കവിത
അക്ഷയ്. പി. പി
ഒറ്റയാനെന്നോ മറ്റോ പേരുള്ള
ലോഡ്ജിന്റെ മദ്ധ്യത്തിലാരോ പണിഞ്ഞിട്ട മുറി.
അതിനകത്തിരുന്നൊരാൾ,
കടലിന്റെ പശ്‌ചാത്തലത്തിൽ തിരകളെ തെറുത്തുകൂട്ടുന്നൊരാകാശ മണമുള്ള വൈകുന്നേരം.
നിരാശയത്രയും, ഒറ്റയ്ക്കടിച്ചു
തീർത്തവനെന്ന നിലയിൽ
അയാളുടെ കാഴ്ച മാത്രം
കിറുങ്ങി വീഴുന്നു.
ഇപ്പോൾ മുറിനിറയേ
മുറിവുകളുടെയോർമ്മ.
അതിന്റെ അതിരുകൾ,
വണ്ടികേറി മരിച്ച മുത്തശ്ശി
പാറിക്കളിക്കുന്ന ഭൂപടം.
ആത്‍മഹത്യയ്ക്ക് തൊട്ടുമുൻപാരോ
കുറിച്ചിട്ട വരികൾ വെട്ടിത്തിളങ്ങുന്ന
ഭിത്തിമേലേതോ നായക്കുട്ടിയുടെ
ലോങ് മാർച്ച്.
ഒടുവിലത്തെ പക്ഷിയേയും കൂട്ടിലെത്തിച്ച സൂര്യൻ പതിയേ
കുന്നുകേറി തുടങ്ങുന്നു.
ഒരു വിഷാദകാലം കൂടി
പതിയെ പൊഴിഞ്ഞുവീഴുന്നു.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
??