ഒരു സ്വപ്നലോകത്തിന്റെ ഓർമ്മ

0
504
thomas-joseph-anvar-ali

അൻവർ അലി

തോമസ് ജോസഫ് ഏതോ മനുഷ്യാതീത സ്വപ്നത്തിൽ നിന്ന് ഇറങ്ങി വന്ന മാലാഖയായിരുന്നു. അറുപത്തിനാലു കൊല്ലം നമ്മൾ മനുഷ്യർക്കൊപ്പം ജീവിച്ചു. പിന്നെ മൂന്നു കൊല്ലത്തോളം പക്ഷാഘാതത്തിനടിപെട്ട് ബോധാബോധത്തിന്റെ നാമറിയാവരമ്പത്ത് ഊയലാടി ഒരു ‘പനിക്കിടക്ക’യിൽ കഴിഞ്ഞു. ഇന്നലെ, 29/07/2021 ന് മടങ്ങിപ്പോയി. ‘പനിക്കിടക്ക’യിലെ തന്റെ ദുരന്തത്തെയും ഇപ്പോൾ ലോകമാകെ പാറിനടക്കുന്ന ‘പനിമൃഗ’ത്തെയും തോമസ് കഥയിൽ പ്രവചിച്ചിരുന്നു.
“പനിമൃഗത്തിന്റെ ആഗമനത്തിന്… ഞാന്‍ കാത്തു കിടക്കുകയാണ്. അവന്റെ തീതുപ്പുന്ന മുഖം ദര്‍ശിക്കുന്ന ആദ്യമാത്രയില്‍തന്നെ പനിക്കിടക്ക എല്ലാ സൌഭാഗ്യങ്ങളും കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കുമെന്നാണ് ശാന്തമ്മ പറയുന്നത്. പക്ഷേ അവന്‍ എപ്പോള്‍ വരുമെന്ന് യാതൊരു തിട്ടവുമുണ്ടായില്ല… അവന്‍ വിദൂരരാഷ്ട്രങ്ങളില്‍ പകര്‍ച്ചപ്പനിയുടെ അഗ്നിവിത്തുകളെ ഉദരത്തില്‍ ഗര്‍ഭം ധരിച്ചുകൊണ്ട് കുഞ്ഞുങ്ങള്‍ക്കിടയില്‍ അലസഗമനം നടത്തുകയായിരുന്നു. ആ സന്ദര്‍ശനങ്ങള്‍ അവസാനിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നതിനാല്‍ അവന്‍ എന്റെ അരികിലെത്താന്‍ ഇനിയും വൈകുമെന്നറിഞ്ഞ് ഞാന്‍ ഗൂഢമായ ഒരാശ്വാസത്തില്‍ അഭയം തേടി. ചിലപ്പോള്‍ ശാസ്ത്രജ്ഞന്മാരുടെ നീണ്ട പരീക്ഷണങ്ങള്‍ക്കും നിതാന്ത ജാഗ്രതയ്ക്കും ശേഷം കണ്ടുപിടിച്ചേക്കാവുന്ന ഒരു മാരകമായ മരുന്ന് അവനെയും അവന്റെ വംശത്തെയും ഈ ഭൂമിയില്‍നിന്ന് പാടേ ഇല്ലാതാക്കിയേക്കാനും ഇടയുണ്ടായിരുന്നു. ” (പനിക്കിടക്ക, 2013)

തോമസ് ജോസഫിന്റെ ആദ്യത്തെയും അവസാനത്തെയും വിമാനയാത്ര എന്നോടൊപ്പം ദില്ലിക്കായിരുന്നു. 2011 സെപ്തംബറിൽ. കടുത്ത വിമാനപ്പേടി ഉണ്ടായായിരുന്നു. പൊന്തിയപ്പോൾ രക്തസമ്മർദ്ദം കൂടി വിയർത്ത് ആകെ അങ്കലാപ്പായി. ജെ.എൻ.യുവിലെ കഥാവായനയ്ക്കിടയിൽ, ‘ഒരു തീവണ്ടിയുടെ ഏകാന്തത അളക്കാൻ ആർക്കു കഴിയും?’ എന്ന കഥയിൽ സാമൂഹ്യശാസ്ത്ര വിദ്യാർത്ഥികൾ ഇന്ത്യാവിഭജനത്തിന്റെ മുഴക്കങ്ങളും മറ്റും വായിച്ചപ്പോൾ തോമസ് ആകെ അന്തം വിട്ടുപോയി. ഇവര് പറയുന്നതൊന്നും എനിക്കറിഞ്ഞുകൂട, വല്ലതും ചോദിച്ചാൽ നീ മറുപടി പറഞ്ഞോണം എന്ന് എന്റെ ചെവിയിൽ പിറുപിറുത്തു. പിറ്റേന്ന് യംഗ് ടർക്കുകളായ ആർദ്രയും അപർണ്ണയുമൊത്ത് ഞങ്ങൾ കുത്തബ് മിനാറിൽ പോയി. നഗരപ്പുറമ്പോക്കുകളിൽ അലഞ്ഞു. ദില്ലിയുടെ പൂങ്കാവനങ്ങളിൽ ഉത്സാഹിയായ ഒരു തെക്കൻ കാറ്റായി തോമസ് പാറി നടക്കുന്ന ദൃശ്യം ഇപ്പോഴും കണ്ണിൽ. പത്തു കൊല്ലം മുമ്പാണ്. ദില്ലി എന്റെയും കൂടിയായിരുന്ന കാലം… തിരിച്ചുള്ള വിമാനയാത്രയിൽ തോമസ് സൈഡ് സീറ്റിലിരുന്ന്, കണ്ടിട്ടെത്ര നാളായെന്ന മട്ട് ആകാശവുമായി സല്ലപിച്ചു…

എനിക്ക് സ്വന്തം ചേട്ടനായിരുന്നു. 80 കളിൽ എന്റെ കൊച്ചി യാത്രകളുടെ തുടക്കം അത്ഭുതസമസ്യയുടെ സൃഷ്ടാവായ കഥാകാരനെ കാണാനായിരുന്നു. പി.കെ.രാജശഖരനുമൊത്തുള്ള ആ യാത്രയെക്കുറിച്ചും പനിക്കിടക്കയുൾപ്പെടെയുള്ള ഏതാനും തോമസ് ജോസഫ്കഥകളെക്കുറിച്ചും ‘മരിച്ചവർ സിനിമ കാണുകയാണ്’ എന്ന സമാഹാരത്തിന്റെ ആമുഖത്തിൽ ഞാൻ എഴുതിയിട്ടുണ്ട്. ആമുഖം ചുവടെ ഒട്ടിക്കുന്നു:

എഴുത്ത് അപ്പാടെ കഥയാകുമ്പോള്‍

“ (കഥയില്‍) കാണുന്നതൊന്നും വാസ്തവത്തില്‍ അതല്ലാതായിത്തീരുന്നു. അതുകൊണ്ടായിരിക്കാം, ഇന്നിന്റെ ശാക്തീകരണങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍ക്ക് തോമസ് ജോസഫിന്റെ ലോകം അന്യമായിപ്പോയത്. അവരതിനെ പിന്തള്ളുന്നത് അവരറിയാതെ, ഭാവിയിലേക്കാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭാഗ്യവശാല്‍ എഴുത്തിന്റെ അന്തിമവിധി ഭാവിയിലാണ്.”
– സക്കറിയ (അവസാനത്തെ ചായം എന്ന പുസ്തകത്തിനെഴുതിയ അവതാരികയില്‍നിന്ന്)

സൃഷ്ടി എന്ന അല്‍ഭുത സമസ്യയെക്കുറിച്ചാണോ തോമസ് ജോസഫ് എഴുതുന്നത് ? കഥയെന്ന പേരില്‍ കവിത കടത്തുന്ന നിയമവിരുദ്ധനാണോ ഇയാള്‍? യാഥാര്‍ത്ഥ്യങ്ങളെ തിരസ്കരിക്കുന്ന ഒരു അകസര്‍പ്പകവാദി? ലോകജീവിതത്തെ സമകാലീനമായും സമഗ്രമായും വ്യാഖ്യാനിക്കുന്ന ക്രാന്തദര്‍ശികള്‍ക്കിടയില്‍ ഒരു മൊണ്ണയന്‍?

