അനീഷ് അഞ്ജലി
കഴിഞ്ഞ രണ്ടു വർഷം ഇന്ത്യയെ ലോകം കണ്ടത് ഡാനിഷ് സിദ്ധിഖിയുടെ കണ്ണിലൂടെയായിരുന്നു എന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. അതെ ആ കാഴ്ചകളുടെ മൂന്നാം കണ്ണ് നമുക്ക് നഷ്ടമായിരിക്കുന്നു.
ഡാനിഷ് , അയാളുടെ ഇന്നിംഗ്സ് തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ.
ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോ ഏജൻസിയായ റോയിട്ടേഴ്സിന്റെ ഫോട്ടോഗ്രാഫറായി 2010 ൽ ജോയിൻ ചെയ്യുമ്പോൾ അയാളുടെ ജാമിയ മില്ലയിലെ പഴയ സുഹൃത്തുക്കൾ അമ്പരന്നു. കാരണം ഡാനിഷ് ഒരു ഫോട്ടോ ജേർണലിസ്റ്റായി മാറുമെന്ന് അവരാരും കരുതിയിരുന്നേയില്ല.സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി ഏതൊരു ജേർണലിസ്റ്റിന്റേയും മോഹമായ വിഷ്വൽ മീഡിയയിൽ(ഹെഡ് ലൈൻസ് ടുഡേ) റിപ്പോർട്ടറായി ചേരുകയായിരുന്നു ഡാനിഷ്. ഡൽഹിയിൽ വാർത്തകൾക്കു പിറകേ പായുന്ന ദേശീയ മാധ്യമത്തിന്റെ മൈക്കുകൾ പിടിച്ചയാൾ ലൈവ് ചെയ്യുമ്പോഴും മറുകൈയിൽ ഒരു സ്റ്റിൽ ക്യാമറ കൊണ്ടു നടന്നിരുന്നു.
വിഷ്വൽ മീഡിയ ജീവിത കാലത്തിൽ നിന്നാവണം തന്റെ സന്തത സഹചാരിയായ ക്യാമറയ്ക്ക് മാത്രമേ സാധാരണ മനുഷ്യന്റെ വേദനയും പ്രതീക്ഷയും പകർത്താൻ കഴിയൂവെന്ന ഉറച്ച ബോധ്യം അയാളിൽ ഉണ്ടായത്. വാർത്തകളേക്കാൾ അവതാരകനും റിപ്പോർട്ടറും സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന ഒരു തരം സ്റ്റാർ സെലിബ്രറ്റി ഇമേജിൽ നിന്ന് ആ ചെറുപ്പക്കാരൻ ക്യാമറയുടെ പുറകിലേക്ക് സ്വയം വിട വാങ്ങുന്നു. പിന്നീടയാൾ പകർത്തിയതത്രയും ഇന്ത്യയിലേയും, നേപ്പാളിലേയും, ബർമ്മയിലേയും, അഫ്ഗാനിലേയും, മനുഷ്യരുടെ കഥകളായിരുന്നു.
1947 ൽ പാരീസിൽ സ്ഥാപിക്കപ്പെട്ട മാഗ്നം ഫോട്ടോ ഏജൻസിയുടെ സ്ഥാപകരിൽ ഒരാളായിരുന്ന റോബർട്ട് കാപ്പ എന്ന ഫോട്ടോഗ്രാഫർ സാഹസികമായി യുദ്ധഭൂമിയിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണ് പിന്നീടങ്ങോട് ഫോട്ടോ ജേർണലിസ്റ്റുകൾക്ക് അടിത്തറ പാകിയത്. 1954 ൽ വിയറ്റ്നാം യുദ്ധത്തിൽ കാപ്പ പകർത്തിയ വെടിയേറ്റ് വീഴുന്ന സൈനികന്റെ ചിത്രം പകർത്തി ദിവസങ്ങൾക്കുള്ളിൽ അതേ യുദ്ധമുഖത്ത് കുഴിബോംബ് പൊട്ടി കാപ്പയും മരണപ്പെടുകയുണ്ടായി. യുദ്ധങ്ങളുടെ നിലയ്ക്കാത്ത ചോരക്കാഴ്ചകൾ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളിലൂടെ പകർത്തിയ കാപ്പയുടെ ക്യാമറ നിശ്ചലമായത് തന്റെ നാൽപ്പതാം വയസ്സിൽ 1954 ലെ യുദ്ധമുഖത്തായിരുന്നു. ഏതാണ്ട് അതേ യാദൃശ്ചികതയാണ് മുപ്പത്തിയെട്ടാം വയസ്സിൽ കാണ്ഡഹാറിൽ താലിബാന്റെ വെടിയുണ്ടയേറ്റ് യുദ്ധമുഖത്ത് നിശ്ചലമായ ഡാനിഷ് സിദ്ധിഖിയുടെ മരണത്തിലും കാണാനാവുക.
