പത്രത്തിൽ വരാത്ത അവന്റെ ജീവിതം

1
525

ഡോ. കെ. എസ്‌. കൃഷ്ണകുമാർ

കോളേജിലെ പഠനകാലത്ത് എനിക്കൊരു മത്സ്യവിൽപനക്കാരനായ സഹപാഠി ഉണ്ടായിരുന്നു. അകാലത്തിൽ പിതാവിനാൽ ഉപേക്ഷിക്കപ്പെട്ട കുടുംബം. അമ്മ പിന്നീട്‌ വീട്‌ വിട്ടിറങ്ങി. എല്ലാ അർത്ഥത്തിലും അവൻ അനാഥനായിരുന്നു. മത്സ്യവിൽപനക്ക്‌ ശേഷം തൃശൂർ വടക്കേ ബസ്‌ സ്റ്റാന്റിലെ പൊതുശൗചാലയത്തിൽ കുളി കഴിഞ്ഞ്‌ മത്സ്യഗന്ധങ്ങളറിയാതിരിക്കാൻ വാസനതൈലങ്ങൾ പുരട്ടി കുട്ടപ്പനായി അവൻ ക്ലാസിലേക്ക്‌ വന്നിരുന്നത്‌ ഇന്നുമോർക്കുന്നു. മത്സ്യവിൽപനക്ക്‌ ഉപയോഗിച്ചിരുന്ന സൈക്കിളും കൊട്ടയും കോളേജിന്റെ പുറകുവശത്ത് കൊണ്ടുവയ്ക്കും. രാത്രി കോളേജിലായിരുന്നു താമസം. അങ്ങനെ കാവൽക്കാരന്റെ കൂലിയും ചെറുതുകയായി അവനു ലഭിച്ചിരുന്നു.

ഒരു ദിവസം സെക്കന്റ്‌ ഷോ കഴിഞ്ഞ്‌ വരുന്ന നേരം തൃശൂർ ടൗൺ ഹാളിന്റെ സമീപം ഒരു വിളക്കുമരച്ചുവട്ടിൽ ഇരുന്ന് ഒരാൾ എന്തോ വായിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ട്‌ ബൈക്ക്‌ നിർത്തി നോക്കിയപ്പോൾ അത്‌ അവനായിരുന്നു. മലയാള സാഹിത്യ ചരിത്രം കാലഘട്ടങ്ങളിലൂടെ എന്ന പുസ്തകം വായനയുടെ അവസാന താളുകളിലെത്തിയിരുന്നു. പാതിരാത്രി തട്ടുകടയിൽ നിന്ന് അന്ന് അവനോടൊത്ത്‌ കുടിച്ച കട്ടൻ കാപ്പിയുടെ രുചി ഇന്നും ഓർമ്മയിലുണ്ട്‌. ഞങ്ങളൊന്നിച്ച്‌ നേരെ കോളേജിലേക്ക്‌ പോയി. രാത്രി സമയത്തെ കോളേജിന്റെ ഇരുണ്ടരൂപം. കറന്റ്‌ ബിൽ ലാഭിക്കുന്നതിന്റെ ഭാഗമായി കോളേജ്‌ അധികൃതർ പുറത്തെ ലൈറ്റുകൾ മാത്രമേ ഇടാൻ അനുവദിച്ചിരുന്നുള്ളൂ. കാവൽക്കാരന്റെ കസേര ഗേറ്റിൽ നിന്ന് നേരെ നോക്കിയാൽ കാണുന്നതിനാൽ അവിടെ ഇരുന്ന് പഠിക്കാനുള്ളത്‌ വായിച്ചാൽ ഓരോരുത്തർ കയറി വന്ന് ശല്യമാകും. അതുകൊണ്ട്‌ അവൻ രാത്രി എട്ടുമണി വരെ തൃശൂർ നഗരമദ്ധ്യത്തിലെ നെഹറു പാർക്കിന്റെ ആളൊഴിഞ്ഞ മൂലകളിൽ ഇരുന്ന് പഠിക്കും. അത്താഴശേഷം കോളേജിന്റെ പരിസരങ്ങളെല്ലാം ഒന്നു പോയി നോക്കും. വീണ്ടും അർദ്ധരാത്രി വരെ ഇങ്ങനെ ആളുകുറവുള്ള തെരുവോരങ്ങളിലെ വിളക്കിൻകാൽച്ചുവടുകളിലെ വായനയും അസൈൻമന്റ്‌ എഴുത്തും. രാത്രി മൂന്ന് മണിക്കൂർ മാത്രം ഉറക്കം. പുലർച്ചെ മൂന്ന് മണിക്ക്‌ ഇറങ്ങും കടപ്പുറത്തേക്ക്‌ ഏകദേശം ഇരുപത്തിയഞ്ച്‌ കിലോമീറ്റർ സൈക്കിൾ ചവിട്ടി. അതിരാവിലെ കടപ്പുറത്തെ ചില തരകന്മാരിൽ നിന്ന് ആദായവിലയിൽ മീൻ കിട്ടും. ഉച്ചവരെ സൈക്കിളിൽ പല നഗരങ്ങളിലും മത്സ്യക്കച്ചവടം. നഗരങ്ങളിൽ വിൽപനക്ക്‌ നല്ല വില കിട്ടും. ഉച്ചശേഷം എം എ ക്ലാസിലേക്ക്‌.