‘എന്തൊരു ബോറടിയാണ് ഇയാളെ വായിക്കുന്നത് ’, ‘നല്ലകാവ്യകല്‍പ്പനകളൊക്കെയുണ്ട്, എന്നുവച്ച് യുക്തിക്കു നിരക്കുന്ന ഒരു കഥയില്ലാതെ …’, ‘ഇയാള്‍ക്ക് ഭ്രാന്താണ്; ഏതുലോകത്തെക്കുറിച്ചാണ് ഈ മനുഷ്യന്‍ എഴുതുന്നത്” എന്നതരം കയ്യേറ്റങ്ങള്‍ അര്‍ഹിക്കുന്ന വെറും സര്‍ഗ്ഗയശഃപ്രാര്‍ത്ഥിയോ? “കഥ എന്ന നൈസര്‍ഗ്ഗിക വാഗ് രൂപത്തിന്റെ ആദിമതയിലേക്ക് ഇതു നമ്മെ കൊണ്ടുപോകുന്നു” (ആര്‍. നരേന്ദ്രപ്രസാദ്), “ജീവിതത്തെ ജ്ഞാനസ്നാനപ്പെടുത്തുന്ന പുരോഹിതകര്‍മ്മമാണിത്” (പി. കെ. രാജശേഖരന്‍), “എവിടെയുമുള്ള മനുഷ്യാത്മാവിന്റെ അതിശയകരമായ അധോലോകത്തിന്റെ കഥകള്‍” (സക്കറിയ) എന്നിങ്ങനെ സഹൃദയശ്രേഷ്ടരുടെ പ്രശംസാവചനങ്ങള്‍ ഏറ്റുവാങ്ങാന്‍ തക്കവിധം വിശിഷ്ടകലാകാരനോ?
തോമസ് ജോസഫിനെ വായിക്കുന്ന ഒരാളുടെ ഉള്ളിലോ പരിസരത്തിലോ നിന്ന് ഉയരാവുന്ന മേല്‍ചോദ്യങ്ങളോട് ആഴത്തിലും സൂക്ഷ്മത്തിലും പ്രതികരിക്കുന്നുണ്ട് മരിച്ചവര്‍ സിനിമകാണുകയാണ് എന്ന കഥാസമാഹാരം.

തോമസ് ജോസഫ് എന്ന എഴുത്തുകാരനെ കലയിലും ജീവിതത്തിലും കണ്ടുമുട്ടിയ കുറച്ചു പേരേ ഉണ്ടാകാനിടയുള്ളൂ. അവരിലൊരാളെന്ന നിലയില്‍ ചില മുഹൂര്‍ത്തങ്ങള്‍ ആമുഖമായി കുറിച്ചുകൊള്ളട്ടെ.
1980കളിലെ കൌമാരവും യൌവ്വനവും തോമസ് ജോസഫിനെ വായിക്കുന്നത് ‘അല്‍ഭുതസമസ്യ’ എന്ന കഥയിലൂടെയാണ്. എന്റെ കലാലയകാലവും ഇതിനൊരപവാദമല്ല. ആര്‍. നരേന്ദ്രപസാദിന്റെയും വി. പി. ശിവകുമാറിന്റെയും മറ്റും ഉത്സാഹത്തില്‍ 1984ല്‍ ആരംഭിച്ച് ഒറ്റ ലക്കം കൊണ്ട് അവസാനിച്ച ‘സാകേതം’ എന്ന ചെറുമാസികയിലാണ് ‘അല്‍ഭുതസമസ്യ’ ആദ്യമായി അച്ചടിമഷി പുരണ്ടത്. അക്കാലത്ത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജു കാമ്പസില്‍ തമ്പടിച്ചിരുന്ന മിക്ക യുവസാഹിത്യരോഗികള്‍ക്കും ആ കഥ അക്ഷരാര്‍ത്ഥത്തില്‍ ഒരു അല്‍ഭുതസമസ്യയായിരുന്നു. “പുതുകഥയുലെ ഏറ്റവും മൌലികരചനയാണിത് “ എന്നു പ്രഖ്യാപിച്ച് അദ്ധ്യാപകനായ നരേന്ദ്രപ്രസാദ് ഞങ്ങളെ പ്രലോഭിപ്പിച്ചു. ചെറുമാസികകളിലും വല്ലപ്പോഴും കലാകൌമുദിയിലോ മാതൃഭൂമിയിലോ മറ്റുമൊക്കെയായി വെളിച്ചംകണ്ട തോമസ് ജോസഫ് കഥകളെല്ലാം ഞങ്ങള്‍ തേടിപ്പിടിച്ചു വായിക്കാന്‍ തുടങ്ങി – ‘ഒരു പുതിയ മിശിഹാ’, ‘ദുരന്തകഥാപാത്രങ്ങള്‍‘, ‘ഭൂമിയിലെ കളിപ്പാട്ടങ്ങള്‍’, ‘മുത്തശ്ശിക്കഥ’, ‘അലോഷ്യസ് സ്നേഹഗായകനായിരുന്നു’…. രൂപകഭാഷ കൊണ്ട് അനുഷ്ഠിക്കുന്ന ഒരാഭിചാരക്രിയയിലൂടെ, അപരിചിതമായൊരു അതീതലോകചൈതന്യത്തെയും സമീപസ്ഥമായൊരു അധോലോകയൌവ്വനത്തെയും അരാജകമായി വിളക്കി നാരകീയോര്‍ജ്ജം പ്രസരിപ്പിക്കുന്ന കഥകള്‍. ഞങ്ങളുടെ കൌമാരചിന്തകളെ അട്ടിമറിച്ചുകൊണ്ട് തോമസ് എഴുതി:

ഈ അല്‍ഭുതകാലങ്ങളിലും യുദ്ധങ്ങളും ആത്മഹത്യകളും മനുഷ്യനുമേല്‍ വന്നുവീഴുമ്പോഴും ഈ ലോകത്തിന്റെ മൂലകളില്‍ എവിടെയെങ്കിലും ഒരു മിശിഹാ അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും ഇടയില്‍ പ്രത്യക്ഷപ്പെടുന്നതായി കാണാം. ഈ മിശിഹാ ഒരു വര്‍ക്ക്ഷോപ്പ് മെക്കാനിക്കോ ഡിസ്കോ നൃത്തത്തില്‍ ഒരു വിദഗ്ദ്ധനോ ചിലപ്പോള്‍ ഒരു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയോ ആയിരിക്കും…… മിശിഹാ എനിക്കരികിലായി കല്‍ബഞ്ചിലിരുന്ന് ഭൂതകാലത്തിന്റെ ഏടുകള്‍ മറിച്ചിടാന്‍ തുടങ്ങി. അയാള്‍ ഒരു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായിരുന്നു. ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അയാള്‍ ബുദ്ധിസാമര്‍ത്ഥ്യത്തില്‍ തന്റെ കൂട്ടുകാരെ അതിശയിപ്പിച്ചിരുന്നെങ്കിലും പരിക്ഷകളില്‍ നിരന്തരം പരാജയപ്പെട്ടു. (ഒരു പുതിയ മിശിഹാ)

