നെപ്പോളിയൻ വെറുമൊരു ബ്രാൻഡി അല്ല!

0
1009
munnoorkudam by dipu sivaraman

ദിപു ജയരാമന്റെ മുന്നൂർക്കുടം എന്ന കഥാസമാഹാരത്തിലെ ‘നെപ്പോളിയൻ’ എന്ന കഥയെ ആസ്പദമാക്കിയുള്ള ലേഖനം.

അനഘ. ടി. ജെ

മുന്നൂർക്കുടമെന്ന കഥാസമാഹാരത്തിലെ എട്ടു കഥകളിൽ ഒരെണ്ണത്തെ ഞാനൊന്ന് ചർച്ചാവിഷയമാക്കുകയാണ്. അതിനു തക്കതായ കാരണവുമുണ്ട്. ‘നെപ്പോളിയൻ’ എന്ന തലക്കെട്ടോടു കൂടിയ ഈ കഥ പേര് സൂചിപ്പിക്കുന്നതു പോലെ കേവലം ഒരു മദ്യക്കുപ്പിയുടെ ബ്രാൻഡ് മാത്രമല്ല. അതുകൊണ്ടുതന്നെ ഒരു തവണ വായിച്ച് അതിലെ കഥാംശത്തെ മാത്രം എടുത്ത് പുസ്തകം മടക്കുന്നത് ശരിയല്ലെന്നു തോന്നുന്നു. ഒറ്റവായനയിൽ കണ്ടെത്തുന്ന അർത്ഥത്തിനപ്പുറമാണ് കഥ സംവദിക്കുന്ന രാഷ്ട്രീയം. സമകാലിക രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക മേഖലയിൽ ഇന്നു ഞാനടക്കമുള്ളവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന നിരവധിയായ പ്രശ്നങ്ങൾക്കു നേരെ എഴുത്തുകാരൻ വിരൽചൂണ്ടുന്നു. അതെ നെപ്പോളിയൻ വെറുമൊരു ബ്രാൻഡി അല്ല! ഒരൊറ്റ മദ്യക്കുപ്പിയിൽ എഴുത്തുകാരൻ നിറച്ചു വച്ചിരിക്കുന്ന ലഹരി നമ്മെ മയക്കാനുള്ളതായിരുന്നില്ല, ഉണർന്നു ചിന്തിക്കാനുള്ളതായിരുന്നു.

കൃത്യമായ നിരീക്ഷണപാടവത്തോടെ സമൂഹത്തിലെ ഓരോ പ്രശ്നങ്ങളെയും വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ ഒരു വേർതിരിവും കൂടാതെ കൃത്യമായ കറുത്തഹാസ്യത്തിലൂടെയും, ചില സന്ദർഭങ്ങളിൽ നേരെ ലക്ഷ്യസ്ഥാനത്തേക്കും എഴുത്തുകാരൻ അമ്പു തൊടുത്തിട്ടുണ്ടെന്നു വ്യക്തം. ഒരുപക്ഷേ കഴിഞ്ഞ കുറെ നാളുകളായി സമൂഹത്തിൽ അരങ്ങേറുന്ന പ്രശ്നങ്ങൾ അത് ജാതിപരമോ,വംശപരമോ, രാഷ്ട്രീയപരമോ ആവട്ടെ അവ ഓരോന്നും എണ്ണിയെണ്ണി എടുക്കുവാനുതകും വിധം കഥ വളർന്നിരിക്കുന്നു. ഒരു മഴത്തുള്ളിയിൽ ഒരു ലോകം എങ്ങനെയാണോ പ്രതിഫലിക്കുന്നത് അതുപോലെ ഒരു കഥയിൽ ഒരു സമൂഹത്തെയാകെ കഥാകാരൻ പ്രതിഫലിപ്പിച്ചിരിക്കുന്നു.

