വിജയരാജമല്ലികയുടെ ‘ലിലിത്തിനു മരണമില്ല’ എന്ന ഏറ്റവും പുതിയ കവിതസമാഹാരത്തിന്റെ വായന.
അനസ്. എന്‍. എസ്.
ജീവിതം മനുഷ്യരില്‍ സംഭവിക്കുന്നത് ഏകരൂപത്തിലല്ല ഒരിക്കലും. ഹിംസയും നന്മയും നിരാശയും പ്രതീക്ഷയും സന്തോഷവും രതിശൂന്യതയും മാറിമാറി ഓരോ മനുഷ്യരിലും പലപല അനുപാതങ്ങളില്‍ സംഭവിക്കുന്നു. എത്ര ചിട്ടയുള്ള മനുഷ്യന്റെ രണ്ടു ദിവസങ്ങള്‍ പോലും ഒരുപോലെയാകാതെ വ്യത്യസ്തത ഒരു നിത്യസത്യമായി ഈ പ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. നിത്യവും പ്രപഞ്ചികവും ആയി സകലമനുഷ്യരെയും ഒരു പരമ്പരാഗത ചട്ടക്കൂടില്‍ ഒതുക്കുന്നത് അതിനാല്‍ തന്നെ മനുഷ്യവിരുദ്ധമാണ്. ആ മനുഷ്യവിരുദ്ധതയെ കവിത കൊണ്ട് പ്രഹരിക്കുന്ന എഴുത്താണ് വിജയരാജമല്ലികയുടേത്.
ഭാഷയിലെ ആദ്യ ട്രാന്‍സ്ജെണ്ടര്‍ ക[വി]യിത്രി എന്ന അടയാളപ്പെടുത്തല്‍ ഒരു കേവല വാചകമല്ല. എന്ത് കൊണ്ടാണ് നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള ഒരു മനുഷ്യവിഭാഗത്തില്‍ നിന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മാത്രം ഒരു ‘ആദ്യമായി’ വിശേഷണം ഉണ്ടായത് എന്ന ചോദ്യവും അദ്ഭുതവുമാണ് ആ വാചകത്തില്‍ നിന്ന് നിരന്തരമായി മാറ്റിവെയ്ക്കപ്പെടുന്ന അര്‍ത്ഥമായി ഉരുത്തിരിഞ്ഞു വരേണ്ടത്.
‘ഇതിഹാസങ്ങള്‍ ജനിക്കും മുമ്പേ
ഈശ്വരന്‍ ജനിക്കും മുമ്പേ
പ്രകൃതിയും കാലവും ഒരുമിച്ചു പാടി’ യതാണ് പ്രേമം എന്നാണ് വയലാറിന്റെ കാവ്യഭാവന. ആ പ്രേമനില എഴുത്തിലൂടെ സ്വന്തം ഭാഷയില്‍ അവതരിപ്പിക്കാന്‍ ഒരു ക്വിയര്‍ വ്യക്തിക്ക് എത്ര കാലത്തെ അതിജീവനം വേണ്ടി വന്നു എന്ന് ചിന്തിച്ചല്ലാതെ മല്ലികയുടെ കവിതയുടെ വായന പൂര്‍ണ്ണമാകില്ല.
പ്രണയത്തെ വിപരീതദ്വന്ദ്വങ്ങളുടെ ഒത്തുചേരാനുള്ള വെമ്പലായി മാത്രം അറിഞ്ഞു ശീലിച്ച സങ്കല്‍പങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് നമ്മുടെ സകല വ്യവഹാരങ്ങളും. അദ്ഭുതം, വൈകല്യം, ശാപം എന്നീ നിലകളില്‍ മാത്രം ഇതിഹാസങ്ങളില്‍ എവിടെയൊക്കെയോ ചില സമലൈംഗിക/ സ്ത്രീപുരുഷാനന്തരതകള്‍ വന്നുപോയി എന്നതല്ലാതെ സ്വാഭാവികനിലയില്‍ ഒരു അസ്തിത്വമോ ജീവിതമോ പ്രണയമോ ഇല്ലാത്തവര്‍ മാത്രമായിട്ടാണ് ക്വിയര്‍ മനുഷ്യരുടെ ചരിത്ര നില. അതുകൊണ്ട് തന്നെയാണ്
‘പൂക്കളെ പൂക്കളും
ശലഭങ്ങളെ ശലഭങ്ങളും
അഗാധമായി ചുംബിക്കുന്നു
അവരുടെ പ്രണയ പോരിമ കണ്ടു
രതിമന്മഥന്റെ പൊയ്മുഖങ്ങള്‍
അടര്‍ന്നു വീഴുന്നു’ [പൊടിമഴ] എന്ന് മല്ലിക എഴുതിയത്.
