വിരൽനഖനാഗമിഴയും ഊടുവഴികളിൽ – ഭാഗം ഒൻപത്
അനിലേഷ് അനുരാഗ്
നീട്ടിവരച്ച നേർരേഖയിലെ പ്രതീക്ഷിത സമവാക്യങ്ങളിലൂടെയാണ് മനുഷ്യൻ്റേതെന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലാത്ത ലൈംഗീകതയുടെ പ്രവർത്തനങ്ങളുണ്ടാകുന്നത്. പൂർണ്ണമായും തന്നെ ജൈവികചോദനകളാൽ നയിക്കപ്പെടുന്നതിനാൽ ലൈംഗീകതയെ ഒരു പെരുമാറ്റമായി (Behaviour) നമുക്ക് വായിച്ചെടുക്കാവുന്നതാണ്. മനുഷ്യനെത്തന്നെ പെരുമാറ്റങ്ങളുടെ വലിയൊരു സംഘാതമായാണ് ചില മന:ശ്ശാസ്ത്രമേഖലകൾ ഇപ്പോൾ മനസ്സിലാക്കുന്നത്. പെരുമാറ്റ വിശ്ലേഷണ രീതിശാസ്ത്രത്തിലുള്ള (Behavioural Analysis) ഒരു സാംസ്കാരിക വിശകലനത്തിൽ എണ്ണിത്തിട്ടപ്പെടുത്താനാകുന്ന പെരുമാറ്റങ്ങളുടെ തനിയാവർത്തനങ്ങൾ നിരീക്ഷിക്കാൻ കഴിയുമെങ്കിലും, രതിഭാവങ്ങൾ ലൈംഗീകതയുടെ സാർവ്വലൗകീകതയെ അതിലംഘിയ്ക്കുന്നതായി കാണാൻ കഴിയും. ലളിതമായി പറഞ്ഞാൽ, എല്ലാ കാലത്തേക്കുമുള്ള ഒരേ പെരുമാറ്റ രീതികൾ രതിയിൽ കണ്ടെത്താൻ സാധിക്കില്ല . അടിസ്ഥാന കാര്യങ്ങളിൽ അനവധി സാമ്യങ്ങൾ കാണപ്പെടുമെങ്കിലും, രതിയുടെ വിശദാംശങ്ങളിൽ – ഉണർവ്വിൻ്റെ ഉടൽ കേന്ദ്രങ്ങൾ, അവയുടെ നേരെയുള്ള സമീപന രീതികൾ, സ്പർശനമുദ്രകൾ, ചുറ്റുപാടുകൾ, ഭാവങ്ങൾ – കാലാനുസൃതമായ മാറ്റങ്ങളും, അനന്യതയും ദർശിക്കാൻ കഴിയും.
മലയാളി രതിയുടെ ഏറ്റവും ജനപ്രിയമായ ആവിഷ്കാര മാധ്യമം എന്ന നിലയിൽ സിനിമാ ഗാനങ്ങളെ സമീപിക്കുമ്പോൾ മേല്പറഞ്ഞ കാര്യങ്ങളിലൊക്കെ കൗതുകകരമായ വ്യത്യാസങ്ങൾ നമുക്ക് നിരീക്ഷിക്കാൻ കഴിഞ്ഞേക്കും. രതിഭാവനയുടെ പ്രസരവും, ചിലപ്പോൾ അതിപ്രസരവുമുണ്ടായിരുന്ന എഴുപത് – എൺപതുകളിലെ രതിഗാനങ്ങളെ ശ്രദ്ധിച്ചാൽ കാണുന്ന ഒരു രസകരമായ കാര്യം അവയിൽ ആവർത്തിച്ച് പ്രതിപാദിക്കപ്പെട്ടിരുന്ന സ്ത്രീകളുടെ ‘നിതംബം’ എന്ന ബിംബമാണ്. കാമം കത്തി നില്ക്കുന്ന കണ്ണുകളും, അരയന്നക്കഴുത്തുകളും, ആലില വയറുകളും, കൂമ്പിയ പോർമുലകളും എക്കാലത്തുമെന്നതു പോലെ അക്കാലത്തും പാട്ടുകളിൽ യഥേഷ്ടം ഉപയോഗിക്കപ്പെട്ടിരുന്നുവെങ്കിലും, ആ പത്തിരുപതു വർഷങ്ങളിൽ മാത്രമാണ് സ്ത്രീകളുടെ പിൻഭാഗമെന്ന നിതംബം സിനിമാപ്പാട്ടുകളിൽ ഇത്രയേറെ വിന്യസിക്കപ്പെട്ടിരുന്നതെന്ന് കാണാൻ കഴിയും:
“നക്ഷത്ര ചൂഡാമണികൾ ചാർത്തിയ
നർത്തകീ യക്ഷ നർത്തകീ
സ്വപ്നങ്ങൾക്ക് സുഗന്ധം നിന്റെ
സ്വരങ്ങൾക്കു സൗന്ദര്യം
……………………………….
നീലമേഘ പുരികുഴലാലേ
നിതംബ പാർശ്വം മൂടി
ചഞ്ചല പദ നഖ ചന്ദ്രക്കലകൾ
സഞ്ചാര വീഥിയിൽ കൊളുത്തി…”
“ലഹരീ മദലഹരീ
ജീവിതമദിരോത്സവ മദലഹരി ഓ…
ലഹരീ മദലഹരീ
ജീവിതമദിരോത്സവ മദലഹരി ഓ…
മുഖമോ ചന്ദ്രബിംബം
കഥപറയും എൻ നിതംബം…”
“അരികിൽ അമൃത കുംഭം
അചുംബിതമെൻ നിതംബം
അതിലും മധുരം അധരം
അതിഥീ എന്നെ പുണരൂ
പുണരൂ..ഹാ..”