മരണത്തിന് തൊട്ടു മുൻപവർ എടുത്ത ലാസ്റ്റ് ക്ലിക്കുപോലും ക്ലാസിക്ക് ഫ്രെയിം ആവുക. അത് ലോകത്തിന് മുന്നിലെത്തിച്ച് വിട പറയുക. ഹൊ , മരണമേ ,ഇത്രമേൽ കഠിന ഹൃദയമാവരുതേ…
ഡാനിഷ് അവസാനം പകർത്തിയ ഷെല്ലിന്റെ ലോഹക്കഷ്ണങ്ങൾ തുളഞ്ഞ് കയറിയ തന്റെ വാഹനത്തിന്റെ ചിത്രവും, കാപ്പയുടെ സൈനികന്റെ മരണവും , വിക്ടർ ജോർജിന്റെ വെണ്ണിയാനി ഉരുൾ പൊട്ടലിന്റെ അവസാന ക്ലിക്കുകളുമെല്ലാം അനശ്വരമായ ചിത്രങ്ങളുടെ ഷോക്കേസിൽ നമ്മെ നോക്കി വേദനിപ്പിക്കുന്നു.
11 വർഷത്തെ വാർത്താ ചിത്രങ്ങളുടെ ചെറു കാലയളവിൽ ഡാനിഷ് സിദ്ധിഖി പ്രതിഭ കൊണ്ട് ലോകത്തിലെ മിക്ക പ്രിന്റ് മീഡിയകളിലും പേജ് വണ്ണായി എത്തിച്ച ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോഴാണ് താൻ പകർത്തിയ മികച്ച ചിത്രങ്ങൾ തമ്മിലാണ് മത്സരിക്കുന്നതെന്ന് മനസ്സിലാവുക.
2018 ൽ പുലിസ്റ്റർ പുരസ്ക്കാരം നേടിയ റോഹിങ്ക്യൻ അഭയാർത്ഥികളുടെ ഫോട്ടോ സ്റ്റോറിയിലൂടെ ഡാനിഷ് വാർത്താ ചിത്രങ്ങളുടെ ഓസ്ക്കാർ എന്നറിയപ്പെടുന്ന പുരസ്കാരം ആദ്യമായി നേടുന്ന ഇന്ത്യക്കാരനായി. ഒരു പക്ഷേ അന്നു മുതലാണ് ചിത്രങ്ങൾക്കു പുറകിൽ ഡാനിഷ് സിദ്ധിഖി റോയിട്ടേർസ് എന്ന ബൈലൈൻ ശ്രദ്ധിക്കാൻ തുടങ്ങിയത്.
