കാള പെറ്റു എന്ന് തന്നെ ഇരിക്കട്ടെ, കയറെടുക്കണോ ?

1
870

ബിലാല്‍ ശിബിലി

നമ്മള്‍ ഓരോരുത്തരും തന്നെ ‘സ്വയം പ്രഖ്യാപിത മാധ്യമ പ്രവര്‍ത്തകര്‍’ ആണ്. നമ്മുടെ കയ്യിലുള്ള സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിച്ച് ചെയ്യാന്‍ പറ്റുന്ന ‘നന്മ’കള്‍ ഒക്കെ നമ്മള്‍ ചെയ്യുന്നുണ്ട്. ഓരോ വിഷയത്തിലെയും ആധികാരികത, സത്യാവസ്ഥ എന്നിവയെ കുറിച്ച് പഠിക്കാനുള്ള സമയം നമുക്ക് ഉണ്ടാവാറില്ല. അതിന് മുന്‍പേ തന്നെ നമ്മള്‍ കലാപരിപാടികള്‍ തുടങ്ങിയിരിക്കും. ഷെയര്‍, ഫോര്‍വേഡ് എന്നിവ. മറ്റുള്ളവരെക്കാൾ ഒരു മിനിറ്റ് മുന്‍പ് അഭിപ്രായം രേഖപ്പെടുത്താന്‍ ധൃതിയാണ് നമുക്ക്.

ദിവസവും സോഷ്യല്‍ മീഡിയയില്‍ തന്റേതായ ‘ഇടപെടല്‍’ നടത്തിയില്ലെങ്കില്‍ ഉറക്കം വരില്ല എന്ന് തോന്നുന്ന ആളുകള്‍ നമുക്കിടയിലുണ്ട്. വിഷയ ദാരിദ്ര്യം വരുമ്പോള്‍, ‘വിഷയങ്ങള്‍ ഉണ്ടാക്കി’ പോസ്റ്റുകള്‍ ഇടുന്നവര്‍.  കിട്ടുന്ന ലൈക്കിന്‍റെയും  ഷെയറിന്‍റെയും എണ്ണം നോക്കി നിര്‍വൃതി അടയുന്നു. ഇനി ‘പൊങ്കാല’ തന്നെ ആയാലും അതും ആസ്വദിക്കുന്നു. ഇത്, ‘സ്വയം പ്രഖ്യാപിത മാധ്യമ പ്രവര്‍ത്തക’രുടെ അവസ്ഥ. അപ്പോള്‍, യഥാര്‍ത്ഥ മാധ്യമങ്ങളുടെയും അവസ്ഥയില്‍ വലിയ വ്യത്യാസം പ്രതീക്ഷിക്കേണ്ടതില്ലല്ലോ ?

ഓരോ ലൈക്കിനും ഓരോ രൂപ വെച്ച് കിട്ടിയിരുന്നെങ്കില്‍, ഉഷാറാവുമായിരുന്നു, അല്ലേ ? ഒരു തരം ‘ആനന്ദം’ മാത്രമാണ് വേണ്ടതും വേണ്ടാത്തതും ആയ വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ‘ജോലി’ ചെയ്യുമ്പോള്‍ നമുക്ക് കിട്ടുന്ന വരുമാനം. പക്ഷെ, മാധ്യമങ്ങള്‍ക്ക് അങ്ങനെയല്ല, അവരുടെ പരസ്യ വരുമാനം നിര്‍ണ്ണയിക്കുന്നത് അവരുടെ റേറ്റിംഗ് ആണ്. ഒരു ‘വിഷയം’ കിട്ടുമ്പോള്‍ അതിന് പിന്നാലെ കുറെ ദിവസം പോവുന്നതും, വിഷയം ഒന്നും ഇല്ലാതെ ആവുമ്പോള്‍ ‘ഉണ്ടാക്കുന്നതും’ അതിനാലാണ്.

അവിടെ മത്സരം വരുന്നു. മറ്റു മാധ്യമങ്ങള്‍ക്ക് മുന്‍പേ ഞങ്ങള്‍ക്ക് അത് റിപ്പോര്‍ട്ട് ചെയ്യണം എന്ന നിര്‍ബന്ധം ഉണ്ടാവുന്നു. ഫേസ്ബുക്കിലെ ട്രെണ്ടിംഗ് വിഷയത്തില്‍ പോസ്റ്റ്‌ ഇടാന്‍ പോസ്റ്റ്‌ മുതലാളിമാര്‍ കാണിക്കുന്ന അതേ തിടുക്കം തന്നെ. ആ മത്സരങ്ങളുടെ ബാക്കിപത്രം എന്താണ് ? അപകടകരമായ സാഹചര്യങ്ങളിലേക്ക് തങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെ പറഞ്ഞയക്കാന്‍ നിര്‍ബന്ധിതരാവുന്നു. മാധ്യമപ്രവര്‍ത്തകരുടെ വിലപെട്ട ജീവന്‍ വരെ നഷ്ടമാവുന്ന അവസ്ഥയില്‍ വരെ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍.