“കായല്‍ നാഭി ചുഴിയതിൽ ചന്ദനം..
കുതിർത്തിയൊഴിപ്പൂ ചന്ദ്രനന്ദനം
ഡാർലിംഗ്.. മദനസ്മൃതിയായ്
സുഖത ശ്രുതിയായ്
കിനിയുമിതഹര ഹേമന്തമേ.:.
………………………………………………
നിതംബ മദനൃത്ത ചലനങ്ങളിൽ
സുരത സംഗീത പുളിനങ്ങളിൽ..
നയനം തറച്ചു നിൽക്കും നിറഞ്ഞ പൗരുഷമേ.. പുണരൂ…”
കലയും, സാഹിത്യവും ഒരു കാലഘട്ടത്തിൻ്റെ സാംസ്കാരിക സവിശേഷതകളെ പ്രതിഫലിപ്പിക്കുകയോ, ചിലപ്പോൾ ഒരു സമൂഹത്തിന് അതുവരെ അപരിചിതമായിരുന്ന ഭാവുകത്വത്തെ രൂപപ്പെടുത്തുകയോ ചെയ്യാം എന്ന സാഹിത്യധാരണയെ പിൻപറ്റിയാൽ, എഴുപത് – എൺപതുകളിലെ സിനിമാഗാനങ്ങളിലെ ഒഴിയാബാധയായിരുന്ന നിതംബ ബിംബത്തിൻ്റെ കൂറ് സാർവ്വലൗകീക ലൈംഗീകതയോടുള്ളതിനേക്കാൾ കൂടുതൽ രതിയോടും, അതിൻ്റെ രചയിതാക്കളോടുമാണെന്ന് പറയാം.
പുരുഷാധിപത്യമുള്ള ഒരു സംസ്കാരത്തിലെ കലയും, സാഹിത്യവുമുൾപ്പെടെ എല്ലാ ആവിഷ്കാരങ്ങളും പുരുഷകേന്ദ്രീകൃതമാകുന്നതിൽ അത്ഭുതങ്ങളൊന്നുമില്ല. ഇക്കാരണം കൊണ്ടുതന്നെ മലയാള സിനിമാ ഗാനശാഖയിലെ വാങ്മയങ്ങൾ പ്രകടിപ്പിച്ച രതിഭാവനകൾ പുരുഷൻ സ്ത്രീയെ നോക്കിയ നോട്ടത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു.’സൗന്ദര്യം ധൈര്യത്തെ വരിക്കുന്നു’ എന്ന ആപ്തവാക്യത്തെ അനുസ്മരിപ്പിക്കും വിധം വശ്യമനോഹരിയായ നായികയ്ക്ക് ധീരോദാത്തത നിറഞ്ഞുകവിഞ്ഞ പുരുഷനെയാണ് അത്തരം വരികളെല്ലാം ചിത്രീകരിച്ചിരുന്നത്. ദുഷ്യന്തനും, സ്വർഗ്ഗഗായകനും, ഗന്ധർവ്വനും, അർജ്ജുനനുമായി വേഷപ്പകർച്ചകളെടുക്കുന്ന നായക ബിംബം ഒരേ സമയം വീര്യവും, ദയവും ഒന്നിച്ചുചേർന്ന അസാധ്യപൗരുഷമായിരുന്നു:
“നളചരിതത്തിലെ നായകനോ
നന്ദനവനത്തിലെ ഗായകനോ
അഞ്ചിതള്‍ പൂക്കള്‍ കൊണ്ടമ്പുകള്‍ തീര്‍ത്തവന്‍
ആവനാഴി നിറയ്ക്കുന്ന കാമദേവനോ
……
ജാനകീപരിണയപ്പന്തലിലെ സ്വര്‍ണ്ണ
ചാപം മുറിച്ചൊരു ശ്രീരാമനോ
ചിത്രാംഗദനെന്ന ഗന്ധര്‍വ്വനോ
യുദ്ധപര്‍വ്വത്തിലെ ധനഞ്ജയനോ
അനിരുദ്ധനോ അവന്‍ അഭിമന്യുവോ എന്റെ അഭിനിവേശങ്ങളെ
വിരല്‍ തൊട്ടുണര്‍ത്തിയ
കാമുകനോ – കാമുകനോ
…….
അങ്കണപൂമുഖക്കളരികളില്‍ പൂഴി-
യങ്കം പയറ്റിയ ചേകവനോ
കച്ചകള്‍ മുറുക്കിയ കോമപ്പനോ
തച്ചോളിവീട്ടിലെ ഉദയനനോ
രണവീരനോ അവന്‍ യുവധീരനോ എന്റെ രഹസ്യമോഹങ്ങളെ കുളിര്‍കൊണ്ടു മൂടിയ
കാമുകനോ – കാമുകനോ”
പ്രണയപാരമ്യത്തിലെ ഈയൊരു മോഹക്കാഴ്ചയിൽ നിന്ന് പുരുഷൻ്റെ വടിവൊത്ത ഉടലിലേക്ക് വന്നിറങ്ങുന്ന സൂക്ഷ്മനോട്ടങ്ങളും മലയാളഗാനങ്ങളിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്:
“മുല്ലപ്പൂബാണനെപോല്‍ മെയ്യഴകുള്ളോരെന്‍
കല്യാണ മുറച്ചെറുക്കന്‍ അവിടെയല്ലോ
കണ്ടാലോ സുന്ദരന്‍ എന്റെ മാരന്‍
കരവാളെടുത്താലും കരളലിവുള്ളവന്‍..”
