ഒരു അഭിഭാഷകയുടെ സത്യവാങ്മൂലം

0
302

സ്മിത ഗിരീഷ്

1997 കാലഘട്ടം. അക്കാലത്ത് ഒരു വർഷം ഒരു സീനിയർ വക്കീലിന്റെ കീഴിൽ അപ്രന്റിസ് ഷിപ്പ് ചെയ്ത്, ബാർ കൗൺസിൽ നിശ്ചയിക്കുന്ന മാനദണ്ഡ പരീക്ഷയും പാസായാൽ മാത്രമേ, കോടതിയിൽ അഡ്വക്കേറ്റ് ആയി പ്രാക്ടീസ് ചെയ്യാൻ സാധിച്ചിരുന്നുള്ളു!
കുടുംബ സുഹൃത്തായിരുന്ന അഡ്വ.കെ ജി സുകുമാരൻ സാറായിരുന്നു എന്റെ സീനിയർ. പന്ത്രണ്ട് പുരുഷ വക്കീലന്മാരുടെ ഇടയിൽ വന്നു ചാടിയ ഒരേയൊരു കുട്ടി വനിതാ വക്കീലിന് ആ ഓഫീസിൽ നല്ല പരിഗണന തന്നെ കിട്ടിയിരുന്നു. സഹൃദയനും വാഗ്മിയും തൊടുപുഴയിലെ കലാ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ അക്കാലത്തെ നിറസാന്നിധ്യവുമായിരുന്നു സുകുമാരൻ സാർ. നല്ലൊരു വായനക്കാരൻ കൂടിയായിരുന്ന അദ്ദേഹത്തിന്റെ ഓഫീസ് മുറി നിയമ പുസ്തകങ്ങൾ കൂടാതൊരു പുസ്തകപ്പുര കൂടി ആയിരുന്നു. “സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ”അടക്കമുള്ള കുറച്ചു പുസ്തകങ്ങൾ അവിടെ നിന്നാണ് വായിക്കാൻ കഴിഞ്ഞത്. ഞാൻ ചെല്ലുന്ന കാലത്ത്, വളരെ urgent matters- ന് മാത്രമേ സാർ കോടതിയിൽ വന്നിരുന്നുള്ളു. മിക്കവാറും ജൂനിയേഴ്സ് പോകും. പുസ്തകങ്ങളും ഫയലുകളും കൂടിക്കുഴഞ്ഞഓഫീസ് മുറിയിൽ ഏതെങ്കിലും പുസ്തകങ്ങൾ വായിച്ചോ, ആരെങ്കിലുമായി സംസാരിച്ചോ അലസമായിരിക്കുന്ന സാറിന്റെ ചിത്രം ഇന്നും മനസിലുണ്ട്. റിട്ടയേരഡ് തഹസിൽദാരും ഹെഡ്മാസ്റ്ററുമൊക്കെ അടങ്ങുന്ന സന്തത സഹചാരികളായ സുഹൃത്തുക്കൾ മിക്കവാറും ഉച്ചതിരിഞ്ഞൊക്കെ അവിടെ പഞ്ചായത്തിനെത്തും. വീട്ടുകാർ വിളിക്കുന്നത് പോലെ “സീനേ…” എന്നാണ് അദ്ദേഹം എന്നെ വിളിച്ചിരുന്നത്.