ഒരിക്കല്‍ ഞാനും അന്നു കഥകളെഴുതിയിരുന്ന പി. കെ. രാജശേഖരനും കൂടി ‘അല്‍ഭുതസമസ്യ’യുടെ ഉറവിടം തേടി എറണാകുളത്തെ ഏലൂരിലെത്തി. കാമ്പസ്സിലെ മുഖ്യകഥാകൃത്തുക്കളായിരുന്ന വി. വിനയകുമാറിനും രാജശേഖരനും മുന്നേതന്നെ തോമസ് ജോസഫുമായി കത്തിടപാടുണ്ടായിരുന്നു. കുട്ടിത്തവും കയ്യൊഴുക്കുമുള്ള കുനുകുനുത്ത അക്ഷരങ്ങളില്‍ ലഭിച്ച ചില മറുകുറികള്‍ അവര്‍ എന്നെ കാണിക്കുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായാണ് ഞങ്ങള്‍ തോമസിന്റെ വീട്ടില്‍ ചെന്നുകയറിയത്. ഫാക്ടറിമാലിന്യങ്ങളുടെ വ്രണപ്പാടുള്ള ഏലൂരിലെ നിറംകെട്ട ചില പച്ചപ്പുകള്‍ക്കപ്പുറം വരണ്ട ഒരു പാടശേഖരത്തിന്റെ അങ്ങേക്കോണിലായി ചെറിയൊരു ഓടിട്ട വീട്. വിജനതയോട് വഴിചോദിച്ചു ചോദിച്ച് ഞങ്ങളെത്തി. ഒരരികുമുറിയില്‍ കഥാകാരന്‍. എളിമയുടെ, ഏകാന്തതയുടെ ഒരു ദ്വീപ്. അവിടെ എക്കാലവും കുടിപാര്‍ക്കുന്നവരെപ്പോലെ മുഖത്ത് മ്ലാനതയും പുഞ്ചിരിയും. ഞങ്ങള്‍ ഒന്നു കുഴങ്ങി. ഞങ്ങളുടെ കിശോരബുദ്ധി പ്രതീക്ഷിച്ചത് ഒരു നിഷേധിയുടെ സര്‍പ്പമുഖമായിരിക്കണം. സൌഖ്യാന്വേഷണങ്ങള്‍ക്കു പോലും മറുപടി കിട്ടാന്‍ വളരെ നേരമെടുത്തു. മെല്ലെ, മൌനംകൊണ്ട് മുറിച്ചു മുറിച്ച് തോമസ് സംസാരിച്ചു.- കഥയെഴുത്തല്ലാതെ പ്രത്യേകിച്ച് തൊഴിലൊന്നുമില്ല. അതിനുതക്ക വിവരമോ വിദ്യാഭ്യാസമോ ഇല്ല. ഇംഗ്ലീഷ് അറിയില്ല. ബൈബിളും ദസ്തയേവ്സ്കി വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ മലയാളത്തില്‍ കിട്ടുന്ന ചില ക്ലാസിക്കുകളും ആവര്‍ത്തിച്ചു വായിക്കും…. ഒരല്‍ഭുതവുമില്ലാത്ത സമസ്യയെന്നോണം പാടവരമ്പിലൂടെ തോമസ് ഞങ്ങളോടൊപ്പം മുന്നില്‍ നടന്നു.എഴുത്തുകാരനുചുറ്റും ഞങ്ങള്‍ കല്‍പ്പിച്ച പരിവേഷം അപ്പാടെ അഴിഞ്ഞുവീണു. ആഴക്കിണറിലെ മുഴക്കം പോലെ കഥയില്‍ വാക്കുകള്‍ പെരുക്കുന്നത് ഇയാള്‍ തന്നെയോ എന്ന അവിശ്വസനീയതയോടെ ഞങ്ങള്‍ ആ മനുഷ്യനെ പിന്‍പറ്റി. വെറും തെരുവുതെണ്ടിയോ തൊഴില്‍രഹിതനോ ഒരു നിര്‍മ്മിതിയും പൂര്‍ത്തീകരിക്കാനാവാത്ത മരയാശാരിയോ ജീര്‍ണ്ണഭവനത്തിലും ദുഃസ്വപ്നത്തിലും കുടുങ്ങിയ ചിത്തരോഗിയോ ഒക്കെയായ ഒരന്തിക്രിസ്തു / എഴുത്തുകാരന്‍ / ശില്‍പ്പി, തോമസ് ജോസഫിന്റെ കഥയെയും രചനാപരിസരത്തെയും, പരീശ-വൈതാളികപ്പറ്റങ്ങളില്ലാത്ത സ്വപ്നാധോലോകമാക്കി മാറ്റുന്നതെങ്ങനെയെന്ന് ഞങ്ങള്‍ അറിയാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.
80കളില്‍ ആധുനികതയുടെ രണ്ടാംതലമുറക്കഥാകാരര്‍ പലരും ആധുനികരോളം തന്നെ ജനപ്രീതി നേടി. തോമസ് ആ ഉപരിലോകത്ത് എത്തിപ്പെട്ടില്ല. താല്‍പ്പര്യമുള്ളവരെ മാത്രം അയാള്‍ അധോലോകത്തിലെ തന്റെ ചെറുകിടഭവനത്തിലേക്ക് ക്ഷണിച്ചു. കയറിച്ചെന്ന അപൂര്‍വ്വം ചിലരോട് ശബ്ദമോ രൂപമോ കാലമോ യുക്തിയോ വ്യവച്ഛേദിക്കാനാവാത്ത ഭാഷയില്‍ ചില കെട്ടുകഥകള്‍ ഉരുവിട്ടു. അല്‍ഭുതസമസ്യ എന്ന പേരില്‍ ആദ്യ പുസ്തകം, നരച്ച ഹാന്റ്മെയിഡ് കാര്‍ഡ് പുറംചട്ടയാക്കി ആലുവയില്‍നിന്ന് ബാംസുരി ബുക്സ് 1989ല്‍ പ്രസിദ്ധംചെയ്യുമ്പോള്‍ അതിന് ആമുഖപഠനം എഴുതിയത് മുമ്പ് കഥാകാരനെത്തേടി എന്നോടൊപ്പം ഏലൂര്‍ക്ക് വച്ചുപിടിച്ച പി. കെ. രാജശേഖരന്‍; ആ പഠനമായിരിക്കണം, തോമസ് ജോസഫിന്റെ അതികഥയെ വായിച്ച ആദ്യ നിരൂപണലേഖനം.

അല്‍ഭുതസമസ്യ തുടര്‍ന്നു. കവിയും വിവര്‍ത്തകനുമായ എ. ജെ. തോമസിന് ആ കഥ വായിക്കാന്‍ നല്‍കിയത് ഞാനാണെന്നാണ് ഓര്‍മ്മ. എ. ജെ. അത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി. ആ പാഠം സക്കറിയ ഉള്‍പ്പെടെ പലരെയും വിസ്മയിപ്പിച്ചു. നരേന്ദ്രപ്രസാദിനെപ്പോലെ മുന്നേതന്നെ തോമസ് ജോസഫിന്റെ അപൂര്‍വ്വത തിരിച്ചറിഞ്ഞ ഒരാള്‍ സക്കറിയയായിരുന്നു. ഞങ്ങള്‍, ഇളമുറക്കാര്‍ പോയ അതേ ആര്‍ജ്ജവത്തോടെ ഏലൂരിലെ വീട്ടിലേക്ക് സക്കറിയയെന്ന വലിയ എഴുത്തുകാരന്‍ തന്നെത്തേടിയെത്തിയ കഥ തോമസ് ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

ജോര്‍ജ്ജ് ജോസഫ്. കെ, പി. എഫ്. മാത്യൂസ്, ജോസഫ് മരിയന്‍, സോക്രട്ടീസ് വാലത്ത്, മധുപാല്‍, സി. ടി. തങ്കച്ചന്‍ തുടങ്ങി കഥയെഴുത്തും വായനയും ദുഃശ്ശീലമാക്കിയ ഊഷ്മളമായൊരു സുഹൃദ്സംഘം 1980കളിലും 90കളിലും എറണാകുളത്തുണ്ടായിരുന്നു. അവരില്‍ മിക്കപേര്‍ക്കും തോമസ് ജോസഫിന്റെ കഥനകല അല്‍ഭുതകരമായൊരു സമസ്യ തന്നെയായിരുന്നു ( ഓര്‍ക്കുന്നു, വിജനമായ മറൈന്‍ ഡ്രൈവിലും തങ്കച്ചന്റെ ഫാല്‍ക്കന്‍ ലോഡ്ജിലും ആ സുഹൃദ്സംഘത്തോടൊപ്പമിരുന്ന് ‘ഒരു തീവണ്ടിയുടെ ഏകാന്തത അളക്കാന്‍ ആര്‍ക്കു കഴിയും?’ എന്ന മറ്റൊരു സമസ്യയുടെ കയ്യെഴുത്തുപ്രതി ആവര്‍ത്തിച്ചു വായിച്ചത്). എന്റെ അറിവില്‍, തോമസുമായി നേരിട്ടു പരിചയമില്ലാത്ത വേറെയും എഴുത്തുകാരുണ്ട്, ആ ആഖ്യാനകലയെ ആദരവോടെ കാണുന്നവരായി. എനിക്കറിയാത്ത ഇനിയുമേറെപ്പേര്‍ ഉണ്ടാകുമെന്ന് ഉറപ്പ്.
സഹഎഴുത്തുകാരെ, പ്രത്യേകിച്ചും കഥാകാരരെ, തോമസ് ജോസഫ് ഇത്രയേറെ വിസ്മയിപ്പിക്കുന്നതെന്തുകൊണ്ടാവാം?