അതിനു മുൻപേ 2015 ൽ നേപ്പാളിലുണ്ടായ ഭൂകമ്പത്തിന്റെ ദൃശ്യങ്ങളിലൂടെ അന്താരാഷ്ട ശ്രദ്ധ അയാൾ നേടിയെടുത്തിരുന്നു. മഹാരാഷ്ട്രയിൽ ജലക്ഷാമം നേരിടുന്ന ഗ്രാമത്തിൽ ദൂരെ നിന്ന് വെള്ളം ചുമന്നുകൊണ്ടുവരാൻ ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്യുന്ന പുരുഷന്മാരുള്ള ഗ്രാമത്തിന്റെ കാഴ്ചകൾ പകർത്തിയ “വാട്ടർ വൈവ്സ്” എന്ന ഫോട്ടോ ഫീച്ചറിൽ ഒരേ സമയം ഫോട്ടോഗ്രാഫറും, റിപ്പോർട്ടറും സമന്വയിച്ചതിന്റെ പൂർണ്ണത നിറഞ്ഞു നിന്നിരുന്നു. തന്റെ പഴയ കാല ന്യൂസ് റിപ്പോർട്ടർ ജീവിതം അയാളുടെ ചിത്രങ്ങൾക്ക് സാധാരണത്വത്തിന്റെ അസാധാരണത്വം നൽകി.
സിനിമാശാലകളിലെ സിനിമകളുടെ വെള്ളിവെളിച്ചത്തിന് പിന്നാമ്പുറത്തെ ജീവിക്കുന്ന സാധാരണ പ്രേക്ഷകരുടെ ആനന്ദങ്ങളും, നിരാശകളും, ആവേശങ്ങളും അയാൾ ചലിക്കാത്ത ചിത്രങ്ങളാക്കി പകർത്തിയതിന്റെ ഉദാഹരണങ്ങൾ അഫ്ഗാനിലെ സിനിമാശാലകളിലും , 25 വർഷമായി തുടർച്ചയായി ബോംബയിലെ മറാത്ത മന്ദിറിൽ പ്രദർശിപ്പിച്ചിരുന്ന ദിൽ വാലോ ദുൽഹാനിയാ ലേ ജായങ്കേ എന്ന ചലച്ചിത്രം 1995 ൽ ഇറങ്ങിയ അതേ ആവേശത്തിൽകാണുന്ന പ്രേക്ഷകരുടെ ചിത്രങ്ങൾ ഡാനിഷ് പകർത്തുമ്പോൾ അത് വാർത്താപ്രാധാന്യമുള്ള ഒരു ചരിത്രമാവുകയായിരുന്നു.
ഡാനിഷിന്റെ ചിത്രങ്ങൾക്കെല്ലാം വിവിധ വികാരങ്ങളുടെ കഥകളുണ്ടായിരുന്നു. അതേസമയം സമകാലിക ഇന്ത്യ കണ്ട ഏറ്റവും വലിയ പൊളിറ്റിക്കൽ ചിത്രങ്ങൾ ഡാനിഷിന്റെ ക്യാമറയാണ് ലോകത്തിന് കാണിച്ചു കൊടുത്തത്. ഇന്ത്യൻ ഭരണകൂടത്തിന് അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ ഉത്തരം പറയേണ്ട ചിത്രങ്ങൾ അയാൾ ക്ലിക്ക് ചെയ്തു കൊണ്ടേയിരുന്നു. ഇന്ത്യയെന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കിൽ പൗരന്റെ അവകാശങ്ങൾക്കുമേൽ നടപ്പിലാക്കാൻ ശ്രമിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളുടെ ശബ്ദിക്കുന്ന ഫോട്ടോകൾ അയാൾ നിരന്തരം പകർത്തി പോരാട്ടത്തിൽ നീതിയുടെ കാഴ്ചയായി ലോകത്തിന് മുന്നിൽ തുറന്ന് വെച്ചു. തന്റെ മാതൃവിദ്യാലയമായ ജാമിയാമില്ലയിൽ നടന്ന പ്രക്ഷോഭത്തിൽ പോലീസിനു മുന്നിൽ സമരക്കാർക്കു നേരെ വെടിയുതിർക്കുന്ന ഒരു ചെറുപ്പക്കാരന്റെ പക നിറഞ്ഞ ചിത്രം രാഷ്ട്രീയ മാനങ്ങൾ നിറഞ്ഞ വാർത്താ ചിത്രമായി ലോകമെമ്പാടും പ്രസിദ്ധീകരിക്കപ്പെട്ടു.