പറഞ്ഞു വന്നത് ട്രയിനിംഗ് കാലത്തെക്കുറിച്ചാണല്ലോ. അന്ന് മുട്ടം കോടതി സമുച്ചയം പണി കഴിഞ്ഞിട്ടില്ല. തൊടുപുഴയുടെ പല ഭാഗത്തായി ചിതറിക്കിടക്കുന്ന കോടതികൾ. ട്രയിനി ലേഡി വക്കീലന്മാർ ബ്ലാക്ക് ആൻഡ് വൈറ്റ് സാരിയോ ചുരിദാറോ ധരിക്കും. ജന്റ്സിന് കോട്ടിനൊപ്പം ചുവന്ന ടൈ കെട്ടണം ട്രയിനി വക്കീലന്മാർ സീനിയറുടെ ഓഫീസിൽ കാലത്ത് എത്തണം. പിന്നീട് ഏതെങ്കിലും കോടതി അറ്റൻഡ് ചെയ്യണം. ഞങ്ങൾ ഒരു ബാച്ച് ട്രയിനികൾ. കോളേജ് കാലം നീട്ടിക്കിട്ടിയവർ. പറഞ്ഞൊപ്പിച്ച് ഏതെങ്കിലും കോടതിയിൽ കൂടും. നമ്മുടെ മെയിൻ ഇന്ററസ്റ്റ് വക്കീലന്മാർക്ക് ഇരട്ടപ്പേരിടുന്നതിനും ആരെയെങ്കിലും കളിയാക്കുന്നതിനും ഇടക്കിടെ കാന്റീനിൽ പോയി ചായയും വടയും അടിക്കുന്നതിലുമൊക്കെയാണ്! തോന്നിയാൽ കോടതിയിൽ ശ്രദ്ധിക്കും. ആരും വഴക്ക് പറയാൻ ഒന്നുമില്ലല്ലോ. പരമസുഖം. രാവിലെ റോൾ കോൾ നടപടികൾ കഴിഞ്ഞാൽ കോടതികളിൽ സാക്ഷി വിസ്താരത്തിന് മാറ്റിവച്ച കേസുകൾ എടുക്കും. ആ സാക്ഷി വിസ്താരങ്ങൾ, വാദിഭാഗവും പ്രതിഭാഗവും ചോദിക്കുന്ന ചോദ്യങ്ങളും, സാക്ഷികളുടെ ഉത്തരവുമെല്ലാം വിശദമായി ട്രയിനികൾ എഴുതിയെടുക്കണം. ചില കേസുകളിലെ വിസ്താര വേളയിൽ ചില തെറി വാക്കുകൾ ഒക്കെ വന്നേക്കും. ഉദാഹരണത്തിന് “കമലാസനനെ, രാജപ്പൻ ……… മോനേ എന്നും ഭാര്യ ജലജ -യെ …. മോളെ എന്നും വിളിക്കുന്നത് നിങ്ങൾ കേട്ടോ”? എന്ന ചോദ്യം അങ്ങനെ തന്നെ എഴുതണം. തെറി ഒക്കെ വരുമ്പോൾ നമുക്ക് ഉള്ളിൽ ഗൂഡ സ്മിതമുണ്ടാവും. ഉറക്കം തൂങ്ങി ഇരുപ്പെക്കെ മാറി ഉഷാറാവും. പക്ഷേ പുറമേ കാണിക്കില്ല. ഈ തെറിയൊക്കെപ്പറഞ്ഞ രാജപ്പേട്ടനാണ് കുഞ്ഞാടിനെപ്പോലെ നമ്മളിരിക്കുന്ന ബഞ്ചിന്റെ പുറകിലുള്ള പ്രതിക്കൂട്ടിൽ ശാന്തനായി നിൽക്കുന്നത്. നമ്മൾ തിരിഞ്ഞൊന്ന് അദ്ദേഹത്തെ നോക്കും. വിനീതനായി, ഞാൻ നിങ്ങളുടെ പാദദാസൻ എന്ന മട്ടിൽ രാജപ്പേട്ടൻ നമ്മളേയും നോക്കും!

