പ്രളയകേരളമേ നിന്നോടെനിക്കിഷ്ടമാണ്… സത്യം

0
497

എം ഉമൈബാന്‍

പ്രിയ കേരളമേ നീ അതിജീവിക്കും! നിനക്കറിയാമോ ഞാനും ഒരതിജീവനത്തിന്റെ പാതയിലാണ്. അതുകൊണ്ട് തന്നെ എനിയ്ക്കുറപ്പിച്ച് പറയാന്‍ കഴിയും നീ അതിജീവിക്കുക തന്നെ ചെയ്യുമെന്ന്.

എത്ര വലിയ ദുരന്തമാണ് ഉണ്ടായതെന്ന് നമുക്കറിയാം. നമ്മോടൊപ്പം നില്‍ക്കുന്നവര്‍ക്കും. എങ്കിലും, ആ പ്രളയദിനങ്ങളില്‍ നിന്റെ മക്കള്‍ എല്ലാം മറന്ന് ഒന്നിച്ചത് നീ കണ്ടതല്ലേ? നഷ്ടപ്പെട്ടു പോയി എന്ന് കരുതിയ സ്‌നേഹവും സാഹോദര്യവും സഹകരണവും നേരില്‍ കണ്ടതല്ലേ? നന്മ ചെയ്യാന്‍ എല്ലാവരും മത്സരിച്ച് ഓടിയത് നമുക്ക് ഓര്‍മ്മയില്ലേ? ഈ കാഴ്ചകളൊക്കെയും നിനക്ക് സന്തോഷം തരുന്നവയല്ലേ, പിന്നെയെന്തിന് സങ്കടപ്പെടണം? ആ കാഴ്ചകള്‍ തന്ന പ്രതീക്ഷകള്‍ വളരെ വലുതാണ്. ‘ഇത് എന്ത് പറ്റി’യെന്നും ഇനിയങ്ങോട്ട് എങ്ങനെ വേണം, എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നൊക്കെ ഒരു മാത്ര ചര്‍ച്ച ചെയ്യാന്‍ പ്രേരിപ്പിച്ചെങ്കില്‍ ഇതൊക്കെയും നല്ലത് തന്നെയാണ്. തീര്‍ച്ച.

ആരാധനാലയങ്ങള്‍ സ്‌നേഹ മന്ദിരങ്ങളായതും ആഘോഷങ്ങള്‍ പോലും ഐക്യദാര്‍ഢ്യത്തോടെ ചുരുങ്ങിയതും എല്ലാവരും മനുഷ്യരായതുമൊക്കെയും പ്രതീക്ഷ നല്‍കുന്നവയാണ്. പ്രതീക്ഷകള്‍ അസ്ഥാനത്തല്ല. ആ ദിനങ്ങളോര്‍ത്ത് നിനക്ക് അഭിമാനിക്കാം. നിനക്കുണ്ടായ സന്തോഷമുണ്ടല്ലോ, ആ സന്തോഷം കണ്ടാണ് എനിക്കെന്റെ കാഴ്ച തിരിച്ചു കിട്ടിയത്. ഒരു കൂരിരുട്ടിലായിരുന്നു ഞാന്‍. എന്റെ സൂര്യനസ്തമിച്ചിട്ട് ഏഴര മാസം പിന്നിട്ടിരിന്നു. ഒന്നും കണ്ടിരുന്നില്ല ഞാന്‍. ഒരു വാര്‍ത്തയും എന്നെ സ്വാധീനിച്ചിരുന്നുമില്ല. എല്ലാം നശിച്ചെന്ന് കരുതി ഇരുട്ടില്‍ തപ്പുകയായിരുന്നു.

ആ കാഴ്ചകള്‍ എനിയ്ക്ക് വെളിച്ചമേകി. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും സ്‌നേഹവും ഇഷ്ടവും വറ്റിപ്പോയിട്ടില്ലെന്നും, എന്റെ മക്കള്‍ എന്റെ പ്രിയപ്പെട്ടവന്റെ നേര്‍ പതിപ്പുകളായി കൂടെയുണ്ടെന്നും നന്മയുടെ വഴികള്‍ ഒരുപാട് മുന്നിലുണ്ടെന്നും ആ വെളിച്ചത്തില്‍ എനിക്ക് വ്യക്തമായി. അതെനിക്ക് മറക്കാന്‍ കഴിയില്ല. നീ എന്ത് ചോദിച്ചാലും ഞാന്‍ തരും. പിന്നെയാണോ ഒരു മാസത്തെ ശമ്പളം. ഞാനും ചേരുന്നു സാലറി ചലഞ്ചില്‍.