റേറ്റിംഗിന് വേണ്ടി ഇല്ലാത്ത പീഡന കഥകള്‍ ഉണ്ടാക്കി വിടുമ്പോള്‍ ഓര്‍ക്കുന്നില്ല, അനേകം കുടുംബങ്ങളെ അത് ബാധിക്കുമെന്ന്. വിഷയങ്ങളുടെ ആധികാരികതയെ കുറിച്ച് അന്വേഷിക്കാതെ കിട്ടിയ സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുമ്പോള്‍ നമ്മൾ ഓർക്കാത്തത് പോലെ തന്നെ. ഓരോ സംഭവങ്ങളിലും “എന്തെങ്കിലും അഭിപ്രായം ഞാനും പറയണം” എന്ന വിചാരം നമുക്കുണ്ട്. (ഈ ലേഖനമടക്കം ആ ചിന്തയുടെ സൃഷ്ടിയാണ്).

പക്ഷെ, കേട്ട പാതി, കേള്‍ക്കാത്ത പാതി, ഓരോന്നിലും ചാടി കയറി, നമ്മുടെ പക്ഷം രേഖപെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട പലതുമുണ്ട്. പലപ്പോഴും ബൈനറികള്‍ മാത്രമേ മുന്നില്‍ ഓപ്ഷനായി ഉണ്ടാവുകയുള്ളൂ. രണ്ടിലൊരു പക്ഷം ചേരണം എന്നത്, ‘ആള്‍ കേരള ഫേസ്ബുക്ക് നിയമ’മാണ്.

തീർച്ചയായും, മുഖ്യധാരാ അച്ചടി – ദൃശ്യ – ഓൺലൈൻ മാധ്യമങ്ങൾക്ക് വലിയ ഉത്തരവാദിത്വമുണ്ട്, സോഷ്യൽ മീഡിയയേക്കാൾ. ഇക്കാര്യത്തിൽ മാധ്യമങ്ങളെ കുറ്റം പറയാം, തങ്ങളുടെ പോസ്റ്റുകൾ ആധികാരികം ആണെന്ന് ഉറപ്പിക്കാൻ വഴികൾ തേടുന്നവർ ആണെങ്കിൽ.

ഒരു അര മണിക്കൂർ അങ്ങ് വൈകിയാലും സാരമില്ല, ആധികാരികം ആയത് മാത്രമേ നമ്മൾ പോസ്റ്റ് ചെയ്യുകയുള്ളൂ എന്ന് തീരുമാനിച്ചു നോക്കൂ. സോഷ്യൽ മീഡിയ ഇടങ്ങൾ ഒരുപാട് വൃത്തിയാവും. തീർച്ച. മാധ്യമങ്ങളും ആ പാത പിന്തുടരുക ആണെങ്കിലോ, സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാവും.

ഹരീഷിനെ ചീത്ത വിളിച്ചവർ ആ അധ്യായം പോലും മുഴുവൻ വായിച്ചിട്ടില്ല. ഹനാനെ തട്ടിപ്പുക്കാരി എന്ന് വിളിച്ചവര്‍ അവളെ കുറിച്ച് വന്ന ആദ്യത്തെ വാര്‍ത്ത പോലും മുഴുവന്‍ വായിച്ചിട്ടില്ല. ആ വാര്‍ത്ത‍യെ കൗണ്ടര്‍ ചെയ്യാനുള്ള ഒരു തെളിവും അവള്‍ തട്ടിപ്പുക്കാരിയാണെന്ന് പറഞ്ഞ ആളുടെ ലൈവില്‍ ഉണ്ടായിരുന്നില്ല. ഉണ്ണി രവിയെന്ന പത്തനംതിട്ട ജില്ലയിലെ വിദ്യാര്‍ഥി  നേതാവിനെതിരെ ആരോപണം ഉന്നയിക്കും മുന്‍പ്, ചാനല്‍ പോലീസില്‍ വിളിച്ച് ഒന്ന് അന്വേഷിച്ചില്ല. അത്  കൊണ്ടാണ് പ്രാദേശിക ലേഖകന്‍റെ തെറ്റാണ് എന്നും പറഞ്ഞ് ചാനലിന് ഖേദപ്രകടനം നടത്തേണ്ട വന്നത്.

ചിലര്‍ ഖേദ പ്രകടനം എങ്കിലും നടത്തുന്നു. മറ്റു ചിലരോ ?

നമ്മൾ പടച്ചു വിടുന്ന ഇല്ലാക്കഥകളും ട്രോളുകളും  തെറി വിളികളും കാരണം ഉറക്കം നഷ്ടമാവുന്നവർ എത്രയുണ്ടെന്ന് എണ്ണുക, ഇടക്കെങ്കിലും.

ഹരീഷിനും ഹനാനും ഉണ്ണി രവിക്കും ഉറക്ക് തിരിച്ചു കിട്ടട്ടെ…. എത്രയും വേഗത്തിൽ.

(‘ആത്മ ഓണ്‍ലൈന്‍’ എഡിറ്റര്‍ ആണ് ലേഖകന്‍)

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here