ഒരിക്കൽ എന്റെ കേസ് എഴുതുന്ന ഡയറി എടുത്തു നോക്കിയ മമ്മി അതിലെ ചില കേസുകളിലെ തെറി വാക്കുകൾ വായിച്ച് ഇതൊക്കെയാണോ കോടതിയിലെ ഭാഷ എന്ന് ചോദിച്ചത് തമാശയോടെ ഓർക്കുന്നു..!

അങ്ങനെയങ്ങനെ ഡയറിയെഴുത്തും, സീനിയറിന്റേയും പ്രിസൈഡിങ്ങ് ഓഫീസേഴ്സിന്റേയും ഒപ്പുവാങ്ങലും ബാർ കൗൺസിൽ ക്ലാസുകളും, വൈവയും, ഡയറി വാല്യുവേഷനും… എന്നു വേണ്ട എല്ലാ കടമ്പകളും കടന്ന് ഒടുവിൽ എൻറോൾ ചെയ്ത് വക്കീലായി…!
എൻറോൾമെന്റിന് ഉടുക്കാൻ തൂവൽ പോലെ മിനുത്ത,തൂവെള്ള നിറത്തിലുള്ള ഗാർഡൻ വരേലി’യുടെ ഒരു സാരി, പപ്പ തൃശൂർ നിന്ന് വാങ്ങിത്തന്നിരുന്നു. മകൾ വക്കീലിന്റെ പൊക്കമില്ലായ്മ മറയ്ക്കാൻ elle-ടെ മുട്ടിച്ചെരുപ്പും. എൻറോൾമെന്റ് കഴിഞ്ഞു വന്നതേ, നേരത്തെ തയ്യാറാക്കി വെച്ചിരുന്ന എന്റെ പേരെഴുതിയ നെയിംബോർഡ് പപ്പ അഭിമാനപൂർവം വീടിന്റെ സിറ്റൗട്ടിൽത്തന്നെ പിടിപ്പിച്ചു!

നീണ്ട മുടി ഒരു വക്കീലിന്റെ സ്മാർട്ട് ലുക്ക് എനിക്ക് തരില്ലെന്നും, അത് ബ്യൂട്ടി പാർലറിൽ പോയി മുറിച്ച് ഞാൻ പോണി ടെയിൽ കെട്ടി ചുറുചുറുക്കോടെ നടക്കണമെന്നും പപ്പ ആഗ്രഹിച്ചു. എന്തോ എനിക്കതിനാന്നും തോന്നിയില്ല..!

ഇനിയാണ് രസം. കാര്യം കുടുംബ സുഹൃത്ത് ഒക്കെയാണെങ്കിലും കെ.ജി സാറുമായി ഞാനധികം interact ചെയ്യാൻ പോവാറില്ല.. അതുകൊണ്ട് തന്നെ സാറിനെന്റെ ലോ റേഞ്ച് മനസിലാക്കാൻ അവസരവുമുണ്ടായിട്ടില്ല. ഞാനാള് മിടുക്കിയാണ് എന്നൊക്കെയാണ് സാറിന്റെ തെറ്റിദ്ധാരണ. ഞാൻ കോടതിയിൽപ്പോയി ബിജിമോളും മഞ്ജുവും ശാലിനിയും പ്രവീണും ജോൺസനും സിബിയുമൊക്കെയായി കൂട്ടുകൂടി ഇരിക്കുകയാണെന്ന് ദൈവം തമ്പുരാൻ പറഞ്ഞാലും സാറ് വിശ്വസിക്കുകയുമില്ല (മേൽപ്പറഞ്ഞവർ ഒക്കെ ഇപ്പോൾ വലിയ വക്കീലന്മാരായീട്ടോ ). സാറിന്റെ മുന്നിൽ നമ്മൾ ആട്ടിൻതോലിട്ട “മാൻ കുട്ടി “ആണ്. അത്ര പാവം…! എന്തായാലും എൻറോൾ ചെയ്തതിന്റെ പിറ്റേന്ന് എംഎ സി ടി കോടതിയിൽ പോയി Appellant prays for hearing എന്ന വിറച്ച ശബ്ദത്തിൽ പറഞ്ഞു പോന്നു. അവിടെയിരിക്കുന്ന ജഡ്ജി കേൾക്കാൻ ഒരു വഴിയുമില്ല. അദ്ദേഹം മുഖമുയർത്തി എന്നെ നോക്കി, ഫയൽ വായിച്ച് നോക്കി ഞാൻ പറഞ്ഞത് ഊഹിച്ചാവും, കേസ് വേഗം നീട്ടിത്തന്നു. ഭഗവാനേ, കോടതിയിൽ വായിനോക്കിയിരുന്ന പോലെ എളുപ്പമല്ല എണീറ്റ് നിന്ന് രണ്ടു വാക്ക് പറയുക എന്നത് മനസിലായി! ഓഫീസിൽ വന്നപ്പോൾ സമയം 2 മണി. വിശന്നിട്ട് വയ്യ. വീടടുത്താണ്. ഓടിപോയി ചോറുണ്ട് സാരിയും മുട്ടിച്ചെരുപ്പുമൊക്കെ മാറ്റി ഓഫീസിൽ വന്നിരുന്ന്, ആരും കാണാതെ “സങ്കീർത്തനം പോലെ വായിച്ചു തീർക്കണം. പാവം ദസ്തയോവ്സ്കി….” അതൊക്കെ ഓർത്ത് കണ്ണാടിക്ക് മുന്നിൽ നിന്ന് ഗൗണും കോളറുമൊക്കെ അഴിച്ചുമാറ്റി നിൽക്കുമ്പോൾ അതാ വന്നു സാറിന്റെ വിളി. മറ്റൊന്നിനുമല്ല, പിറ്റേന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഒരു ബെയിൽ ആപ്ലിക്കേഷൻ ഉണ്ട്. അത് ഞാനൊറ്റയ്ക്ക് പോയി മൂവ് ചെയ്യണം!