ജാഗ്രത്തിലെ വ്യവഹാരങ്ങളെയും ചിന്തകളെയും സുഷുപ്തിയില്‍ വച്ച് ഭാവനാരൂപേണ വായിക്കുന്ന പ്രക്രിയയാണ് സ്വപ്നമെങ്കില്‍, അഥവാ ബോധയാഥാര്‍ത്ഥ്യത്തിന്റെ അപരമായി അബോധം സൃഷ്ടിക്കുന്ന കഥയാണ് സ്വപ്നമെങ്കില്‍, സ്വപ്നം തന്നെയല്ലേ ശരിയായ/തെറിച്ച കല? സ്വപ്നം കാണലല്ലേ കഥാരചന? ഇത്തരം ചോദ്യങ്ങള്‍ മൂലകചിന്തയായി തോമസ് ജോസഫിന്റെ കഥാലോകത്ത് വായിക്കാം. രചനാസങ്കേതത്തിലാണോ പറയുന്ന കഥയിലാണോ സ്വപ്നം പ്രവര്‍ത്തിക്കുന്നതെന്ന് ഒറ്റവായനയെ അതു കുഴക്കും. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെതന്നെ രാ/പകല്‍ക്കിനാവുകളുടെ യുക്തിയിലേക്കു ക്രമേണ കടക്കുമെങ്കില്‍ ആ അതികഥനലോകം ചിലപ്പോള്‍ വെളിപ്പെട്ടെന്നിരിക്കും. 30 കൊല്ലം മുമ്പെഴുതിയ ‘അല്‍ഭുതസമസ്യ’ മുതല്‍ ഈ അതികഥനത്തിന്റെ അനുഭവപ്രപഞ്ചത്തില്‍ മുഴുകാന്‍ ഇടവന്ന ഒരാള്‍ തോമസ് ജോസഫിന്റെ ഏറ്റവും പുതിയ ചില കഥകളുടെ വായനാനുഭവം പങ്കിടാന്‍ ശ്രമിക്കുകയാണിവിടെ.

സര്‍ഗ്ഗഭാവനയില്‍, മിക്കപ്പോഴും എഴുത്തില്‍, ആവിഷ്ഠനായ ഒരാളും അയാളുടെ സ്വപ്നാടനവുമുണ്ട്, ഓരോ തോമസ് ജോസഫ് കഥയിലും. സ്വപ്നാടനത്തിനു പുറത്തുള്ള അയാളും സ്വപ്നാടനം തന്നെയായ അയാളും ചേര്‍ന്ന് കല്‍പ്പിക്കുന്ന ഒരാഖ്യാനലീല – യാഥാര്‍ത്ഥ്യമെന്ന ആഖ്യാനത്തിനു സമാന്തരമായി തോമസ് ജോസഫ് കല്‍പ്പിച്ചുകൂട്ടുന്ന ഏകപ്രമേയം ഇതാകുന്നു. ‘രാത്രികളുടെ രാത്രി’യിലെ സൂസന്‍ എന്ന ‘കഥാപാത്രസ്വപ്ന’ത്തെപ്പോലെ ‘സ്വപ്നങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും അതിരുകള്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നുവെന്നും അവ സമാന്തരങ്ങളാണെന്നും’ പലവുരു സ്വപ്നസാക്ഷ്യം മുഴക്കി പാറിനടക്കുന്ന ഈ രചനാലോകം, സത്യത്തില്‍, ചേക്കയില്ലാത്ത ഒരു പക്ഷിയാണോ?

“നിങ്ങള്‍ ഒരു പക്ഷിയെപ്പോലെയാണ്. ഒന്നിനെക്കുറിച്ചും ഒരു അങ്കലാപ്പുമില്ല. പക്ഷി പറക്കുന്നതു പോലെ നിങ്ങള്‍ എഴുതുകമാത്രംചെയ്യുന്നു.“, ‘സ്വര്‍ഗ്ഗീയലിപി’യിലെ കഥാനായകനായ എഴുത്തുകാരന്റെ ഭാര്യ നിലീന ഒരിക്കല്‍ പറയുന്നു. അതുകേട്ട് ‘എഴുത്തുകാരന്‍’ അല്‍ഭുതപ്പെട്ടു. ‘അവളില്‍ ഒരു കവിത പിറക്കുകയാണെന്നു തോന്നി’, അയാള്‍ക്ക്. തനിക്ക് കടലാസും ഭക്ഷണവും വാങ്ങാനായി ഫാക്ടറി കാന്റീനിലും അലക്കുകല്ലിലും വിറകുമുട്ടികള്‍ക്കുമേലും എല്ലുമുറിയെ പണിതുതളര്‍ന്ന അവളിലും കവിതയുണ്ടെന്ന് അയാള്‍ കണ്ടു. വ്യവഹാരലോകത്തെയും എഴുത്ത് എന്ന വ്യവഹാരത്തെയും കുറിച്ചുള്ള ‘എഴുത്തുകാര’ന്റെ വിസ്മയകരമായ ആ തിരിച്ചറിവ് തോമസ് ജോസഫ് ഇപ്രകാരം കുറിക്കുന്നു:

വേറെയും ചില അറിയപ്പെടാത്ത എഴുത്തുകാര്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും കൂലിവേലക്കാരും കര്‍ഷകരുമായ അവരില്‍ പലരും എഴുതാതെതന്നെ കവികളും കഥയെഴുത്തുകാരുമാണെന്നും എനിക്കു വെളിപ്പെട്ടു. മറ്റുചില വ്യാജസാഹിത്യകാരന്മാരാകട്ടെ എഴുത്തിലൂടെ പണവും പ്രസിദ്ധിയും കരസ്ഥമാക്കുകയാണെന്ന് ഞാന്‍ ഓര്‍മ്മിച്ചു. അവര്‍ എന്നില്‍നിന്ന് വ്യത്യസ്തമായി അവരുടെ മാതൃഭാഷയിലാണ് എഴുതുന്നതെന്ന് ഞാന്‍ അറിഞ്ഞു. പക്ഷേ ഞാന്‍ എഴുതുന്നത് അജ്ഞാതമായ ഒരു ലിപിയാണ്. ഏതു ഭൂഖണ്ഡത്തിലാണ് ഞാന്‍ ജീവിക്കുന്നതെന്നും എനിക്ക് നിശ്ചയമില്ല. എന്റെ നിലീന ചെയ്യുന്ന ജോലി മാത്രമാണ് യാഥാര്‍ത്ഥ്യം.

പൊതുജീവിതത്തില്‍ അപ്രസക്തവും എന്നാല്‍ അന്തരംഗത്തിന് അനിവാര്യവുമായ എഴുത്തിനെക്കുറിച്ചുള്ള അറിവില്ലായ്മ / തിരിച്ചറിവ് ‘സ്വര്‍ഗ്ഗീയലിപി’യിലെമ്പാടും ചിതറിക്കിടപ്പുണ്ട് :
എനിക്ക് ഒരു നിമിഷമെങ്കിലും എഴുതാതിരിക്കാന്‍ കഴിയില്ല. കവിതയോ നോവലോ ആവാം ഞാനെഴുതുന്നത്. ഈ ഭൂമിയില്‍ എന്റെ പേര് ആരും കേട്ടിട്ടുപോലുമില്ല. എന്റെ അക്ഷരങ്ങളില്‍ എല്ലാ ഭൂഖണ്ഡങ്ങളിലെയും എല്ലാ മനുഷ്യരും എല്ലാ വൃക്ഷങ്ങളും എല്ലാ മൃഗങ്ങളും സംഗീതം പൊഴിക്കുന്നുണ്ട്. ഞാന്‍ അങ്ങനെ സങ്കല്‍പ്പിക്കുകയാവാം ചെയ്യുന്നത്. ഒരുപക്ഷേ ഞാനെന്റെ സ്വപ്നത്തില്‍ മാത്രമാവാം എഴുത്തുകാരനായിരിക്കുന്നത്.

എന്റെ അക്ഷരങ്ങളിലേക്ക് ഈ പ്രപഞ്ചത്തിലെ എല്ലാ പാതകളും കൂട്ടിയിണക്കപ്പെടുന്നു. അവയില്‍ ഏറ്റവും അജ്ഞാതമായ ഒരു പാതയിലൂടെ ഒരു പേക്കോലത്തെപ്പോലെ നിലീന നടന്നുപോവുകയാണ്.
…. ഞാനെന്റെ ദുഃസ്വപ്നത്തില്‍ മാത്രമാണല്ലോ എഴുത്തുകാരനായിരിക്കുന്നത്. എങ്ങനെയോ ഈ പേക്കിനാവിനുള്ളില്‍ ഞാന്‍ അകപ്പെട്ടതായിരിക്കണം!
ഒരു കര്‍ഷകന്‍ മണ്ണിലൂടെ തന്റെ കലപ്പ ഉന്തുന്നതുപോലെ ഞാന്‍ എഴുതിക്കൊണ്ടിരുന്നു. അപ്പോള്‍ നിലീന വിറകു കീറാന്‍ തുടങ്ങിയിരുന്നു.