കാമത്തെ ജനിപ്പിക്കുന്ന ദേവരൂപസങ്കല്‍പ്പങ്ങള്‍ വിപരീതം എന്ന് കല്‍പ്പിക്കപ്പെട്ടതിനെ മാത്രം പരിണയിപ്പിക്കാന്‍ നൂറ്റാണ്ടുകളായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. സ്വവര്‍ഗത്തിന്റെ ഒത്തുചേരല്‍ കാണാന്‍ തയാറല്ല എന്നത് അറിവില്ലായ്മയല്ല, മറിച്ച് പൊയ്മുഖമണിയല്‍ തന്നെയാണ്.
ഉടലുകളില്‍ നനവ് പടരുക എന്നത് സ്വാഭാവികമാണ്. എന്നാല്‍ ‘നനയാതെ ഈറന്‍ ചുമക്കുന്നു’[നനയാതെ] എന്ന് പറയാന്‍ ഒരു സ്വാഭാവികഅനുഭവരഹിതജീവിതത്തിനു പറ്റില്ല. പുറത്ത് കാണിക്കാന്‍ കഴിയാത്ത യഥാര്‍ത്ഥ താന്‍ അനുഭവിക്കേണ്ട കുളിരുകള്‍ മറ്റാരോ നനയുകയാണ്. നനഞ്ഞു നില്‍ക്കുന്ന ഒരു അവനെ കാണുന്ന ആരും ആ അവനില്‍ നനയാതെ ഈറന്‍ ചുമക്കുന്ന ഒരു അവളെ അറിയുന്നില്ല. സിസ് കേന്ദ്രിതമായ ഒരു ചിന്താരീതി കൊണ്ടാണ് നമ്മുടെ വിദ്യാഭാസരീതികള്‍ പടയ്ക്കപ്പെട്ടിരിക്കുന്നത്. ജെണ്ടര്‍ സ്വത്വത്തെ മനസ്സിലാക്കി തുടങ്ങുന്ന വേളയില്‍ അത് ശരീരത്തിന്റെ നിലകളോട് പൊരുത്തം കാണിക്കുന്നില്ല എന്ന് മനസ്സിലാക്കാനോ അതിന്റെ പേരില്‍ ആശങ്കപ്പെടാനോ തുടങ്ങുന്ന ഒരു കുട്ടിക്ക് തന്റെ ശരീരത്തിന്‍റെയും ലിംഗബോധത്തിന്റെയും യാഥാര്‍ത്ഥ്യം അറിയാന്‍ നിലവിലെ വിദ്യാഭ്യാസരീതിയില്‍ കൃത്യമായ മാര്‍ഗരേഖകള്‍ ഇല്ല. അതിനാല്‍ തന്നെ തീര്‍ത്തും അപരിചിതമായ ഒരു ഭൂമിക കാണുന്ന വിഭ്രമത്തോടെ ആ കുട്ടികള്‍ സമൂഹത്തിന്റെ ഉപദ്രവത്തെ ഭയന്ന് ഒറ്റപ്പെടുന്നു. ആ ഒറ്റപ്പെടുന്ന കുട്ടികള്‍ പലയിടത്തായി നനയാതെ ഈറന്‍ ചുമക്കാന്‍ വിധിക്കപ്പെട്ടവരാകുന്നു.