“കാരിരുളൊത്ത മുടിയഴകും
കാരിരുമ്പോടൊത്ത കൈക്കരുത്തും
ശംഖു കടഞ്ഞ കഴുത്തഴവും
മാറത്തു മാമ്പുള്ളിപ്പോർച്ചുണങ്ങും
……………………………………………
നാഗത്തളയിട്ട കാൽവടിവും
ചൊവ്വൊത്ത ചേകോന്റെ മെയ്യഴകും
പടകാളിമുറ്റം നിറഞ്ഞുനിൽക്കും
അങ്കക്കലയുള്ള വീരനാരോ”
“കാറ്റുചിക്കിച്ചൂരുണക്കും
കഞ്ചാപ്പാടത്തിനപ്പുറത്തെ
ചൂഴംപാലപ്പൂത്തണലിൽ
ചൂടും കാഞ്ഞു കിടന്നവനെ
കണ്ടോ കാരിരുമ്പിന്റെ തുണ്ടോടൊത്തവനെ
ഒണ്ടോ പാൽച്ചുണങ്ങിൻ
ചിത്തിരം കൊത്തിയ മുത്തണിപ്പാടു നെഞ്ചിൽ…”
ഇതൊക്കെയാണെങ്കിലും കൂടുതൽ സൂക്ഷ്മവും, വിമർശനാത്മകവുമായ ഒരു വിശകലനത്തിൽ, നായിക സ്വപ്നം കാണുന്ന ഈ ധീരോദാത്ത പുരുഷ ബിംബങ്ങൾ തന്നെ സ്ത്രീയിലുടെ സംസാരിക്കുന്ന പ്രച്ഛന്നജിഹ്വാധാരിയായ പുരുഷൻ തന്നെയാണെന്ന് കാണാൻ കഴിയും. ചുരുക്കിപ്പറഞ്ഞാൽ, സ്ത്രീയുടേതെന്ന പേരിൽ പ്രചരിക്കപ്പെട്ട പുരുഷബിംബങ്ങളെല്ലാം തന്നെ പുരുഷ കല്പിത വാങ്മയങ്ങൾ മാത്രമാണ്. പക്ഷെ, ആ സമയത്തു തന്നെ സ്ത്രീയുടെ അഭിനിവേശത്തിൻ്റെ പരിപ്രേക്ഷ്യത്തിലും ചില ഗാനങ്ങളുണ്ടാകാതിരുന്നില്ല. അത്യപൂർവ്വങ്ങളെങ്കിലും പുരുഷധാരണകളെയും, ലൈംഗീകതയിലൂന്നി പുരുഷൻ പടച്ചുണ്ടാക്കിയ പ്രമുഖ്യത്തെയും അടിമുടി തകർത്ത് തരിപ്പണമാക്കിയ ഗാനങ്ങളും അന്നുണ്ടായിരുന്നു എന്നത് ഇന്നുമൊത്ഭുതമാണ്. സ്ത്രൈണോർജ്ജത്തിനു മുന്നിൽ നിസ്സാരവൽകൃതമാകുന്ന പുരുഷ ലൈംഗീകതയെ നിശിതമായി അപഹസിക്കുന്ന ‘അധരങ്ങൾ വിതുമ്പുന്നു’ എന്ന സിനിമയിലെ പാട്ടിൻ്റെ വരികൾ പുരുഷൻ്റെ കൂട്ടിനെ പോലും തിരസ്കരിക്കുന്ന റാഡികൽ ഫെമിനിസ്റ്റുകളുടെ (Radical Feminists) വാദങ്ങളെയാണ് പ്രതിധ്വനിപ്പിക്കുന്നതെന്ന് ഇന്ന് വാദിക്കാൻ കഴിയും:
“ഞാന്‍ നടന്നാല്‍ തുളുമ്പും നിതംബം
എന്റെ മാറില്‍ തുടിക്കും തേന്‍കുടം
ഈ നഗ്നനാഭിതന്‍ സ്ത്രൈണഭംഗിയില്‍
കാമമുണരും നിങ്ങളില്‍
വൺ ഇൻ വൺ ത്രീ മിനിറ്റ്സ്
തീര്‍ന്നു പുരുഷ പൗരുഷം
ഞാന്‍ നടന്നാല്‍ തുളുമ്പും നിതംബം
………………………………………………..
വീരനായാലും, എത്ര ധീരനായാലും
ചന്ദ്രലോകം കീഴടക്കും പുരുഷനായാലും
രതിലീലയിലൊരു പെണ്ണിന്‍ മുന്നില്‍
തൊട്ടാല്‍ വാടിയാണവന്‍
വൺ ഇൻ വൺ ത്രീ മിനിറ്റ്സ്
തീര്‍ന്നു പുരുഷ പൗരുഷം
………………………………………..
