ഉത്തർപ്രദേശിലെ ഹത്രസ്സിൽ നടന്ന ദളിത് പീഡനവും കൂട്ട ബലാത്സംഗവുമൊക്കെ വാർത്താ തലക്കെട്ടുകളിൽ നിന്നും പതിയെ പിൻവാങ്ങിക്കൊണ്ടിരിക്കുകയാണ്. മെല്ലെ മെല്ലെ നടന്നതെല്ലാം ഓർമ്മകൾ മാത്രമായി മറയുമ്പോൾ ചരിത്രത്തിന്റെ ചില പകർപ്പെഴുത്തുകൾ യാത്ഥാർഥ്യങ്ങളുടെ ചൂട്ടുവെളിച്ചമായി നിലക്കൊള്ളും. അത്തരത്തിൽ അസ്വസ്ഥത ജനിപ്പിക്കുന്ന രാജ്യത്തിന്റെ സാമൂഹിക അന്തരീക്ഷത്തിന്റെ കാഴ്ചാനുഭവം പകരുന്ന സിനിമയാണ് 2019 ൽ റിലീസ് ചെയ്ത ആർട്ടിക്കിൾ 15. രാജ്യത്ത് ഇപ്പോഴും പിന്തുടരുന്ന പ്രാകൃതമായ ജാതി വ്യവസ്ഥകൾ എങ്ങനെയൊക്കെയാണ് മനുഷ്യ ജീവിതങ്ങളെ നരക തുല്യമാക്കുന്നതെന്ന് ഈ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. ഹാത്രസ്സിലെ കൊലചെയ്യപ്പെട്ട പെൺകുട്ടിയെക്കുറിച്ചുള്ള വാർത്തകൾ വായിക്കുമ്പോൾ ഈ സിനിമയിലെ ഓരോ രംഗവും ഓർമയിലേയ്ക്ക് തെളിഞ്ഞു വരും. സിനിമയിൽ അവതരിപ്പിച്ച ഉത്തർപ്രദേശിലെ ലാൽഗാവ് എന്ന ഗ്രാമത്തിലെ ജാതി വേർതിരിവിന്റെ ഇരകളായി പുഴുക്കളെ പോലെ ജീവിക്കേണ്ടി വരുന്ന ദളിതരുടെ ദൈന്യതയുടെയും നിസ്സഹായതയുടെയും കാഴ്ചകൾ കാണുമ്പോൾ ഹത്രസ്സിലെ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടില്ല എന്ന പോലീസിന്റെ കണ്ടുപിടിത്തം ഒരു സ്വാഭാവിക നടപടി മാത്രമായി മാറുന്നതിൽ അത്ഭുതപ്പെടാനില്ല.
രണ്ട് ദളിത് പെൺകുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളാണ് സിനിമയിലെ കഥാഗതി. കൊലചെയ്ത ശേഷം മരത്തിൽ കെട്ടിത്തൂക്കപ്പെട്ട നിലയിൽ കാണപ്പെട്ട ഈ കുട്ടികൾ സ്വവർഗാനുരാഗികളാണെന്നും അഭിമാനക്ഷതം ഭയന്ന് പെൺകുട്ടികളുടെ അച്ഛന്മാർ തന്നെയാണ് കൊലപ്പെടുത്തിയതെന്നുമുള്ള കള്ളക്കഥ പോലീസ് കെട്ടിച്ചമയ്ക്കുന്നു. എന്നാൽ അയാൻ രഞ്ജൻ(ആയുഷ്മാൻ ഖുറാനയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്) എന്ന ഐപിഎസ് ഉദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണത്തിലൂടെ എത്രത്തോളം നിന്ദ്യവും നീചവുമായ ജീവിതമാണ് ദളിതർ ജീവിച്ചുതീർക്കുന്നതെന്ന സത്യം സിനിമാക്കാഴ്ച്ചയിലൂടെ പ്രേക്ഷകർക്ക് ബോധ്യപ്പെടുന്നു. വിസർജ്യക്കുഴിയിൽ മുങ്ങിക്കിടന്നുകൊണ്ട് അവ വൃത്തിയാക്കുന്ന ദളിതർ ജീവിക്കുന്ന ഇന്ത്യയിൽ ഇനിയും പുഴുക്കളെ പോലെ പെൺകുട്ടികൾ ചവിട്ടിയരയ്ക്കപ്പെടുമെന്ന് ഈ സിനിമ ഓർമ്മപ്പെടുത്തുന്നുണ്ട്. വെറും മൂന്ന് രൂപ അധികം ചോദിച്ചതിനാലാണ് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. മൂന്ന് രൂപ കൊണ്ട് എന്താണ് വാങ്ങുവാൻ സാധിക്കുകയെന്ന് വേദനയോടെ അയാൻ എന്ന ഐപിഎസ് ഓഫീസർ മനുഷ്യാവകാശ പ്രവർത്തകകൂടിയായ തന്റെ ഭാര്യയോട് ചോദിക്കുന്നുണ്ട്. കേസന്വേഷിക്കാനെത്തുന്ന സിബിഐ ഉദ്യോഗസ്ഥനോട് താങ്കൾ കുടിക്കുന്ന കുടിവെള്ളം പോലും മൂന്ന് രൂപയ്ക്കു കിട്ടുകയില്ലയെന്ന് അയാൻ പറയുന്നുണ്ട്.