കേവലമൊരു വിദ്യാർത്ഥി മാത്രമായിരുന്നില്ല അവൻ, ക്ലാസിലെ സെമിനാറുകളിലും തുടർചർച്ചകളിലും ഏറെ സജീവമായിരുന്നു. ഏറ്റവും പുതിയ സാഹിത്യസാംസ്കാരിക വിശേഷങ്ങളുമായി അവൻ ഞങ്ങളുടെ മുൻനിരയിൽ സജീവമാകും. പക്ഷെ ആരും അറിഞ്ഞിരുന്നില്ല അവന്റെ ഈ ജീവിതസാഹിത്യം. ആരോടും അതിനെക്കുറിച്ച്‌ സംസാരിക്കാൻ അവനു താത്‌പര്യമുണ്ടായിരുന്നില്ല. മാതാപിതാക്കളോട്‌ അവനുള്ളിൽ തീരാത്ത വെറുപ്പുള്ളതുപോലെ തോന്നിയിരുന്നു. പിന്നീട്‌ മലയാളം എം എ-യ്‌ക്ക്‌ പുറമേ അഞ്ച്‌ ബിരുദാനന്തരബിരുദങ്ങൾ അവൻ നേടി. തൃശൂർ വിവേകോദയം സ്കൂളിനു സമീപമുള്ള അണ്ണാമലൈ സർവകലാശാലയുടെ തുടർവിദ്യാഭ്യാസകേന്ദ്രമാണ്  അതിനൊക്കെ വഴി തെളിയിച്ചത്‌. ആലുവ ഭാഗത്ത്‌ ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങളുള്ള ഒരു മുതലാളിയുടെ വീട്ടിൽ അവൻ സ്ഥിരം മത്സ്യം കൊടുത്തിരുന്നു. അദ്ദേഹം ഏർപ്പാടാക്കിയ സൗകര്യങ്ങളിൽ അവൻ ബി എഡും എം എഡും ബിരുദങ്ങൾ നേടി. എവിടെയും ജോലി നേടാനല്ല ഈ വിദ്യാഭ്യാസയാത്രയെന്ന് അവൻ പറയാറുണ്ട്‌. ചെറുപ്പത്തിലേ പഠിക്കണമെന്നും ധാരാളം ബിരുദങ്ങൾ നേടണമെന്നും വലിയ ആഗ്രഹമായിരുന്നു. അതിനു വീട്ടിൽ അച്ഛനും അമ്മയും തമ്മിലുള്ള കലഹങ്ങൾ മാനസികതടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. അച്ഛനും അമ്മയും ബന്ധം വേർപിരിഞ്ഞപ്പോൾ എല്ലാം പൂർണ്ണമായി. ജീവിതോപാധിയായി അയൽവാസിയുടെ മത്സ്യവിൽപനയിൽ സഹായിയായി. ആശാൻ ഇന്ന് ഏറെ വയസ്സായി. എല്ലാ ഞായറാഴ്ചയും ആശാനുള്ള ഗുരുദക്ഷിണയായി വലിയ മീനുകളുമായി പോകുന്ന ഉപകാരസ്മരണ അവൻ തുടരുന്നു.

എന്റെ സഹപാഠിയായ അവനെക്കുറിച്ച്‌ പറഞ്ഞാൽ ഇങ്ങനെ തീരാത്ത കഥകളും വിശേഷങ്ങളുമാണ്. കഴിഞ്ഞ മാസം കൊച്ചി മെട്രൊയിൽ വച്ച്‌ അവനെ കണ്ടിരുന്നു. ഇടക്ക്‌ വരുമത്രേ. യാത്ര അവനു വലിയ ഇഷ്ടമാണ്. കടലിൽ ട്രോളിംഗ്‌ കാലത്ത്‌ അവൻ വെറുതെ എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്യും. ബസ്സാണു കൂടുതൽ പ്രിയം. വിവാഹം താത്പര്യമില്ല. വിശ്വാസമുള്ള മൂന്ന് അനാഥമന്ദിരങ്ങളിലായി പത്ത്‌ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടുന്ന സഹായം അവൻ നൽകുന്നുണ്ട്‌. പണം ധാരാളം നീക്കിയിരിപ്പുണ്ടത്രേ. മത്സ്യവ്യാപാരം നല്ല ലാഭമുള്ള മേഖലയാണത്രേ; ഇത്തിരി വാസനസോപ്പ്‌ കൂടുതൽ ചെലവാക്കണമെന്ന്‍ മാത്രമാണ് അവന്റെ അഭിപ്രായം. അവന്റെ ജീവിതത്തെക്കുറിച്ച്‌ കൂടുതൽ അന്വേഷണസ്വഭാവത്തിൽ ചോദിച്ചാൽ അവൻ പുതിയ സിനിമകളെക്കുറിച്ച്‌ സംസാരിച്ചു തുടങ്ങും. വിഷയം മാറ്റി കളയും. അവൻ ഒരു അവധൂതനോ, അരാജകവാദിയോ താന്തോന്നിയോ അല്ല. നമ്മളുടെ പഠിപ്പ്‌ വച്ച്‌ അവനെ നിർവചിക്കാനാകില്ല; കാരണം ജീവിതത്തിന്റെ ആരംഭകാലങ്ങളിൽ അനാഥത്വവും ദുരിതങ്ങളും ദുരന്തങ്ങളും കൊണ്ട്‌ അവൻ നമ്മളേക്കാൾ കൂടുതൽ പഠിച്ചു. പിന്നെ എന്തിനാണു അവൻ ഇങ്ങനെ ബിരുദങ്ങൾ ഓരോന്നായി എടുത്തുകൂട്ടുന്നതെന്ന് ഇന്നും എനിക്ക്‌ ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്. അവന്റെ ജീവിതകഥ പത്രത്തിൽ വരുന്നുമില്ല.

(വര: നിധിന്‍. വി. എന്‍)

1 COMMENT

  1. അവിശ്വസനീയം!! ഇത്തരം വ്യക്തികൾ ജീവിതമെന്ന സമസ്യയക്ക് പുതിയ പൂരണങ്ങൾ നൽകുന്നു. ഇദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here