഓർമ്മകളുണ്ട്. കട്ടിലും മേശയും അലമാരയുമൊന്നുമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന ഞങ്ങളുടെ വലപ്പാട്ടെ പുതിയ വീട്ടിൽ എല്ലാ ശബ്ദങ്ങളും ഒരു ഗുഹയിൽ നിന്നെന്ന പോലെ മുഴങ്ങി കേട്ടിരുന്നു. വീടു വാങ്ങിയ കാലത്ത നടന്നു തുടങ്ങിയ പ്രായത്തിൽ വഴുക്കുന്ന മൊസൈക്ക് തറയിലൂടെ ബുൾബുൾ.. ബുൾബുൾ… എന്ന് കൊഞ്ചി.. മൊസൈക്ക് പുള്ളികൾ കണ്ടു ഭ്രമിച്ച് ഓടുകയും വീഴുകയും ചെയ്തിരുന്ന അമ്മയുടെ ഓർമ്മയിലെ എന്നെ എനിക്ക് തീരെ ഓർമ്മയില്ല. നാട്ടിൽ താമസമാക്കനെത്തിയ ദിവസം അമ്മയുടെ സാരിത്തുമ്പിലൊളിച്ചിരിക്കുന്ന എന്നെയാണോർമ്മ. എന്താ കുടിക്കാൻ വേണ്ടതെന്ന് അച്ഛമ്മയും റാണിമേമയും മാറി മാറി ചോദിക്കുമ്പോൾ, വളരെ പതുങ്ങലോടെ കോൾഡ് വാട്ടറെന്ന് മൊഴിയുന്ന എന്നെ. അതു കേൾക്കാതെ എന്ത്.. എന്ത് എന്ന് ചോദ്യങ്ങൾ മൂക്കുമ്പോൾ കുറെ കൂടി ശബ്ഗം ബലപ്പെടുത്തി കോൾഡ് വാട്ടർ എന്ന് പറയുന്ന എന്നെ അമ്പരപ്പിച്ച് പൊട്ടിവീഴുന്ന റാണിമേമയുടെയും അച്ഛമ്മയുടെയും ആലിപ്പഴം വീഴുന്ന പോലത്തെ ചിരി. “കോൾ വാട്ടറേ..അതൊന്നും ഇവിടില്ല… ഇവിടെ ഫ്രിഡ്ജൊന്നുമില്ല.. കുട്ട്യേ…” പറഞ്ഞത് വലിയ അബദ്ധമാണെന്ന് മാത്രം തിരിഞ്ഞു വീണ്ടും അമ്മയിലേക്ക് പതുങ്ങിയിരുന്നു ഞാൻ. അവിടെയിരുന്നു കൊണ്ട് തന്നെയാണ് അമ്മ, ഇതിനകം ഇളയച്ചൻ്റെ മക്കളായ രഞ്ജേട്ടനോട്ടും ഹണിച്ചേച്ചിയോടും ഒപ്പം കളി തുടങ്ങിയിരുന്ന ചേച്ചിയേ വിളിച്ചതും. ഏതോ കാലത്തു നിന്നോ. ലോകത്തു നിന്നോ എന്ന പോലെ “ഞങ്ങളിവിടെ കാർ ഷെഡ്ഡിൽ കളിക്ക്യാ“ എന്നൊരു ചേച്ചി ശബ്ദം കൗതുകകരമായൊരു ‘എക്കോ’യോടെ എന്നെ വന്നു തൊട്ടതും. കാർ ഷെഡ് എന്ന അത്ഭുത വാക്കിൽ എന്റെ കണ്ണുകൾ വിടർന്നതും.
കഴിഞ്ഞു പോയേതോയൊരു ജന്മത്തിൽ എന്നോ പൊട്ടിവീണ കണ്ണാടിക്കൂടാരത്തിൽ നിന്നെന്ന പോൽ അങ്ങനെ അങ്ങനെ കുഞ്ഞുകുട്ടിയോർമ്മകൾ വെറുതെയിരിക്കുമ്പോൾ തിളങ്ങുന്ന ചീളുകളായിപാറി വന്നു വീഴാറുണ്ടുള്ളിൽ. അവയെ കൂട്ടി കൂട്ടി വെച്ച് തമ്മിൽ ഒട്ടിച്ച് ഞാൻ എന്നോ തീർന്നുപോയൊരെന്നെ പിന്നെയും കണ്ടെടുക്കാറുണ്ട്. നിങ്ങളോ?