അറുപത്തിനാലു കലകള്‍
അഭ്യസിച്ചവളാണു ഞാന്‍
എന്നിലുണരും കാമദാഹം തീര്‍ക്കുവാനാരുണ്ടിവിടെ
കണ്ടാല്‍ പൗരുഷം
കൈക്കൊണ്ടാല്‍ നീരസം
വൺ ഇൻ വൺ ത്രീ മിനിറ്റ്സ്”
ഈ ലേഖനത്തിൻ്റെ ഒന്നാം ഭാഗത്തിൽ വിവരിച്ച, പ്രലോഭിപ്പിക്കുകയും, വശീകരിക്കുകയും ചെയ്യുന്ന ഉടൽ വിവരണങ്ങളെ മാറ്റി നിർത്തിയാൽ മലയാള സിനിമാ ഗാന ശാഖയിലെ പ്രകടമായ രത്യനുഭൂതിവർണ്ണന സമാഗമത്തോടെ സമാപിക്കുന്ന മോഹം, ഒരുക്കം, സംഗമം, സായൂജ്യം എന്നീ ഘട്ടങ്ങളെക്കുറിച്ചുള്ളതാണെന്ന് നിരീക്ഷിക്കാൻ കഴിഞ്ഞേക്കും. ആഗ്രഹത്തിൻ്റെ തീക്ഷ്ണരൂപമായ മോഹത്തിൻ്റെ ജ്വലനമാണ് ഭാവസാന്ദ്രമായ നിരവധി സിനിമാഗാനങ്ങളിൽ നമുക്ക് കാണാനാവുക:
“മോഹം കൊണ്ടു ഞാൻ
ദൂരെയേതോ ഈണം പൂത്ത നാൾ
മധു തേടിപ്പോയി….
……………………………………
കണ്ണിൽ കത്തും ദാഹം
ഭാവജാലം പീലി നീർത്തി
വർണ്ണങ്ങളാൽ മേലെ
കതിർമാല കൈകൾ നീട്ടി… ”
“മേഘം പൂത്തു തുടങ്ങീ
മോഹം പെയ്തു തുടങ്ങീ
മേദിനി കേട്ടു നെഞ്ചിൽ
പുതിയൊരു താളം
……………………………………….
പരിരംഭണത്തിന്റെ രതിഭാവമെന്നും
പകരുമീ സാഗരത്തിൻ ഗാനം
നിത്യഗാനം മർത്യദാഹം.”
“….ഇമകളിൽ മിഴികളിൽ
പുതിയൊരു സ്വപ്നം പൂവിട്ടുണരേണം…
നിനവിൽ കനിവിൽ മോഹം എന്നും കനിയായ്ത്തീരേണം….”
“മകരമാസ കുളിരില്‍ അവളുടെ
നിറഞ്ഞ മാറിന്‍ ചൂടില്‍
മയങ്ങുവാനൊരു മോഹം മാത്രം
ഉണര്‍ന്നിരിക്കുന്നു…”
”മനസ്സിന്റെ മോഹം മലരായ് പൂത്തു
സ്വപ്‌നമദാലസ നിമിഷങ്ങൾ
വാടരുതീ മധു നിറയും പൂക്കൾ
പ്രേമനിർഭര ഹൃദയങ്ങൾ…”
“ആഷാഢമാസം ആത്മാവിൽ മോഹം
അനുരാഗമധുരമാമന്തരീക്ഷം
വിധുരയാം രാധയെപ്പോലെനിക്കെന്നിട്ടും
വിലപിക്കാൻ മാത്രമാണു യോഗം
………………………………………………..
മന്ദസ്മിതത്തിനുള്ളിൽ നീയൊളിപ്പിച്ച
മൗനനൊമ്പരം ഞാൻ വായിച്ചു
മറക്കുക മനസ്സിൽ പുതിയ വികാരത്തിൻ
മദനപല്ലവികൾ നീ എഴുതിവെയ്ക്കൂ”
“ആവണിത്തെന്നലിൻ ആടുമൂഞ്ഞാലിൽ
അക്കരെ ഇക്കരെ എത്ര മോഹങ്ങൾ
കൈനീട്ടി പൂവണിക്കൊമ്പിൻ തുഞ്ചമാട്ടി
വർണ്ണവും ഗന്ധവും അലിയും തേനരുവിയിൽ
ആനന്ദം ഉന്മാദം……..”
ശമിക്കാത്ത ദാഹമായി മാറുന്ന ഈ തീവ്രമോഹത്തിൻ്റെ തന്നെ നേർപ്പിച്ചെടുത്ത ആവിഷ്കാരമാണ് കാത്തിരിപ്പിൻ്റെ വിവാഹപൂർവ്വ (സപ്ത)ദിനങ്ങളെ കല്പനകൊണ്ട് നിറയ്ക്കുന്ന പെൺകുട്ടികൾ പാടുന്നത്:
“ഏഴുസുന്ദര രാത്രികൾ
ഏകാന്തസുന്ദര രാത്രികൾ
വികാരതരളിത ഗാത്രികൾ
വിവാഹപൂർവ്വ രാത്രികൾ…”
വിവാഹപൂർവ്വമോ, വിവാഹേതരമോ ആയ രതിബന്ധങ്ങൾക്ക് നിയമപരമായും, സാമൂഹികമായും, സാംസ്കാരികമായും കടുത്ത നിരോധനമുണ്ടായിരുന്ന കാലത്തെ മലയാളി മനസ്സിൻ്റെ ലൈംഗീക / രതി ഭാവനകൾ സാമൂഹ്യാംഗീകാരമുള്ള വിവാഹവുമായി കെട്ടിപ്പിണഞ്ഞു കിടക്കുന്നതിൽ അത്ഭുതമില്ലല്ലോ. കാലം മാറിയിട്ടും പഴയ തലമുറയിൽ മാറ്റമില്ലാതെ തുടരുന്ന ഈയൊരു ഒഴിയാബാധയുടെ പ്രതിഫലനങ്ങളാണ് ‘ ആദ്യരാത്രി’ എന്ന തമാശയില്ലാത്ത തമാശയായി ഇന്നും സ്കിറ്റുകളിലും, മിമിക്സ് പ്രോഗ്രാമുകളിലും വിലസുന്നത്. ‘ആദ്യരാത്രി’ യും, മധുവിധുവും പാടിയനുഭവിക്കുന്ന നൂറുകണക്കിന് പാട്ടുകൾ ഇന്നും മലയാളഗാനശാഖയിൽ നമുക്ക് കണ്ടെത്താൻ കഴിയും:
“സ്വയംവരത്തിരുനാൾ രാത്രി
ഇന്നു സ്വർഗ്ഗം തുറക്കുന്ന രാത്രി…
മംഗളം വിളയും ശൃംഗാരരാത്രിയിൽ
മണവാളനെന്താണു സമ്മാനം
……………………………………………..