വിവാഹം എന്ന ഹെറ്റെറോ സങ്കല്‍പ്പത്തില്‍ ഒരു അവിഹിതം ഉണ്ടായാല്‍ പോലും അവിടെ സ്വവര്‍ഗബന്ധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പലരും ചിന്തിക്കുന്നില്ല. നിര്‍ബന്ധിത ഹെറ്റെറോലൈംഗികതയാല്‍ ആണ്‍-പെണ്‍ ബന്ധങ്ങള്‍ മാത്രം വിടരുന്ന ഒരു പൂവടിയാണ് ലോകം എന്ന ചിന്ത എത്ര ശുഷ്കമാണ് യാഥാര്‍ത്ഥ്യത്തില്‍. ഉപ്പുസോഡ എന്ന കവിതയില്‍ രണ്ടു സ്ത്രീകള്‍ ഒരു വഴിയോരത്ത് ഉപ്പുസോഡ കുടിക്കവേ ഒരുവള്‍ മറ്റവളോട് ഒരു ചെറുപ്പക്കാരനെ ചൂണ്ടി കാട്ടി അവന്‍ എങ്ങനെയുണ്ട് എന്ന് ചോദിക്കുന്നു. സുന്ദരനാണ് എന്ന മറുപടി കിട്ടുമ്പോള്‍ അവള്‍ പറയുന്നു “ടീ, അധികം നോക്കണ്ട, അതെന്റെ ഭര്‍ത്താവിന്റെ കാമുകനാണ്” എന്ന്. ബഹുപങ്കാളിത്തകുടുംബങ്ങള്‍ (polyamorous family) എന്ന രീതിയില്‍ പല സ്ത്രീകളും പുരുഷന്മാരും എല്ലാം ഒരുമിച്ച് പ്രണയം പരസ്പരസമ്മതത്തോടെ പങ്കുവെയ്ക്കുന്ന കുടുംബങ്ങള്‍ ഇന്ന് ഒരു അപൂര്‍വതയല്ല. അത്തരത്തില്‍ ഒരു ജീവിതം സാധ്യമാണ് എന്നതിന് ലോകത്ത് പലവിധ ഉദാഹരണങ്ങള്‍ ഉണ്ട്. ഔ പുരുഷന്‍ വിവിധ സ്ത്രീകളെ വിവാഹം ചെയ്ത് ബഹുഭാര്യത്വം ആഘോഷിച്ചാല്‍ അതില്‍ പ്രശ്നം കാണാത്ത സമൂഹം ജനാധിപത്യബോധമുള ബഹുപങ്കാളിത്ത കുടുംബങ്ങളെ ലൈംഗികഅരാജകത്വം ആയി കാണുന്നു എന്ന രസകരമായ വ്യത്യാസം മാത്രമേ ഇവിടെയുള്ളൂ. ‘അഭൗമപ്രണയം’ എന്ന മറ്റൊരു കവിതയില്‍ മല്ലിക ഇങ്ങനെ എഴുതുന്നു:
‘ഭാര്യയുടെ കാമുകിയും
ഭര്‍ത്താവിന്റെ കാമുകനും
തമ്മില്‍ പ്രണയിച്ചിട്ടുണ്ടാവുമോ ?
ഉണ്ടെങ്കില്‍ അതാകും
അഭൗമ പ്രണയം.’ [അഭൗമപ്രണയം]
പാന്‍സെക്ഷ്വല്‍ മനുഷ്യരും പോളിഅമോറിക് മനുഷ്യരും എല്ലാം സമൂഹത്തിന്റെ ഭാഗമാണ് എന്നും ഏകപങ്കാളി(monogamous), ഏകലിംഗപ്രണയം (monosexual/monoromantic) എന്നിവയില്‍ മാത്രമല്ല മനുഷ്യര്‍ പുലരുന്നത് എന്നും പലപ്പോഴും LGBT+ വൃത്തങ്ങള്‍ പോലും ഉള്‍ക്കൊള്ളാന്‍ മടിക്കാറുണ്ട്. 1982 ല്‍ എഴുതപ്പെട്ടതും പില്‍ക്കാലത്ത് ക്വിയര്‍ സിദ്ധാന്തത്തിന്റെ പ്രാമാണിക രേഖകളില്‍ ഒന്നായി കണക്കാക്കപ്പെട്ടതുമായ ‘Thinking Sex: Notes for a Radical Theory of the Politics of Sexuality’ എന്ന ലേഖനത്തില്‍ Gayle S. Rubin ലൈംഗികതയില്‍ സമൂഹം അംഗീകരിക്കുന്ന കാര്യങ്ങളുടെയും രീതികളുടെയും ക്രമത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. അംഗീകരിക്കപ്പെട്ടത് എന്നതിനും നിഷിദ്ധമാക്കപ്പെട്ടത് എന്നതിനും ഇടയില്‍ ഒരു വരയുണ്ട്. കാലത്തിന്റെ പല ഘട്ടങ്ങളിലും ഈ വര ഭേദിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു. നിഷിദ്ധമേഖലയില്‍ നിന്ന് അംഗീകൃതമേഖല പുല്‍കാനുള്ള ആ ശ്രമത്തില്‍ ഏകപങ്കളികള്‍ ആയ ദീര്‍ഘകാലബന്ധമുള്ള സ്വവര്‍ഗദമ്പതികള്‍ വര ഭേദിച്ച് അംഗീകാരം പലയിടത്തും നേടിതുടങ്ങുന്നു എന്ന് റൂബിന്‍ നിരീക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ ആപേക്ഷികമായ സദാചാരബോധം മറ്റു കുടുംബസങ്കല്പങ്ങളെ അംഗീകരിക്കാന്‍ അല്‍പകാലങ്ങള്‍ കൂടി പിടിക്കും എന്ന് അനുമാനിക്കാം.