സാലറി ചലഞ്ചില്‍ ഒരു മാസത്തെ ശമ്പളം പത്ത് മാസങ്ങളിലായി കൊടുക്കാന്‍ പറ്റുന്നവര്‍, മറ്റ് ഏതോ പ്രലോഭനങ്ങള്‍ക്ക് കീഴ്‌പ്പെട്ട് വിസമ്മത പത്രത്തില്‍ ഒപ്പിട്ട് നല്‍കുമ്പോള്‍, അവര്‍ക്ക് തന്നെ ഒരു തരം പ്രയാസം. സ്‌നേഹം വറ്റാത്ത മനസ്സുള്ളത് കൊണ്ടാവാം, നന്മയില്‍ പങ്ക് ചേരാതെ മാറി നില്‍ക്കേണ്ടി വരുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന ആ സങ്കടം. അതാണ് ‘ന്യായീകരണ’ങ്ങളായി പറയാന്‍ പ്രേരിപ്പിക്കുന്നത് പോലും.

തീരെ വയ്യാത്തവര്‍ക്ക് വേണ്ടി, ഓരോ മാസവും മൂന്ന് ദിവസത്തെ ശമ്പളം പോലും മാറ്റിവെക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടി, തന്നെയാണല്ലോ വിസമ്മത പത്രവും തയ്യാറാക്കിയത്.

തന്റെ പ്രയാസങ്ങള്‍ മറ്റാരെയും അറിയിച്ച് ബുദ്ധിമുട്ടിക്കേണ്ടന്ന് കരുതി അതാരും കാണാതെ ഒപ്പിട്ട് നല്‍കാം.

ഇത്രയും വലിയ പ്രളയം വന്നിട്ടും ഒന്നും തിരിയാത്തവരോട് ഇനിയെന്ത് പറയാന്‍ !

ഇത്രയും നാള്‍ കൂടെ നിര്‍ത്തി തണല്‍ കൊടുത്തവരാണ് നിന്റെ അതിജീവനത്തിന് എതിര് നില്‍ക്കുന്നതെന്ന് കരുതി സങ്കടപ്പെടരുത്. ഒരുപാട് പേര്‍ ദൂരെ വിദേശത്ത് കരുണ വറ്റാത്ത മനസ്സുമായി, കഷ്ടപ്പെട്ടുണ്ടാക്കിയതില്‍ നിന്ന് പിരിച്ച് അയച്ച് തന്നെയാണല്ലോ ഈ കാണും വിധം നിന്റെ വളര്‍ച്ചയുണ്ടായത്. അതെല്ലാം ഇനിയും പുനര്‍ നിര്‍മ്മിക്കാവുന്നതേയുള്ളൂ.

അതങ്ങനെയാണ്, തീറ്റി പോറ്റി അടുത്ത് നിര്‍ത്തുന്നവരേക്കാള്‍ നീ ദൂരെയാക്കിയവര്‍ക്ക് തന്നെയാണ് സ്‌നേഹ കൂടുതലുണ്ടാവുക. അവര്‍ അതിജീവനത്തിന്റെ പാഠം പഠിച്ചതിനാലോ, ദൂരെയാകുമ്പോഴുണ്ടാകുന്ന സ്‌നേഹ കൂടുതലിനാലോ, എന്ത് തന്നെയായാലും അതൊരാശ്വാസം തന്നെയാണ്.

നമ്മളകപ്പെട്ട പ്രയാസത്തില്‍ നിന്ന് കര കയറാന്‍ നമ്മളോടൊപ്പമുണ്ടെന്നറിയിച്ച് നാമിതുവരെ അറിയാത്തവര്‍ പോലും കൈ പിടിക്കുമ്പോള്‍, നമ്മെ അറിഞ്ഞ് കൂടെ നില്‍ക്കുമ്പോള്‍ നമ്മളെന്തിന് തളരണം. പ്രതീക്ഷകള്‍ കൈവെടിയരുത്. നമുക്ക് സന്തോഷത്തോടെ അതിജീവിക്കാം…

LEAVE A REPLY

Please enter your comment!
Please enter your name here