കവിത
ആർഷ എസ്സ് പിള്ള
വിണ്ടു കീറിയ പാദങ്ങൾ
നിലത്തൂന്നിയാണ്
വേലി നീര് നക്കി
കുടിച്ചു തീർത്ത ഭൂമിയൊക്കെയും
അവർ നടന്നു തീർത്തത്.
നീണ്ട മൂക്കിന്റെ ഒഴിഞ്ഞ കുഴിയിൽ
ഈർക്കിലോട്ടി കിടക്കുന്നു.
കഴുത്തിലെ മാല ക്ലാവിനോട്
യുദ്ധം ചെയ്തു ചോര വാർത്തു ചുവന്നു.
അവിലമ്മ മഞ്ഞ ചരട് കൊണ്ട്
വല മുറുക്കി.
അതിലാകെയും
പൊട്ടിപോയ കസേരയുടെ,
വക്കു ചുളിഞ്ഞു
ഉപദ്രവം തുടങ്ങിയ അത്താഴ പാത്രത്തിന്റെ,
മുഖം വെളുപ്പിക്കാൻ
പരിശ്രമിച്ചു പരാജയപ്പെട്ട
ഫേസ്‌ക്രീമിന്റെ കൂടിന്റെ ഞെരുക്കമായിരുന്നു.
നീല പിഞ്ഞിയ വോയിൽ സാരിയുടെ
മേലയിട്ട കറുത്ത തോർത്ത്
നിലത്തു വിരിച്ചാണ്
കൊടുവാൾ കൊണ്ടവർ
കസേര കഷണങ്ങൾ ആക്കിയത്.
കിലോയ്ക് അഞ്ചു രൂപാ
കിട്ടുമെന്ന് അവിലമ്മ
കക്ഷം ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.
മുതുകിലും വയറ്റിലും
മുട്ട് തൊട്ടു കണകാൽ വരെയും
ഏതോ ജീവി അള്ളി കീറിയതിന്റെ
പാട് പെരണ്ടു കിടന്നു.
അത് മനുഷ്യനാണോ എന്ന് ചോദിയ്ക്കാൻ
എനിക്ക് നാവു പൊന്തിയില്ല.
എടുത്ത ആക്രിക് പകരം
അവില് മതിയെന്ന്
പറഞ്ഞു മുറം നീട്ടിയതും
അവിലമ്മ ചിരിച്ചു.
മുകൾ ചുണ്ടിന്റെ
വലത്തെ കോണിൽ നിന്നും
അർബുദത്തിന്റെ
വെളുത്ത ശിശു ഉറ്റു നോക്കി.
ആക്രി പെറുക്കാൻ
വരുന്നത് കൊണ്ടല്ല
സ്നേഹത്തോടെ അവിൽ
തരുന്നത് കൊണ്ടാണ്
അവർ അവിലമ്മയായത്.
എന്റെ നെറുകിൽ തലോടിയാണ്
അവിലമ്മ വെള്ളം ചോദിച്ചത്.
മകന് മൂത്രത്തിൽ കല്ലാണെന്,
പുതിയ നിയമങ്ങൾ വന്നാൽ
കാണിക്കാനൊരു രേഖ പോലുമില്ലെന്നു
അവർ വേവലാതിപെട്ടു.
അവർ ഇന്ത്യൻ പൗരയാണെന്നോ
അച്ഛന് ജനന സർട്ടിഫിക്കറ്റ് ഉണ്ടെന്നോ
ഞാൻ ചോദിച്ചില്ല.
അവിലമ്മയുടെ ജാതി അമ്മയ്ക്കും
അറിവുണ്ടായില്ല.
***
ഇന്നലെ സ്വപ്നത്തിൽ
ഞാൻ ഇരുട്ടിലിരുന്നു
ആക്രി തരം തിരിക്കുന്നു.
വിശക്കുമ്പോൾ തവിടു തിന്നുന്നു.
അവിലമ്മ ചിരിച്ചു കൊണ്ടടുത്തു
വന്നു മൂന്നടി മണ്ണ് ചോദിക്കുന്നു….
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.