ഒരു ട്രാന്‍സ്ജെണ്ടര്‍ വ്യക്തി സാമൂഹികമായി ജനിക്കുന്നത് പലഘട്ടങ്ങള്‍ താണ്ടിയാണ്. സ്വയം തിരിച്ചറിയുന്ന നിമിഷം, ലോകത്തെ തന്റെ സ്വത്വം വെളിപ്പെടുത്തുന്ന നിമിഷം, ആ സ്വത്വത്തെ പ്രകടനം കൊണ്ട് അടയാളപ്പെടുത്താന്‍ ശ്രമിച്ചുതുടങ്ങുന്ന നിമിഷം, ശസ്ത്രക്രിയ ആഗ്രഹിക്കുന്നവര്‍ അത് സാധ്യമാക്കുന്ന നിമിഷം എന്നിവയെല്ലാം ഒരു ട്രാന്‍സ് വ്യക്തിയെ സംബന്ധിച്ച് പിറവിയുടെ പലനിമിഷങ്ങളാണ്. അമ്മയില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന നേരത്തുണ്ടായിരുന്ന അതെ പ്രാര്‍ത്ഥനയുമായി അന്നുണ്ടായിരുന്ന വ്യക്തികള്‍ പലപ്പോഴും ട്രാന്‍സ്വ്യക്തികളുടെ മറുപിറവി നേരങ്ങളില്‍ ഉണ്ടാകാറില്ല.
പിന്നീട് എന്നില്‍ നിന്ന് എന്നെ
അടര്‍ത്തിയെടുക്കുമ്പോള്‍
തുണയായത് കാലം മാത്രം
ആരവങ്ങളില്‍ നിന്നും
അനാഥത്വത്തിലേക്ക്
ഒരു
മറുപിറവി [പിറവി]
എന്ന വരികള്‍ വേദന മുറ്റുന്ന ജീവിതനേരങ്ങളെ കവിതയില്‍ ആവിഷ്കരിക്കുകയാണ്. അനാഥത്വം ഒരു ട്രാന്‍സ് വ്യക്തിക്ക് നിത്യയാഥാര്‍ത്ഥ്യമായി സമൂഹം കല്‍പ്പിച്ചിരിക്കുന്നു. സമാന്തരകുടുംബങ്ങള്‍ കൊണ്ട്പോലും അനാഥത്വം മറികടക്കാന്‍ പല ട്രാന്‍സ്വ്യക്തികള്‍ക്കും കഴിയാറില്ല. അതിനാല്‍ തന്നെ ആരവം, അനാഥത്വം എന്ന ദ്വന്ദ്വകല്പന യഥാതഥമാണ്.
ഒരു വ്യക്തിയുടെ ജെണ്ടര്‍ എന്നത് അയാളുടെ സാമൂഹികനിലയുടെ മേല്‍ ഉണ്ടാക്കപ്പെട്ട നിയമങ്ങളുടെ രേഖാരൂപമാണ് എന്ന് ക്വിയര്‍ സൈദ്ധാന്തികര്‍ വ്യക്തമാക്കുന്നുണ്ട്. വസ്ത്രം കൊണ്ട് അളക്കാന്‍ കഴിയുന്നത് സമൂഹത്തിന്റെ മുന്‍ധാരണ മാത്രമാണ്. വസ്ത്രത്തിലൂടെ ലിംഗവും ജെണ്ടറും ഗണിച്ചുകളയാം എന്ന ധാരണയോട് മല്ലിക ‘അഴ’ എന്ന കവിതയില്‍ പ്രതികരിക്കുന്നുണ്ട് :
‘വസ്ത്രങ്ങള്‍കൊണ്ടെന്റെ
ലിംഗവും, ജെന്‍ഡറും
ഒരുപോലെ നിര്‍ണയിക്കാമെങ്കില്‍
അതാ ആ അഴയില്‍
ഞാനത് വിരിച്ചിട്ടിട്ടുണ്ട്
എത്ര അലക്കിയാലും
ചില അഴുക്കുകള്‍ പോകില്ലല്ലോ അല്ലേ! [അഴ]
പുറത്ത് കാണുന്ന പ്രകടനങ്ങള്‍ യഥാര്‍ത്ഥ സ്വത്വത്തെയല്ല പലപ്പോഴും പ്രകടിപ്പിക്കാറ്. സമൂഹനിര്‍മ്മിതമായ വേഷപ്രകടനങ്ങളുടെ പരിമിതിയില്‍ നിന്നാണ് പലരും അവരുടെ ഉള്ളിനെ വെളിച്ചപ്പെടുത്താന്‍ ശ്രമിക്കാറ്. പൂര്‍ണ്ണത എന്ന കപടസങ്കല്പത്തിന്റെ മേല്‍ ഉഴറുന്ന പലരും പടര്‍ത്തുന്ന അഴുക്കുകളുടെ പാരമ്പര്യബോധം എത്ര അലക്കിയാലും പോകുന്നതല്ല.