വിവരണകലയുടെ വ്യവസ്ഥാപിതഭാഷ വിലക്കു കല്‍പ്പിച്ച പ്രവിശ്യകളിലേക്കു കടന്നുകയറി മൈനുകള്‍ പോലെ കാവ്യരൂപകങ്ങള്‍ വിന്യസിച്ച് അതികഥാഖ്യാനം നിര്‍വ്വഹിക്കുന്ന തോമസ് ജോസഫിന്റെ പ്രാഗ് രൂപം തന്നെയല്ലേ ‘സ്വര്‍ഗ്ഗീയലിപി’യിലെ എഴുത്തുകാരന്‍? തനിക്കുതന്നെ തിരിയാത്ത അജ്ഞേയഭാഷയുടെ കലാകാരന്‍? അയാള്‍ യാഥാര്‍ത്ഥ്യത്തിന്റെ ലോകത്ത് എഴുത്തുകാരനേയല്ല. മറിച്ച്, തനിക്കായി അവിശ്രമം പണിയെടുത്തു ചാകാന്‍ വിധിക്കപ്പെട്ട നിലീനയുടെ, കാല്‍ക്കാശിനു വകയില്ലാത്ത ഭര്‍ത്താവ്; വെറുമൊരു ദുഃസ്വപ്നജീവി…. തോമസ് ജോസഫ് എന്ന കഥാകാരനാവട്ടെ, എല്ലുമുറിയെ പണിയെടുക്കുന്ന ഏകാന്തവും അലൌകികവുമായൊരു കാവ്യഭാഷയുടെ, ഭാവനാരോഗിയായ കാമുകന്‍ മാത്രവും. അലൌകികമായൊരു സ്ഥലകാലത്തെ അഭിമുഖീകരിക്കുന്ന സ്വപ്നരോഗിയാണ് ‘മാസ്റ്റര്‍പീസ്’ എന്ന കഥയിലെ സാങ്കല്‍പ്പികകഥാകാരനും:

അകലെ, തടാകത്തില്‍ കാലത്തിന്റെ സൂചികള്‍ തിരിയുന്ന സംഗീതം കേള്‍ക്കുന്നുണ്ടായിരുന്നു. അതേക്കുറിച്ച് ഒരു കഥ – അതായിരുന്നു തന്റെ ലക്ഷ്യമെന്ന് ചിലപ്പോഴെങ്കിലും അയാള്‍ തിരിച്ചറിഞ്ഞു. ആ തടാകത്തിലേക്കു കാലുകള്‍ തൂക്കിയിട്ട് വെറുതെയിരുന്ന് സ്വപ്നം കാണുക. ഒരു നിശ്ചിതസമയമാകുമ്പോള്‍ അതിന്റെ ആഴത്തിലേക്കിറങ്ങുക. ആഴത്തിന്റെ വാതിലുകള്‍ ഒരു ഗ്രന്ഥമായി തുറക്കപ്പെട്ട് ജീവിതത്തിന്റെ നിഗൂഢതകള്‍ വായിച്ചുവായിച്ച് കാലത്തെ പരാജയപ്പെടുത്തുന്ന ഒരു മാസ്റ്റര്‍പീസ് രചിക്കുക – അതായിരുന്നു സ്വപ്നം.

സ്വപ്നരോഗിയും അധികാര – ഉപഭോഗ ഹരങ്ങളുടെ പുറമ്പോക്കുചേരികളിലെവിടെയോ നിവസിക്കുന്നവനുമായ ഈ സര്‍ഗ്ഗാവിഷ്ടന്റെ – അതായത് എഴുത്തുകാരന്റെ – അതികഥനം തോമസ് ജോസഫിന്റെ ആഖ്യാനസപര്യയിലുടനീളം വിദ്യുല്‍ബാധപോലെ പടരുന്നുണ്ട്. ആ വൈദ്യുതി, നാം ജീവിക്കുന്നതെന്നു കരുതുന്ന ചരിത്രമനുഷ്യന്റെ ജീവിതത്തെയാകമാനം മറ്റൊരു സമാന്തര / അപര ജീവിതത്തിന്റെ വ്യാകരണത്തിലേക്കു മൊഴിമാറ്റുന്നു; നമ്മുടെ ചരിത്രജീവിതത്തിന്റെ കഥയെഴുത്തുകാര്‍ക്ക് അപ്രാപ്യമായ ഈ ‘കാല്‍പ്പനിക’ലോകമാവുമോ ഈ വായനക്കാരനുള്‍പ്പെടെയുള്ള ചരിത്ര-ലോക-സാഹിത്യ യശഃപ്രാര്‍ത്ഥികളെ മോഹിപ്പിച്ചത്? അവരുടെ ‘അഹ’ത്തിന്റെ ‘ആരങ്ങ’ളെ അഹങ്കാരങ്ങളെന്ന് ചുംബിച്ചു വിഭ്രമിപ്പിച്ചത്? ‘ചിത്രശലഭങ്ങളുടെ കപ്പല്‍’ എന്ന കഥയുടെ ഇംഗ്ലീഷ് പരിഭാഷ എഡിറ്റ് ചെയ്ത ഒരു രാത്രിയെ സക്കറിയ ഇങ്ങനെ ഓര്‍മ്മിച്ചെടുക്കുന്നു:

പണിതീര്‍ത്ത് ഉറക്കത്തിനൊരുങ്ങവെ, അടക്കാനാവാത്തതും അപരിചിതവുമായ ഒരു വേവലാതി എന്നെ ബാധിച്ചു. എന്റെ ജീവന്‍ ഓരോ ഉച്ഛ്വാസത്തിലൂടെയും ചോര്‍ന്നുപോകുന്നതായി എനിക്കു തോന്നി. ഓരോ നെഞ്ചിടിപ്പും അവസാനത്തേതായി എനിക്കനുഭവപ്പെട്ടു. ഒന്നിനുപുറകേ ഒന്നായി എന്റെ വ്യക്തിത്വത്തിന്റെ ആണിക്കല്ലുകള്‍ പറിഞ്ഞ് എനിക്കു നേരേ പാഞ്ഞുവരുതുന്നതായി എനിക്കു തോന്നി. എന്റെ അസ്തിത്വം നിരന്തരമായ ഒരു ഭൂകമ്പത്തിലെന്നപോലെ കുലുങ്ങി. ബൌദ്ധികമായ ഒരു പ്രതിരോധവും വിലപ്പോയില്ല. ആദ്ധ്യാത്മിക പ്രതിരോധങ്ങള്‍ എന്നെപ്പോലെ ഒരു ആസുരന് എവിടെ? മണിക്കൂറുകള്‍ക്കു ശേഷമാണ് എനിക്ക് എന്റെ അഹന്തയുടെ സിംഹാസനത്തില്‍ മടങ്ങിയെത്തി ഇരിപ്പുറപ്പിക്കാന്‍ കഴിഞ്ഞത് . (‘വിഗ്രഹങ്ങളില്ലാത്ത വഴി’ – ചിത്രശലഭങ്ങളുടെ കപ്പല്‍ എന്ന കഥാസമാഹാരത്തിന്റെ പിന്‍കുറിപ്പ്)

രോഗലക്ഷണമാണ് പനി; രോഗത്തിന്റെ പ്രത്യാഘാതവും. ‘പനിക്കിടക്ക‘ എന്ന കഥയിലെ പനിയും അപ്രകാരംതന്നെ. സ്വപ്നരോഗത്തില്‍, അപരരുടെ ഭൌതികനന്മയ്ക്കു വേണ്ടിയുള്ള ആത്മീയത്യാഗം കൂടി ഉള്ളടങ്ങുന്നതായി ഈ കഥ വ്യഞ്ജിപ്പിക്കുന്നു. കഥയിലെ ജ്വരബാധിതനായ ‘ഞാന്‍’ എഴുത്തുകാരനോ കലാകാരനോ അല്ലെങ്കിലും അപരക്ഷേമത്തിനായി കുരുതികൊടുക്കപ്പെടേണ്ട ഒരു ദുഃസ്വപ്നജീവി തന്നെ. അയാളെയും അയാളുടെ കുടുംബ-സാമൂഹികബന്ധങ്ങളെയും സംബന്ധിച്ച ഒരുപിടി വസ്തുതകള്‍, തോമസ് ജോസഫിന്റെ കഥാസമസ്യകളില്‍ സാധാരണ കാണാത്തവിധം സാമാന്യം വിശദമായി ‘പനിക്കിടക്ക’യില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. എന്നല്ല, യഥാര്‍ത്ഥലോകയുക്തിയെ റദ്ദാക്കുന്ന പതിവ് അന്യലോകമോ നിഗൂഢതയോ അല്ല ഈ കഥയിലെ ആഖ്യാനകേന്ദ്രം. പനിമൃഗത്തെ ചൂഴ്ന്ന്, ആവര്‍ത്തിക്കുന്ന പേക്കിനാവുകളുണ്ടെങ്കിലും, അവ, യുക്തിസഹലോകത്തിന്റെ വൈപരീത്യങ്ങളെ ഉടനീളം എതിര്‍നിര്‍ത്തി വിചാരണചെയ്യാനുള്ള ആഖ്യാനവേദികളാണ് മിക്കപ്പോഴും.

