ഇന്ത്യയിലെ ഏറ്റവും വലിയ സര്‍വകലാശാല. ഉന്നതപഠനത്തിന്റെ സ്വപ്നങ്ങളും പേറി രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ചേക്കേറുന്ന വിദ്യാര്‍ഥികള്‍ വന്നുചേരുന്ന ഒരിടം. ഇന്ത്യയുടെ രാഷ്ട്രീയ-കലാ-കായിക-സാംസ്‌കാരിക രംഗത്തേക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ, നല്കിക്കൊണ്ടിരിയ്ക്കുന്ന സര്‍വകലാശാല. ഡല്‍ഹി കേന്ദ്ര സര്‍വകലാശാലയ്ക്ക് വിശേഷണങ്ങള്‍ അങ്ങനെ അനവധിയാണ്.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയ്ക്ക് കീഴിലുള്ള ഹിന്ദു കോളേജിലെ ഒന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥി അന്നയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്തിരിക്കയാണ് സഹപാഠികളും സുഹൃത്തുക്കളും മറ്റുള്ളവരും.
കുറച്ച് മാസങ്ങളായി സര്‍വകലാശാലയില്‍ നടന്നു കൊണ്ടിരിയ്ക്കുന്ന ഹോസ്റ്റല്‍ കര്‍ഫ്യുവിനെതിരെയുള്ള സമരങ്ങളുടെ ഭാഗമായി തന്നെ വേണം അന്നയുടെ ഈ പോസ്റ്റും വായിക്കുവാന്‍.
പത്തു മണിയ്ക്ക് ശേഷം പുറത്തിറക്കാതിരിയ്ക്കാന്‍ ‘ഞാനൊരു പെണ്ണാണ്’ എന്നതിലപ്പുറം എന്ത് കാരണമാണ് നിങ്ങള്‍ക്ക് തരാനുള്ളത് എന്നാണ് അന്ന ചോദിക്കുന്നത്. അതിനൊരു ഉത്തരവും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ സാധ്യതയില്ല. സ്ത്രീ സ്വാന്ത്ര്യവും തുല്യതയുമെല്ലാം പാഠപുസ്തകങ്ങളില്‍ മാത്രം ഒതുക്കേണ്ടതാണെന്ന ബോധ്യങ്ങള്‍ക്കാണ് വിലങ്ങുവീഴേണ്ടത്.
അന്നയുടെ പോസ്റ്റ്
പത്തുമണി കഴിഞ്ഞു. അനുവദിച്ചു കിട്ടിയിട്ടുള്ള സ്വാതന്ത്ര്യത്തിന്റെ അതിരു കടന്നുപോയിരിക്കുന്നു.. ഹോസ്റ്റലിൽ ഇരിപ്പാണിപ്പോ. കെട്ടിടത്തിന്റെ പ്രധാനവാതിൽ (എനിക്കറിയാവുന്ന ഒരേയൊരു വാതിൽ) അകത്തു നിന്നും പൂട്ടിയിട്ടുണ്ട്. പുറത്തു നിന്നും താഴിട്ടു പൂട്ടിയിട്ടുണ്ടാകണം. അവിടെ ഒരു ചേട്ടൻ കാവൽ ഇരിപ്പുണ്ട്. കൂർത്ത പച്ച കമ്പികൾ പൊന്തി നിൽക്കുന്ന രണ്ട് ഗേറ്റുകളുണ്ട്. രണ്ടും താഴിട്ടു പൂട്ടി. ഭദ്രം.! എനിക്ക് പുറത്തു പോകാൻ തോന്നുന്നു. ഒരു കാരണവും ഇല്ല. എനിക്കു പോകണം. അത്ര തന്നെ. ബാൽക്കണിയിൽ ഇരിക്കുമ്പോ പുറത്ത് ബോയ്സ് ഹോസ്റ്റലിലെ കുട്ടികൾ നടക്കുന്നത് കാണാം. ഹോസ്റ്റലിലേക്കും തിരിച്ചു പുറത്തേക്കും പോകുന്നവർ.
എന്തൊക്കെയോ കുറെ വണ്ടികളുടെ ശബ്ദം കേൾക്കാൻ ഉണ്ട്. കുറേ പട്ടികൾ ഓടി നടക്കുന്നത് കാണാം. ഇടക്കു കുരച്ചു ബഹളമുണ്ടാക്കുന്നു. രാത്രികൾ അവരുടേതുമാണല്ലോ..! പക്ഷെ രാത്രികൾ എന്റേത് കൂടെയല്ലേ. എനിക്ക് പുറത്തു പോകണം. ദേ ഇപ്പൊ. പുറത്തെ ബെഞ്ചിലിരിക്കണം.. ഞാൻ കേൾക്കുന്ന ശബദ്ങ്ങൾ എന്തൊക്കെയെന്ന് നേരിൽ കാണണം.
ആർട്സ് ഫാക്കൽറ്റിയിലേക്കു നടക്കണം. അവിടെ മഞ്ഞ വെളിച്ചത്തിൽ ഇരിക്കണം. എന്താ, പാടില്ല എന്നുണ്ടോ? പത്തുമണിക്ക് ശേഷമുള്ള ഡൽഹി ഞാനിതുവരെ കണ്ടിട്ടില്ല. കാണണം എന്നാഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ?
പെണ്ണാണ് എന്നതിനപ്പുറം ഈ ഹോസ്റ്റലിൽ എന്നെ പൂട്ടിയിട്ടതിനു മറ്റെന്തെതെങ്കിലും കാരണമുണ്ടോ?! രാത്രി ഉറങ്ങാനുള്ളത് മാത്രമല്ലല്ലോ. ഉണർന്നിരിക്കാനുള്ളതുകൂടെയല്ലെ?
രാത്രിയിലെ തെരുവുകൾ എനിക്ക് നടക്കാനുള്ളത് കൂടെയല്ലേ. രാത്രിയിലെ ആകാശം എന്റേതുകൂടെയല്ലേ. പൂട്ടിയിട്ട ഓരോ പെണ്ണിന്റേതുകൂടെയല്ലേ ചങ്ങാതി.