സാറേ… ഈ ചതി എന്നോട് വേണ്ടായിരുന്നേ. ഈ ഓഫീസിൽ വീരശൂര പരാക്രമികളും ജ്ഞാനികളുമായ എത്ര ആൺ വക്കീലന്മാരുണ്ട്. എന്നിട്ടും അബലയും അജ്ഞാനിയുമായ ഞാൻ തന്നെ പോകണമല്ലേ….! മനസ് പേടി കൊണ്ട് വിറച്ചു. കാരണവും മറ്റൊന്നല്ല. അക്കാലത്ത് ജില്ലാ ജഡ്ജി ജസ്റ്റിസ്.കെ ഹേമയാണ്. ഹേമാ ജഡ്ജിന്റെ കോടതിയിൽ പോകാൻ വലിയ വക്കീലന്മാർക്ക് വരെ ഒരു alert ഉണ്ട്. കോടതി അത്ര strict and Vigilent ആണ്.

വാദങ്ങൾക്കിടയിൽ ജഡ്ജി റൂളിങ്ങുകൾ ചോദിക്കും. സെക്ഷൻസ് ചോദിക്കും പഠിക്കാതെ കോടതിയിൽ ചെല്ലുന്ന വക്കീലിനെ കുടഞ്ഞ് തെറിപ്പിച്ച് വിടും.! കോടതിയിൽ ഇരുന്ന് സംസാരിക്കുന്ന വക്കീലന്മാരെ പിടിക്കും.. യൂണിഫോം സാരിയിൽ പ്രിന്റ് കണ്ടതിന് പിൽക്കാലത്ത് ജുഡീഷ്യൽ ഓഫീസറായ അഭിഭാഷകയ്ക്ക് കിട്ടിയ ശിക്ഷ കോടതിയിൽ represent ചെയ്ത് കേസ് പറയാൻ അനുമതി നിരസിക്കലായിരുന്നു..

