കോഴിക്കോട്: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ 2017 ലെ ഡോ. ബി ആര്‍ അംബേദ്കര്‍ വീരശ്രീ ദേശീയ പുരസ്‌കാരം ഈസ്റ്റ്ഹില്‍ ഗോപാലന്‍ ഗുരുക്കള്‍ സ്മാരക സി വി എന്‍ കളരിയിലെ വിജയന്‍ ഗുരുക്കള്‍ക്ക്. കളരിപ്പയറ്റ്, കളരി മര്‍മ്മ ചികിത്സ തുടങ്ങീ ആയോധന കലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചതിനാണ് പുരസ്‌കാരം.
പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം കളരിപ്പയറ്റും സ്വായത്തമാക്കിയ വിജയന്‍ ഗുരുക്കള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലു ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും കളരികള്‍ സ്ഥാപിക്കുകയും വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നു.
ദേശീയ ഗെയിംസിലും ഹൈദരാബാദില്‍ നടന്ന പ്രഥമ ആഫ്രോ ഏഷ്യന്‍ ഗെയിംസിലും ഗുജറാത്തില്‍ നടന്ന ശില്പ ഗ്രാമോത്സവ്, രാജീവ്ഗാന്ധി സദ്ഭാവനാ ദിവസ് തുടങ്ങിയ പരിപാടികളിലും വിജയന്‍ ഗുരുക്കളുടെ കളരിപ്പയറ്റ് സംഘം ശ്രദ്ധേയ സാന്നിധ്യമായി.
ബ്രഹ്മജ്ഞാനം മാസ്റ്റര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ഗുരുക്കള്‍ വേദാതിരി മഹര്‍ഷിയില്‍ നിന്നും അരുള്‍നിധി ബ്രഹ്മജ്ഞാനി പട്ടം നേടിയിട്ടുണ്ട്.
ഈസ്റ്റ്ഹില്‍ ഗോപാലന്‍ ഗുരുക്കള്‍ സ്മാരക സി വി എന്‍ കളരിയുടെ ഗുരുനാഥനായ ഗോപാലന്‍ ഗുരുക്കളുടെ മകനാണ്. പിതാവിന്റെ മരണശേഷമാണ് വിജയന്‍ ഗുരുക്കള്‍ മുഴുവന്‍ സമയ കളരി പ്രചാരകനായി മാറിയത്.