സൌഭാഗ്യത്തിലേക്കുള്ള വാതിലാണ് പനിക്കിടക്ക, സമയംവരുമ്പോള്‍ അര്‍ഹതപ്പെട്ട കുടുംബത്തിന് അതു ലഭിക്കും, ഗൃഹനാഥന്‍ പനിക്കിടക്കയെ ശരണം പ്രാപിച്ചാല്‍ പനിമൃഗം വന്നെത്തി ആ കുടുംബത്തെ അനുഗ്രഹിക്കുന്നു, മക്കള്‍ എഞ്ചിനിയറും ഡോക്ടറുമൊക്കെയായി കലാശിക്കുന്നു… എന്നിങ്ങനെ ചെറുകിട മോഹവിശ്വാസങ്ങളില്‍ കുടുങ്ങിയ ഒരുപറ്റം മനുഷ്യജന്തുക്കളെ തോമസ് ജോസഫ് വിഭാവനചെയ്യുകയാണ് ഈ കഥയില്‍. ഭാവനയാല്‍ സൃഷ്ടിക്കപ്പെട്ട മിത്താണ് ഇവിടെ ആഖ്യാനം. അല്ലാതെ നിലവിലുള്ള ഏതെങ്കിലും നാടോ വിശ്വാസമോ ആചാരങ്ങളോ ദൃഷ്ടാന്തീകരിക്കപ്പെടുകയല്ല. അപ്പോഴും ഈ കഥയില്‍ സമകാലീന സമൂഹത്തിലെ ചില പച്ചയാഥാര്‍ത്ഥ്യങ്ങള്‍ ‘പനി’മിത്തിന്റെ ദുഃസ്വപ്നലോകവുമായി അതികഥനത്തിലൂടെ ഇടകലരുന്നു:

പനിമൃഗത്തിന്റെ ആഗമനത്തിന് ….ഞാന്‍ കാത്തുകിടക്കുകയാണ്. അവന്റെ തീതുപ്പുന്ന മുഖം ദര്‍ശിക്കുന്ന ആദ്യമാത്രയില്‍തന്നെ പനിക്കിടക്ക എല്ലാ സൌഭാഗ്യങ്ങളുംകൊണ്ട് ഞങ്ങളെ അനുഗ്രഹിക്കുമെന്നാണ് ശാന്തമ്മ പറയുന്നത്. പക്ഷേ അവന്‍ എപ്പോള്‍ വരുമെന്ന് യാതൊരു തിട്ടവുമുണ്ടായില്ല…… അവന്‍ വിദൂരരാഷ്ട്രങ്ങളില്‍ പകര്‍ച്ചപ്പനിയുടെ അഗ്നിവിത്തുകളെ ഉദരത്തില്‍ ഗര്‍ഭംധരിച്ചുകൊണ്ട് കുഞ്ഞുങ്ങള്‍ക്കിടയില്‍ അലസഗമനം നടത്തുകയായിരുന്നു. ആ സന്ദര്‍ശനങ്ങള്‍ അവസാനിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നതിനാല്‍ അവന്‍ എന്റെ അരികിലെത്താന്‍ ഇനിയും വൈകുമെന്നറിഞ്ഞ് ഞാന്‍ ഗൂഢമായ ഒരാശ്വാസത്തില്‍ അഭയം തേടി. ചിലപ്പോള്‍ ശാസ്ത്രജ്ഞന്മാരുടെ നീണ്ട പരീക്ഷണങ്ങള്‍ക്കും നിതാന്ത ജാഗ്രതയ്ക്കും ശേഷം കണ്ടുപിടിച്ചേക്കാവുന്ന ഒരു മാരകമായ മരുന്ന് അവനെയും അവന്റെ വംശത്തെയും ഈ ഭൂമിയില്‍നിന്ന് പാടേ ഇല്ലാതാക്കിയേക്കാനും ഇടയുണ്ടായിരുന്നു.
പനിമൃഗത്തെ കാത്തിരുന്നു തളര്‍ന്ന ആ കുടുംബത്തിന്റെ മറ്റൊരു ഭ്രമാത്മകചിത്രം ഇങ്ങനെ:

ശാന്തമ്മ എന്നെ ഒരു കസേരയില്‍ പിടിച്ചിരുത്തി; പൊളിഞ്ഞുതുടങ്ങിയതൊലിയുടെ അടരുകള്‍ ഒരു കത്തികൊണ്ട് അടര്‍ത്തിയെടുക്കാന്‍ തുടങ്ങി. അന്തമില്ലാത്ത ദുരിതങ്ങളുടെ സമാധാനവും എല്ലാം നഷ്ടപ്പെട്ടവന്റെ ആശ്വാസവും എന്നില്‍ നിറഞ്ഞു.
“അച്ഛാ, ഞങ്ങള്‍ പറഞ്ഞ കാര്യം മറന്നുപോയോ? നമുക്കൊരു സിനിമ കാണണം. ഇപ്പോള്‍ സിറ്റിയില്‍ നല്ലൊരു തമാശപ്പടം കളിക്കുന്നുണ്ട്. “ അനുവും ടിനുവും… പറഞ്ഞു. അതൊരു വിദേശസിനിമയാണെന്നും അതില്‍ കാലഹരണപ്പെട്ട പുരുഷന്മാരും അവരുടെ തൊലി പൊളിച്ച് കൌതുകവസ്തുക്കള്‍ നിര്‍മ്മിക്കുന്നപെണ്ണെഴുത്തുകാരുമാണ് മുഖ്യകഥാപാത്രങ്ങളെന്നും കഥ നടക്കുന്നത് ഒരു സങ്കല്‍പ്പരാഷ്ട്രത്തിലാണെന്നും അവര്‍ തുടര്‍ന്നുപറഞ്ഞു.

ഇങ്ങനെ യഥാര്‍ത്ഥലോകം സ്വപ്നാഖ്യാനപ്രപഞ്ചത്തിലേക്കു ചോരുകയും സ്വപ്നലോകം നമ്മുടെ വായനയുടെ ലൌകികമാനകങ്ങളിലേക്കു തിരികെച്ചോരുകയും ചെയ്യുന്ന സവിശേഷമായൊരു അതികഥനരീതിയാണ് തോമസിന്റെ ഏറ്റവും മികച്ച പല രചനകളെയും സൃഷ്ടിച്ചത്. ‘അല്‍ഭുതസമസ്യ’, ‘ചിത്രശലഭങ്ങളുടെ കപ്പല്‍’, ‘ഒരു തീവണ്ടിയുടെ ഏകാന്തത അളക്കാന്‍ ആര്‍ക്കു കഴിയും?’, ‘സാത്തന്‍ബ്രഷ് ‘ എന്നിവ മുതല്‍ ‘സ്വര്‍ഗ്ഗീയലിപി’യും ‘പനിക്കിടക്ക’യും ‘രാത്രികളുടെ രാത്രി’യും വരെയുള്ള രചനകളില്‍, താരതമ്യ – പ്രതീകാത്മക – ദൃഷ്ടാന്ത സങ്കേതങ്ങളാല്‍ നയിക്കപ്പെടാതെ, ചിലപ്പോള്‍ അന്യാപദേശത്തിന്റെ ഒരു വിലക്ഷണഛായ കഷ്ടിച്ച് തോന്നിപ്പിച്ചേക്കാവുന്ന ഘടനയില്‍, യാഥാര്‍ത്ഥ്യം സ്വപ്നത്തിലേക്കും തിരിച്ചും ചോരുന്നതു കാണാം.

