ഡോ. മധു വാസുദേവൻ
സിനിമയിൽ വരുന്നതിനു മുമ്പേ മാസ്റ്ററെ ഞാൻ പരിചയപ്പെട്ടിരുന്നു. മൂന്നുനാലു തവണയെങ്കിലും വീട്ടിൽ ചെന്നുകണ്ടിട്ടുണ്ട്. പാട്ടെഴുതിത്തുടങ്ങിയതിൽപിന്നെ കണ്ടാൽ തിരിച്ചറിയും എന്നൊരു സ്ഥിതിവന്നു. 2014- ൽ ഹൈദരാബാദിൽ നടന്ന ‘റേഡിയോ മിർച്ചി’യുടെ പരിപാടിയിലൂടെ ബന്ധം കുറച്ചൊന്നു മുറുകിക്കിട്ടി. ഹോട്ടൽമുറിയിൽ കുറച്ചധികനേരം അദ്ദേഹത്തോടൊപ്പം ചിലവിടാൻ എനിക്കു ഭാഗ്യമുണ്ടായി. അങ്ങനെ സംസാരിച്ചുവന്നപ്പോൾ ഞാൻ ചോദിച്ചു, ‘മാസ്റ്റർ മറ്റാരോടും പറഞ്ഞിട്ടില്ലാത്ത ഏതെങ്കിലും ഒരനുഭവം എന്നോടു പറയുമോ?’ ‘അങ്ങനെ ഒരനുഭവമേ ഇല്ല’ എന്നായിരുന്നു ഉടനേവന്ന മറുപടി. പക്ഷേ വൈകുന്നേരം ലോഞ്ചിൽ വച്ചുകണ്ടപ്പോൾ അദ്ദേഹം കൈകാട്ടി വിളിച്ചു – ‘തനിക്ക് അത്രേം ആഗ്രഹമാണെങ്കിൽ, നാളും കാലവുമൊന്നും ചോദിക്കില്ലെങ്കിൽ പണ്ടത്തെ ഒരു കൊച്ചു സംഭവം പറയാം. കാലം കുറേയായില്ലേ, വിശദമായി ഒന്നും ഓർത്തു കിട്ടുന്നില്ല.’ മാസ്റ്റർ അന്നു പറഞ്ഞ കഥ അദ്ദേഹം കൺമറഞ്ഞുപോകുന്ന ഈ വിഷാദവേളയിൽ ഞാൻ ഏറെ വേദനയോടെ പങ്കിടട്ടെ !
തൊള്ളായിരത്തെഴുപതു കാലം. മദ്രാസിൽ തിരക്കിട്ട കമ്പോസിങ്ങിനിടയിൽ പള്ളുരുത്തിയിലെ വീട്ടിൽ എത്തേണ്ട അത്യാവശ്യമുണ്ടായി. രാത്രിവണ്ടിക്കു കാത്തുനിന്നില്ല. പകലത്തെ ട്രെയിൻതന്നെ പിടിച്ചു. ഷൊർണൂർവഴി തിരിഞ്ഞുപോകുന്ന വണ്ടിയായിരുന്നു. ക്ഷീണംകാരണം കയറിയപ്പോഴേ ഉറങ്ങിപ്പോയി. കണ്ണുതുറന്നപ്പോൾ എതിരേ ഒരു തമിഴൻ ഇരിക്കുന്നു. മടിയിൽ ഒരു പൊട്ടിയ ഹർമോണിയപ്പെട്ടി. നേരംപോകണമല്ലോ എന്നു കരുതി മാസ്റ്റർ പറഞ്ഞു, ‘അണ്ണാ ഏതാവത് പാട്.’ ഉടനെ അയാൾ കൈനീട്ടി, ‘ഒറു കാപ്പിക്ക് കാശ് കൊടയ്യാ.’ മാസ്റ്റർ മിണ്ടാതെ പുറത്തേക്കു നോക്കിയിരുന്നു. പോക്കറ്റിൽ വീടെത്തിപ്പറ്റാനുള്ളതേ ഉള്ളൂ. ദാനം കൊടുക്കാൻ തൽക്കാലം വകുപ്പില്ല. കുറച്ചു കഴിഞ്ഞപ്പോൾ സ്വന്തം മുഷിച്ചിൽ മാറ്റാനാകണം അണ്ണാച്ചി ചെറുതായി മൂളിത്തുടങ്ങി. ഹർമോണിയമാണോ പാട്ടാണോ മുന്നിട്ടു നിൽക്കുന്നതെന്നു തിരിച്ചറിയാൻ സാധിക്കാത്ത ശുദ്ധമായ സംഗീതം. ദർബാർ കാനഡയുടെ സ്വരങ്ങൾ ഏതാണ്ടെല്ലാംതന്നെ വരുന്നുണ്ട്. അയാൾ പാടിനിർത്തിയപ്പോൾ മാസ്റ്റർ പിന്നെയും പുറത്തേക്കു മുഖം തിരിച്ചിരുന്നു. വേറെ നിവൃത്തിയില്ലല്ലോ!
വർഷങ്ങൾ കഴിഞ്ഞു. ഒരിക്കൽ ‘അവൾ വിശ്വസ്തയായിരുന്നു’ എന്ന സിനിമയുടെ കമ്പോസിങ്ങിനിരുന്നപ്പോൾ അണ്ണാച്ചി ട്രെയിനിൽവച്ചു മൂളിയ ഈണം യാദ്യശ്ചികമായി ഓർമയിൽ വന്നു. അതങ്ങോട്ടു പിടിച്ചു. എല്ലാവർക്കും ഇഷ്ടമായി. അതായിരുന്നു ‘ചക്രവാളം ചാമരം വീശും ചക്രവർത്തിനീ രാത്രി’. ഈ അനുഭവം മാസ്റ്റർ പറഞ്ഞു നിർത്തിയതിങ്ങനെയായിരുന്നു, ‘ആളുകളൊക്കെ ഈ പാട്ടിനെ പ്രശംസിക്കുമ്പോഴെല്ലാം എന്റെ മുന്നിൽ ട്രയിനിലെ പാട്ടുകാരൻ തമിഴന്റെ മുഖം തെളിഞ്ഞുവരും. എന്തെങ്കിലും ഒരു ചില്ലറ കയ്യിൽ വച്ചുകൊടുക്കാതിരുന്ന അന്നത്തെ സ്വാർത്ഥതയിൽ എന്റെ ഉള്ള് ഇപ്പോപോലും വിഷമിക്കും.’
സത്യത്തിൽ ഇതേ ഹൃദയനിർമലതയിൽനിന്നു പിറവികൊണ്ടതല്ലേ മാസ്റ്റർ ഈണമിട്ട ഗാനങ്ങളെല്ലാം? അതിനാൽ അവ പകർന്നു നൽകുന്ന മധുരം എങ്ങനെ മാഞ്ഞുപോകാൻ ?
കവി ബാലചന്ദ്രൻ എഴുതിയ വാക്കുകൾ എത്ര സത്യം !
“വരും കാലാന്തരത്തിലും
സങ്കടങ്ങളെ സംഗീതമാക്കുവാൻ
നിൻ ഗാനപ്രയാണപഥങ്ങളിൽ
സഞ്ചരിക്കും മനുഷ്യമനസ്സുകൾ.”
…