നിന്നിലെ നീയിന്നെന്നിലെ എന്നിലൊരു
മുന്തിരിവള്ളിയായ് പടർന്നു കേറൂ
ഒരു പുതിയവികാരത്തെ പുണർന്നുറങ്ങൂ..”
“രോമാഞ്ചമുണരുന്ന രാത്രി
ഹേമാംഗം തുടിക്കുന്ന രാത്രി
പ്രേമാമൃതം കൊണ്ട് മനസ്സു മനസ്സിനെ
പരിരംഭണം ചെയ്യുന്ന രാത്രി -ആദ്യരാത്രി
………………………………………..
കടിഞ്ഞൂൽ ചുംബനത്തിൽ വിടരും ചുണ്ടുകൾ
കരിമ്പുനീർ വർഷിക്കും രാത്രി
അറുപത്തിനാലു കലകളുമരങ്ങേറും
അനംഗകേളികൾ നിറഞ്ഞ രാത്രി -ആദ്യരാത്രി….”
“മനസ്സ് മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ
മന്ത്രിയ്ക്കും മധുവിധുരാത്രി -മന്ത്രിയ്ക്കും മധുവിധുരാത്രി
നഖമുള്ള നമ്മുടെ രാഗവികാരങ്ങൾ നീഹാരമണിയുന്ന രാത്രി….”
രതി സമാഗമത്തിൻ്റെ രണ്ടാമത്തെ ഘട്ടമായ ‘ഒരുക്ക’ത്തിന് മറ്റു ഘട്ടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ദൈർഘ്യവും, പ്രാധാന്യവും കുറവാണെങ്കിലും (സ്വയം) ഒരുങ്ങാനും, (മറ്റൊരാളെ) ഒരുക്കാനുമുള്ള ഭംഗ്യന്തരേണയുള്ള ആഹ്വാനത്തിൻ്റെ വരികൾ മലയാള ഗാനങ്ങളിൽ ഒട്ടും കുറവല്ല:
“വരുമല്ലോ രാവില്‍ പ്രിയതമന്‍ – സഖി
വരുമല്ലോ രാവില്‍ പ്രിയതമന്‍
വരുമരികില്‍ ദാഹമായ് മനസ്സിന്റെ മധുരിത മണിയറ
മലരമ്പനെ മാടിവിളിയ്ക്കും…”
“ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
ചുംബനം കൊള്ളാനൊരുങ്ങീ…
അമ്പിളീ…………..
അമ്പിളി പൊന്നമ്പിളീ…..
ചുംബനം കൊള്ളാനൊരുങ്ങീ……”
“ചെങ്കദളീമലര്‍ ചുണ്ടിലിന്നാര്‍ക്കു നീ
കുങ്കുമരാഗം കരുതി വെച്ചൂ
തൊഴുതു മടങ്ങുമ്പോള്‍ കൂവള പൂമിഴി
മറ്റേതു ദേവനെ തേടി വന്നൂ
മാറണിക്കച്ച കവര്‍ന്നൂ
കാറ്റു നിന്നംഗപരാഗം നുകര്‍ന്നൂ ”
“ഒന്നിലൊന്നായ് ചേര്‍ന്നലിഞ്ഞു
മിഴിനിറഞ്ഞു തുഴതുഴഞ്ഞു വാ
മണ്ണിൽവീണ മിന്നെടുത്തു
മടിയിലിട്ടു മുടിയഴിച്ചു
മന്ത്രവാദസന്ധ്യയായി വാ
ദേവദാരുവില്‍ പടര്‍ന്നു പൂത്തിറങ്ങി വാ
ദേവതേ എനിക്കു നിന്‍റെ ദാഹവീണ താ
സുന്ദരം സുഖകരം..”