ഒരു താര്‍ക്കോവ്സ്കിയന്‍ സ്വപ്നചിത്രത്തെ ഓര്‍മ്മിപ്പിക്കും ‘രാത്രികളുടെ രാത്രി’; അയുക്തിയും അബോധവും ചേര്‍ന്നു സൃഷ്ടിക്കുന്ന ഭ്രമാത്മകമായൊരു ആഖ്യാനസ്ഥലം. പക്ഷേ, ‘പനിക്കിടക്ക’യില്‍ വായിക്കാവുന്നതിലുമേറെ യഥാതഥാഖ്യാനശകലങ്ങള്‍ ഈ കഥയില്‍ ചിതറിക്കിടപ്പുണ്ട്. കഥാരംഭംതന്നെ ഉദാഹരണം: ‘ഞാന്‍ എഴുത്തുമുറിയിലേക്ക് നടക്കുമ്പോള്‍ സൂസന്‍ കണ്ണാടിക്കു മുന്‍പിലായിരുന്നു. പള്ളിയില്‍ വിശുദ്ധകുര്‍ബാനയ്ക്കുള്ള മൂന്നാംമണിയും മുഴങ്ങിക്കഴിഞ്ഞിരുന്നു. നീ അണിഞ്ഞൊരുങ്ങേണ്ട ആവശ്യമൊന്നുമില്ലെന്ന് ഞാന്‍ അവളോട് തമാശ പറഞ്ഞു’. പക്ഷേ പെട്ടെന്നുതന്നെ ആ യഥാതഥമുഹൂര്‍ത്തം ഒരു അപായമേഖലയിലേക്കു വഴുതുന്നു: ‘മഞ്ഞയായിരുന്നു അവളുടെ ഇഷ്ടനിറം. പതിവിനു വിപരീതമായി അവള്‍ കറുത്ത സാരിയിലും ബ്ലൌസിലും ഭൂമിയിലെ ഏറ്റവും അഴകുള്ളവളായി മാറിയിരുന്നു. എന്റെ ഇഷ്ടനിറമാണ് കറുപ്പ്; മരിച്ചവരുടെയും’.

കുര്‍ബാനയ്ക്കുപോയ സൂസന്‍ – എഴുത്തുകാരനായ ആല്‍ബര്‍ട്ടിന്റെ ഭാര്യ – മടങ്ങിവന്നില്ല. സ്വപ്നങ്ങളുടെ അരേഖീയപരമ്പരയാണ് തുടര്‍ന്നുള്ള കഥ. ‘സൂസന്‍ ഒരു രാത്രിയിലായിരുന്നു’ എന്ന പ്രസ്താവത്തില്‍നിന്ന്, ആല്‍ബര്‍ട്ടിനെയും തന്റെ സഹോദരിയായ കത്രീനയെയും പ്രതിയുള്ള സൂസന്റെ ആത്മഭാഷണത്തിലേക്കു കടന്ന് കഥയുടെ രണ്ടാം ഖണ്ഡം തുടങ്ങുന്നു. ഇരുട്ടിന്‍പൂക്കളുടെ പരിമളത്തിനിടയിലൂടെ തെരുവാളികളായ മൂന്ന് അന്ധന്മാരും അവരുടെ സ്വപ്നവും അവളുടെ സ്വപ്നത്തിലേക്ക് ഭിക്ഷയാചിച്ചെത്തുന്നു. തുടര്‍ന്നുള്ള ഖണ്ഡങ്ങളില്‍ അന്ധന്മാരുടെ സ്വപ്നത്തില്‍ കത്രീന, ആല്‍ബര്‍ട്ട്, ദൂരത്തു പെയ്യുന്ന മഴ; ആല്‍ബര്‍ട്ടിന്റെ സ്വപ്നത്തിനുള്ളില്‍ അന്ധന്മാരും, അതിനുള്ളില്‍ അന്ധന്മാരുടെ സ്വപ്നത്തിലെ സൂസനും; ‘ആല്‍ബര്‍ട്ട്സ്വപ്ന’ത്തിലെ ഏതോ തെരുവില്‍, രാത്രിമഴയത്ത് സൂസന്‍. അതിലെ അവളുടെ വന്യരാത്രിയിലേക്കു നീണ്ടുനീണ്ടുവരുന്ന ഇരുട്ടിന്റെ പൂ-ചെടി-വൃക്ഷ-ലതാദികളും അന്ധന്മാരും; കൊച്ചുടോമിന്റെ ടോയ് കാറിനു ചാവികൊടുത്ത്, സൂസന്റെയും അന്ധന്മാരുടെയും സ്വപ്നത്തിലെ രാത്രിയില്‍ എത്തിച്ചേരുന്ന ആല്‍ബര്‍ട്ടും മകന്‍ ടോമും. ആ സ്വപ്നത്തിലെതന്നെ വീട്ടിലെ മുറികളിലൂടെ അനാഥയായി ഉലാത്തുകയായിരുന്ന കത്രീന…. കത്രീനയുടെ സ്വപ്നത്തില്‍ വന്ന്, ഒരു ‘സൂസന്‍സ്വപ്നം’, തന്റെയും ആല്‍ബര്‍ട്ടിന്റെയും കൊച്ചുടോമിന്റെയും സ്വപ്നരാത്രിയിലേക്ക് അവളെ കൈനീട്ടി ക്ഷണിക്കുന്നു. തന്റെതന്നെ സ്വപ്നത്തില്‍, പീടികത്തിണ്ണയിലിരുന്ന് തന്നെ അപഹസിക്കുന്ന അന്ധന്മാരുടെ സ്വപ്നം തിരിച്ചറിയാതെ, മഴയത്ത്, വഴിതെറ്റി, ഒറ്റയ്ക്ക്, രാത്രികളുടെ രാത്രിയിലേക്കു കത്രീന നടന്നുപോകുന്നു…..

മേല്‍വിവരിച്ച മതിഭ്രമത്തിലെ അരേഖീയസ്വപ്നാഖ്യാനങ്ങള്‍, ഒറ്റയ്കൊറ്റയ്ക്കെടുത്താല്‍ ഒരു മുത്തശ്ശിക്കഥപോലെ ലളിതവുമാണ് : അന്ധന്മാര്‍ പറയുന്നതു നോക്കൂ: “സ്വപ്നത്തില്‍ ഞങ്ങള്‍ നടക്കാന്‍ പോകുന്ന പാതയോരത്തുവച്ചാണ് അവളെ കാണാറുള്ളത് ”. ‘രാത്രികളുടെ രാത്രി’ അവസാനിക്കുമ്പോഴാകട്ടെ, യഥാര്‍ത്ഥലോകത്തെ മനുഷ്യരെന്നു തോന്നിച്ച കഥാപാത്രങ്ങളെല്ലാം അന്ധന്മാരുടെ / ഇരുട്ടിന്റെ / സ്വപ്നത്തിന്റെ തെരുവില്‍ എത്തിപ്പെടുന്നു; യഥാതഥലോകത്തെയാകെ സ്വപ്നത്തിലേക്ക് ‘സ്വയം’ പരാവര്‍ത്തനംചെയ്തുകൊണ്ട്.

യാഥാര്‍ത്ഥ്യത്തെ സ്വപ്നത്തിലേക്ക് പരാവര്‍ത്തനംചെയ്യുന്നതും യഥാതഥാഖ്യാനകലയ്ക്ക് ഇത്തിരി ഇടമുള്ളതുമായ രചനകളില്‍ പണിക്കുറ തീര്‍ന്നവയെന്നു തോന്നിയ കഥകളാണ് മേല്പരാമര്‍ശിച്ചത്. ആ ജനുസ്സ്, ആദ്യകാല തോമസ് ജോസഫില്‍ ദുര്‍ബലമാണ്. ഒരുപക്ഷേ, എട്ടാമത്തെ കഥാപുസ്തകത്തിലെത്തുമ്പോള്‍, തന്റെ (അന്തി)ക്രിസ്തുകഥകളുടെ അനാഥമായ ആകാശങ്ങളില്‍ ചരിക്കുന്നതിലേറെ താഴെ ഭൂമിയിലെ തൊലി എല്ലിലൊട്ടിയ പാഴ്നിലങ്ങളില്‍ മേയാന്‍ ഈ കഥാകാരന്‍ ഇഷ്ടപ്പെടുന്നതുപോലെ തോന്നും. ‘ശാന്തമ്മ ചന്തയിലെ മാലിന്യങ്ങളില്‍നിന്നു പെറുക്കിക്കൊണ്ടുവന്ന ഉരുളക്കിഴങ്ങിന് തൊലികളയുന്ന’ (പനിക്കിടക്ക) ദൃശ്യത്തിലേക്കോ ‘കമ്പനിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഓരോ ദിവസവും നിലീന കഴുകുന്ന പാത്രത്തിന്റെ എണ്ണം വര്‍ദ്ധിക്കുന്ന’ തിലെ (സ്വര്‍ഗ്ഗീയലിപി) സാമ്പത്തികയുക്തിയിലേക്കോ ‘പാരിതോഷികങ്ങളുമായി തറവാട്ടില്‍ചെന്ന്, ഇളയ സഹോദരനും കുടുംബത്തിനും ആഹാരത്തില്‍ മയക്കുമരുന്നു നല്‍കി തട്ടിന്‍പുറത്തു കിടന്ന പനിക്കിടക്കയും മോഷ്ടിച്ച് നേരംവെളുക്കുംമുന്‍പ് വീട്ടില്‍ മടങ്ങി‘ യെത്തുന്ന (പനിക്കിടക്ക) ഒരു നാട്ടുമ്പുറക്കുനുഷ്ടിന്റെ നാടകീയതയിലേക്കോ ഒക്കെയും ഉന്മുഖമാവുന്നുണ്ട് തോമസ് ജോസഫിന്റെ പുതിയ കഥകള്‍.