ഐക്യനാട്യക്കാര്‍ എന്ന വാക്ക് മലയാളത്തിനു സംഭാവന ചെയ്തത് വിജയരാജമല്ലികയാണ്. ‘തരി’ എന്ന കവിത അനേകം ഐക്യനാട്യക്കാരുടെ സ്പെസിമെന്‍ ആകുന്നു. ഭിന്നരല്ല; മനുഷ്യരാണ് എന്ന് ട്രാന്‍സ് മനുഷ്യരെ കുറിച്ച് ദീര്‍ഘപ്രസംഗങ്ങള്‍ ആവേശത്തോടെ നടത്തുന്ന പലരും (പ്രത്യേകിച്ച് കവികള്‍) സ്വന്തം വീട്ടില്‍ ഒരു ട്രാന്‍സ് വ്യക്തി ഉണ്ടെങ്കില്‍,
‘തരിക്ക് തിരിപിടിക്കാനാകാതെ
നാക്കിന്റെ പിരിവെട്ടിയ കവി
കാകളിയും മഞ്ജരിയും
വരിവിടാതെ ചൊല്ലി
കയ്യടികളിലപ്പോഴും
ജ്വലിക്കുന്നു, പടരുന്നു
ജ്വാലാമുഖിയാകുന്നു!’ [തരി]
എന്ന രീതിയില്‍ കണ്ണാടികള്‍ എറിഞ്ഞുടക്കുന്ന ദേഷ്യത്തോടെ പരിണമിക്കുന്നു. ഐക്യപ്പെടല്‍ എന്നത് സ്വന്തം പുരോഗമനമുഖത്തിന്റെ ഇഷ്ടിക മാത്രമായി കാണുന്ന പലര്‍ക്കും ഇത്തരം പൊയ്മുഖങ്ങള്‍ കാണാം.’അവരും മനുഷ്യരാണ്’ എന്ന് ഒരു കൂട്ടം മനുഷ്യരെ പറ്റി മറ്റൊരു കൂട്ടം മനുഷ്യര്‍ പറയാന്‍ ശ്രമിക്കുന്നു എന്തു തന്നെ സ്വയം ഉയര്‍ന്നവര്‍ എന്ന ചിന്ത ഉള്ളില്‍ പേറുന്നത് കൊണ്ട് മാത്രമാണ്. ഇത്തരക്കാരെ അകലത്തില്‍ മാറ്റി നിര്‍ത്തേണ്ടത് ക്വിയര്‍ മനുഷ്യരെ സംബന്ധിച്ച് ഒരു രാഷ്ട്രീയബാധ്യത കൂടിയായി മാറുന്നു.
സഹാനുഭൂതി എന്നത് ആവശ്യത്തിനു എടുത്തണിയേണ്ടതും അല്ലാത്തപ്പോള്‍ മാറ്റിവേക്കെണ്ടതും ആണ് ചിലര്‍ക്ക്. ‘ഭിന്നലിംഗം’ എന്ന വാക്ക് കൊണ്ട് സ്നേഹിക്കാന്‍ വരുന്നവരോട് ‘ഭിന്നത’ എന്ന കവിത രൂക്ഷമായി തന്നെ പ്രതികരിക്കുന്നുണ്ട്.
‘ഇത്ര
അടച്ചുറപ്പുണ്ടയിട്ടും
നീ അത് കണ്ടുപിടിച്ചല്ലേ ?
ഭേഷ്!
ഇനി നീ ഇങ്ങോട്ടിരിക്ക്
ഞാന്‍ നോക്കട്ടെ
എന്തെന്നല്ലേ ?