തികഞ്ഞ, നീതിയുകതമായ അന്തരീക്ഷത്തിന്റെ ഗാംഭീര്യമുള്ള ആ കോടതിയെപ്പറ്റി എല്ലാവർക്കും പക്ഷേ വലിയ മതിപ്പായിരുന്നു…!
മാത്രമല്ല സീനിയേഴ്സ് മാത്രം പ്രാക്ടീസ് ചെയ്യുന്ന ആ കോടതിയിലേക്കാണ് ഞാൻ ഏതോ ഹതഭാഗ്യന്റെ ജാമ്യാപേക്ഷയുമായി നാളെ പോവേണ്ടത്. എന്താണ് പറയുക എന്നറിയില്ല. എന്തൊക്കെ പഠിക്കണമെന്നുമറിയില്ല. വിശപ്പ് കെട്ടുപോയി. കേസിന്റെ facts ഒക്കെ വായിച്ചു നോക്കി. നമ്മുടെ defence സാർ പറഞ്ഞു തന്നു. 302 ആയിരുന്നു (കൊലക്കുറ്റം) offence എന്ന് തോന്നുന്നു. Cr pc bail provisions – ഉം Concerned IPC സെക്ഷനുമൊക്കെ നന്നായി പഠിച്ചു വെയ്ക്കാൻ പറഞ്ഞു…! ഉറക്കിളച്ച്, കുത്തിയിരുന്ന് ഞാൻ ഫയൽ പഠിച്ചു. ചെറിയൊരു argument note ഉണ്ടാക്കി. അത് കാണാതെ പറയാൻ പഠിച്ചു. പേടി കൊണ്ട് തലവേദന, വയർവേദന, ചർദിക്കാൻ വരൽ… LLB -ക്ക് ചേരാൻ തോന്നിയ സമയത്തെ ശപിച്ചു.
പിറ്റേന്ന് എങ്ങനെയോ ഓഫീസിലെത്തി. അവിടുത്തെ പുരുഷ കേസരികളൊക്കെ എന്നെ സഹതാപപൂർവം വീക്ഷിക്കുന്നു.. കാശു കിട്ടുന്ന മജിസ്ട്രേറ്റ് കോടതി ഒക്കെ അവർ കുത്തക ആക്കി വെച്ചിരിക്കുകയാണ്. അക്ഷോഭ്യനായ സുകുമാരൻ സാർ മാത്രം നാടക ചരിത്രമെന്നോ, കേരള ചരിത്രമെന്നോ പേരുള്ള ഒരു പുസ്തകം വായിച്ചിരിക്കുന്നു. സാറിനൊക്കെ എന്തുമാവാല്ലോ. എന്നോർത്ത് ഞാൻ ജില്ലാ കോടതിയിലെത്തി. അവിടാണേൽ അന്ന് ഫുൾ ക്വാറം! എന്നെ വിറച്ചിട്ടു വയ്യ. ചങ്കിടിച്ചിട്ടു വയ്യ. മുൻനിരയുടെ അറ്റത്തെ കസേരയിൽ പോയിരുന്നു. അവിടെ പോയി ഇരിക്കണം എന്നും സാർ പറഞ്ഞിരുന്നു. സാധാരണ കോടതിയുടെ മുൻനിര സീനിയർ വക്കീലന്മാരും ഒരു കോടതിയിൽ സ്ഥിരം പോകുന്ന വക്കീലന്മാരും റിസർവ് ചെയ്ത സ്ഥലമാവും. ഇന്നലെ എൻറോൾ ചെയ്തവർ ചാടിക്കയറി അവിടെയിരിക്കുന്നതിൽ ഒരു ഒരിത് ഉണ്ട്. എന്തായാലും ശബ്ദം കുറവായാലും ജഡ്ജിക്ക് കേൾക്കണെല്ലോ.! അത് കൊണ്ട് മടിച്ചു