തലശ്ശേരി: യുജിസി പിരിച്ചുവിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ഓള്‍ കേരള റിസര്‍ച്ച് സ്ക്കോളേര്‍സ് അസോസിയേഷന്‍ (AKRSA) പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന കമ്മറ്റിയംഗം പ്രശാന്ത് പി.എസ് വിഷയം അവതരിപ്പിക്കുകയും പ്രതിഷേധകയ്യൊപ്പുകള്‍ ശേഖരിക്കുകയും ചെയ്തു.
സാമ്പത്തിക അധികാരങ്ങള്‍ ഒന്നും തന്നെയില്ലാത്ത ഉന്നതവിദ്യാഭ്യാസ കമ്മീഷനെ നിയമിക്കുക വഴി ഗവേഷണമേഖലയെ കോര്‍പറേറ്റുവൽക്കരിക്കുക എന്നതാണ് കേന്ദ്രനയം എന്ന് ചൂണ്ടിക്കാട്ടിയ പ്രശാന്ത്, പുതിയ കമ്മീഷനില്‍ മുഴുവനായി കേന്ദ്രസര്‍ക്കാര്‍ നോമിനികള്‍ ചുമതലയേൽക്കുന്നതോടെ സിലബസും പാഠ്യപദ്ധതിയും മറ്റെല്ലാ അക്കാദമിക് അധികാരങ്ങളും ഒരു പ്രത്യേക വര്‍ഗത്തിന്റെ കുത്തകയായി മാറുമെന്നും അഭിപ്രായപ്പെട്ടു. AKRSA പാലയാട് ക്യാമ്പസ് കണ്‍വീനര്‍ ധനേഷ്, ജോ.കണ്‍വീനര്‍ അഭിതാജ് എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ മറ്റ് ക്യാമ്പസുകളില്‍ സംഘടന പോസ്റ്ററുകള്‍ പതിച്ചു. SFI യുടെ ഗവേഷക സബ് കമ്മറ്റിയാണ് AKRSA.