നിധിന്‍ വി. എന്‍.
കോഴിക്കോടിന്റെ സംസ്കാരത്തെ എങ്ങനെയാണ് മറന്നു കളയുക? കോഴിക്കോടന്‍ ഹല്‍വയുടെ രുചിയില്‍ മാത്രമല്ല, കലാകാരന്മാരോടുള്ള സ്നേഹത്തിന്റെ ഭാഷയില്‍ കൂടിയാണ് നാം കോഴിക്കോടിനെ അടയാളപ്പെടുത്തുന്നത്. അത്തരമൊരിടത്തുനിന്നും അധികാരിവര്‍ഗം ഒരു കലാകാരനെ പുറന്തള്ളുമ്പോള്‍ കോഴിക്കോടിന് എങ്ങനെയാണ് പ്രതികരിക്കാതിരിക്കാനാവുക? ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് കിഡ്സണ്‍ കോര്‍ണറില്‍ നടന്ന പ്രതിഷേധം അതിന് ഉദാഹരണമാണ്.
സമ്പന്നതയുടെ ആസ്വാദനരുചികളിലേക്ക് ഒരു നഗരത്തെ എടുത്തുവെക്കുമ്പോള്‍ നഷ്ടമാകുന്നത് ആ നഗരത്തിന്റെ ആത്മാവ് തന്നെയാണ്. ആ തിരിച്ചറിവില്ലാത്ത അധികാര വര്‍ഗത്തിന്റെ ധാര്‍ഷ്ട്യത്തിനെതിരെയാണ് ഈ ശബ്ദങ്ങള്‍. 35 വര്‍ഷത്തിലധികമായി കോഴിക്കോടിന്റെ തെരുവുകളില്‍ ബാബു ഭായിയും കുടുംബവും പാടുന്നു. എന്നാല്‍ നാലഞ്ചു മാസമായി നഗരത്തില്‍ പാടാന്‍ ഈ ഗായകനും കുടുംബത്തിനും പോലീസ് വിലക്കുണ്ട്. നഗരം മോടി പിടിപ്പിച്ച് കൂടുതല്‍ പുതുമ വരുത്തിയപ്പോള്‍, മേല്‍വിലാസമില്ലാത്തവരെല്ലാം അധികപറ്റാണെന്ന് അധികാരവര്‍ഗത്തിന് തോന്നിക്കാണണം. ക്ലീന്‍ സിറ്റിയുടെ ഭാഗമായി ഇവരെയടക്കം മറ്റു നടോടികലാകാരന്മാരെയും നഗരത്തില്‍ നിന്നും നിഷ്കാസിതരാക്കാന്‍ പോകുന്നത്. ഇതൊരു തരത്തിലും അനുവദിച്ചുകൊടുക്കാനാവില്ല.
ചില ചെടികളെ കണ്ടിട്ടില്ലേ മണ്ണില്‍ അത്രമേല്‍ ആഴത്തില്‍ പറ്റിച്ചേര്‍ന്ന് നില്‍ക്കുന്നത്? കലയും അങ്ങനെയാണ്, പറിച്ചെറിയാന്‍ നോക്കുമ്പോഴൊക്കെ അത് കൂടുതല്‍ ആഴത്തില്‍ വേരോടിക്കും. തെരുവുകള്‍ കലയെ സ്വീകരിക്കാത്ത ഇടങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ കലകൊണ്ടുതന്നെ നാം പ്രതിരോധിക്കും. ബാബുക്കയെ നെഞ്ചിലേറ്റുന്ന, മുഹമ്മദ് റാഫിയുടെ പേരിലൊരു റോഡ് തന്നെയുള്ള ഈ നഗരത്തില്‍ നിന്ന് തന്നെയാണ് ബാബു ഭായിക്കും കുടുംബത്തിനും വിലക്ക് നേരിടേണ്ടിവന്നത് എന്നോര്‍ക്കണം. കലാകാരന്മാരെ പുറത്തുനിര്‍ത്തിക്കൊണ്ടല്ല ഒരു നഗരത്തിന്റെ മോടി കൂട്ടേണ്ടത്. പശ്ചാത്യരാജ്യങ്ങള്‍ നിധിപോലെ കലാകാരന്മാരെ സംരക്ഷിക്കുമ്പോഴാണ് ഇവിടെ, ആധുനിക പരിസരങ്ങളില്‍ നിന്നും ഇവരെ പുറത്താക്കുന്നതും, നാടോടികലകള്‍ അന്യം നിന്നുപോയെന്ന് വിലപിക്കുന്നതും. കല ചിലര്‍ക്കെല്ലാം ജീവിതം തന്നെയാണ്. അത്തരത്തില്‍ ഒരു കുടുംബമാണ് ബാബു ഭായുടേത്. ബാബു ഭായും, ഭാര്യ ലതയും, മകള്‍ കൗസല്യയും ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായമൊന്നുമില്ലാതെ നഗരത്തിന്റെ ശബ്ദങ്ങള്‍ക്കുമേല്‍ സ്വന്തം ശബ്ദം കേള്‍പ്പിക്കുന്നു. അന്നത്തേക്കുള്ള അന്നം കണ്ടെത്തുന്നു. തെരുവുകളില്‍ പാടുക എന്നല്ലാതെ ദൈനംദിന ജീവിതം പുലര്‍ത്താന്‍ അവര്‍ക്ക് മറ്റ് വഴികളില്ല. ഈ തെരുവുകളെല്ലാം എല്ലാ കലാകാരുടെയും കൂടിയാണ്. അവര്‍ പാടട്ടെ, വരയ്ക്കട്ടെ, ആടട്ടെ… നഗരം കലയില്‍ കുളിര്‍ന്നു കിടക്കട്ടെ. അപ്പോഴും മോടി കൂടുകയാണ്. നഗരങ്ങള്‍ക്ക് മോടി കൂട്ടുന്നത് നല്ലത് തന്നെയാണ്. പക്ഷെ അതൊരിക്കലും ഒരാളുടെയും ജീവിതമാര്‍ഗ്ഗങ്ങള്‍ ഇല്ലാതാക്കി കൊണ്ടാകരുത്. അതെങ്ങനെയൊക്കെ ആവണം എന്ന കാര്യത്തില്‍ ചിന്തവേണം.