കഴിഞ്ഞ രണ്ടു വർഷക്കാലം രാജ്യ തലസ്ഥാനത്തെ എല്ലാ കാഴ്ചകളും രാവും പകലും ഡാനിഷിന്റെ ക്യാമറ പകർത്തി. കർഷക പ്രക്ഷോഭവും, ഒന്നാം കോവിഡിനെ തുടർന്ന് ഡൽഹിയിൽ നിന്ന് രാജ്യത്തിന്റെ ഗ്രാമങ്ങളിലേക്ക് നടന്നു നീങ്ങിയ അതിഥി തൊഴിലാളികളുടെ പാലായനചിത്രം സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യ പാലായനമായി നാം കണ്ടത് ഡാനിഷിന്റെ ക്യാമറക്കണ്ണിലൂടെയാണ്. നിശ്ചല ചിത്രത്തിൽ നിന്ന് മനുഷ്യർ കരയുന്നത് നിശ്ചയമായും അയാൾ നമുക്കും നാളേക്കും വേണ്ടി പകർത്തി.
രണ്ടാം കോവിഡിൽ ഡൽഹിയിൽ ജീവവായു നിശ്ചലമായി മനുഷ്യർ ഓക്സിജനുവേണ്ടി പരക്കം പായുന്നതും ഓക്സിജൻ സിലണ്ടറുകൾ ലഭ്യമാവാതെ മനുഷ്യർ വഴിയരികിലും വാഹനത്തിലും പിടഞ്ഞു വീണു മരിക്കുന്ന കാണാനാഗ്രഹിക്കാത്ത കാഴ്ചകൾ ഡാനിഷ് പകർത്തി ലോകത്തിനു മുന്നിൽ ഇന്ത്യയിലെ കോവിഡ് ഭീകരത വെളിപ്പെടുത്തി.
ആരോഗ്യ അടിയന്തരാവസ്ഥയിലാണ് രാജ്യമെന്ന് ഭരണകൂടത്തിന് സമ്മതിക്കേണ്ടി വന്നതിൽ ഡാനിഷിന്റെ ഫോട്ടോകൾക്കുള്ള പങ്ക് വലുതാണ്. ഒരു പക്ഷേ ഇന്ത്യ കണ്ട ഏറ്റവും വലിയ മരണ ദിനങ്ങൾ കടന്നു പോകുമ്പോൾ രാത്രിയിൽ എണ്ണിയാൽ തീരാത്തത്ര ചിതകൾ എരിയുന്ന ഒരൊറ്റ ഡ്രോൺ ചിത്രം മതി നാലു മാസങ്ങൾക്ക് മുൻപ് ഡൽഹി കടന്നുപോയ ഭീകരത വ്യക്തമാക്കാൻ .
ഒരു പക്ഷേ ഡാനിഷ് തന്റെ ഫോട്ടോഗ്രാഫി ജീവിതത്തിൽ പകർത്തിയ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ആ എരിയുന്ന ചിതകളുടെ ചിത്രം .
ഏതാണ്ട് സമാനമായ ഫ്രെയിം പിന്നീട് കാണേണ്ടി വന്നത് ഡാനിഷിന്റെ മൃതദേഹം ജാമിയ മില്ലയിൽ സംസ്ക്കരിക്കാൻ കൊണ്ടുവന്നപ്പോൾ പകർത്തിയ ഏരിയൽ ചിത്രമാണ്. ഡാനിഷിന്റെ വിയോഗം ഇന്ത്യൻ ഫോട്ടോ ജേർണലിസിത്തിന് ഉണ്ടാക്കിയ നഷ്ടം വലുതാണ്. കാരണം അയാൾ ക്യാമറ ലോഡ് ചെയ്തിട്ടേ ഉണ്ടായിരുന്നുള്ളൂ….
…