“വിടരും അധരം വിറകൊള്‍വതെന്തിനോ
തിളങ്ങും നയനം നനയുന്നതെന്തിനോ
അകലും ഉടലുകള്‍ അലിയും ഉയിരുകള്‍
അകലും ഉടലുകള്‍ അലിയും ഉയിരുകള്‍
നീണ്ടു നീണ്ടു പോകുമീ മൂകതയൊരു കവിതപോല്‍
വാചാലമറിവു ഞാന്‍… ”
‘ഒരുക്ക’ത്തെത്തുടർന്ന് ‘സമാഗമ’ത്തിലേക്കെത്തുന്നതിനു മുൻപായാണ് സംഗമത്തിൻ്റെ ആദ്യപടിയായ, പുറംനോട്ടത്തിൽ നിസ്സാരവും, എന്നാൽ അനുഭൂതികളിൽ അവിസ്മരണീയവുമായ വിരൽസ്പർശങ്ങളുണ്ടാകുന്നത്:
“വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ
കുളിര്‍മഞ്ഞില്‍ കുറുകുന്ന വെണ്‍പ്രാവേ
ഒന്നു കണ്ടോട്ടെ ഞാന്‍ മെയ്യില്‍ തൊട്ടോട്ടെ ഞാന്‍
നിനക്കെന്തഴകാണഴകേ
നിറവാര്‍ മഴവില്‍ ചിറകേ
നിനവില്‍ വിരിയും നിലവേ ”
“…നിൻ പൂവിരൽ തൊട്ടാൽ
പൊന്നാകും ഞാൻ
രോമഹർഷമാകും
മെയ്യിൽ പാരിജാതം പൂക്കും ”
“തൊട്ടുമീട്ടുവാനുള്ള തന്ത്രികൾ പൊട്ടുമെന്നപോലേ
തൊട്ടടുത്തുനീ നിന്നുവെങ്കിലും കൈതൊടാഞ്ഞതെന്തേ
ലാളനങ്ങളിൽ മൂളുവാൻ, കൈത്താളമിട്ടൊന്നു പാടുവാൻ
ലാളനങ്ങളിൽ മൂളുവാൻ, കൈത്താളമിട്ടൊന്നു പാടുവാൻ
എത്രവട്ടമെൻ കാൽചിലങ്കകൾ മെല്ലെ കൊഞ്ചിയെന്നോ…”
പതിയെപ്പതിയെ ഈ വിരൽസ്പർശങ്ങൾ രതിയിലേക്കുള്ള ദൂരം കുറയ്ക്കുന്ന ‘ഉരുമ്മലി’ലേക്ക് അടുക്കുന്നതും കാണാവുന്നതാണ്:
“….അന്തിമായും നേരത്ത് ആളൊഴിഞ്ഞൊരീ പാടത്ത്
ചേക്കേറാനിടം തിരഞ്ഞതിലെന്തു രഹസ്യം?
തമ്മിലുരുമ്മിയുരുമ്മിയിരുന്നാലോ
കൈമാറും തേന്‍ തരി വറ്റുകില്ലേ”
“ഇതളായ് വിരിഞ്ഞ പൂവു പോൽ ഹൃദയം കവർന്നു നീ
ഉരുമ്മി നിൽക്കുമുയിരേ
നീ എനിക്ക് മുകരാൻ മാത്രം… ”
ശരീരഭാഷയിലൂടെ രതിസന്ദേശങ്ങൾ പകരുന്ന ‘ഉരുമ്മലി’ൻ്റെ ഹിംസ കലർന്ന വകഭേദമായ, കാമുകിയുടെ ഉടലിൻ്റെ നിമ്നോന്നതങ്ങളിൽ നഖക്ഷതങ്ങൾ പതിക്കൽ, അപരപീഢയ്ക്കൊപ്പം ആത്മപീഢയും ഇടകലർന്ന (Sadomasochism) മോഹവൈചിത്ര്യമാണ്:
“മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി
നഖക്ഷതം കൊണ്ടുഞാന്‍ കവര്‍ന്നെടുത്തു
അധരം കൊണ്ടധരത്തില്‍ അമൃതു നിവേദിക്കും
അധരം കൊണ്ടധരത്തില്‍ അമൃതു നിവേദിക്കും
അസുലഭനിര്‍വൃതി അറിഞ്ഞൂ ഞാന്‍ –
അറിഞ്ഞൂ ഞാന്‍..”
“….കതിരുപോലുള്ള നിൻ താരുണ്യതിന്റെ കദളീമുകുളങ്ങളിൽ വിരൽനഖപ്പാടുകൾ
ഞാൻ തീർക്കും
ഈ മലരിൽ മലർപൂക്കും രാവിൽ
അപ്പോൾ മദനധനുസ്സുകൾ ഒടിയും
എന്നിൽ നീ നീലസർപ്പമായ് ഇഴയും
സർപ്പമായ് ഇഴയും…..
……………………………………..
കനകംപോലുള്ളൊരെൻ യൗവ്വനത്തിന്റെ
കളഭകലശങ്ങളിൽ അനുരാഗലഹരികൾ
നീ നിറയ്ക്കും
ഈ സിരകൾ സിരകളേ പൊതിയുമ്പോൾ അപ്പോൾ ശൃംഗാരകാവ്യങ്ങൾ എഴുതും
എന്നിൽ നീ ചൈത്രസുഗന്ധമായ് പടരും”
രതിസമാഗമങ്ങളിലെ മോഹശൈലങ്ങളിൽ കമിതാക്കൾ അറിഞ്ഞോ അറിയാതെയോ പരസ്പരമേല്പിക്കുന്ന നഖക്ഷതങ്ങൾ അവർ പിരിഞ്ഞുപോയാലും മറ്റാർക്കും വായിച്ചെടുക്കാൻ കഴിയാത്ത ഗൂഢലിഖിതങ്ങളായി നിലനില്ക്കും:
“….പിരിഞ്ഞുപോകും
നിനക്കിനിയിക്കഥ
മറക്കുവാനേ കഴിയൂ
നിറഞ്ഞമാറിലെ ആദ്യനഖക്ഷതം
മറയ്ക്കുവാനേ കഴിയൂ – കൂന്തലാല്‍
മറയ്ക്കുവാനേ കഴിയൂ…”
“സീമന്തിനീ…
സീമന്തിനീ നിന്റെ ചൊടികളിലാരുടെ
പ്രേമമൃദുസ്മേരത്തിൻ സിന്ദൂരം
ആരുടെ കൈനഖേന്ദു മരീചികളിൽ
കുളിച്ചാകെ തളിർത്തു നിൻ കൗമാരം..”