അധീകരണമോ ന്യൂനതയോ ഇല്ലാതെ കുറിക്കുകൊള്ളുന്ന രീതിയിലുള്ള അവതരണം ശ്രദ്ധേയമാണ്. എഴുതി തെളിഞ്ഞ ഒരു എഴുത്തുകാരന്റെ പക്വത ഓരോ വരിയിലും കാണാം. അയ്യോ! ഇതിവിടെ വേണ്ടായിരുന്നില്ല എന്നു തോന്നുന്ന ഒരക്ഷരമോ ഒരു വരിയോ കാണുവാൻ സാധിക്കുകയില്ല എന്നത് പ്രശംസനീയമാണ്. ഒരു എഴുത്തുകാരന്റെ അനുഭവപാഠവും തന്റെ രചനകളോട് പുലർത്തിയ സത്യസന്ധതയും ആത്മാർത്ഥതയും കാണാതെ പോകരുത്. അതുകൊണ്ടുതന്നെ നെപ്പോളിയൻ അടക്കമുള്ള ഈ സമാഹാരത്തിലെ എല്ലാ കഥകളും തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

വ്യത്യസ്തമായ തലങ്ങളിലൂടെയാണ് കഥ കടന്നുപോകുന്നത്. വളരെ നേർത്ത പാതയിലൂടെ സഞ്ചരിച്ച് കഥ എത്തിച്ചേരുന്നത് വിശാലമായ ആശയങ്ങളുടെ ഒരു വലിയ ലോകത്താണ്. കഥാരംഭത്തിൽ തന്നെ ഒരു ടീച്ചറുടെ അപകട മരണത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. എത്രയെത്ര ജീവനുകളാണ് ഓരോ ദിവസവും റോഡുകളിൽ പൊലിയുന്നത്. ശരിയാണ് അതിൽ ചിലത് വാഹനമോടിക്കുന്നവരുടെ അശ്രദ്ധ കാരണം സംഭവിക്കുന്നവയാണ്. എന്നാൽ ഒന്നുമറിയാതെ നടന്നുപോകുന്ന എത്രയോ മനുഷ്യരുടെ പ്രതീക്ഷകളും സന്തോഷങ്ങളുമാണ് അവർ പോലുമറിയാതെ റോഡുകളിൽ ചതഞ്ഞരയുന്നത്. അത്തരം സംഭവങ്ങൾ നടന്നു കഴിയുമ്പോൾ മാത്രം ഉയരുന്ന കൊടികളും ഖദറിട്ടവന്മാരുടെ ശബ്ദവും! ഒന്നാലോചിച്ചു നോക്കൂ കാശുള്ളവന്റെ സ്വാർത്ഥതാല്പര്യങ്ങൾക്കും ആഡംബര ജീവിതത്തിനുമായി ബലി കഴിക്കപ്പെടുന്ന സാധാരണ ജനതയുടെ നോവ്. അവർക്കു ലഭിക്കാതെ പോകുന്ന നീതി. പത്രങ്ങളിലെ ഒഴിഞ്ഞ മൂലകളിലേക്ക് ഒതുങ്ങിപ്പോകുന്ന അത്തരം വാർത്തകൾ. എന്തു മാധ്യമധർമ്മമാണ് ഇവിടെ പാലിക്കപ്പെടുന്നത്? തെറ്റേത് ശരിയേത് എന്ന് വ്യവഛേദിച്ചറിയാൻ കഴിയാതെ ഓരോ ദിവസവും ഒച്ചത്തിൽ കൂകുന്ന മാധ്യമ ശബ്ദത്തിനു മുന്നിൽ അന്ധാളിച്ചു നിൽക്കുന്ന ഒരുപറ്റം ആളുകൾ. വായിക്കാതെ അടുക്കിയടുക്കി വച്ച് പത്രത്തിൽ ഒരു കൂസലുമില്ലാതെ ഉള്ളിവട അമർത്തി എണ്ണ കളയുന്ന നെപ്പോളിയനെ കഥയിൽ കാണാം. ഇതിലും മനോഹരമായി എങ്ങനെയാണ് ഇത്തരം ഒരു പ്രശ്നം ആഖ്യാനം ചെയ്യാൻ കഴിയുക?

