വെറുതെയിരുന്നപ്പോൾ ആണുങ്ങളെപ്പറ്റി!

0
217
athmaonline-ardraks-wp

കവിത

ആർദ്ര കെ എസ്

ആണുങ്ങളായിരിക്കാൻ
എന്ത് രസമാണെന്നാണ്!
ഷർട്ടിടാതെ ഉമ്മറത്തിരുന്ന്
നെഞ്ചത്ത് ചുരുണ്ട് കിടക്കുന്ന
രോമങ്ങളുഴിഞ്ഞ്
പത്രം വായിക്കാം,
അത് തടവി തൊടിയിലൂടെ നടക്കാം,
അത് വിരലിലിട്ട് ചുരുട്ടി
ഫോണിൽ കഥ പറഞ്ഞ് കിടക്കാം.
തണുത്താൽ മുണ്ടൂരി പുതയ്ക്കാം.
കൊതു കടിച്ചാൽ
മുണ്ട് കയറ്റിയുടുത്ത്
രോമത്തിനിടയിലൂടെ ചൊറിയാം.
പിന്നെ കാലിമ്മേൽ കാൽകേറ്റി വച്ച്
രോമങ്ങൾ ഉഴിഞ്ഞിരിക്കാം.
ചോറിൽ നിന്നോ
ചക്കക്കൂട്ടാനിൽ നിന്നോ
കിട്ടിയ മൈര്
അച്ഛന്റെയാണെന്നന്നോ
ഏട്ടന്റെയാണെന്നോ
ആരും സംശയിക്കപോലുമില്ല.
ഹോ!
വൈകുന്നേരമായാൽ
പിന്നാമ്പുറം ചാടി
ക്രിക്കറ്റോ ഫുട്ബോളോ കളിക്കാം.
ജയിച്ചാലും തോറ്റാലും
ഷർട്ടൂരി കൈയ്യിൽ പിടിച്ച്
വട്ടം കറക്കി
ചുരുട്ടി കക്ഷത്ത് വച്ച്
നടന്ന് വരാം.
എന്ത് ലോക്ക് ഡൗണാണ്ടെങ്കിലും
മണല് കടത്തുക്കാരേക്കാളും
ജാഗ്രതയുള്ള ചെവികൾ
ഏത് പോലീസിന്റെ വരവും അറിയും.
ഓടി വീട്ടുക്കേറി രക്ഷപ്പെടും.
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം .
ഇനി വയസ്സായവർക്കാണെങ്കിൽ
ഹേബർമാസിന്റെ ചായക്കടയിലോ,
വായനശാലയിലോ, ക്ലബിലോ അനൗദ്യോഗികമായിരുന്ന് സൊള്ളാം.
ചൂടും മൂടും മൂക്കുമ്പോൾ
കൂട്ടക്കാരെ വിളിച്ച്
കുളത്തിൽ പോയി
ജെട്ടീമേൽ
കൂട്ടമായി കുളിക്കാം.
കല്ലിമേലിരുന്ന്
രോമങ്ങളെണ്ണി
സോപ്പ് തേച്ച്
പതപ്പിക്കാം.
കുളത്തിൽ മുങ്ങി പൊങ്ങി
കൈ ആകാശംമുട്ടെ പൊക്കി
കക്ഷത്ത് സോപ്പ് പതപ്പിക്കാം.
പിന്നെയും ചൂട് കൂടിയാൽ
തലയിലെ മൂന്നര സെന്റീമീറ്റർ
നീളമുള്ള
കറുത്തതോ
ചെമ്പിച്ചതോ
വെളുത്തതോ
ആയ മുടികൾ ഷേവ് ചെയ്യാം.
അച്ഛന്റെയോ ഏട്ടന്റെയോ
തലയിലെ മുടികളെപ്പറ്റി
സ്വതവേ വീട്ടിലെയും നാട്ടിലെയും
ബന്ധു ജനങ്ങൾക്ക്
പരാതിയില്ല.
ചൂടല്ലെ !
പിന്നെയും ഭാഗ്യം ചെയ്തവർക്ക്
നല്ല കഷണ്ടി വരും
പിന്നെയുള്ള കാലം
അത് മിനുക്കി നടക്കാം.
വെറുതെ ആലോചിക്കുകയായിരുന്നു.
ആണുങ്ങളായിരിക്കാൻ
എന്തു രസമാണെന്ന്!

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here