വിരൽത്തുമ്പിലൂടെ ഉടലിലേക്ക് പ്രവഹിക്കുന്ന ഈ രതിവൈദ്യുതി അവിടമാകെ പ്രകാശമാനമാക്കുന്നു. ആ കാന്തികാനുഭവം പടർത്തുന്ന കാട്ടുതീയാണ് പിന്നീട് ദേഹസംഗമത്തിൻ്റെ ഉന്മാദമാകുന്നത്. പറഞ്ഞിരുന്നാൽ ഒരായുസ്സ് കൊണ്ടുപോലും അവസാനിപ്പിക്കാനാകാത്തത്രയ്ക്ക് രൂപകങ്ങളും, വാങ്മയങ്ങളും കൊണ്ട് അതിസമ്പന്നമായ മലയാളഗാനശാഖയിൽ നിന്ന് സംഗമ വർണ്ണനയുടെ കുറച്ച് വരികൾ മാത്രം തിരഞ്ഞെടുക്കുന്നത് തികച്ചും അനുചിതമായ ഒരു പ്രവൃത്തിയാകും. എങ്കിലും, ലേഖനത്തിൻ്റെ വിസ്താരഭയം കൊണ്ട് മാത്രം ഞാൻ രതിനിർഭരതകൊണ്ട് മലയാള ഗാനശാഖയിൽ അനശ്വരപദവി നേടിയെടുത്ത കുറച്ചു വരികൾ മാത്രം ഇവിടെ എടുത്തെഴുതുകയാണ്:
“ആദ്യസമാഗമ ലജ്ജയിലാതിരാ
താരകം കണ്ണടയ്ക്കുമ്പോള്‍
കായലഴിച്ചിട്ട വാര്‍മുടിപ്പീലിയില്‍
സാഗരമുമ്മവെയ്ക്കുമ്പോള്‍
സംഗീതമായ് പ്രേമസംഗീതമായ് നിന്റെ
മോഹങ്ങള്‍ എന്നില്‍ നിറയ്ക്കൂ
…………………………………………………..
നഗ്നാംഗിയാകുമീയാമ്പല്‍ മലരിനെ
നാണത്തില്‍ പൊതിയും നിലാവും
ഉന്മാദനര്‍ത്തനമാടും നിഴലുകള്‍
തമ്മില്‍ പുണരുമീ രാവും
നിന്നെയുമെന്നെയും ഒന്നാക്കി മാറ്റുമ്പോള്‍
സ്വര്‍ല്ലോകമെന്തെന്നറിഞ്ഞു…”
“രതിലയം.. രതിലയം
ലയനസംഗീത താളം .. താളം
സിരകൾതോറും.. ആഹാ
പടരും ലഹരി.. ആഹാ
മൃദുലരാഗാർദ്ര ഭാവസംഗമ സായൂജ്യം”
“സംഗമം സംഗമം ത്രിവേണി സംഗമം
ശൃംഗാരപദമാടും യാമം – മദാലസയാമം
………………………………………………
ഇവിടെയോരോ മാംസപുഷ്പവും
ഇതളിട്ടുണരും രാവില്‍
നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാന്‍
ഉടയാടനെയ്യും നിലാവില്‍
നീയും ഞാനും നമ്മുടെ ദാഹവും
കൈമാറാത്ത രഹസ്യമുണ്ടോ…”
”ഇനിയും ഇതൾ ചൂടി ഉണരും
മധുരവികാരങ്ങൾ
എന്നിൽ മദഭരസ്വപ്നങ്ങൾ
………………………………………….
ഒരു പരിരംഭണ ലയലഹരി
ഒരു ജന്മത്തിൻ സുഖമാധുരി
ആ..ആ.ആ.
ഒരു പരിരംഭണ ലയലഹരി
ഒരു ജന്മത്തിൻ സുഖമാധുരി
അതിലലിയും നിൻ ജീവനിൽ ഞാനൊരു
കളമുരളീരവമാകും”
“തരള ഹൃദയ വികാരലോലൻ തെന്നലവളുടെ ചൊടി മുകർന്നു
തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..
തമ്മിൽ പുണർന്നു വീണു.
പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി…”
“നീലജലാശയത്തിൽ ഹംസങ്ങൾ നീരാടും പൂങ്കുളത്തിൽ..
നീർപ്പോളകളുടെ ലാളനമേറ്റൊരു നീലത്താമര വിരിഞ്ഞു…
നീലജലാശയത്തിൽ….
………………………………………..
നിമിഷം വാചാലമായി..
ജന്മങ്ങൾ സഫലങ്ങളായി…
നിന്നിലുമെന്നിലും
ഉൾപ്രേരണകൾ ഉത്സവമത്സരമാടി..
നിശയുടെ നീലിമ നമ്മുടെ മുന്നിൽ നീർത്തിയ കമ്പളമായി..
ആദ്യസമാഗമമായി…..”
“രാത്രി മുഴുവന്‍ മഴയായിരുന്നു
മനസ്സു നിറയെ കുളിരായിരുന്നു
മൗനമേ, മൗനമേ നിന്‍ മടിയില്‍ ഞങ്ങള്‍
മഞ്ഞുതുള്ളികളായിരുന്നു
…………………………………………..
മലയിലെങ്ങോ മയിലിനങ്ങള്‍
മദന ലീലയിലായിരുന്നു
നഖശിഖാന്തം ഞങ്ങള്‍ രണ്ടും
നിധികള്‍ പരതുകയായിരുന്നു
ലഹരി നുണയുകയായിരുന്നു.”