സമൂഹത്തിൽ ദളിതരുടെ സ്ഥാനം എവിടെയാണെന്ന് അവരെ ഓർമപ്പെടുത്താൻ വേണ്ടിയാണ് കൊലപ്പെടുത്തിയ ശേഷം പെൺകുട്ടികളെ കൊലപാതകികൾ മരത്തിൽ കെട്ടിതൂക്കിയത്. സിനിമയിലെ കഥാപാത്രമായ നിഷാദ് എന്ന ദളിത് നേതാവ്, തന്റെ മരണത്തിനു മുന്നേയുള്ള യാത്രമദ്ധ്യേ രാജ്യത്തെ വിദ്യാസമ്പന്നരായ ദളിതർ അനുഭവിക്കുന്ന നൈരാശ്യം എത്രത്തോളമാണെന്ന് ആത്മഗത രൂപേണ പറയുന്നുണ്ട്. “ശാസ്ത്ര ലേഖകനാകണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ ഞാൻ ജനിക്കുവാൻ പാടില്ലാത്ത സ്ഥലത്ത് ജനിച്ചു” . ദളിതർക്ക് വേണ്ടിയുള്ള അവകാശങ്ങൾക്ക് വേണ്ടി പോരാടുമ്പോഴും ഒരു ദളിതനായി ജനിച്ചതിന്റെ നൈരാശ്യം വിപ്ലവകാരിയിലും ഉണ്ടാകുന്നുണ്ട് . ഒരു വർഗ്ഗത്തിന്റെ മുഴുവൻ നൈരാശ്യമാണ് നിഷാദിലൂടെ പ്രതിഫലിക്കുന്നത്. സാമൂഹിക യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് വേണം സിസ്റ്റത്തെ മാറ്റിയെഴുതേണ്ടതെന്നു അയാൻ എന്ന ഐ പി എസ് ഉദ്യോഗസ്ഥനിലൂടെ സിനിമ പറയുന്നു. ബൈക്കിലും ജീപ്പിലുമായി പാഞ്ഞെത്തി പ്രധാന വില്ലന്റെ ഗുണ്ടകളെ തല്ലിതോൽപ്പിക്കുന്ന കെട്ടുകാഴ്ചകളൊന്നും സിനിമയിലില്ല എന്നത് തന്നെയാണ് ഈ സിനിമയെ ഉത്തരവാദിത്വമുള്ള ഒരു കലാസൃഷ്ടിയാക്കുന്നതും. അത്തരത്തിൽ ഉത്തരവാദിത്വബോധമുള്ള കാലാതിവർത്തിയായ ഒരു സിനിമാക്കാഴ്ച ഒരുക്കിയതിൽ സംവിധായകൻ അനുഭവ് സിംൻഹയ്ക്കൊരു ബിഗ് സല്യൂട്ട്. ഈ സിനിമ നെറ്റിഫ്ലിക്സിൽ ലഭ്യമാണ്.