ഭിന്നത!!’ [ഭിന്നത]
ക്വിയര്‍ മനുഷ്യര്‍ ഭാഷ കൊണ്ട് മുറിവേറ്റവരാകുന്നത് ഇത്തരം നിരുത്തരവാദപരമായ പേര് വിളിക്കലുകള്‍ കൊണ്ടാണ്. ലിംഗം കൊണ്ട് മാത്രം അഭിസംബോധന ചെയ്യപ്പെടുക എന്നത് മാത്രമല്ല അത് ഭിന്നമാണ് എന്ന് ലോകം അങ്ങ് തീര്‍ച്ചപ്പെടുതുകയും ചെയ്യുന്നു ഈ പേരിടലില്‍. ചിലര്‍ക്ക് അത് മൂന്നാമത് മാത്രം നില്‍ക്കേണ്ട മനുഷ്യരാണ്. മൂന്നാംലിംഗം എന്ന് സാംസ്കാരികവും അല്ലാത്തതുമായ സകലവ്യവഹാരങ്ങളും ട്രാന്‍സ്മനുഷ്യരെ അക്കമിട്ടു സാക്ഷ്യപ്പെടുത്തി മാറ്റിനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ മലയാളത്തിന്റെ ഉന്നതനായ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ‘മൂന്നാംപിറ’ എന്ന് കൌതുകതോടെയാണ് ട്രാന്‍സ്മനുഷ്യരെ അഭിസംബോധന ചെയ്തത്. കവിയോട് വിജയരാജമല്ലിക ഇങ്ങനെ പ്രതികരിക്കുന്നു:
ആരെന്നു ആരോടും
തുറന്നു പറയാതെ
അമ്മയുടെ ആണ്‍കിടാവായി
മീശ പിരിച്ചും
മുഷ്ടി ചുരുട്ടിയും
നടന്നിരുന്നെങ്കില്‍
വരേണ്യ ഭൂമിയില്‍
മലര്‍ന്നു കിടന്നു
മൂന്നാം പിറയെന്നെന്നെ
നിങ്ങളിങ്ങനെ
ചുരുക്കി വിളിക്കുംയിരുന്നോ ?
ഇത് മൂന്നാംമുറയല്ലേ ? [മൂന്നാം മുറ]
പിറവി കൊണ്ട് മൂന്നാമത് ആയോ ഒന്നാമതായോ മനുഷ്യരെ ഒന്നിന്റെയും അടിസ്ഥാനമില്ലാതെ തിരിക്കുന്നതിലെ അനീതി കവിക്ക് മനസ്സിലാകാഞ്ഞിട്ടാണോ ? ‘പറഞ്ഞതില്‍ പാതി പതിരായി പോകുന്നുണ്ട്’ എന്ന് തന്റെ കാവ്യജീവിതത്തെ പറ്റി മുന്‍പേ പറഞ്ഞ കവിയുടെ പതിരിന്റെ കൂട്ടത്തില്‍ ഇതും കാണേണ്ടി വരും.
സ്വയം വരേണ്യര്‍ എന്ന് കരുതുന്ന നിലയിലാണ് സിസ്ജെണ്ടര്‍-ഹെറ്റെറോ ലൈംഗികമനുഷ്യര്‍ എന്നിവര്‍ ക്വിയര്‍ മനുഷ്യരെ കുറിച്ചുള്ള ചിന്തകളില്‍ ഏര്‍പ്പെടുന്നത്. നിത്യമായ അവരുടെ കൌതുകത്തിന്റെ സ്പെസിമെന്‍ ആയിട്ടാണ് അവര്‍ ക്വിയര്‍ ജീവിതങ്ങളെയും അവരുടെ ലൈംഗികതയെയും ശരീരനിലയെയും കാണുന്നത്. ഒരു ട്രാന്‍സ്വ്യക്തിയുടെ ബാഹ്യമായ ട്രാന്‍സിഷന്‍ അവസ്ഥ സംഭവിക്കുന്നതിന് മുമ്പും ശേഷവും അവര്‍ അവിടെ അവരുടെ മനസ്സിലെ ‘എതിര്‍’ലിംഗത്തെ നിരന്തരം സംശയത്തോടെ തിരഞ്ഞുകൊണ്ടേയിരിക്കും.
അന്നെന്റെ പെണ്മയും
ഇന്നെന്റെ ആണ്മയും
ചികയുന്നവരേ
വേഗം തല ചീകി മിനുക്കി വരൂ
എല്ലാ തീവണ്ടികളും
ഇന്ന് നേരം വൈകാതെ ഓടുന്നു. [വേഗം]
എന്ന് ഈ സംശയാലുക്കളോട് മല്ലിക പറയുന്നു.
