551 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കലാപഠനവുമായി ചിറ്റൂര്‍ ബ്ലോക്ക്

0
207

ഏഴു പഞ്ചായത്തുകള്‍ മുഖേന 551 വിദ്യാര്‍ഥികള്‍ക്ക് കലാ പഠനത്തിനുള്ള സൗകര്യമൊരുക്കി ചിറ്റൂര്‍ ബ്ലോക്ക് കലാപരിശീലനത്തില്‍ ശ്രദ്ധേയമാകുന്നു. പൈതൃക കലകള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും കലകള്‍ അഭ്യസിക്കുന്നതിനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന കലാ പരിശീലന പദ്ധതിയാണിത്. നാടന്‍ കലകള്‍, ശാസ്ത്രീയ കലകള്‍, അനുഷ്ഠാനകലകള്‍ എന്നിവയാണ് പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നത്. അഞ്ചാം ക്ലാസുമുതല്‍ പ്ലസ് ടു തലം വരെ പഠിക്കുന്ന 551 വിദ്യാര്‍ഥികളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

പാലക്കാടിന്റെ തനതു കലകളായ കണ്യാര്‍കളി, പൊറാട്ടുനാടകം, നാടന്‍പാട്ടുകള്‍ എന്നിവയ്ക്ക് പുറമേ കഥകളി, ചുട്ടി, കൂടിയാട്ടം, ചെണ്ട തുടങ്ങിയ ക്ഷേത്രകലകള്‍, ചിത്രരചന എന്നിവയും അഭ്യസിപ്പിക്കുന്നുണ്ട്. കേരള കലാമണ്ഡലം, സ്വാതി തിരുനാള്‍ സംഗീത കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴ് അധ്യാപകരാണ് പ്രധാനമായും പരിശീലനം നല്‍കുന്നത്. ആഴ്ചയില്‍ നാല് ക്ലാസുകള്‍ വീതം മാസം 16 ക്ലാസുകളാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. ഓരോ വിഭാഗങ്ങളിലും അഭിരുചിയുള്ള വിദ്യാര്‍ഥികളെ കണ്ടെത്തിയാണ് പരിശീലനം. ചിട്ടയായ പരിശീലനത്തിനു ശേഷം പൊതു അവതരണത്തിനായി വിദ്യാര്‍ഥികള്‍ക്ക് അവസരം ഒരുക്കുന്നതിനുള്ള പരിശ്രമത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതരെന്ന് പദ്ധതിയുടെ ബ്ലോക്ക് കണ്‍വീനര്‍ കലാമണ്ഡലം സതീഷ് കുമാര്‍ പറഞ്ഞു. തനതു കലകള്‍ സൗജന്യമായി അഭ്യസിക്കാന്‍ അതത് പഞ്ചായത്തുകളില്‍ സൗകര്യം ലഭിക്കുന്നതിലൂടെ കേരളത്തിന്റെ പൈതൃകം നിലനിര്‍ത്തുന്നതിന് കൂടുതല്‍ വിദ്യാര്‍ഥികള്‍ കലാപഠനത്തിനെത്തുന്നതിലൂടെ സാധിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here