ഉടലിൽ ആരംഭിയ്ക്കുന്ന മായികസ്പർശങ്ങൾ ഉയിരിലെ അഗാധതകളിൽ ചെന്നലച്ച് അജ്ഞാതസായൂജ്യമായിത്തീരുന്നതാണ് ഈ രതിവർണ്ണനകളുടെ സമാപനരംഗമെങ്കിൽ ആ ആനന്ദാനുഭൂതിയുടെ അനന്യമുദ്ര ‘സ്വയം മറക്കുക’ എന്ന ആത്മവിസ്മൃതി തന്നെയത്രെ. എല്ലാ വ്യക്തി – സമൂഹ – സാംസ്കാരിക സ്വത്വബോധങ്ങളും അഴിഞ്ഞസ്തമിക്കുന്ന ഈ അപൂർവ്വാനുഭൂതിയെ മലയാളസിനിമാഗാനശാഖ ഏതു കവിതയോടും കിടപിടിക്കുന്ന സൂക്ഷ്മതയിൽ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് കാണാൻ കഴിയും:
“എന്നെയെനിക്കു
തിരിച്ചു കിട്ടാതെ ഞാൻ
ഏതോ ദിവാസ്വപ്നമായി
ബോധമബോധമായ് മാറും ലഹരി തൻ
ശ്വേതപരാഗമായ് മാറി
കാലം ഘനീഭൂതമായ് നിൽക്കുമക്കര-
കാണാക്കയങ്ങളിലൂടെ
എങ്ങോട്ടു പോയി ഞാൻ,
എൻ്റെ സ്മൃതികളേ
നിങ്ങൾ വരില്ലയോ കൂടെ”
“അസ്ഥികള്‍ക്കുള്ളിലൊരുന്മാദ വിസ്മൃതിതന്‍
അജ്ഞാതസൗരഭം പടര്‍ന്നുകേറി
അതുവരെ അറിയാത്ത പ്രാണഹര്‍ഷങ്ങളില്‍
അതുവരെ അറിയാത്ത പ്രാണഹര്‍ഷങ്ങളില്‍
അവളുടെ താരുണ്യമലിഞ്ഞിറങ്ങി…”
ഗാനങ്ങളിലെ രതിവിവരണങ്ങൾ ഒരിക്കലും അത്യപൂർവ്വമായ ഒരു പ്രതിഭാസമല്ല. മികച്ച ആസ്വാദകരുള്ള ഭാഷകളിലെ ഗാനങ്ങളിലെല്ലാം രതിഭാവനകളുടെ വാങ്മയസമൃദ്ധിയുണ്ടാകും. പക്ഷെ, ദേഹത്തിൻ്റെ ആഘോഷങ്ങളെ ആത്മാവിൻ്റെ ‘ദിവ്യത’യ്ക്ക് വേണ്ടി അടിച്ചമർത്തിയ ഒരു കാലഘട്ടത്തിലാണ് മലയാളത്തിൽ അവ രചിക്കപ്പെട്ടത് എന്നത് വളരെ പ്രസക്തമാണ്. സങ്കല്പകാമുകനും, അംഗുലീസ്പർശമില്ലാത്ത ദിവ്യപ്രണയങ്ങളും മാത്രം അരങ്ങുതകർത്ത ഒരു കാലം മലയാളക്കരയിലുണ്ടായിരുന്നു എന്നതിൻ്റെ തെളിവുകൾ അക്കാലത്തെ കവിതകളും, പാട്ടുകളും തന്നെയാണ്:
“അന്യോന്യദർശനമമ്മട്ടു ഞങ്ങൾക്കൊ-
രന്യൂന നിർവൃതിയേകിയിട്ടും
നിർണ്ണയമംഗുലീ സ്പർശനമെങ്കിലു-
മിന്നോളമുണ്ടായിട്ടില്ല തമ്മിൽ
പങ്കിലമാക്കുകില്ലാ രാഗരശ്മി ഞാൻ
സങ്കല്പരംഗത്തിൽ വച്ചുപോലും ”
(‘രമണൻ’)
“….നീലരാവിന്റെ മാളങ്ങളിൽ
യക്ഷിപ്പാലകൾ പൂമണം വീശുന്ന വേളയിൽ
സർപ്പങ്ങളെപ്പോലെ തങ്ങളിൽ തങ്ങളിൽ
കൊത്തിപ്പറിക്കും വികാരങ്ങളല്ല നാം
ഉള്ളിന്റെയുള്ളിൽ ഉരുത്തിരിഞ്ഞൂറും
നിർമ്മലമാം അനുരാഗങ്ങൾ…”
“പാപത്തിൻ കഥകൾ രചിച്ചൊരെൻ
കൈയാൽ നിൻ പൂമേനി തൊടുകയില്ലാ
അമ്പലപ്പൂപോൽ വിശുദ്ധമാം അധരം
ചുബിച്ചുലയ്‌ക്കുകില്ലാ – ഞാൻ
ചുബിച്ചുലയ്‌ക്കുകില്ല
ചൂടാത്ത കൃഷ്ണതുളസിയല്ലേ നീ -വാടിയ നിർമ്മാല്യം ഞാൻ…”
ഉടലിൻ്റ ഉന്മാദങ്ങളെ ഉയിരിൻ്റെ അമൂർത്തതയ്ക്ക് വേണ്ടി തിരസ്കരിച്ച ഒരു കാലത്തിൻ്റെ സംവേദകത്വത്തിനെ രതിയനുഭൂതികളുടെ തീഷ്ണരൂപകങ്ങൾ കൊണ്ട് ചെറുത്തുനിന്ന ആ ഗാനങ്ങളെ അല്പം കൃതജ്ഞതയോടു കൂടിയുമാണ് ഇന്ന് നാം ഓർമ്മിക്കേണ്ടതെന്നാണ് എനിക്ക് തോന്നുന്നത്.
[…] https://athmaonline.in/anilesh-anurag-article-9/ […]