മടിച്ചു അവിടെ പോയിത്തന്നെ ഇരുന്നു. കോടതി കയറി. കൊലക്കയറിലേക്കടുക്കുന്ന കുറ്റവാളിയുടെ നിമിഷങ്ങൾ പോലെ എന്റെ മനസ്…! ദാ എന്റെ കേസും വിളിച്ചു… എങ്ങനെയോ എണീറ്റു നിന്നു. പഠിച്ചു വെച്ച തൊക്കെ മറന്നു പോയ പോലെ! Iam for the petitioner, Petition is one for bail എന്ന് എങ്ങനെയോ പറഞ്ഞ് ഡയസിലേക്ക് നോക്കി! ആലില പോലെ വിറക്കുന്ന എന്റെ വിറയിൽ എന്റെ കൈയിലെ കടലാസും, അടുത്തിരിക്കുന്ന വിദ്യാസാഗർ സാറിന്റെയും, കെ.ടി തോമസ് സാറിന്റെയും, കൈയിലെ ഫയലുകളും വിറയ്ക്കുന്ന പോലെ. എന്നെ നോക്കി yes… എന്ന് പറഞ്ഞ് ചോദ്യം ചോദിച്ച്, റാഗിംഗിന് തയ്യാറെടുത്ത് കുസൃതിയിൽ കസേരയിലേക്ക് ചാഞ്ഞിരിക്കുന്ന ഹേമാ ജഡ്ജിന്റെ ” നെയിൽ പോളീഷിട്ട മനോഹര വിരലുകളും വലിയ നെറ്റിപ്പൊട്ടും പോലും വിറക്കുന്ന പോലെ.! എന്താണ് പറഞ്ഞത് എന്നോർമ്മയില്ല. എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. ഇടയ്ക്ക് louder എന്ന കമന്റ് വന്നു.. പിന്നെ പ്രതീക്ഷിക്കാത്ത ചോദ്യവും. ഞാൻ പഠിച്ചിട്ടാണോ വന്നത് എന്നറിയാനാണ്.. which one is the Section for bail modification? തലേ ദിവസം പഠിച്ചത് കൊണ്ട് മാത്രം ഉത്തരം പറയാൻ പറ്റി.! എന്റെ വിറയും പാവം പിടിച്ച നിൽപ്പുമൊക്കെക്കണ്ടപ്പോൾ കോടതി ചിരിച്ചു കൊണ്ട് വക്കീലന്മാരോട് പറഞ്ഞു “ജാമ്യം കൊടുക്കാല്ലേ? ഇല്ലേൽ ഓഫീസിൽ ചെല്ലുമ്പോൾ സീനിയർ ഓടിക്കും ന്ന്..”! എല്ലാവരും ചിരിച്ചു. കേസിന് ജാമ്യം കിട്ടി…..! വക്കീലന്മാരും ക്ലാർക്കുമാരുമൊക്കെ വന്ന് അഭിനന്ദിച്ചു. സീനിയറിന് സന്തോഷമായി. സാറ് ആയിരം രൂപയോ മറ്റോ ഫീസും തന്നു.
കഷ്ടകാലം അവിടെ തീർന്നില്ല. ഒരു ചക്കയിട്ടപ്പോൾ മുയൽ അറിയാതെ വീണതാണ്. പിന്നെയും അവിടെ ചക്കയിട്ട് മുയലിനെ വീഴിക്കാൻ സാർ എന്നെ അങ്ങോട്ടയച്ചു കൊണ്ടിരുന്നു. പേടിച്ചും ടെൻഷനടിച്ചും ആ കോടതിയിൽ ഇരുന്ന നാളുകൾ.