‘മരിച്ചവര്‍ സിനിമ കാണുകയാണ് ‘ പോലെ, ആഖ്യാനത്തില്‍ സ്ഥലകാലരഹിതമായ സ്വപ്നമല്ലാതെ മറ്റൊന്നുമില്ലെന്നു സ്വയംപ്രഖ്യാപിക്കുന്ന കഥകള്‍ തോമസ് ജോസഫ് ഇപ്പോഴും എഴുതുന്നുണ്ട്. ഇത്തരം കഥകള്‍ രചിക്കുമ്പോള്‍, സ്വപ്നകഥാപ്രപഞ്ചത്തില്‍ ജീവിച്ചുകൊണ്ടുതന്നെ താന്‍ യഥാതഥാഖ്യാനലോകത്തുനിന്ന് ചോര്‍ത്തിയെടുത്ത സങ്കേതങ്ങളെ, ലോകാഭിരാമിയായ നമ്മുടെ വായനയെ അനുനിമിഷം തകിടം മറിച്ച് ഇടകലര്‍ത്തുന്നതില്‍ മുമ്പെന്നത്തെക്കാള്‍ കൃതഹസ്തത ഈ കഥാകാരന്‍ കൈവരിച്ചുവെന്നും തോന്നുന്നു. ഇതേ ജനുസ്സില്പെട്ട ‘പാതയുടെ അന്ത്യ’ത്തിലാകട്ടെ, തന്റെ ഇഷ്ടസങ്കേതങ്ങളിലൊന്നായ കാവ്യരൂപകഭാഷയെ ഏറെയൊന്നും ആശ്രയിക്കാതെതന്നെ ക്ഷിപ്രലളിതമായ ആള്‍മാറാട്ടങ്ങളും സ്ഥാന-സ്ഥല ഭ്രംശങ്ങളും സറിയലിസ്റ്റ് ദൃശ്യവിന്യാസവുമെല്ലാം തോമസ് സുസാധ്യമാക്കുന്നതു കാണാം. തോമസ് ജോസഫിലെ പതംവന്ന ആഖ്യാനകാരന്‍ പഴയ യുവകവിയെ മറികടന്നുപോവുകയാണോ?

തന്നിലെ ചിരസ്ഥായിയായ കവിയെ ഉപേക്ഷിക്കുന്നില്ല തോമസ് ജോസഫിലെ കഥാകൃത്ത്, മറിച്ച്, തന്റെ കാവ്യരൂപകകലയെ വിവരണകലയില്‍ വിലയിപ്പിക്കുകയാണ്. ആദ്യകാലത്ത് പ്രത്യക്ഷവും ആലങ്കാരികവുമായ രൂപകങ്ങള്‍ സമൃദ്ധമായിരുന്ന ആ രചനാശൈലിയിലെ പുതുപരിണാമത്തിന്റെ ചില ഉദാഹരണങ്ങള്‍ നോക്കൂ: 1) കഴുത്തിലും നെറ്റിയിലും പൊടിഞ്ഞ ചുടുനക്ഷത്രങ്ങളെ തുടച്ചുകളഞ്ഞുകൊണ്ട് ഞാന്‍ വിളിച്ചുപറഞ്ഞു… (പനിക്കിടക്ക), 2) ഒരു കറുത്ത പൂച്ച അതിന്റെ തൊണ്ടക്കുഴിയില്‍നിന്ന് മുരള്‍ച്ചകളുടെ ഒരു ചെറുസംഗീതത്തെ ധൂപക്കുറ്റിയിലെ അദൃശ്യമായ ഒരു പുകവള്ളിയാക്കി അയാളുടെ കാലുകളെ ചുറ്റിക്കൊണ്ടിരിക്കും (മാസ്റ്റര്‍പീസ്), 3) തൊട്ടുമുന്‍പില്‍ ജീവിതം ഒരു അന്യഗ്രഹമായി മാറി. ആ പ്രകൃതിശാസ്ത്രത്തില്‍നിന്ന് ശാന്തമ്മ ഒരു അപരിചിതസസ്യമായി എനിക്കുനേരേ തലയിളക്കി. (പനിക്കിടക്ക), 4) ഇരുട്ടിന്റെ പുരാതനമുത്തശ്ശി തന്റെ തലമുടിയൊന്നാകെ എന്റെ കണ്ണുകളിലേക്കഴിച്ചിട്ടു. രാത്രിയായി. (പനിക്കിടക്ക), 5) കടന്നുപോയ വര്‍ഷങ്ങളിലെ എല്ലാ മഴയുടെയും വെയിലിന്റെയും കണ്ണുനീര്‍തുള്ളികള്‍ ഒലിച്ചിറങ്ങുന്ന, തുളകള്‍ വീണ ഒരു പഴയ കുട ചൂടിക്കൊണ്ടാണ് അവള്‍ നടന്നുപോയിരുന്നത്. (സ്വര്‍ഗീയലിപി), 6) വെളുത്ത വറ്റുകള്‍ ചിറകൊടിഞ്ഞ പ്രാവുകളായി പാത്രമാകെ ചിതറിക്കിടന്നു. (പനിക്കിടക്ക), 7) അവളുടെ ചുണ്ടുകളില്‍ ഒരു മരിച്ച സന്തോഷം ഉണ്ടായിരുന്നു. (പനിക്കിടക്ക),

ആകാശത്ത് സൂര്യന്‍ ഒരു മണ്ണെണ്ണവിളക്കായി മങ്ങിക്കത്തുന്നു (അഭിനയകല). എന്റെ വായനാപരിചയത്തില്‍, എഴുത്ത് അപ്പാടെ കഥയാക്കിയ, അങ്ങനെ അതികഥ മാദ്ധ്യമമാക്കിയ, മലയാളത്തിലെ ഏക കഥാകൃത്ത് തോമസ് ജോസഫാണ്. കഥ (Fiction)
അഥവാ കാര്യ (Real)മല്ലാത്തതു മാത്രം എഴുതാനൊരുമ്പെട്ട്, ‘കാര്യക്കാര്‍’ക്കെല്ലാം ചതുര്‍ത്ഥിയായവന്‍. മതാതീതവും സംസ്കാരാതീതവും പ്രത്യയശാസ്ത്രാതീതവുമായ ഏതോ ജന്തുഭാഷയില്‍ ശില്‍പ്പം കൊത്തിയതിനാല്‍, ആശയങ്ങളുടെ ലോകവ്യവഹാരത്തില്‍ വിരക്തനോ അജ്ഞനോ ആയതിനാല്‍, കഥനകലയിലെ ഈ അപൂര്‍വ്വപ്രതിഭ പിന്തള്ളപ്പെട്ടവനായിരിക്കുന്നു. മലയാള ‘മാതൃഭൂമി’യുടെ പരമ്പരാഗതാധികാരികള്‍ കെട്ടിപ്പൊക്കാറുള്ള മെഗാപ്രദര്‍ശനശാലകളിലൊരിടത്തും ഇടമില്ലാത്തവനായിരിക്കുന്നു. പക്ഷേ അയാളെഴുതിയ കഥകള്‍ക്കറിയാം, എഴുത്തിന്റെ അന്തിമവിധി നിര്‍ണയിക്കപ്പെടുന്ന വിദൂരഭാവിയിലേക്കാണ് തങ്ങള്‍ ആട്ടിപ്പായിക്കപ്പെടുന്നതെന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here