കഴിവുണ്ടായിട്ടും ഒതുങ്ങിക്കൂടി കഴിയുന്ന അക്ബറിനെ കുറിച്ച് ഷഹബാസ് അമന്‍ എഴുതുന്നു
അക്ബർ. മലപ്പുറത്ത് മാത്രം കണ്ട് വരുന്ന ഒരു പ്രത്യേക തരം പച്ച മരകതക്കല്ല്! മിതഭാഷി ! ദൈവാരാധനയിലും സംഗീതത്തിലും മാത്രം സമയം ചിലവഴിക്കുന്നു. പിതാവും സഹോദരീ സഹോദരന്മാരുമൊക്കെ സംഗീതജ്ഞർ ! (നിസ അസീസി ,മുജീബ് റഹ്‌മാൻ ,മുഹമ്മദ് സലീൽ ,ഇമാം മജ്‌ബൂർ എന്നിവരെ ഒരു പക്ഷെ നിങ്ങൾ അറിയും.ഇമാം ഒരു ഗംഭീര ഗായകൻ ! )
സാമ്പത്തികമായ കഷ്ടപ്പാടും മറ്റുള്ളവരുടെ കളിയാക്കലും നിറഞ്ഞ അവരുടെ ബാല്യകാലം ഞങ്ങളെല്ലാവരും നേരിൽ കണ്ടിട്ടുണ്ട്.ഇന്ന് അവരെല്ലാം ,തങ്ങളെ വളരെ പ്രയാസപ്പെട്ടും സംഗീതജ്ഞരായിത്തന്നെ ഉറപ്പിച്ചു നിർത്തിയ സ്വന്തം പിതാവ് പ്രിയ അസീസ് ഭായിയും പുഞ്ചിരിക്കുന്ന മുഖത്തോടെ മുഴുവൻ പിന്തുണയും ശുഭാപ്തി വിശ്വാസവും തന്ന് പോറ്റി വളർത്തിയ പ്രിയ മാതാവും ഹയാത്തിൽ ഇരിക്കുമ്പോൾ തന്നെ നല്ലൊരു നിലയിലെത്തി സ്വന്തം അയൽവാസികളുടെയും നാട്ടുകാരുടെയുമൊക്കെ കണ്ണ് തുറപ്പിച്ചവരാണ്. ആരോടും ഒരു പരാതിയും ഒരു പരിഭവവും ഇല്ലാതെ ആരെയും ദൂഷിക്കാതെ വലിയ ക്ഷമാശാലിയും അതീവ വിനയാന്വിതനും ശാന്തനും പ്രാർത്ഥനാ നിർഭരനുമായാണ് പ്രത്യേകിച്ചും അക്ബർ വളർന്നു വന്നത് എന്നതിന് നേരിൽ സാക്ഷിയാണ്.
തബലയും ഹാർമോണിയവും അക്‌ബറിൻറെ ഏറ്റവും അടുത്ത രണ്ട് ഫ്രണ്ട്സ് ആയിരുന്നു.ഏറ്റവും കൂടുതൽ സമയം അവരോടോപ്പമാണ് അക്ബറിനെ എല്ലാവരും കണ്ടിട്ടുള്ളതും !ബാക്കി സമയമൊക്കെയും ലൈവിലും റെക്കോർഡിംഗിലും പ്രാർത്ഥനയിലും സ്വന്തം ജീവിത സംസ്കാര സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും ചെലവഴിച്ചു .ഇപ്പോഴും അങ്ങനെത്തന്നെയാണെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത് .നിരന്തരമുള്ള കാണൽ മുറിഞ്ഞിട്ട് വർഷങ്ങളായി ! അക്ബറിനോടൊപ്പം കണ്ണുകൾ കൊണ്ട് മാത്രം മിണ്ടിക്കൊണ്ട് കോട്ടപ്പടിയിലെ രാഗതരംഗിലും കുന്നിൻ മുകളിലെ ഒരു മാളികക്ലബ്ബിലും വെറുതേ ഇരുന്നിരുന്ന ചെറിയ ഒരു കാലത്തിനെ ഏറ്റവും ഇഷ്ടപ്പെടുന്ന സ്വന്തം ജീവിത കാലയളവുകളിൽ ഒന്നായി ഇപ്പോഴും കണക്കാക്കുന്നു .
പ്രിയ അക്ബർ. .റഹ്‌മാൻ പാപ്പ പാടുന്നതും നീ പാടുന്നതും ശബ്ദം കൊണ്ടും സമീപനം കൊണ്ടുമൊക്കെ ഒരു പോലെയാണ് ! രണ്ട് പേരും സംഗീതത്തെ മനസ്സിലാക്കുന്നതും ഒരുപോലെയാണെന്ന് തോന്നിപ്പോകുന്നു .മുൻപേ വിചാരിച്ചിരുന്ന കാര്യമാണെങ്കിലും അടുത്തകാലത്തിറങ്ങിയ ”സമാ ” ആൽബത്തിലെയും ‘ബുഹാരി സലൂണിലെയുമൊക്കെ പാടൽരീതി ആ തോന്നലിനെ ശക്തിപ്പെടുത്തുന്ന നിദാനങ്ങളാണ് . നമ്മൾ തമ്മിൽ അധികം കാണേണ്ടതില്ല. അന്നത്തെ ഇരുത്തങ്ങളിലെ ചെറിയ ചെറിയ ആപ്ത സംഗീത ചിന്തകൾ ഇന്നും സ്വ യാത്രകളിൽ വളരെയധികം സഹായിച്ചു കൊണ്ടിരിക്കുന്നുണ്ട് .നന്ദി .
ഓരോരുത്തർക്കും വ്യത്യസ്ത സ്ഥലങ്ങളിലാണ് പണിയെടുക്കാനുള്ളത് .എല്ലാം നടക്കട്ടെ.. എന്തൊരു രാസമാണത് …!
”എല്ലാ പുകളും ഇരൈവനുക്ക് ”
നിറയേ സ്നേഹം അക്ബർ….?
എല്ലാവരോടും സ്നേഹം…
( ഷഹബാസ് അമന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് )