ഒരിക്കൽ പിറകിൽ പതുങ്ങിയിരുന്ന എന്നെ ഒരു അപ്പീൽ വാദിക്കാൻ ഹേമ ജഡ്ജി ഏൽപ്പിച്ചു തന്നത്. ഇടക്കൊക്കെ പേര് വിളിച്ച് കോടതിയിൽ തമാശ പറയുന്നത്. പ്രൊഫഷണൽ ജീവിതത്തിലെ വലിയൊരു ഭാഗ്യമായി കരുതുന്നു ആ കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ കഴിഞ്ഞത്..! ജീവിതത്തിൽ ഇന്നും ഏറ്റവും ആദരവോടെ, കൃതജ്ഞതയോടെ ഓർക്കുന്ന ഒരു മുഖമാണ് ജസ്റ്റിസ് ഹേമയുടേത്. വ്യക്തിത്വമുള്ള ഒരു സ്ത്രീ നിർഭയയാവണം, അധികാരത്തിൽ അവൾ എങ്ങിനെ impartial ആയി behave ചെയ്യണം എന്നൊക്കെ പഠിച്ചത് ആദ്യമായി അവരെക്കണ്ടാണ്…!

ഇതൊക്കെ കഴിഞ്ഞ് എത്രയോ വർഷങ്ങൾ കഴിഞ്ഞു. വളരെ അവിചാരിതമായി ജസ്റ്റിസ് ഹേമയുടെ മകൾ അഡ്വക്കറ്റ് നിഹാരികയെ ഞാൻ കണ്ടുമുട്ടുന്നു. അന്ന് രണ്ടിലോ മൂന്നിലോ പഠിച്ചിരുന്ന ആ ഗുണ്ടു മണി ചുന്ദരിക്കുട്ടി ഇന്ന് വലുതായിരിക്കുന്നു. കഴിഞ്ഞ വർഷം എന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്യാൻ അമ്മ വരുമോ എന്ന് നിഹരികയോട് ചോദിച്ചു. അമ്മ സ്ഥലത്തുണ്ടാവില്ല എന്നും സ്നേഹാശംസകൾ ഉണ്ടെന്നും നിഹാരിക അറിയിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇതേപോലൊരു മഴ ദിവസം നിറസദസ്സിൽ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ എന്റെ ആദ്യ പുസ്തകം ബൊഹീമിയൻ റിപ്പബ്ളിക്ക് പ്രകാശിപ്പിക്കുന്ന ചടങ്ങ് നടക്കുന്നു. സദസ്സിലേക്ക് നടന്നു വന്ന് പിന്നിലിരിക്കുന്ന പ്രൗഢയായ ഒരു വ്യക്തിയെ വേദിയിലിരുന്ന് കണ്ട് സത്യത്തിൽ ഞാൻ ഞെട്ടി. അത് ജസ്റ്റിസ് ഹേമ ആയിരുന്നു! ഓടിച്ചെന്ന് സ്വീകരിച്ച് മുന്നിൽ പിടിച്ചിരുത്തി ഞാൻ..! നിഹാരികയുമായി ചേർന്ന് മാഡം എനിക്ക് തന്ന ആ സർപ്രൈസ്, സ്നേഹം ഏറെ വിലമതിക്കുന്ന ഒന്നായിരുന്നു. പരിപാടി മുഴുവൻ കഴിഞ്ഞാണ് അന്ന് അവർ മടങ്ങിയത് എന്നും ഓർമ്മിക്കുന്നു.

ആഗ്രഹിച്ചതു പോലെ ജുഡീഷ്യൽ സർവ്വീസിൽ എത്തപ്പെടാൻ സാധിച്ചില്ലെങ്കിലും നോ പറയണ്ടിടത്ത് കൃത്യമായി അത് പറയാനും, ഇഷ്ടമുള്ള ജീവിതം മാന്യമായി ജീവിക്കാനും, ആരേയും അനാവശ്യമായി വകവെയ്ക്കാതിരിക്കാനുമുള്ള ചങ്കൂറ്റം ആ ചെറു പ്രായത്തിൽ ജസ്റ്റിസ് ഹേമയിൽ നിന്നു കൂടിയാണ് കണ്ട് പകർത്തിയത് എന്നത് ഹൃദയപൂർവ്വം സത്യവാങ്മൂലപ്പെടുത്തി ഈ കുറിപ്പിൽ സ്നേഹത്തിന്റെ, ചില പ്രിയ കാലങ്ങളുടെ മുദ്രവെച്ച് എഴുതി നിർത്തുന്നു……

LEAVE A REPLY

Please enter your comment!
Please enter your name here