ഇന്റര്‍സെക്സ് മനുഷ്യരെ ക്രൂരമായി ജനിക്കുമ്പോള്‍ തന്നെ കൊല്ലുന്നവരായി മനുഷ്യര്‍ മാറുന്നതിലെ കടുത്ത അമര്‍ഷം മല്ലിക ‘ഉരുളങ്കല്ല്’ എന്ന കവിതയില്‍ പങ്കു വെയ്ക്കുന്നു. സകല ജീവിവര്‍ഗങ്ങളും അവരുടെ പ്രകൃതിയില്‍ സ്വന്തം വര്‍ഗത്തെ ലിംഗത്തിന്റെയോ ലൈംഗികതയുടെയോ പേരില്‍ അക്രമിക്കുന്നില്ല എന്നിരിക്കെ മനുഷ്യര്‍ മാത്രം സഹജീവികളോട് ക്രൂരരാകുന്നു.
‘പാവം മനുഷ്യരോ ?
ഇടകലര്‍ന്ന ലിംഗത്തിന്റെ പേരില്‍
നവജീവനുകളെ
തെരുവില്‍ തള്ളുന്നു.
ആള്‍ക്കൂട്ടത്തോടൊപ്പം ചേരുന്നു
ഉരുളങ്കല്ലുകള്‍ വാരി
എറിയുന്നു! [ഉരുളന്‍കല്ല്]
മീശയുള്ള സ്ത്രീ എന്നത് ലോകത്തിനു പലപ്പോഴും കൌതുകമാണ്. സ്ത്രീ എന്ന സമൂഹനിര്‍മ്മിതിയില്‍ രോമരഹിതമായ ശരീരത്തിന്റെ ഒഴുക്ക് മാത്രമാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്നിരിക്കെ മുഖരോമമുള്ള സ്ത്രീകളെ ഒറ്റപ്പെടുത്തി മാത്രം ശീലിച്ചതാണ് ഈ ലോകം. അങ്ങനെ മീശയുള്ള സ്ത്രീകള്‍ ഒരുമിച്ചുകൂടി ഉച്ചത്തില്‍ അവരുടെ ജീവിതം പറയുന്ന സ്വരത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ‘മീശകുമാരി’ എന്ന കവിത. കാലം കല്ലുമഴയായി പെയ്തതും പതിവ് സ്ത്രീയവസ്ഥകള്‍ ‘തെറ്റി’പ്പുലര്‍ന്നതും ആളിമാര്‍ എല്ലാവരും പെയ്തുതുടുത്ത നേരത്തും സമയസൂചി പുറകോട്ടു നടന്നതും എല്ലാം കണ്ണില്‍ അഗ്നിയോടെ ആ സ്ത്രീകള്‍ ആഖ്യാനം ചെയ്യുന്നു.
‘ലിലിത്തിനു മരണമില്ല’ എന്ന കവിത ഒരുപാടു തലങ്ങളില്‍ വ്യാഖ്യാനിക്കപ്പെടാവുന്ന ഒരു സൃഷ്ടിയാണ്. ഹവ്വയ്ക്കും മുമ്പ് ആദത്തിനൊപ്പം മണ്ണില്‍ നിന്ന് തന്നെ പടയ്ക്കപ്പെട്ട ആദ്യസ്ത്രീയാണ് ലിലിത്ത്. അവള്‍ ഒരിക്കലും ആദത്തിന്റെ കീഴില്‍ അമരന്‍ തയാറായില്ല. എന്തിലും അവള്‍ തുല്യത ആഗ്രഹിച്ചു. പുരുഷനൊപ്പം തുല്യത ആഗ്രഹിച്ചവള്‍ പറുദീസയില്‍ നിന്ന് പുറത്താക്കപ്പെട്ടു. അവളെ ദുര്‍മൂര്‍ത്തികളില്‍ ഒരാളായി എണ്ണപ്പെട്ടു. വാരിയെല്ലില്‍ നിന്ന് പടച്ച, പുരുഷന്റെ കല്പന കേള്‍ക്കുന്ന ഹവ്വ അങ്ങനെ ആദ്യമാതാവായി. മാതൃസ്ഥാനം എന്നും അനുസരിക്കുന്ന സ്ത്രീക്ക് മാത്രം പതിപ്പിച്ചു നല്‍കി ആ അനുസരണത്തെ പാതിവ്രത്യത്തിന്റെ അടയാളമാക്കി കണ്ട് മതങ്ങളും വിശ്വാസങ്ങളും പ്രതിഷ്ഠിക്കപ്പെട്ടപ്പോള്‍ ലിലിത്ത് ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കപ്പെട്ടു. ഓരോ സ്ത്രീവിമോചനസ്വരത്തിലും