സ്വന്തം രാജ്യത്ത് ജീവിക്കാൻ രേഖകൾ ഹാജരാക്കി വേണ്ടിവരുന്ന മനുഷ്യന്റെ ദുരവസ്ഥ. നാടൊട്ടാകെ CAA യുടെ പേരിൽ നാം നടത്തിയ പ്രതിഷേധങ്ങൾ ഓർമ്മയില്ലേ? നാം ഓരോരുത്തരുടെയും നിലനിൽപ്പിന് തന്നെ ഭീഷണി നേരിടുന്ന ഗതികെട്ട അവസ്ഥാവിശേഷം. ” അയാളോ? ശ്രീലങ്കയിൽ നിന്നും കുടിയേറിയ സാധു. യാതൊരുവിധ രേഖകളുമില്ലാത്ത സ്വതന്ത്രൻ. “- നെപ്പോളിയൻ( മുന്നൂർക്കുടം). കേവലം ചുരുങ്ങിയ വരികളിൽ കഥാകാരൻ അനാവരണം ചെയ്തിരിക്കുന്നത് ദേശത്തെ തന്നെ കാർന്നുതിന്നുന്ന വലിയൊരു ദുരന്തത്തെയാണ്. കൃത്യമായൊരു രാഷ്ട്രീയ നിരീക്ഷണം കൂടി ഇവിടെ കാണാം. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രത്തലവൻ ജനങ്ങൾക്കും രാഷ്ട്രത്തിനും മുകളിൽ കയറിയിരുന്ന് അട്ടഹസിക്കുന്നു. അത്തരം തലതൊട്ടപ്പന്മാരുടെ തോന്നിവാസങ്ങളുടെ കൃത്യമായ ചിത്രീകരണം കഥയിൽ കാണാവുന്നതാണ്.

കോളനിവാണം, പൊലയൻ, പണിയൻ… ഇന്ന് സാക്ഷര കേരളത്തിൽ പ്രയോഗിക്കുന്ന പദപ്രയോഗങ്ങളാണിവ. എത്രത്തോളം പുരോഗമനം ഉണ്ടായെന്നു പറയുമ്പോഴും സമൂഹത്തിലെ മാളങ്ങളിൽ ഒളിഞ്ഞിരുന്ന് വിഷം ചീറ്റുന്ന ജാതിബോധവും മതബോധവും കുലാചാരങ്ങളും കാണാതെ പോകരുത്. ആദിവാസി എന്നുവിളിച്ച് കളിയാക്കിയതിന്റെ പേരിൽ ഒരു യുവാവ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി മരിക്കുന്ന ഹൃദയഭേദകമായ ചിത്രം കഥയിൽ കാണാം.

ഇന്നും ആരെയും ദ്രോഹിക്കാതെ നിഷ്കളങ്കരായി കഴിഞ്ഞുകൂടുന്ന ആദിവാസി സമൂഹം അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങൾ കഥപറയാതെ പറയുന്നു. ജാതീയമായ വേർതിരിവും തൊലിയുടെ നിറം നോക്കി കറുത്തവനെന്നും പറഞ്ഞുള്ള അധിക്ഷേപവും അതിരുകടക്കുമ്പോൾ മാത്രം ചന്തപ്രസംഗം നടത്തുന്ന സംഘടനാ ചുമതലക്കാർ. സമൂഹത്തിൽ ജാതിയിൽ താഴ്ന്നവരും തൊലി കറുത്തു പോയവരും ആദിവാസികൾ മാത്രമായി ഒതുക്കപ്പെടുന്ന അവസ്ഥാവിശേഷം. പുറത്തുനിന്നു നോക്കുമ്പോൾ സംവരണവും മറ്റ് ആനുകൂല്യങ്ങളും എന്നാൽ സമാധാനപരമായി സമൂഹത്തിൽ ജീവിക്കാൻ കഴിയാതെ അസമത്വങ്ങൾക്ക് പാത്രമാവേണ്ടി വരുന്നത് ദയനീയമാണ്. അത് നാം മറന്നുകൂടാ..!

“തണ്ടർബോർട്ടുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് യുവതി കൊല്ലപ്പെട്ടു.” അടുത്ത കാലങ്ങളിലായി നാം മാധ്യമങ്ങളിൽ വായിച്ചു മറന്ന വാർത്തകളാണിവ. ഏതു തരത്തിലാണ് സാധാരണ ജനത തെറ്റുചെയ്യാതെ തന്നെ മാവോയിസ്റ്റുകളും ഭീകരവാദികളുമായി മാറുന്നതെന്ന നാം ചർച്ച ചെയ്യേണ്ടുന്ന സാമൂഹിക പ്രശ്നമാണ് എഴുത്തുകാരൻ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലും എത്രയോ വലിയ ഭീകരവാദികളാൽ ഭരിക്കപ്പെടുന്ന ഒരു രാജ്യത്താണ് നാം കഴിയുന്നത്. എന്തുകൊണ്ട് അവരൊക്കെ സുരക്ഷിതരും ഒരു നേരത്തെ അന്നത്തിന് എല്ലമുറിയെ പണിചെയ്യുന്ന പാവങ്ങൾ ജയിലറകൾക്കും മരണത്തിത്തിനും മുന്നിൽ പകച്ചു നിൽക്കേണ്ടി വരുന്നത്. സ്വന്തം മണ്ണിനുവേണ്ടി യുദ്ധം ചെയ്യേണ്ടിവരുന്ന അവസ്ഥ! വെയിലും മഴയും കൊള്ളാതെ രണ്ട് സെന്റ് സ്ഥലമാണെങ്കിലും സ്വൈര്യമായി ജീവിക്കാൻ സാധിക്കുന്ന അന്തരീക്ഷം ലഭിച്ചതിൽ നാമൊക്കെ എത്രയോ ഭാഗ്യവാന്മാരാണ്. എന്നാൽ മറുവശത്ത് അപ്പോഴും ഒരു വിഭാഗം ഇങ്ങനെയും പോരാടി ജീവിക്കുന്നുവെന്ന് നാം മനസ്സിലാക്കേണ്ട വസ്തുതയാണ്. മനുഷ്യാവകാശലംഘനമെന്ന് ഘോരഘോരം പ്രസംഗിക്കുന്നവർ ഇതൊന്നും കാണാതെ പോകുന്നതോ? അതോ കണ്ണടയ്ക്കുന്നതോ?