മരണമില്ലാത്ത ലിലിത്തിനെ കാണാം. ആദം ഒരു സിസ്ജെണ്ടര്‍ പുരുഷന്‍ ആണെങ്കില്‍ അവന്റെ അതേ നിലയില്‍ നിന്ന് പടയ്ക്കപ്പെട്ട ലിലിത്ത് ഒരു ട്രാന്‍സ്സ്ത്രീയുടെ രൂപകമാകുന്നു ‘ലിലിത്തിനു മരണമില്ല’ എന്ന കവിതയില്‍. ഹവ്വ ഒരു സിസ് സ്ത്രീയാണ് എന്നും കണക്കാക്കാം. ലോകത്തിന്റെ അംഗീകൃത ആശിസ്സിനായി ലിലിത്തിനെ വെടിഞ്ഞു ഹവ്വയെ പുല്‍കിയ ആദം ജീവിച്ചിരിക്കുന്ന ഒരുപാടു മനുഷ്യരുടെ പ്രതീകമാണ്. പ്രണയം കൊണ്ട് അനേകം ട്രാന്‍സ്സ്ത്രീകളെ വഞ്ചിച്ച്, അവരുടെ സമ്പത്ത് മുഴുവന്‍ തട്ടിയെടുത്ത് ആ കാശ് കൊണ്ട് സിസ്സ്ത്രീകളെ വിവാഹം ചെയ്തു സുഖമായി ജീവിക്കുന്നത് കണ്ടു ഒന്നും ചെയ്യാനാകാതെ നിന്നുപോകുന്ന എത്രയോ ട്രാന്‍സ്വ്യക്തികള്‍ ഉണ്ട്.. ലിലിത്തിന്റെ ഈ അവസ്ഥ മരണമില്ലാതെ പുനരാവിഷ്കരിച്ചുകൊണ്ടേയിരിക്കുന്നു. ഇത് ഈ കവിതയുടെ ഒരു ആഖ്യാന സാധ്യത മാത്രം. അനേകം അര്‍ഥങ്ങള്‍ ഈ വരികള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്നു.
മറുകരയില്‍
മഴയെന്ന സ്വപ്നം മരീചികയായി
വേഴാമ്പലെന്നപോല്‍ കാത്തിരുന്നു
പുഴകള്‍ വരണ്ടു
പൂക്കള്‍ പൊഴിഞ്ഞു
തെരുവിന്റെ തന്ത്രിയില്‍ തുരുമ്പ് വീണു
എല്ലാം മരിക്കുന്നു
വീണ്ടും തളിര്‍ക്കുന്നു
ലിലിത്തിനു മാത്രം മരണമില്ല. [ലിലിത്തിനു മരണമില്ല]
സ്നേഹിക്കുന്നവരുടെ എണ്ണം സിസ് ഹെറ്റെറോ മനുഷ്യരെ അപേക്ഷിച്ച് വളരെ കുറവായിരിക്കും ക്വിയര്‍ മനുഷ്യര്‍ക്ക്. കാരണം കാണുന്ന സകള്‍ മനുഷ്യരിലും ലോകം സിസ്ജെണ്ടര്‍ അവസ്ഥയും ഹെറ്റെറോലൈംഗികഅവസ്ഥയും പ്രതീക്ഷിക്കുന്നുണ്ട്. ഈ പ്രതീക്ഷ തെറ്റുമ്പോള്‍ ക്വിയര്‍ മനുഷ്യര്‍ അവര്‍ക്ക് അനഭിമതരാകുന്നു. ഈ പ്രതീക്ഷയുടെ ഭാരത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ലെങ്കിലും അതിന്റെ വേദന അനുഭവിക്കാന്‍ ഒരി ക്വിയര്‍ മനുഷ്യരും ബാധ്യസ്ഥരാകുന്നു. ഒരു ഇന്റര്‍സെക്സ് ദളിത് ട്രാന്‍സ്ജെണ്ടര്‍വ്യക്തിയുടെ ഇന്റര്‍സെക്ഷണല്‍ നില ഏറ്റവും അരികുവല്‍കൃത ഇടതയിരിക്കും. ജനനം കൊണ്ട്, ശരീരം കൊണ്ട്, സാമൂഹികനിലകൊണ്ട്, വരേണ്യസമൂഹശ്രേണി കൊണ്ട്, പ്രണയം കൊണ്ട് എല്ലാം നിരന്തരം പരീക്ഷിക്കപ്പെടുന്ന അവസ്ഥ ആ വ്യക്തിക്കുണ്ടാകുന്നു. വിജയരാജമല്ലികയുടെ ജീവിതം കൊടും സമരമാണ്. ആ സമരത്തിന്റെ മാനിഫെസ്റ്റോ ആണ് മല്ലികയുടെ രചനകള്‍.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.