കഥാന്ത്യത്തിൽ നെപ്പോളിയൻ എന്ന കഥാപാത്രത്തിന്റെ മാറ്റം കഥയിൽ വ്യക്തമാണ്. ഒരു പെൺകുട്ടിയിലൂടെയാണ് നാട്ടിൽ നടക്കുന്ന പ്രശ്നങ്ങൾ എന്തെന്നുള്ള കൃത്യമായ ബോധ്യം അയാളിൽ ഉണ്ടാകുന്നതും ഭൂമി മനുഷ്യന് ജീവിക്കാനുള്ളതാണ് അത് കച്ചവടവസ്തുവല്ലെന്ന എന്ന കൃത്യമായ സന്ദേശം വായനക്കാരിലേക്ക് തൊടുത്തു വിടുന്നു. കഥയിൽ സൂചിപ്പിച്ചിട്ടുള്ള പൊതുവായ ചുരുക്കം ചില പ്രശ്നങ്ങൾ മാത്രമാണ് അരിച്ചെടുത്ത് ഇവിടെ എഴുതിച്ചേർത്തിട്ടുള്ളത്. ഇനിയും സമൂഹത്തിൽ അഴിഞ്ഞാടുന്ന നിരവധിയായ പ്രശ്നങ്ങളും പച്ചയായ നിരവധി മനുഷ്യജീവിതങ്ങളും സൂക്ഷ്മമായ പരിശോധനയിൽകണ്ടെത്താൻ സാധിക്കും. കഥയിലെ വൈകാരിക തലങ്ങളിൽ മാത്രം ഒതുങ്ങി കിടക്കാതെ അവ മാറ്റിനിർത്തി പഠിക്കുകയാണെങ്കിൽ ഒരു സമൂഹത്തെ അതേപടി പകർത്തിവയ്ക്കാൻ കഥാകാരന് സാധിച്ചിട്ടുണ്ട്. ഒരു എഴുത്തുകാരൻ വിചാരിച്ചാൽ ഒരു സമൂഹത്തെയോ രാജ്യത്തെയോ ലോകത്തെയോ മാറ്റാൻ സാധിക്കുകയില്ല. എന്നാൽ അഞ്ചാറു പേജുവരുന്ന ഒരു കഥയിലൂടെ ഒരു വായനക്കാന്റെ മനസ്സിലെങ്കിലും തീപ്പൊരി വീണിട്ടുണ്ടെങ്കിൽ അത് ആളി പടരുകതന്നെ ചെയ്യും. കേവലം കഥകൾ വായിച്ച് മടക്കി വയ്ക്കുന്നതിനപ്പുറം ആ കഥ സംവദിക്കുന്ന രാഷ്ട്രീയം എന്തെന്ന് കൂടി ബോധ്യപ്പെടേണ്ടതുണ്ട്. അത്തരത്തിൽ ഈ കഥയും തീർച്ചയായും ചർച്ചചെയ്യപ്പെടേണ്ടതുണ്ട്.

anagha-tj

അനഘ. ടി. ജെ
ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി.
കേരളപഠനവിഭാഗം.
യൂണിവേഴ്സിറ്റി ഓഫ് കേരള,
കാര്യവട്ടം ക്യാമ്പസ്.
തിരുവനന്തപുരം.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here